പ്രണയിനികളുടെ പ്രിയ ലവ് ലോക്ക് ബ്രിഡ്ജ് – ഇത് മൊസാർട്ടിന്റെ നാട്ടിലെ വിശേഷങ്ങൾ

0
108

Journey With Ginu

പ്രണയിനികളുടെ പ്രിയ ലവ് ലോക്ക് ബ്രിഡ്ജ്
– ഇത് മൊസാർട്ടിന്റെ നാട്ടിലെ വിശേഷങ്ങൾ ..!!

ഇരുനൂറ്റി ഇരുപത്തിയെട്ടു വർഷങ്ങൾക്കു മുൻപ് വിടപറഞ്ഞ ഒരു മനുഷ്യനെപ്പറ്റി ഇപ്പോൾപറയുന്നത് എന്തിനെന്നു കരുതി ആരും നെറ്റി ചുളിക്കേണ്ട .. കാരണം അദ്ദേഹം ചിട്ടപ്പെടുത്തിയ സംഗീതം ഇനി ഒരായിരം വർഷങ്ങൾ കഴിഞ്ഞാലും ആരും മറക്കുവാൻ സാധ്യതയില്ല.

കേവലം മുപ്പത്തിയഞ്ചു വർഷക്കാലം മാത്രം ജീവിച്ചിരുന്ന,സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ലോക പ്രശസ്ത സംഗീതജ്ഞൻ ആയിരുന്നു മൊസാർട്ട് എന്ന Wolfgang Amadeus Mozart .
ഓസ്ട്രിയൻ വംശജനായ അദ്ദേഹം ജനിച്ചതും വളർന്നതും എല്ലാം ഓസ്ട്രിയയിലെ ചെറു പട്ടണമായ സാൽസ്ബെർഗിൽ .പൗരാണീക നഗരമായ ചെക്ക് റിപ്പബ്ലിക്കിലെ സെസ്കി ക്രുംലോവിൽ കുടുംബത്തോടൊപ്പം രണ്ടുനാൾ ചിലവഴിച്ചതിനു ശേഷം സാൽസ്ബെർഗ് സന്ദർശനം ആയിരുന്നു എന്റെ അടുത്ത അജണ്ട.

സാൽസ്ബർഗിൽ എയർപോർട്ട് ഉണ്ടായിരുന്നു എങ്കിലും അങ്ങോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ട് സെസ്‌കികറുംലോവിൽ നിന്നും ട്രെയിൻ മാർഗം സാൽസ്‌ബെർഗ് പോകാൻ തീരുമാനിച്ചു.
Český Krumlov നിന്നും Ceske Budejovice എന്ന കൊച്ചു പട്ടണത്തിലേക്കു ചെക്ക് റിപ്പബ്ലിക്ക് ട്രെയിൻ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു.
അവിടെ നിന്നും ലിൻസ് (Linz) ലേക്കും. പിന്നീട് അവിടെ നിന്നും ഓസ്ട്രിയൻ റയിൽവെയുടെ OBB ട്രെയിൻ വഴി സാൽസ്ബെർഗിലേക്കും. ഇതാണ് സാൽസ്ബർഗിൽ എത്തിപ്പെടുവാനുള്ള എന്റെ മാസ്റ്റർ പ്ലാൻ.
സെസ്‌കി ക്രുംലോവിൽ നിന്നും നേരിട്ട് ബസ് ഉണ്ടായിരുന്നു എങ്കിലും പൊതുവെ ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്ന ഞാൻ ഇങ്ങനൊരു പദ്ധതി തയ്യാറാക്കുകയായിരുന്നു .

ചെക്ക് റിപ്പബ്ലിക്കിലെ ട്രെയിനുകൾ പലതും മറ്റു യൂറോപിയൻ രാജ്യങ്ങളിലെ അത്രയും പ്രൗഢം ആയിരുന്നില്ല. യൂറോപ്പിൽ ഡീസൽ എൻജിൻ ട്രെയിൻ കണ്ടത് തന്നെ ചെക്കിൽ ആണ്.ചെക് തലസ്ഥാനമായ പ്രാഗ് കഴിഞ്ഞാൽ പല റെയിൽവേ സ്റ്റേഷനുകളും ആളൊഴിഞ്ഞ നിലയിൽ ആയിരുന്നു. നമ്മുടെ നാട്ടിലെ റെയിൽവേ സ്റ്റേഷനുകളെക്കാളും അല്പം കൂടി ആഡംബരം അവകാശപ്പെടാവുന്ന ഒന്ന്.

ഈസ്റ്റർ പ്രമാണിച്ചു സാൽസ്ബർഗിലെ ഒട്ടുമിക്ക താമസ സ്ഥലങ്ങളും മുൻപേ തന്നെ നിറഞ്ഞിരുന്നു.
എങ്ങനെയൊക്കെയോ ഞാൻ ഒരു ബജറ്റ് ഹോട്ടൽ തരപ്പെടുത്തിയിരുന്നു.സായിപ്പിന്റെ ഭാഷയിൽ ബഡ്ജറ്റ് എന്ന് പേരുണ്ടെങ്കിലും എന്നെ സംബന്ധിച്ചു ബഡ്ജറ്റ് കീറുന്ന ഒന്നായിരുന്നു അത്.ആറു മണിക്കൂർ യാത്ര കഴിഞ്ഞു ഞങ്ങൾ സാൽസ്ബർഗ് റെയിൽവേ സ്റ്റെഷനിൽ എത്തിയപ്പോൾ തന്നെ “സാൽസ്ബെർഗ് കാർഡ്” കരസ്ഥമാക്കുകയായിരുന്നു എന്റെ ആദ്യ ലക്‌ഷ്യം.

34€ കെടുത്തുകഴിഞ്ഞാൽ ഒരാൾക്ക് രണ്ടു ദിവസത്തേക്ക് സാൽസ്ബെർഗിലെ ഒട്ടുമിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും പൊതു ഗതാഗത സംവിധാനങ്ങളും സൗജന്യമായി ആസ്വദിക്കുവാനുള്ള ഒരു കാർഡ്. കുട്ടികൾക്ക് നിരക്കിൽ 50% ഇളവ്.പലപ്പോഴും ഇങ്ങനുള്ള സ്ഥലങ്ങൾ സഞ്ചരിക്കുമ്പോൾ ആലോചിക്കാറുണ്ട് എന്നാണ് നമമുടെ നാട്ടിലും ഇങ്ങനുള്ള കാർഡുകളും ഒരു നഗരം മുഴുവൻ പരിധിയില്ലാതെ സഞ്ചരിക്കാവുന്ന പൊതു ഗതാഗതത്തിനുള്ള സംവിധാനങ്ങളും വരിക എന്നത്. ഒരു പക്ഷെ നമ്മുടെ പൊതു ഗതാഗത സംവിധാനങ്ങൾ പലതും സ്വകാര്യ മേഖല കൈയ്യേറിയിരിക്കുന്നതാവാം പ്രധാന ന്യൂനത.യൂറോപ്പിലെ ഒട്ടു മിക്ക പട്ടണങ്ങളിലും വിനോദ സഞ്ചാരികൾക്കായി ഇത്തരം കാർഡുകൾ ലഭ്യമാണ്.

ആറു മണിക്കൂറിലധികമുള്ള ട്രെയിൻ യാത്ര ഞങ്ങളെ തെല്ലൊന്നുമല്ല ക്ഷീണിപ്പിച്ചത് .വെകുന്നേരം തല ചായ്ക്കുവാനുള്ള കട്ടിൽ ലക്ഷ്യമാക്കി ഞങ്ങൾ മുൻപേ കൂട്ടി ബുക്ക് ചെയ്‌തിരുന്ന ഹോട്ടലിലേക്ക് യാത്ര തുടർന്നു.
സൽസ്‌ബെർഗിനെ പറ്റി പലയിടത്തും ധാരാളം വായിച്ചിട്ടുണ്ട് എങ്കിലും മുൻപ് വിയന്ന സന്ദർശിച്ചപ്പോൾ ഇവിടേക്കുള്ള യാത്ര തരപ്പെട്ടില്ല. ജർമൻ ഭാഷ സംസാരിക്കുന്ന ഇവിടുത്തുകാരുടെ ഇന്നത്തെ പ്രധാന വരുമാന മാർഗം വിനോദസഞ്ചാരം ആണ് .മുൻപ് ഉപ്പു ഖനനം ആയിരുന്നു ഇവിടുത്തുകാരുടെ പ്രധാന വരുമാനം . സാൽസ്ബെർഗ് എന്ന പേരിനും ഒരു ചരിത്രമുണ്ട്. സാൽസ് എന്നു ജർമൻ ഭാഷയിൽ അർത്ഥം ഉപ്പ് എന്നാണ്. Berg എന്നാൽ മല എന്നും.
വെറും ഒന്നര ലക്ഷം ജനങ്ങൾ മാത്രം താമസിക്കുന്ന ,ജർമനിയുടെ ഓസ്ട്രിയൻ അതിർത്തിയിലേക്ക് കേവലം 5കിലോമീറ്റർ ദൂരം മാത്രമുള്ള സാൽസ്ബെർഗ് പട്ടണം വിസ്‌തൃതി കൊണ്ട് ചെറുതെങ്കിലും വിനോദ സഞ്ചാരികളുടെ പ്രിയ ഇടം തന്നെയാണ്.
സാൽസ്ബെർഗിലെ ഞങ്ങളുടെ ആദ്യ ദിനത്തിനും ഒരു പ്രത്യേകതയുണ്ട്. ലോകമെമ്പാടും ക്രിസ്തുവിന്റെ പുനരുദ്ധാനത്തിന്റെ ആഘോഷമായി കൊണ്ടാടുന്ന ഈസ്റ്റർ ദിനം ആയിരുന്നു അന്ന് . അതുകൊണ്ടു തന്നെ സാൽസ്ബെർഗ് കത്തീഡ്രലിലെ ഈസ്റ്റർ ദിന പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുക്കേണം എന്ന് നേരത്തെ തന്നെ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു.

ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പണി കഴിപ്പിച്ച സാൽസ്ബെർഗ് കത്തീഡ്രൽ പതിനേഴാം നൂറ്റാണ്ടിൽ പൂർണമായും പൊളിച്ചു പണിതു. മൊസാർട്ടിന്റെ ജ്ഞാനസ്‌നാനത്തിനു സാക്ഷ്യം വഹിച്ച ഈ ദേവാലയത്തിനു രണ്ടാം ലോക മഹായുദ്ധകാലത്തു ഉണ്ടായ ബോംബ് സ്ഫോടനം മൂലം കാര്യമായ കേടുപാടുകൾ സംഭവിച്ചു. പിന്നീട് 1959 ൽ പുതുക്കി പണിയുകയും ചെയ്ത ഈ മനോഹര ദേവാലയം സാൽസ്ബെർഗ് സന്ദര്ശനത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്.

ഈസ്റ്റർ ദിനം ആയതുകൊണ്ടാവാം ദേവാലയം നിറയെ ജനങ്ങൾ പ്രത്യേക പ്രാർത്ഥനയിൽ പങ്കെക്കുവാനായി എത്തി ചേർന്നിരിക്കുന്നു. ജർമൻ വശമില്ലെങ്കിലും ഗായക സംഘത്തിന്റെ മനോഹരമായ ഗാനാലാപനം ഞങ്ങളെ ദേവാലയത്തിൽ തെല്ലൊന്നു പിടിച്ചിരുത്തി. അല്ലെങ്കിൽ തന്നെ സംഗീതത്തിന് എന്ത് ഭാഷ .മൊസാർട്ട് വളരെ കാലം സേവനം അനുഷ്ടിച്ചിരുന്ന ഈ ദേവാലയത്തിലെ ഗായക സംഘത്തിന്റെ ആലാപനത്തിൽ ഇന്നും ഒരു മൊസാർട്ട് കൈയൊപ്പ് പ്രകടമാണ്.
ഗായക സംഘ അംഗങ്ങളെ ഒഴിവാക്കിയാൽ ദേവാലയത്തിൽ ഈസ്റ്റർ ദിനമായിട്ടു പോലും യുവജനങ്ങൾ തുലോം കുറവാണ്. ദേവാലയത്തിൽ ഇരിപ്പു ഉറപ്പിച്ചിരിക്കുന്ന മിക്കവരും എഴുപതുകളുടെ മധ്യത്തിൽ എത്തിയവർ. രണ്ടു ലോക മഹാ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇവരിൽ പലരും യുദ്ധത്തിന്റെ നടുക്കുന്ന ഓർമകളിജീവിക്കുന്നവർ.

യൂറോപ്പിൽ പൊതുവെ കാണാൻ കഴിയുന്ന ഒരു കാഴ്‌ച യുവ തലമുറ മതപരമായ അനുഷ്ടാനങ്ങളിൽ നിന്നും മാറി നിൽക്കുന്നതാണ്. ഒരു പക്ഷെ സംരക്ഷിക്കാനാതെ ഈ ദേവാലയങ്ങൾ പലതും ലേലത്തിൽ വെക്കുകയും ,തൽഫലമായി മിക്കവയും വെറും വിനോദ സഞ്ചാര കേന്ദ്രങ്ങൾ മാത്രമാവുന്ന കാലവും വിദൂരമല്ല.ഈസ്റ്റർ ദിന പ്രത്യേക പ്രാർത്ഥനകൾ കാരണം ഞങ്ങൾക്ക് ദേവാലയത്തിന്റെ അകം ചുറ്റിനടന്നു കാണുവാൻ കഴിഞ്ഞില്ല. സാൽസ്ബെർഗിനോടു വിട പറയുന്നതിന് മുൻപ് ഒന്നുകൂടെ ഇവിടം സന്ദർശിക്കേണം എന്ന് മനസ്സിൽ കുറിച്ചിട്ടു ഞങ്ങൾ ഹൊഹൻ സാൽസ്ബർഗ് കോട്ട (Hohensalzburg Fortress ) ലക്ഷ്യമാക്കി നീങ്ങി.പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ചത് എന്ന് കരുതപ്പെടുന്ന ഈ കോട്ട മധ്യകാലത്തു യൂറോപ്പിൽ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ്. കോട്ടയിലേക്ക് എത്തിപ്പെടുവാനുള്ള ഏക മാർഗം കേബിളിൽ പ്രവർത്തിപ്പിക്കുന്ന ചെറു ട്രെയിൻ സർവീസ് ആണ്. മുൻപ് സൂചിപ്പിച്ച സാൽസ്ബെർഗ് കാർഡ് ഉണ്ടെങ്കിൽ സന്ദർശനവും അവിടെ എത്തിപ്പിടുവാനുള്ള ട്രെയിൻ യാത്രയും സൗജന്യമാണ്.

പല യുദ്ധങ്ങളെയും അതിജീവിച്ച ഈ കോട്ട പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ പുതുക്കി പണിയുകയും യൂറോപ്പിലെ തന്നെ ഒരു മുഖ്യ വിനോദ സഞ്ചാര കേന്ദ്രമായി മാറുകയും ചെയ്തു.
ഈ കോട്ടയുടെ ഏറ്റവും വലിയ പ്രത്യേകത ചുറ്റുമുള്ള പുരാതന നിർമ്മിതികൾ , പള്ളികൾ സൗധങ്ങൾ തുടങ്ങി നമുക്ക് സാൽസ്ബെർഗ് പട്ടണം മുഴുവൻ ഒറ്റ നോട്ടത്തിൽകാണുവാൻ കഴിയും എന്നതാണ്.
കുട്ടികൾക്ക് അത്ര രസകരമല്ലാത്തതു കൊണ്ടും സന്ദര്ശകരുടെ ഒരു നീണ്ട നിര ഉണ്ടായിരുന്നതുകൊണ്ടും ഞങ്ങൾ അവിടെയുള്ള മ്യൂസിയം ഒഴിവാക്കി. കോട്ട മുഴുവൻ ചുറ്റിനടന്നു കണ്ടതിനു ശേഷം ട്രയിൻ പിടിച്ചു തിരികെ താഴേക്കു.

No. 9 Getreidegasse in Salzburg. സാൽസ്ബർഗ് സന്ദർശിക്കുന്നവർ ഒഴിവാക്കാത്ത ഒരിടം. തിരക്കേറിയ ഒരു കച്ചവട ഇടനാഴിയിലെ ഈ കെട്ടിടത്തിന് തിരിച്ചറിയാനായി കടും മഞ്ഞനിറം പൂശിയിരിക്കുന്നു. ഇതാണ് സാക്ഷാൽ മൊസാർട്ടിന്റെ ജന്മ ഗൃഹം. മൊസാര്‍ട്ടിന്റെ പിതാവ് ലിയോ പോള്‍ഡ് മൊസാര്‍ട്ട് ഈ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലെ ഒരു ഭാഗം വാടകയ്ക്ക് എടുത്ത് ഇവിടേക്ക് താമസംമാറുന്നത്. 1756 ന്റെ തുടക്കത്തിലാണ്.മൊസാർട്ട് ഫൗണ്ടേഷൻ ഇത് ഇന്ന് ഒരു ഒരു മ്യൂസിയം ആക്കി മാറ്റിയിരിക്കുന്നു. തന്റെ പതിനേഴാം വയസ്സുവരെ മൊസാർട്ട് ജീവിച്ചത് ഇവിടെയാണ്. മോസർട്ടിന്റെ പിയാനോ, ആദ്യകാല റെക്കോഡിങ്ങുകള്‍, കത്തുകള്‍, മറ്റു പല രേഖകള്‍ തുടങ്ങിയവയെല്ലാം കാണേണം എങ്കിൽ ഈ മ്യൂസിയത്തിൽ അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . ഇതിനെല്ലാം പുറമെ യുനെസ്കോ പൈതൃക ഇടമായി ഈ കച്ചവട ഇടനാഴിയെ 1996ൽ പ്രഖ്യാപിച്ചു.ഫോട്ടം പിടുത്തം പൂർണമായും മ്യൂസിയത്തിൽ നിരോധിച്ചിരിക്കുന്നത് കാരണം കാര്യമായി പടം പിടുത്തം ഒന്നും നടന്നില്ല.
മ്യൂസിയം സന്ദർശനത്തിന് ശേഷം ആ ഷോപ്പിംഗ് ഇടനാഴി മുഴുവനും ചുറ്റിനടന്നു കണ്ടു. പിന്നീട് ലൗ ലോക്ക് ബ്രിഡ്ജിനെ ലക്ഷ്യമാക്കി നടന്നു.

ലൗ ലോക്കിനും പറയാനുണ്ട് ഒരു ചരിത്രം.
ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം .സർബിയൻ പട്ടാളത്തിലെ ഉദ്യോഗസ്ഥനായ റെൽജക്കു സെർബിയയിലെ സ്കൂൾ അധ്യാപികയായ നാദയോട് കലശലായ പ്രണയം. രണ്ടുപേരും സ്ഥിരമായി പ്രേമത്തിന്റെ പാലമായ Most Ljubavi ൽ കണ്ടു മുട്ടുവാൻ തുടങ്ങി. അങ്ങനെയിരിക്കെ നമ്മുടെ കഥാനായകന് ജോലി സംബന്ധമായി ഗ്രീസിലേക്കു മാറിത്താമസിക്കേണ്ടി വന്നു. അതിനിടക്ക് കോർഫു(Corfu) എന്ന സ്ഥലത്തെ സുന്ദരിയായ യുവതിയുമായി പ്രണയത്തിലാവുകയും ചെയ്തു. ഇതറിഞ്ഞ നമ്മുടെ കഥാ നായികാ “നാദ ” ഹൃദയസ്‌തംഭനം മൂലം മരണപ്പെട്ടു.
അങ്ങനെയിരിക്കെ സെർബിയൻ കമിതാക്കൾ തങ്ങളുടെ പ്രണയം നിലനിർത്തുവാനായി നാദയും റെൽജെയും സ്ഥിരമായി കണ്ടുമുട്ടാറുള്ള Most Ljubavi പാലത്തിന്റെ കൈവരിയിൽ തങ്ങളുടെ പേര് ആലേഖനം ചെയ്ത പാഡ് ലോക്കുകൾ സ്ഥാപിക്കുവാൻ തുടങ്ങി.

പാലത്തിന്റെ കൈവരിയിൽ കമിതാക്കളുടെ പേര് ആലേഖനം ചെയ്ത പാഡ് ലോക്കുകൾ കൊളുത്തിയിടുകയും ,അതിന്റെ ശേഷം താക്കോൽ സമീപമുള്ള നദിയിലെക്കു വലിച്ചെറിയുകയും ചെയ്യുന്നത് യൂറോപ്പിലെങ്ങും ഇന്ന് ഒരു ആചാരമായി മാറി.
നൂറു വർഷങ്ങൾ പഴക്കമുള്ള ഈ ആചാരം രണ്ടായിരത്തിന്റെ തുടക്കത്തോട് കൂടി പ്രസിദ്ധിയാര്ജിക്കുകയും ധാരാളം വിനോദ സഞ്ചാരികൾ ഇത് ഏറ്റെടുക്കുകയും ചെയ്തു. സാൽസ്ബർഗിലെ ലവ് ലോക്ക് ബ്രിഡ്ജിൽ ഇന്ന് സൂചി കുത്താൻ ഇടമില്ലാത്ത വിധം കൈവരിയിൽ പാഡ് ലോക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.

പല ലോക നഗരങ്ങളും ഈ ആചാരം നിരോധിക്കുവാനുള്ള തത്രപ്പാടിലാണ് ഇന്ന്.
അടുത്ത മ്യൂസിയം എന്ന് പറയുന്നത് നമ്മുടെ മൊസാർട്ടിന്റെ വീടാണ്. ആദ്യം കണ്ടത് ജന്മ ഗൃഹമാണെങ്കിൽ അടുത്തത് മൊസാർട്ട് ശിഷ്ടകാലം ജീവിച്ച ഗൃഹമാണ്. പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ കെട്ടിടങ്ങൾ പലതും പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നതിനു ഇതിന്റെ നടത്തിപ്പുകാർ ഒരു പ്രത്യേക കയ്യടി അർഹിക്കുന്നു.
1944ൽ യുദ്ധത്തിൽ ഈ കെട്ടിടത്തിന്റെ മൂന്നിൽ രണ്ടുഭാഗവും നശിപ്പിക്കപ്പെട്ടു. 1955ൽ ഇത് പൂർണമായും International Mozart Foundation ന്റെ നീയന്ത്രണത്തിൽ ആയി. മൊസാർട്ടിന്റെ പീയാനോയും , അദ്ദേഹത്തിന്റെ പല അമൂല്യ വർക്കുകളും കൊണ്ട് നിറഞ്ഞ ഈ മ്യൂസിയത്തിലും ഫോട്ടോ പിടുത്തം നിഷിദ്ധമാണ്.

സാൽസ്ബെർഗിലെ ഓരോ കച്ചവട സ്ഥാപനങ്ങളും മൊസാർട്ടിന്റെ ബ്രാൻഡ്‌ മൂല്യം ഉപയോഗിച്ച് എങ്ങനെ തങ്ങളുടെ കച്ചവടം പൊടി പൊടിക്കാം എന്ന് നന്നായി അറിയാവുന്നവർ ആണ്. മൊസാർട്ട് ചോക്ലേറ്റ് , മൊസാർട്ട് സംഗീതത്തിന്റെ സിഡികൾ , മൊസാർട്ട് വസ്ത്രങ്ങൾ എന്ന് വേണ്ട എന്തിലും ഏതിലും ഒരു മൊസാർട്ട് ടച്ച് വരുത്തുവാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
1965ൽ ഇറങ്ങിയ ചിത്രമാണ് സൗണ്ട് ഓഫ് മ്യൂസിക് . അഞ്ചോളം ഓസ്കാർ അവാർഡുകൾ വാരിക്കൂട്ടിയ ഒരു ചിത്രം .അത് ചിത്രീകരിച്ച സ്ഥലം എന്ന രീതിയിലും,ആ സിനിമയിലെ ഓരോ ലൊക്കേഷനും അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട് എന്നതുകൊണ്ടും സാൽസ്ബർഗ് വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാകുവാൻ മറ്റൊരു കാരണം കൂടി ആണ് . സിനിമയുടെ ലൊക്കേഷനുകള്‍ പരിചയപ്പെടുത്തുന്ന സൗണ്ട് ഓഫ് മ്യൂസിക് ടൂറും ഈ കൊച്ചു പട്ടണം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു.

നൂറ്റാണ്ടുകൾക്കിപ്പുറവും സാൽസ്ബെർഗ് എന്ന കൊച്ചു പട്ടണം പ്രധാനമായും അറിയപ്പെടുന്നത് മോസർട്ടിന്റെ ജന്മദേശം എന്നത് കൊണ്ട് മാത്രമാണ്. ലോക വിനോദ സഞ്ചാര ഭൂപടത്തിലെ നിറസാന്നിധ്യമായി മാറുവാൻ സാൽസ്ബെർഗിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ പട്ടണം മൊസാർട്ട് എന്ന പ്രതിഭയോട് എന്നും കടപ്പെട്ടിക്കുന്നു എന്ന് നിസംശയം പറയാം.
ആദ്യ ദിവസത്തെ സാൽസ്ബെർഗ് കാഴ്‌ചക്കു ഞങ്ങൾ തിരശീല ഇട്ടു. കുട്ടികൾ എല്ലാം നന്നേ ക്ഷീണിച്ചു .നടന്നു നടന്നു കാലിന്റെ കാര്യം ഏതാണ്ട് തീരുമാനമായി. ഇനിയും സാൽസ്ബെർഗ് പട്ടണത്തിൽ ഒരു നാൾകൂടെ. അതിനു മുൻപായി ചൂടുവെള്ളത്തിൽ വിസ്തരിച്ചൊരു കുളി പാസാക്കിയിട്ടു സാൽസ്ബെർഗിന്റെ മായാ കാഴ്ചകളും സ്വപ്നം കണ്ടുകൊണ്ടു സുഖമായി ഒരു ഉറക്കം.