നമ്മുടെ ഈ ലോകം പ്രതിരോധ മേഖലയിൽ മാത്രം ചിലവിടുന്ന കണക്കുകൾ കേട്ടാൽ നാം നമ്മുടെ നിലനിൽപ്പിൽ ലജ്ജിച്ചുപോകും

220

കേട്ടാൽ ഭയപ്പെടുത്തുന്നതും ലജ്ജിപ്പിക്കുന്നതുമായ ചില കണക്കുകൾ Joseph John പറയുന്നു:

നമ്മുടെ ഈ ലോകം പ്രതിരോധ മേഖലയിൽ മാത്രം ചിലവിടുന്ന കണക്കുകൾ കേട്ടാൽ നാം നമ്മുടെ നിലനിൽപ്പിൽ ലജ്ജിച്ചുപോകും. കഴിഞ്ഞ വർഷം മാത്രം ആ വകയിൽ ചിലവായത് 1822 ബില്യൺ ഡോളറാണ്. 2017 നെ അപേക്ഷിച്ചു 2.6 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ഈ വർഷം അതിലും കൂടുമെന്നതിൽ സംശയം വേണ്ട. മൂന്നുപേരിൽ ഒരാൾ ദാരിദ്ര്യരേഖക്ക് താഴെ ജീവിക്കുന്ന നമ്മുടെ ഇന്ത്യയിൽ പോയ വർഷം പ്രതിരോധ ബജറ്റിലേക്കു നീക്കിവെച്ചത് 3,59,000 കോടി രൂപയാണ്. അതായതു 54 ബില്യൺ അമേരിക്കൻ ഡോളർ. 2019 ആയപ്പോഴേക്കും അത് 66.5 ബില്യൺ ആയി ഉയർന്നിരിക്കുന്നു. അതായതു നമ്മുടെ GDP യുടെ 2.4 ശതമാനം നാം പ്രതിരോധത്തിനായി മാത്രം മാറ്റിവെക്കുന്നു. ലോകത്തിലെ ഏറ്റവും ദരിദ്ര രാഷ്ട്രമായ കോംഗോയിൽ പോലും കഴിഞ്ഞ വർഷം പ്രതിരോധ മേഖലയിൽ മാറ്റിവെച്ചത് 257 മില്യൺ അമേരിക്കൻ ഡോളറാണ്. നാറ്റോ ( നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) മാത്രം ചെലവാക്കിയത് 1036 ബില്യൺ ഡോളറാണ്. ഇത്രയും ഭീമമായ സമ്പത്ത് നമ്മുടെ സങ്കല്പികമായ അതിരുകൾ കാത്തുരക്ഷിക്കാൻ വേണ്ടി മാത്രമാണെന്നറിയുമ്പോൾ ചിന്തിക്കുന്ന ഏതൊരു മനുഷ്യനും ലജ്ജതോന്നേണ്ടതാണ്. എന്നാൽ അതെ ഇന്ത്യ വിദ്യാഭ്യാസത്തിനായി പോയവർഷം ചിലവാക്കിയത് വെറും 32,334 കോടിയാണെന്നത് തിരിച്ചറിയുമ്പോഴാണ് നമ്മുടെ ഭരണ സംവിധാനങ്ങളിലെ പാളിച്ചകൾ എത്രകണ്ട് ഭീമാകാരമാണെന്നു നാം മനസ്സിലാക്കുന്നത്. ഇതു നമ്മുടെ ഇന്ത്യയുടെ മാത്രം പ്രശ്നമാണെന്നു കരുതേണ്ട. ഇതുതന്നെയാണ് ലോകത്തെവിടെയും നടക്കുന്നത്. തുകയിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നു മാത്രം.

Image result for defence750 കോടി ജനങ്ങൾ അധിവസിക്കുന്ന ഈ ലോകത്തു ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവാഹകരായ മൂന്നു പ്രബലമതങ്ങൾ (ക്രിസ്ത്യൻ 230 കോടി, മുസ്‌ലിം 180 കോടി, ഹിന്ദു 110 കോടി = 520 കോടി വിശ്വാസികൾ) ലോകജനസംഖ്യയുടെ ഏതാണ്ട് 70% മനുഷ്യരെ തങ്ങളുടെ കൊടിക്കീഴിൽ നിർത്തിയിട്ടും ഇവിടെ സമാധാനം സ്ഥാപിക്കാൻ ഇത്രയധികം പണം വ്യയം ചെയ്യേണ്ടിവരുന്നു എന്നു പറയുമ്പോൾ മനുഷ്യരുടെ ഇടയിൽ മതങ്ങളുടെ പ്രസക്തി എത്രകണ്ട് പരിതാപകരമാണെന്നു പറയാതെ വയ്യ. മേൽപ്പറഞ്ഞ 1822 ബില്യൺ ഡോളർ എല്ലാവർഷവും ചിലവാക്കുന്നു എന്നുപറയുമ്പോൾ അതിന്റെ ഭീമാകാരത ഊഹിക്കാവുന്നതേയുള്ളൂ. അതായതു ഏതാണ്ട് 5 ബില്യൺ ഡോളർ ഒരു ദിവസം പ്രതിരോധം എന്ന പേരിൽ നാം വരച്ച സാങ്കൽപ്പിക വരകൾക്കു കാവൽ നിൽക്കാൻ ചിലവാക്കുന്നു. പ്രസ്തുത തുകയെ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ലോകത്തിന്റെ ദാരിദ്ര്യമടക്കമുള്ള എണ്ണമറ്റ പ്രശ്നങ്ങളെ ഒരു ചെറുവിരൽ കൊണ്ടെന്നതുപോലെ പരിഹരിക്കാവുന്നതേയുള്ളൂ. ഇന്ത്യയിൽ മാത്രം 14 ലക്ഷം ജവാന്മാർ നമ്മുടെ രാജ്യത്തിനു കാവൽ നിൽക്കുന്നു. അവരുടെ ശാരീരികവും ബൗദ്ധികവുമായ ക്ഷമതയെ നാം കാർഷികവും വ്യവസായികവുമായ മേഖലയിലേക്ക് തിരിച്ചു വിട്ടാൽ ഒറ്റ വർഷംകൊണ്ട് രാജ്യം വികസനത്തിന്റെ എല്ലാ സീമകളെയും ഭേദിച്ച് മുന്നേറും. അങ്ങനെ ലോകത്തിലെ എല്ലാ പ്രതിരോധ സൈന്യങ്ങളെയും ക്രിയാത്മകയി പ്രയോഗിക്കാനായാൽ ലോകം അതിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതും എന്നതിൽ എനിക്ക് സംശയമില്ല. അതിനായി നാം ആകെ കുടഞ്ഞു കളയേണ്ടത് നമ്മിലെ സങ്കുചിത ചിന്തയും അല്പമാത്രമായ സ്വാർത്ഥതയും മാത്രമാണ്.

പുതിയലോകം സാധ്യമല്ലെന്നു കരുതുന്നവർ ഭാവനയിലെങ്കിലും അത്തരമൊരു ലോകത്തെ സ്വപ്നം കാണുന്നത് നല്ലതാണ്. നല്ല സ്വപ്നങ്ങൾ നല്ല നാളകളെ നമുക്ക് സാധ്യമാക്കി തരുമെന്നു നമുക്ക് വിശ്വസിക്കാം