Rahul Madhavan
മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്ത ഏക തമിഴ് ചിത്രമാണ് എയർപോർട്ട്. 1993 ൽ അദ്ദേഹത്തിന്റെ ധ്രുവത്തിനു ശേഷം വർഷാവസാനം വന്ന ഈ ചിത്രത്തിന്റെ സ്ക്രീൻപ്ലേയും എസ് എൻ സ്വാമിതന്നെയാണ് എഴുതിയത്.ആക്ഷൻ ജോണറിൽ വന്ന ഈ ചിത്രത്തിൽ ഹീറോ ആയത് സത്യരാജും വില്ലനായത് എം ജി സോമനുമായിരുന്നു.
സെൻട്രൽ ഗവണ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രം നിയോഗിക്കപ്പെട്ട പൈലറ്റായ നായകൻ ഹോം മിനിസ്റ്ററുടെ കുതന്ത്രത്തിനാൽ വലിയൊരു കെണിയിൽ അകപെടുകയും തുടർന്ന് രാജ്യദ്രോഹിയായി മുദ്രകുത്തി ജയിൽ ശിക്ഷ നേടുകയും ചെയ്യുന്നു. ശേഷം തന്റെ സത്യസന്ധത ജനങ്ങൾക്ക് മുന്നിൽ തെളിയിക്കുകയും യഥാർത്ഥ കുറ്റവാളികളെ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരുകയും ചെയ്യുന്നതാണ് പടത്തിന്റെ കഥ.
മറ്റു തമിഴ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ പടത്തിൽ ഗാനങ്ങൾ ഉണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് അത് വലിയൊരു പ്രത്യേകതയായിരുന്നു. ജോഷി പടമായത് കൊണ്ടാണോ എന്നറിയില്ല ഇതിൽ മൊത്തത്തിൽ ഒരു മലയാള സാന്നിധ്യമുണ്ടായിരുന്നു. കാസ്റ്റിംഗിൽ ലാലു അലക്സ്, ബാബു ആന്റണി, സുചിത്ര, ജഗന്നാഥവർമ്മ,വിജയ് മേനോൻ, കൊല്ലം അജിത് എന്നിവർ ഉണ്ടായിരുന്നു. ഗൗതമിയാണ് നായികയായത്, നാസർ മറ്റൊരു നല്ല വേഷത്തിൽ അഭിനയിച്ചു.
നിരവധി ചിത്രങ്ങൾക്ക് ഡയലോഗ് എഴുതിയ ഗോകുലകൃഷ്ണയാണ് ഇതിലും അത് നിർവഹിച്ചത്.ജയാനൻ വിൻസെന്റ് ക്യാമറ, എസ് പി വെങ്കിടെഷ് ബിജിഎം എന്നിവ നിർവഹിച്ചു.എ ആർ ബാഷായാണ് ആക്ഷൻ കൈകാര്യം ചെയ്തത്. അത്യാവശ്യം ത്രില്ലോടുകൂടി കാണാൻ കഴിയുന്ന പടമായ എയർപോർട്ട് അന്ന് തമിഴ്നാട്ടിൽ ശരാശരി വിജയം നേടിയിരുന്നു.