ആകാശവും ഭൂമിയും കടലും കോർപറേറ്റുകൾക്ക് വിറ്റു തുലയ്ക്കുന്ന കാലമാണിത്. കടലിലെ മത്സ്യസമ്പത്തിനെ ഒന്നാകെ ഊറ്റിയെടുത്തു ലക്ഷക്കണക്കിന് മത്സ്യ തൊഴിലാളികളെയും കടലിനെയും നശിപ്പിക്കുന്ന പദ്ധതികൾ ആണ് പലരും നടപ്പിലാക്കാൻ ശ്രമിക്കുന്നത്. പൊന്മുടിയിടുന്ന താറാവിനെ കൊന്നു കുത്തകളുടെ കീശ വീർപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനെയും ഈ അവസരത്തിൽ തുറന്നുകാട്ടേണ്ടതുണ്ട്. കേരളത്തിന്റെ കടൽ വിറ്റഴിക്കാൻ ശ്രമിച്ചു എന്ന ആരോപണം പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ചു വിവാദമാക്കുംപോൾ യഥാത്ഥ കടൽവില്പന നടത്തുന്നവരെ തുറന്നു കാട്ടുന്നു ജോസഫ് വിജയൻ തന്റെ പോസ്റ്റിലൂടെ .

(കടപ്പാട്)

“നമ്മുടെ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന യഥാർത്ഥ കടൽ വിൽപ്പനയെകുറിച്ച് Josph Vijayan എഴുതുന്നു :

“നമ്മുടെ കടൽ കേരള ഫിഷറീസ് മന്ത്രി വിറ്റഴിക്കാൻ ശ്രമിച്ചു എന്ന ആരോപണമാണല്ലോ ഇപ്പോഴും വിവാദമായി നിലനിർത്താൻ പലരും ശ്രമിക്കുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാഷ്ട്രീയമായി ഇതിനെ ഉപയോഗപ്പെടുത്താൻ യു.ഡി.എഫും ബി.ജെ.പി-യും ശ്രമിക്കുമ്പോൾ, അതിനെ പ്രതിരോധിക്കാൻ എൽ.ഡി.എഫുകാരും കിണഞ്ഞു ശ്രമിക്കുകയാണ്. ഇതിനിടെ രാഹുൽ ഗാന്ധി കൊല്ലത്ത് മീൻപിടുത്തക്കാരുടെ ഒപ്പം കടലിൽ ചാടിയതിന്റെയും വല വലിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോയും പുറത്തു വന്നത് സംഗതിയാകെ കൊഴുപ്പിച്ചിരിക്കുകയാണ്. കേരള സർക്കാർ ധാരണാ പത്രങ്ങൾ റദ്ദാക്കുകയും ഒരു ധാരണാ പത്രം ഒപ്പിട്ട ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത ശേഷവും ഈ സംഭവം തെരഞ്ഞെടുപ്പ് നേട്ടത്തിനായി മുതലെടുക്കാൻ മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവായ ടി.എൻ. പ്രതാപൻ എംപി സംസ്ഥാന തലത്തിൽ തീരദേശ യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെ നേരിടാനെന്നോണം സി.ഐ.ടി.യു നേതാവ് ചിത്തരഞ്ജന്റെ നേതൃത്വത്തിൽ മറ്റൊരു തീര യാത്ര നടത്തുമെന്നും കേൾക്കുന്നു.

ഇതിനിടെ ബി.ജെ.പി-യുടെ നേതൃത്വത്തിലുള്ള നമ്മുടെ കേന്ദ്ര സർക്കാർ രാജ്യത്തെ കടൽ സമ്പത്ത് രണ്ട് പ്രമുഖ കോർപ്പറേറ്റുകൾക്കായി തീറെഴുതാനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുന്ന കാര്യം കോൺഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വമോ ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വമോ അറിഞ്ഞിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. കാരണം അവർ അതിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതിനെ കുറിച്ച് വിശദീകരിക്കാനാണ് ഈ കുറിപ്പ്.

ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന് ബ്ലൂ ഇക്കോണമി നയത്തിന്റെ കരടു രൂപം കേന്ദ്ര സർക്കാർ പ്രസിദ്ധപ്പെടുത്തി. അടുത്ത ദിവസം നമ്മുടെ മിക്ക പത്ര മാധ്യമങ്ങളും ഇതിന്റെ വാർത്ത പ്രസിദ്ധികരിച്ചു. (18-ന് മാതൃഭൂമി ദിനപത്രം നൽകിയ വാർത്ത താഴെ വായിക്കാം.)
ഇൻഡ്യയുടെ കടലും അതിലെ സമ്പത്തും ഇനി എങ്ങനെയാണ് ഉപയോഗപ്പെടുത്താൻ പോകുന്നത് എന്നാണ് ഈ നയ രേഖ വിശദീകരിക്കുന്നത്. (നയരേഖയുടെ കവർ ചിത്രം താഴെ)

May be an image of body of water and textഈ രേഖ വായിച്ചാൽ, നമ്മുടെ രാജ്യത്തെ കടൽ മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും ജീവിതത്തെയും ഗുരുതരമായി ബാധിക്കാൻ പോകുന്ന കാര്യങ്ങളാണ് അതിൽ എഴുതിവച്ചിരിക്കുന്നതെന്ന് കാണാനാകും.
കാലാകാലങ്ങളായി കടലിനെ ഉപയോഗിച്ചു വരുന്നത് പ്രധാനമായും രണ്ടു കൂട്ടരാണ്. ഒന്ന്, കടലിലെ മത്സ്യസമ്പത്ത് പിടിച്ചെടുക്കുന്ന മീൻപിടുത്തക്കാർ. രണ്ട്, കടലിനെ ചരക്കുകളും മറ്റും കൊണ്ടുപോകാനുള്ള ഗതാഗത മാർഗ്ഗമായി ഉപയോഗിക്കുന്നവർ (കപ്പൽ ഗതാഗതം).
എന്നാൽ ഇപ്പോൾ കടൽത്തീരങ്ങളിലും കടലിന്റെ അടിത്തട്ടിലും വിലപിടിപ്പുള്ള ധാതുക്കളും, എണ്ണയും (പെട്രോളിയം) പ്രകൃതിവാതകവും ഒക്കെ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ലോകത്തെ പല ധനിക രാജ്യങ്ങളും അവ എടുക്കാൻ (extract) വേണ്ടിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇൻഡ്യയും ആ വഴിക്ക് നീങ്ങാൻ പോകുന്നു എന്ന് ഇന്നാട്ടിലെ മാലോകരെ അറിയിക്കുന്നതാണ് ബ്ലൂ ഇക്കോണമി എന്ന പേരിൽ ഇറക്കിയിരിക്കുന്ന ഈ രേഖ.

ബ്ലൂ ഇക്കോണമിയിൽ മത്സ്യ മേഖല ഇനി എങ്ങനെയാണ് വികസിപ്പിക്കേണ്ടത് എന്ന കാര്യവും വിഷയമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഇതിനകം ദേശീയ സമുദ്ര മത്സ്യ നയത്തിൽ ഏറെ പ്രതിപാദിച്ചു കഴിഞ്ഞതിനാൽ അതിന് വലിയ പുതുമ ഒന്നുമില്ല.
എന്നാൽ കടലിൽ നിന്നുള്ള ഖനനം ആണ് ഒരു പ്രധാന വിഷയം. കൂടാതെ കടൽ ടൂറിസം, തീരമേഖലയിലെ വ്യവസായങ്ങൾ, പോർട്ടുകളുടെ വികസനം എന്നിവയും ഈ നയരേഖയിൽ പറയുന്നുണ്ട്.

മീൻപിടുത്തക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും ആപൽക്കരമായത് തീരത്തെയും കടലിലെയും ഖനനവും പോർട്ടുകളുടെ വികസനവും കടലോരത്ത് വരാൻ പോകുന്ന വ്യവസായങ്ങളും അത് സൃഷ്ടിക്കാൻ പോകുന്ന മലിനീകരണവുമാണ്.
ഖനനത്തെ പറ്റി രേഖയിൽ ശീർഷകമായി പറയുന്നതു പോലും തീരക്കടലിലും ആഴക്കടലിലുമുള്ള ഖനനം എന്നാണ് (Coastal and Deepsea Mining and Energy). (പ്രസക്ത ഭാഗം കാണുക) കടലിന്റെ അടിത്തട്ടിലുള്ള നിക്കൽ, യൂറേനിയം, കോപ്പർ, തോറിയം, പോളി-മെറ്റാലിക് സൾഫൈഡുകൾ, പോളിമെറ്റാലിക് മാംഗനീസ് നോഡ്യൂളുകൾ, തീരത്തുള്ള ഇൽമനൈറ്റ്, ഗാമെറ്റ്, സിർക്കോൺ എന്നിവ ഇൻഡ്യയുടെ കടലിന്റെ അടിത്തട്ടിൽ സുലഭമായി ലഭിക്കുമെന്നാണ് ഈ നയരേഖയിൽ പറയുന്നത്.
നിലവിലുള്ള തീരപരിപാലന നിയമത്തിലെ (CRZ) വ്യവസ്ഥകൾ അറ്റോമിക് ധാതുക്കൾ ഒഴികെ (നമ്മുടെ ആലപ്പാട് നടക്കുന്നത്) മറ്റ് ഖനനങ്ങൾ നടത്തുന്നതിന് തടസ്സമാണെന്നും അതുകൊണ്ട് ഉചിതമായി തിരുത്തേണ്ടി വരുമെന്നും രേഖ പറയുന്നു. (ബ്ലൂ ഇക്കോണമി രേഖയിലെ ഈ പ്രസക്ത ഭാഗം താഴെ ചേർക്കുന്നു)

നിലവിലുള്ള തീരപരിപാലന നിയമത്തിൽ തീരത്തു നിന്നും 12 മൈൽ ദുരം വരെയുള്ള കടൽ മേഖലയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രേഖയിൽ നിന്നും വ്യക്തമാകുന്നത്, ഈ തീരക്കടലിലെ ധാതുക്കളും ഖനനം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്നാണ്. ഈ തീരക്കടൽ തന്നെയാണ് നമ്മുടെ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഏറ്റവും പ്രധാനം എന്നത് നമ്മൾ മനസ്സിലാക്കണം. (ഇതിന്റെ പ്രാധാന്യം ഞാൻ നേരത്തെ എഴുതിയ തീരക്കടലും ആഴക്കടലും മത്സ്യസമ്പത്തും എന്ന കുറിപ്പിൽ വിശദീകരിച്ചിരുന്നു). നമ്മുടെ കടലിന്റെ അടിത്തട്ട് എന്നു പറയുന്നത് മത്സ്യ സമ്പത്തിന്റെ ആവാസ വ്യവസ്ഥകൾ കൂടിയാണെന്ന കാര്യം ഓർമ്മിക്കുക. തീരക്കടലിൽ പ്രത്യേകിച്ചും, ആഴക്കടലിലും വ്യാപകമായ ഖനനം നടന്നാൽ അത് മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നത് ഉറപ്പാണ്.
ഈ ബ്ലൂ ഇക്കോണമി നയരേഖ വരുന്നതിന് മുമ്പു തന്നെ ആന്ധ്രാ പ്രദേശ് തീരത്തെ കൃഷ്ണാ-ഗോദാവരി ബേസിനിൽ റിലയൻസ് ഗ്രൂപ്പ് (അംബാനി) എണ്ണയും പ്രകൃതി വാതകവും ഉൽപ്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. (അവിടെ എതിർപ്പുകളും കോടതി കേസുകളും ഉണ്ടായി) ഇപ്പോൾ രാജ്യത്തെ കടലോരമാകെ വ്യാപകമായി ധാതുക്കളുടെയും എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഖനനം നടത്താൻ ഈ ബ്ലൂ ഇക്കോണമിയിലൂടെ വഴി തുറക്കുകയാണ്.

നമ്മുടെ രാജ്യത്ത് രണ്ട് പ്രധാന കോർപ്പറേറ്റുകൾക്കായി ഈ കടൽ സമ്പത്ത് വീതം വയ്ക്കാനുള്ള ഒരുക്കമാണ് യഥാർത്ഥത്തിൽ ബ്ലൂ ഇക്കോണമിയിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. എണ്ണ, പ്രകൃതി വാതകങ്ങൾ (പെട്രോളിയം) എന്നിവ അംബാനി ഗ്രൂപ്പിനും, ധാതു സമ്പത്തിന്റെ ഖനനം അദാനിക്കുമായാണ് വീതംവയ്പ് നടത്താൻ പോകുന്നത്.അദാനി ആസ്ട്രേലിയയിൽ കടലിൽ നിന്നും കൽക്കരി ഖനനം ചെയ്യാനുള്ള വലിയൊരു പദ്ധതി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ആസ്ട്രേലിയയിൽ നടക്കുന്നുമുണ്ട്. ഗ്രേറ്റ് ബാരിയർ റീഫിന്റെ നാശം ഈ ഖനനത്തിലൂടെ സംഭവിക്കുമെന്ന് ലോകമൊട്ടാകെ പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ആഗോള ബാങ്കുകൾ അദാനിയുടെ ഖനന പദ്ധതിക്ക് വായ്പ നിഷേധിച്ചതോടെ നമ്മുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിന്നാണ് അദാനി ഇതിനുള്ള വായ്പ തേടിയിട്ടുള്ളത്.

നമ്മുടെ രാജ്യത്തെ കോർപ്പറേറ്റുകൾക്ക് കടൽ തീറെഴുതാൻ വേണ്ടി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ കൌൺസിൽ ( Economic Advisory Council) തയ്യാറാക്കിയ ഈ ബ്ലൂ ഇക്കോണമി പദ്ധതിയുടെ കരട് നയ രേഖയിന്മേൽ പൊതുജനങ്ങൾക്ക് ഇ-മെയിൽ വഴി അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. കേന്ദ്ര ഭൌമശാസ്ത്ര മന്ത്രാലയമാണ് (Ministry of Earth Sciences) ഈ ഫെബ്രുവരി 17-ന് പൊതുജനങ്ങളുടെ അഭിപ്രായം തേടി പത്ത് ദിവസത്തിനകം അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ടത്. ഈ സുപ്രധാന കാര്യത്തിൽ, അതും ഇംഗ്ലീഷിൽ മാത്രമുള്ള രേഖയിൽ, അഭിപ്രായം പറയാൻ 10 ദിവസം മാത്രം സമയം നൽകിയതും ദുരൂഹമാണ്.
കടലിൽ ചാടിയ ദേശീയ നേതാവും അദ്ദേഹത്തിന്റെ പാർട്ടിയും, കരയിലിരുന്ന് ആഴക്കടൽ വിദേശകമ്പനിക്ക് വിറ്റെന്ന പേരിൽ ആരോപണം നേരിടുന്ന സംസ്ഥാന മന്ത്രിയും, അവരുടെ പാർട്ടിയും ഈ ബ്ലൂ ഇക്കോണമി നയരേഖയെ കുറിച്ച് ഇതുവരെ പ്രതികരിച്ചതായി എനിക്ക് തോന്നുന്നില്ല.

കേരളത്തിലെ തീരദേശത്തു നിന്നുള്ള പാർലമെന്റ് അംഗങ്ങൾ പോലും ഈ നയരേഖ വായിച്ചു നോക്കി അഭിപ്രായം അറിയിച്ചെന്ന് ഞാൻ കരുതുന്നില്ല. ഇതൊക്കെ വായിച്ചു മനസ്സിലാക്കാൻ കഴിവുള്ള തിരുവനന്തപുരം എം.പി-യായ വിശ്വ പൌരനും ഇതൊക്കെ വായിച്ചോ എന്നറിയില്ല. അദ്ദേഹത്തിന് അദാനിയോട് ഇഷ്ടക്കൂടുതൽ ഉള്ള കാര്യം പരസ്യമായ രഹസ്യമാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുത്തതിനെ പരസ്യമായി സ്വാഗതം ചെയ്ത അദ്ദേഹം വിഴിഞ്ഞം വാണിജ്യ തുറമുഖം അദാനിക്ക് നൽകുന്നതിലും വലിയ ഇടപെടലുകൾ നടത്തിയിരുന്നു എന്ന കാര്യം എനിക്ക് ബോധ്യമുള്ളതാണ്. കോൺഗ്രസ് പാർട്ടിയിൽ എനിക്ക് അൽപ്പമെങ്കിലും പ്രതീക്ഷയുള്ളത് ഡോ. ജയറാം രമേശിലാണ്. മാത്രമല്ല, കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയും ഈയടുത്ത കാലത്ത് പലപ്പോഴും “മോഡി ഭരിക്കുന്നത് അദാനിക്കും അംബാനിക്കും വേണ്ടി”യാണെന്ന് പ്രസ്താവിച്ചിട്ടുമുണ്ട്. മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ആത്മാർത്ഥത ഉള്ളതാണെന്ന് ബോധ്യപ്പെടണമെങ്കിൽ അദാനിക്കും അംബാനിക്കുമായി നമ്മുടെ കടൽ തീറെഴുതാനുള്ള ഈ ബ്ലൂ ഇക്കോണമി നയരേഖക്കെതിരെ പരസ്യമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറാകണം.”

You May Also Like

കുട്ടികളെ ശാസ്ത്രീയമായി വളര്‍ത്തുന്നത് എങ്ങിനെ?

ഒരു നല്ല രക്ഷിതാവ് ആയി മാറിയെങ്കില്‍ മാത്രമേ നമ്മുടെ കുട്ടികളും നല്ലവരായി മാറുകയുള്ളൂ.

ഇന്ത്യന്‍ നോബല്‍ ജേതാക്കള്‍-2 : സി.വി.രാമന്‍

നോബല്‍ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യാക്കാരനും ആദ്യ ഇന്ത്യന്‍ ശാസ്ത്രഞ്ജനും ആയ പ്രൊഫ.സി.വി.രാമനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും എളുപ്പത്തില്‍ ഓര്‍ത്തുവെയ്ക്കാവുന്നതും ആയ ചില കാര്യങ്ങള്‍.

ഒരു എഴുത്തുകാരന്‍ അനുഭവത്തിന്റെ പൊരുള്‍ കണ്ടെത്തുന്നു

  –എം.കെ. ഹരികുമാറുമായി ശൈലേഷ് നായര്‍ നടത്തിയ അഭിമുഖം. പുതിയൊരു ദര്‍ശനവും നോവല്‍ രൂപവും സൃഷ്ടിച്ച…

‘കല്ലാന’ കെട്ടുകഥയല്ല…

‘കല്ലാന’ കല്ലുവെച്ച നുണയൊ, കല്ലുറപ്പുള്ള സത്യമൊ എന്ന അന്വേഷണം കേരളത്തെ സംബന്ധിച്ചിടത്തോളം കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ടും തുപ്പാനും വയ്യാത്ത ഒന്നായി മാറിയിട്ടുണ്ട്. ലോകത്തെ അപൂര്‍വ ജീവിവര്‍ഗങ്ങളിലൊന്നായ ‘പിഗ്മി’ ആനകളില്‍പെട്ടതെന്ന് കരുതുന്ന കല്ലാന സഹ്യാദ്രി വനാന്തരങ്ങളിലുണ്ടെന്ന് തെളിഞ്ഞാല്‍ കേരളത്തിന്റെ അത്യപൂര്‍വ ജൈവവൈവിധ്യപ്രകൃതിയുടെ യശസിന് അതുമൂലം ലഭിച്ചേക്കാവുന്ന തിളക്കം ചെറുതല്ല. സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ ആന ഇന്ത്യയുടെ ദേശീയ പൈതൃകമൃഗമാവുകയും കേരളത്തിന്റെകൂടി അഭിമാനഗിരിമകുടമായ പശ്ചിമഘട്ടം യുനസ്കോയുടെ പ്രകൃതിദത്ത ലോകപൈതൃകങ്ങളുടെ പട്ടികയിലുള്‍പ്പെടാന്‍ സമയത്തിനുവേണ്ടി കാത്തുനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലം കൂടിയാവുമ്പോള്‍ പ്രത്യേകിച്ചും.