സൈക്യാട്രിക് ട്രീറ്റുമെന്റുകളെ കുറിച്ച് ഗൃഹപാഠമില്ലാതെ തയ്യാറാക്കിയ വെറും പുലമ്പലുകള്‍, സൈക്ക്യാട്രിസ്റ്റിന്റെ വിമർശനം

0
139

സൈക്യാട്രിക് ട്രീറ്റുമെന്റുകളെ കുറിച്ച് ഗൃഹപാഠമില്ലാതെ തയ്യാറാക്കിയ വെറും പുലമ്പലുകള്‍, സൈക്ക്യാട്രിസ്റ്റിന്റെ വിമർശനം. കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റലിലെ സൈക്ക്യാട്രിസ്റ്റായ ഡോ ജോസ്റ്റിന്‍ ഫ്രാന്‍സിസ് ഫേസ്ബുക്കില്‍ കുറിച്ചത്.

ജോസ്റ്റിന്‍ ഫ്രാന്‍സിസ്

കോവിഡു കാലം തുടങ്ങിയതിനു ശേഷം ആദ്യമായി തിയ്യേറ്ററില്‍ പോയി കാണുന്ന സിനിമയാണ് പ്രീസ്റ്റ്… തിരക്കു നിറഞ്ഞ ഒരു ദിവസത്തിന്റെ വിരസതകളെ തിയേറ്ററിന്റെ ഇരുട്ടില്‍ കഴുകിക്കളയാന്‍ കയറിയ എനിക്ക് ശരാശരിയില്‍ താഴ്ന്ന ഒരു സിനിമാനുഭവമാണ് പ്രീസ്റ്റ് സമ്മാനിച്ചത് …. ഒരു ഹൊറര്‍ സിനിമയില്‍ സാമാന്യയുക്തിയോ ശാസ്ത്രീയമായ കൃത്യതയോ അന്വേഷിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. എങ്കിലും യുക്തിരഹിതമായ അതീന്ദ്രീയ ശക്തികളുടെ ലോകം യുക്തിഭദ്രമായി കാഴ്ചക്കാരന് അനുഭവവേദ്യമാക്കുന്നിടത്താണ് ഒരു ഹൊറര്‍ സിനിമ നല്ല ഫിക്ഷന്‍ ആകുന്നത്…

മമ്മൂട്ടിയുടെ കാര്‍മെന്‍ ബെനഡിക്റ്റ് കുറ്റാന്വേഷണത്തിലൂടെ ദൈവവഴി കണ്ടെത്തുന്ന ഒരു പാതിരിയാണ്. ഡിറ്റക്റ്റീവ് മൂവിയായി ആരംഭിച്ച് പിന്നീട് സൈക്കോത്രില്ലറിലേക്കും അവിടെ നിന്ന് ഹൊറര്‍ സിനിമയിലേക്കും രൂപാന്തരീകരണം സംഭവിക്കുകയാണ് നവാഗത സംവിധായകനായ ജോഫിന്‍ ടി.ചാക്കോയുടെ പ്രീസ്റ്റ്. കഥയെഴുതുമ്പോള്‍ അല്പം ഗൃഹപാഠം ചെയ്തിരുന്നെങ്കില്‍ ജോഫിന്‍ ടി.ചാക്കോയ്ക്ക് തന്റെ സിനിമയില്‍ സൈക്യാട്രിക് ട്രീറ്റുമെന്റുകളേക്കുറിച്ച് സാമാന്യ വിവരം പോലുമില്ലാത്ത പുലമ്പലുകള്‍ ഒഴിവാക്കാമായിരുന്നു. ആന്റി ഹൈപ്പര്‍ട്ടെന്‍സീവ് ആന്റി സൈക്കോട്ടിക്കുകള്‍ (anti hypertensive- antipsychotics) കഴിക്കുന്ന കഥാപാത്രങ്ങള്‍…. ഒരു രോഗി ആത്മഹത്യ ചെയ്യുന്നതിനെ മറ്റുള്ളവര്‍ അനുകരിക്കുന്ന പ്രതിഭാസത്തിന് ട്രാന്‍സ്ഫറന്‍സ് (transference) എന്നു പേരിട്ടു വിളിക്കുന്ന സൈക്യാട്രിസ്റ്റ്… ഇങ്ങനെ കോമഡികള്‍ പലതുണ്ട് ജോഫിന്‍ ടി ചാക്കോയുടെ സിനിമയില്‍….Mammootty’s next thriller titled ‘The Priest’- The New Indian Express

Anti hypertensiv–es എന്നാല്‍ രക്തസമ്മര്‍ദ്ദരോഗത്തിന് കഴിക്കുന്ന മരുന്നുകളും ചിത്തഭ്രമത്തിനു കഴിക്കുന്ന മരുന്നുകളുമാണ്… ഈ രണ്ടു പേരും കൂട്ടിച്ചേര്‍ത്തു പറയുന്നത് ഡയലോഗിനു പഞ്ചു കിട്ടാനാണെങ്കിലും അല്പം മെഡിക്കല്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക് പരിഹാസ്യമായിട്ടു തോന്നും…

Transference എന്ന വാക്കിന് സൈക്കോളജിയില്‍ കൃത്യമായ അര്‍ത്ഥമുണ്ട്. സൈക്കോ തെറാപ്പിയുടെ ( psychotherapy) മേഖലയിലാണ് ഈ വാക്ക് ഉപയോഗിക്കപ്പെടുന്നത്. ഒരു രോഗിയ്ക്ക് തന്റെ ജീവിതത്തിലെ ഒരു സുപ്രധാന വ്യക്തിയോടുള്ള പോസിറ്റീവോ നെഗറ്റീവോ ആയ ഇമോഷന്‍സ് ചികിത്സകന്‍ അഥവാ തെറാപ്പിസ്റ്റിനു നേര്‍ക്ക് രോഗി മാനസികമായി ആരോപിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്ന പ്രതിഭാസമാണിത്. തെറാപ്പിസ്റ്റിനോട് രോഗിക്കു തോന്നുന്ന ലൈംഗികാകര്‍ഷണമായോ വെറുപ്പായോ പകയായോ ബഹുമാനമായോ ഒക്കെ ട്രാന്‍ഫറന്‍സ് സംഭവിക്കാം. അല്ലാതെ ഒരാള്‍ ആത്മഹത്യ ചെയ്തതിനെ മാതൃകയാക്കി മറ്റുള്ളവര്‍ ആത്മഹത്യ ചെയ്യുന്നതിന്റെ പേരല്ല ട്രാന്‍സ്ഫറന്‍സ്… പിന്നെ ബൈപോളാര്‍ ഡിസോഡറിന്റെ ട്രീറ്റ്മെന്റ് ആന്റിഡിപ്രസ്സന്റുകളല്ല….. ഇങ്ങനെ നീളുന്നു തിരക്കഥയുടെ ദൗര്‍ബല്യങ്ങള്‍…

സിനിമയുടെ ശക്തിയും ജീവനും അതിന്റെ കഥയും തിരക്കഥയുമാണ് ….. ത്രില്ലടിപ്പിക്കുന്ന ഒരു ഹൊറര്‍ സിനിമ പ്രതീക്ഷിച്ച് തിയ്യേറ്ററില്‍ കയറിയ ഞാന്‍ കണ്ടത് വിദേശ ഹൊറര്‍ സിനിമകളുടെ പ്രേതം ജോഫിന്‍ ടി.ചാക്കോയുടെ പ്രീസ്റ്റിനെ ആവേശിച്ചിരിക്കുന്നതാണ്….. പ്രീസ്റ്റ് സിനിമയുടെ കുറവുകള്‍ സര്‍ഗാത്മകമാണ്…സൃഷ്ടി ദാരിദ്രമാണ് പ്രശ്നം…. ഗണിത ശാസ്ത്ര ക്ലാസ്സിനു പോകുന്നതിനു മുമ്പു മാത്രമല്ല കഥയെഴുതുന്നതിനു മുമ്പും ഗൃഹപാഠം ചെയ്യണം… അല്ലെങ്കില്‍ ഇങ്ങനെയൊക്കെ പറ്റും….