“കളിയാക്കല്ല സാറേ, ഈ പ്രായത്തിൽ നല്ല വിശപ്പാണ്..”
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിൽ ഒരു രംഗമുണ്ട്. ഫഹദ് അവതരിപ്പിച്ച കള്ളൻ പ്രസാദിനെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുന്ന സമയം, വീടിന് മുന്നിലിരിക്കുന്ന
155 total views, 2 views today

Joseph Thankachan
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിൽ ഒരു രംഗമുണ്ട്. ഫഹദ് അവതരിപ്പിച്ച കള്ളൻ പ്രസാദിനെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുന്ന സമയം, വീടിന് മുന്നിലിരിക്കുന്ന പയ്യന് ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ ഒരു പോലീസുകാരൻ ആ പയ്യനെ കളിയാക്കി പറയുന്നുണ്ട്, “ചെക്കൻ നല്ല തട്ടാണല്ലൊ..!!”
അപ്പോൾ പ്രസാദ് തിരിഞ്ഞ് ആ പോലീസുകാരനോട് പറയുന്ന വാക്കുകള്‍ക്ക് അയാളുടെ മുഴുവന്‍ ജീവിതത്തിന്റെയും ചൂടുണ്ട്. “കളിയാക്കല്ല സാറേ, ഈ പ്രായത്തിൽ നല്ല വിശപ്പാണ്..” എന്നാണ് കള്ളനായ പ്രസാദ് പറയുന്നത്.
തൊണ്ടിമുതൽ റിലീസ് ചെയ്ത ശേഷം റിപ്പോർട്ടർ ചാനലിലെ ‘Meet the editors with Dileesh Pothan’ എന്ന സെഗ്മെന്റിൽ ദിലീഷ് പോത്തനോട് അഭിലാഷ് ചോദിക്കുന്നുണ്ട് ഫഹദ് അവതരിപ്പിച്ച പ്രസാദ് എന്ന കഥാപാത്രത്തെ കുറിച്ചും സിനിമ പറഞ്ഞ വിശപ്പിന്റെ രാഷ്ട്രീയത്തേക്കുറിച്ചും.
‘എന്ത് കൊണ്ട് ഇയാളൊരു കള്ളനായി എന്നത് ഒറ്റ വാചകത്തിൽ പറഞ്ഞതാണോ, “ഈ പ്രായത്തിലൊക്കെ നല്ല വിശപ്പാ സാറേ..” എന്ന് ?’ എന്ന ചോദ്യത്തിന് ദിലീഷ് പറയുന്ന മറുപടിയില്‍ ഒരു കാലത്തിന്റെ തന്നെ അടയാളപ്പെടുത്തലുണ്ട്. “ഞാൻ ഈ ഡയലോഗ് ആദ്യമായിട്ട് കേൾക്കുന്നത് എന്റെ വല്ല്യമ്മച്ചി പറഞ്ഞിട്ടാണ്. അന്നേ, ഞാനല്‍പ്പം തടിയുള്ള ആളാണ്, ഇപ്പൊഴും അതെ. അതുകൊണ്ട് തന്നെ എപ്പോഴും നമ്മുടെ നേർക്ക് ഒരാക്രമണം ഉണ്ട് – എടാ ആഹാരം വലിച്ചു വാരി കഴിക്കല്ലേ എന്ന തരത്തില്‍. ഇതെന്റെ തടി കുറയ്ക്കാൻ വേണ്ടി കുറച്ചു ഭക്ഷണം കഴിക്കാൻ എന്നോട് പറയുമ്പോൾ, എന്റെ വല്ല്യമ്മച്ചി ചോറു തട്ടിയിട്ടുകൊണ്ട് പറഞ്ഞിരുന്ന വാക്കുകളാണ്.”
“ഈ പ്രായത്തിൽ പിള്ളേർക്ക് നല്ല വിശപ്പായിരിക്കും..”
“എനിക്കാ പ്രായത്തിൽ വിശപ്പൊന്നും തോന്നിയിട്ടില്ല. പക്ഷേ അമ്മച്ചീടെ ആ പറച്ചിലീന്ന് എനിക്കറിയാം അമ്മച്ചി ആ പ്രായത്തിൽ വിശപ്പറിഞ്ഞിട്ടുണ്ട്. അമ്മച്ചീടെ കണ്ണിലാണ് ഞാനാ വിശപ്പ് കണ്ടത്. അങ്ങനെയാണ് കുട്ടികള്‍ക്ക് ആ പ്രായത്തില്‍ നല്ല വിശപ്പായിരിക്കുമെന്ന് മനസ്സില്‍ പതിയുന്നത്.” ദിലീഷിന്റെ ഈ മറുപടിയില്‍ വിശപ്പ് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത, എന്നാല്‍ വിശപ്പ് കണ്ടിട്ടുള്ള ഒരു തലമുറയുടെ വീക്ഷണമുണ്ട്.
ഇന്ന് മലയാള സിനിമയിൽ ‘ബ്രില്ല്യൻസി’ന്റെ മൊത്തക്കച്ചവടക്കാരനായി വാഴ്ത്തപ്പെടുന്ന ദിലീഷ് പോത്തന് എന്ന നാട്ടിന്പുറത്തുകാരന് മനുഷ്യന്റെ വാക്കുകളില്‍ തന്നെയുണ്ട്, ജീവിതപരിസരം സ്വാധീനിച്ച ഒരു സംവിധായകന്റെ വളര്‍ച്ച. അദ്ദേഹത്തിന്റെ ചെറിയ ജീവിതത്തിൽ നിന്നും കിട്ടിയ അനുഭവങ്ങളും പഠിച്ച പാഠങ്ങളുമാവണം ഈ ‘ബ്രില്ല്യൻസ്’ കാഴ്ച വയ്ക്കാൻ പുള്ളിയെ സഹായിക്കുന്നത്.
‘സത്യത്തിൽ ഈ പോത്തേട്ടൻസ് ബ്രില്ലിയൻസ് എന്നു കേൾക്കുമ്പോ എനിക്ക് നല്ല നാണം തോന്നുന്നുണ്ട്’ എന്ന് ദിലീഷ് പോത്തന് പറയുമ്പോള്‍, റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്‍ത്തകരുടെ മുഖത്ത് വിടര്‍ന്ന പുഞ്ചിരിയില്‍ ബഹുമാനം കൂടി കലര്‍ന്നിരുന്നു.
വിശപ്പിന്റെ രാഷ്ട്രീയം സംസാരിക്കുന്ന, സാധാരണക്കാരന്റെ ജീവിത സംഘര്‍ഷങ്ങള്‍ പ്രമേയമാകുന്ന, ആഴങ്ങളിലേക്ക് സഞ്ചരിക്കുന്ന പോത്തേട്ടന് സിനിമകളിലെ മികച്ച ഒന്നിന് നാല് വയസ്സ്. തൊണ്ടിമുതലും ദൃക്സാക്ഷിയും ഇറങ്ങിയിട്ട് നാല് വര്‍ഷം..!!
156 total views, 3 views today
