ഭാരത-സ്ത്രീഭാവങ്ങള്‍ (സ്ത്രീകളെ ശരിക്കും മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരാണ്, സ്ത്രീയൊരു സമസ്യയാണെന്നൊക്കെ തട്ടിവിടുന്നത്)

0
143

ഭാരത-സ്ത്രീഭാവങ്ങള്‍ (ലേഖനം)

ജോയ് ഗുരുവായൂർ എഴുതുന്നു
==========
സ്ത്രീകളെ ശരിക്കും മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരാണ്, സ്ത്രീയൊരു സമസ്യയാണെന്നൊക്കെ തട്ടിവിടുന്നത്. സ്ത്രീമനസ്സ്, അടിസ്ഥാനപരമായി സ്നേഹത്തിന്റേയും അനുകമ്പയുടെയും കേദാരമാണ്. സ്ത്രീയും പുരുഷനും ഒരേവര്‍ഗ്ഗത്തില്‍പ്പെടുന്ന ജീവികള്‍ത്തന്നെയാണെങ്കിലും പുരുഷമനസ്സിനെയെപേക്ഷിച്ച് സ്ത്രീമനസ്സിനു അനേകം വ്യത്യസ്തതകളുണ്ട്. സ്ത്രീയേയും പുരുഷനേയും കുറിച്ചുള്ള ഒരു താരതമ്യപഠനമല്ല ഈ ലേഖനം. സ്ത്രീയുടെ അസ്തിത്വക്കുറിച്ചുള്ള വ്യക്തിഗതമായ വീക്ഷണകോണുകള്‍മാത്രം. വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയ്ക്കായി, സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

ബാലിക

ബാല്യത്തില്‍ സ്ത്രീജന്മവും പുരുഷജന്മവും തമ്മില്‍ പറയത്തക്കതായ സ്വഭാവവൈരുദ്ധ്യങ്ങളൊന്നും പ്രകടമായി കാണാന്‍സാധിക്കുകയില്ല. ഇക്കാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ലിംഗഭേദബോധമില്ലാതെ സ്വതന്ത്രമായി ഇടപഴകുന്നു. അതുകൊണ്ടുതന്നേ, ബാല്യകാലപുരുഷ സുഹൃത്തുക്കളെ, എന്നുമവര്‍ ഭയരഹിതമായ സ്നേഹവാത്സല്യങ്ങളോടെ സ്മരിക്കുകയും ചെയ്യുന്നു. താന്താങ്ങളുടെ ജന്മവൈശിഷ്ട്യങ്ങളെക്കുറിച്ച് യാതൊന്നും ചിന്തിക്കാത്ത, നിഷ്ക്കളങ്കമായ ബാല്യകാല സുഹൃദ്ബന്ധങ്ങളുടെ ഊഷ്മളത ആജീവനാന്തം നിലനില്ക്കും.

കുമാരി

കൗമാരത്തിലേക്കു കടക്കുന്നതോടെ സ്ത്രീസ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്നു. പുരുഷനില്‍നിന്ന്‍ നിശ്ചിതദൂരം പാലിക്കാന്‍ശ്രമിക്കുന്ന ഒരു ഭാവം സ്ത്രീയില്‍ പ്രത്യക്ഷപ്പെടുന്നത് ഇക്കാലത്താണ്. പുരുഷശരീരത്തില്‍നിന്നു വ്യത്യസ്തമായ അവയവവളര്‍ച്ചകള്‍ സ്ത്രീകളില്‍ സംഭവിച്ചുതുടങ്ങുന്ന കാലം. കുമാരിമാര്‍ക്ക് അതുണ്ടാക്കുന്ന അപകര്‍ഷബോധം ചില്ലറയല്ലാ. അതിനാല്‍ പൊതുവേ മുതിര്‍ന്നവരില്‍നിന്നും, പ്രത്യേകിച്ച് പുരുഷന്മാരില്‍നിന്നുമവര്‍ അകലംപാലിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പെണ്‍കുട്ടികള്‍ത്തമ്മില്‍ വിട്ടുപിരിയാത്ത സൗഹൃദമുടലെടുക്കുന്നതും കൗമാരത്തിലാണ്. തങ്ങളില്‍സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ സമപ്രായക്കാരികളുമായി ചര്‍ച്ചചെയ്ത് അപഗ്രഥിച്ചുമനസ്സിലാക്കുകയും, തദ്ദ്വാരാ, പുരുഷനെന്ന പ്രതിഭാസത്തെക്കുറിച്ച് അല്പാല്പമായി പഠിക്കുവാനും, പുരുഷസംസര്‍ഗ്ഗമെന്നുപറയുമ്പോള്‍ത്തന്നെ അകാരണമായൊരു നാണം അവരുടെ കവിളിണകളില്‍ കൂടുകൂട്ടാനുംതുടങ്ങുന്നു. എന്നാല്‍, അപ്പോഴും ബാലാരിഷ്ടതകളുടെ പിടിയിലെന്നപോലെ, അഥവാ എട്ടുംപൊട്ടുംതിരിയാത്തവരുടേതുപോലുള്ള അവസ്ഥയില്‍ത്തന്നെയായിരിക്കും ഇതേ പ്രായത്തിലുള്ള ഒരു ‘കുമാരന്‍’ തുടരുന്നുണ്ടായിരിക്കുക.
സ്ത്രീകള്‍ക്ക് പുരുഷനേക്കാള്‍ വേഗത്തില്‍ പക്വതകൈവരുമെന്ന് പറയുന്നത് ഇക്കാരണങ്ങളാലാണ്. കൗമാരം പൂര്‍ത്തിയാക്കുന്നതിലുംമുന്‍പേ സ്ത്രീകള്‍ ഋതുമതികളാവുന്നു. അതോടെ, അവരുടെ ജീവിതത്തില്‍ ഓരോരോ നിയന്ത്രണങ്ങളുമായി രക്ഷാകര്‍ത്താക്കള്‍ സ്വാധീനംചെലുത്തിത്തുടങ്ങും. ഇരിക്കുന്നതും, നടക്കുന്നതും, കിടക്കുന്നതുംവരെ വിമര്‍ശനവിധേയങ്ങളാവുന്നതോടെ സ്ത്രീകള്‍ അവരിലേക്കുതന്നെ കൂടുതല്‍ക്കൂടുതല്‍ ചുരുങ്ങിത്തുടങ്ങുന്നു. ഒപ്പം, മുതിര്‍ന്ന സ്ത്രീകള്‍ പകര്‍ന്നുകൊടുക്കുന്ന പാഠങ്ങള്‍പഠിച്ച് അടക്കവും ഒതുക്കവുമെല്ലാം സ്വായത്തമാക്കുന്നു.

യുവതി

പുരുഷന്മാരോടുള്ള അദൃശ്യമായ ഒരു ആരാധന സ്ത്രീകളില്‍ പൂവിടുന്നത് കൗമാരംവിട്ട് യൗവ്വനത്തിലേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിലാണ്.
ജീവിതപങ്കാളിയായി സര്‍വ്വഗുണങ്ങളുമുള്ള ഒരു പുരുഷനെ അവര്‍ മനസ്സില്‍ സങ്കല്പ്പിച്ചുതുടങ്ങുന്നു. ഈ ഘട്ടം വളരെ പ്രാധാന്യമുള്ള ഒന്നാണ്. കാരണം, സ്വാര്‍ത്ഥതയുടെ നാമ്പുകള്‍ സ്ത്രീമനസ്സില്‍ മുളയെടുക്കുന്നത് ഈ ഘട്ടത്തിലാണ് എന്നതുതന്നെ. അവിവാഹിതയായ യുവതിയുടെ മനസ്സില്‍, മറ്റൊരു സ്ത്രീജന്മത്തെക്കാളും തേജസ്സോടെ ജ്വലിച്ചുനില്ക്കുന്നത് തന്‍റെ സങ്കല്പപുരുഷനായിരിക്കും. പുറത്തുപ്രകടിപ്പിച്ചില്ലെങ്കിലും, ഇഷ്ടപ്പെട്ട പുരുഷന്‍റെ ശക്തമായ സ്നേഹസംരക്ഷണത്തില്‍ കഴിയാനുള്ള കാത്തിരിപ്പായിരിക്കും മനംനിറയെ.. താന്താങ്ങളുടെ ശോഭനമായ ഭാവിയെ സ്വപ്നംകണ്ടുതുടങ്ങുന്ന കാലം. തന്‍റെ സങ്കല്പ്പങ്ങളിലുള്ള സാഹചര്യങ്ങളില്‍ അഭിരമിക്കുന്ന മറ്റൊരു സ്ത്രീയോട് അസൂയതോന്നിത്തുടങ്ങുന്നതും ഈ ഘട്ടത്തിലാണ്. പ്രകടമായി തുനിഞ്ഞിറങ്ങിയില്ലെങ്കിലും, പുരുഷന്മാരെ ആകര്‍ഷിക്കുന്നകാര്യത്തില്‍ ഓരോ യുവതിക്കും മറ്റുള്ള യുവതികളോട് മാത്സര്യബുദ്ധിയായിരിക്കും. മറ്റുള്ളവരേക്കാള്‍ താന്‍ ശ്രദ്ധിക്കപ്പെടണമെന്നുള്ള ഒരുള്‍വിളി. അതിനുവേണ്ടി മറ്റുള്ള സ്ത്രീകളുമായി പിണങ്ങാനും അവര്‍ മടിച്ചെന്നുവരില്ല. ഇക്കാര്യത്തില്‍ വിശാലമനസ്ക്കരാവാന്‍ മിക്ക സ്ത്രീകള്‍ക്കും സാധിക്കുകയില്ല. സ്ത്രീമനസ്സ് പുരുഷന്മാരേക്കാള്‍ സ്വാര്‍ത്ഥമാണെന്നാണ്‌ പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അത് സ്ത്രീകളുടെ സ്വഭാവവൈകൃതമായി ചിത്രീകരിക്കുന്നതിനോട് ലേഖകന് യോജിപ്പില്ല. അതവരുടെ ജന്മവൈശിഷ്ട്യമാണ്. ഇത്തിരി സ്വാര്‍ത്ഥത സ്ത്രീക്ക് ആവശ്യമാണ്. അതില്ലെങ്കില്‍ ഭാവികര്‍മ്മമണ്ഡലങ്ങളില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ അവര്‍ക്കു സാധിക്കുകയില്ല.

ഭാര്യ

വിവാഹം കഴിയുന്നതോടെ, മറ്റൊരു ജീവിതഘട്ടത്തിലേക്കുള്ള പ്രവേശനമായി. തന്നെ ഇഷ്ടപ്പെട്ട്, ജീവിതത്തിലേക്കുകൂട്ടിയ ഭര്‍ത്താവായിരിക്കും അവള്‍ക്ക് ലോകത്തിലെ ഏറ്റവും യോഗ്യനായ വ്യക്തി. കാലങ്ങളായി മനസ്സില്‍ കരുപ്പിടിപ്പിച്ച ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണവും ഭര്‍ത്താവില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതോടെ അവള്‍ സ്വന്തമായൊരു സാമ്രാജ്യം സൃഷ്ടിച്ചുതുടങ്ങുകയായി. മാതാപിതാക്കളേക്കാളും സഹോദരങ്ങളേക്കാളും സുഹൃത്തുക്കളേക്കാളുമെല്ലാം സ്ഥാനം, ഇന്നലെമാത്രം ജീവിതത്തിലേക്കുകടന്നുവന്ന ഭര്‍ത്താവിനായിരിക്കും. ഇതെന്തൊരു മറിമായമാണെന്ന് ലേഖകന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. “സ്ത്രീ വിവാഹാനന്തരം മാതാപിതാക്കളെയുപേക്ഷിച്ച് തന്‍റെ ഭര്‍ത്താവിനോടുചേരും” എന്ന ബൈബിള്‍വചനം എത്രയോ അന്വര്‍ത്ഥമാണ്! സ്ത്രീജന്മത്തിന്റെ അനിവാര്യതകളില്‍പ്പെടുന്ന സ്വഭാവവിശേഷമായതിനാല്‍ ഈ മാറ്റവും വിമര്‍ശനവിധേയമാക്കേണ്ടതില്ല. ഏതൊരു പുരുഷനേയും, അവര്‍ എത്ര സൗന്ദര്യവും കഴിവും കുറഞ്ഞവനായാലും അവരെ യതോരുപാധികളുമില്ലാതെ സ്നേഹിക്കാന്‍ സദാ തയ്യാറാണ് സ്ത്രീമനസ്സ്.. പക്ഷേ, ഒരിത്തിരി സ്നേഹം.. ഒരിത്തിരി പരിഗണന കൊടുക്കാന്‍ അവര്‍ക്കാവുമെങ്കില്‍…..

അമ്മ

ഒരമ്മയായിത്തീരുന്നതോടെ, സ്ത്രീയില്‍വരുന്ന ഭാവമാറ്റം അനിര്‍വ്വചനീയമാകുന്നു. ഒരു ലോകം വെട്ടിപ്പിടിച്ച പ്രതീതി!.. തന്‍റെ ശരീരത്തില്‍നിന്ന് അടര്‍ന്നുവന്ന ആ സ്നേഹഭാജനത്തോടുള്ള സ്നേഹവാത്സല്യങ്ങളില്‍ അതേവരെ ഒന്നാംസ്ഥാനത്തുനിന്നിരുന്ന ഭര്‍ത്താവ് രണ്ടാംസ്ഥാനത്തേക്കു കൂപ്പുകുത്തപ്പെടുന്നു. അതേവരെ സ്വന്തം മലമൂത്രവിസര്‍ജ്ജനങ്ങള്‍വരെ കൈകൊണ്ടു സ്പര്‍ശിക്കാന്‍ അറച്ചിരുന്നവര്‍ സ്വന്തം കുട്ടിയുടെ മലമൂത്രവിസര്‍ജ്ജനങ്ങള്‍ നെറ്റിചുളിക്കാതെയും ഒട്ടും അറപ്പില്ലാതെയും കൈകാര്യം ചെയ്തുതുടങ്ങും. സ്വന്തം കുട്ടിയായിരുന്നിട്ടും ഇത്തരം കാര്യങ്ങളില്‍ ഇതേപോലെയിടപെടാന്‍ പുരുഷമനസ്സിന് ഒരിക്കലും സാധിക്കുകയില്ലെന്നത് ആശ്ചര്യപരമായ മറ്റൊരു വസ്തുത. ഇതാണ് പുരുഷനെ വെല്ലുന്ന മഹത്തായ സ്ത്രീസ്വഭാവങ്ങളിലെ ഒന്നാമത്തേതും.
പണ്ടൊരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന മാതാപിതാക്കളിലെ, ഒരു അമ്മയോട് അവതാരകന്‍ ചോദിച്ചു. “ഒരു യുദ്ധം നടക്കുകയാണ്. ഒരു കുടുംബത്തില്‍നിന്ന് ഒരു പുരുഷന്‍ അതില്‍ പങ്കെടുക്കേണ്ടത് അനിവാര്യമാണ്. അങ്ങനെയുള്ളയവസ്ഥയില്‍ താങ്കള്‍ താങ്കളുടെ ഒരേയൊരുമകനെ അയക്കുമോ അതോ ഭര്‍ത്താവിനെ പറഞ്ഞുവിടുമോ?..” ചോദ്യംകേട്ട ആ അമ്മയ്ക്ക് ഉത്തരംപറയാന്‍ അധികം ആലോചിക്കേണ്ടിവന്നില്ല. “എന്താ സംശയം.. പുള്ളിക്കാരന്‍തന്നെ പോയിവരട്ടേ.. കുറെക്കൂടിയൊക്കെ ജീവിതപരിചയമുള്ള ആളല്ലേ.. മകനേക്കാള്‍ നല്ല പ്രകടനംകാഴ്ചവയ്ക്കാന്‍ അച്ഛനല്ലേ കഴിയുക?” ഇതുകേട്ട അച്ഛന്‍റെ മുഖം പെട്ടെന്നു വിവര്‍ണ്ണമായത്, ആസ്വദിച്ചുചിരിക്കുന്ന പ്രേക്ഷകര്‍ക്കെന്നല്ലാ ആര്‍ക്കും മനസ്സിലാവും, ഒരമ്മയ്ക്ക് സ്വന്തം മക്കളോടുള്ള മറ്റാരേക്കാളും വലുതായ സ്നേഹം. മക്കള്‍ എത്ര വിരൂപരായിരുന്നാലും മറ്റുള്ളവരുടെ കുട്ടികളേക്കാള്‍ സുന്ദരരൂപങ്ങളായായിരിക്കും സ്വന്തം മക്കളെ അമ്മമാര്‍ വീക്ഷിക്കുന്നത്. അതിനാല്‍ “മാതൃഭാവം” ആകുന്നു ഒരു സ്ത്രീയുടെ ഏറ്റവും മഹത്തായ ഭാവം.
നോക്കിവളര്‍ത്തിവലുതാക്കുന്ന മക്കള്‍ പില്ക്കാലത്ത് ജീവിതത്തിന്‍റെ ചാക്രികപ്രവാഹങ്ങളില്‍പ്പെട്ട് അല്ലെങ്കില്‍ തന്‍റെ ജീവിതത്തിന്‍റെ ഭൂതകാലാവര്‍ത്തനംപോലെ, തന്നില്‍നിന്ന് അകന്നുപോകുമ്പോഴും മനസ്സില്‍ ഉറവവറ്റാത്ത സ്നേഹവുമായായിരിക്കും ഓരോ അമ്മയും കാത്തിരിക്കുക. മക്കള്‍ എത്രവലിയ തെറ്റുകള്‍ ചെയ്താലും അവയ്ക്കൊക്കെ നിരുപാധികം മാപ്പുകൊടുക്കുന്ന ഒരേയൊരു കോടതിയാണ് അമ്മമനസ്സ്.

സഹോദരി

ഒരേ പൊക്കിള്‍ക്കൊടിയില്‍നിന്നു ഉത്ഭവിച്ച സഹോദരങ്ങളെ സ്ത്രീമനസ്സ് പവിത്രമായിത്തന്നെയായിരിക്കും ഉള്‍ക്കൊള്ളുക. എന്നാല്‍, സ്വന്തം ഭര്‍ത്താവിനേക്കാളും മക്കളെക്കാളും കൂടുതലായിരിക്കില്ല അവരോടുള്ള മമത. അതേസമയം, മറ്റു ബന്ധുക്കളെക്കാളും സുഹൃത്തുക്കളേക്കാളും ഒരുപടി ശക്തവുമായിരിക്കും. അസ്വാരസ്യങ്ങളില്ലാത്ത സഹോദരബന്ധങ്ങളാണ് പ്രതിപാദ്യം.

അമ്മായിയമ്മ

നേരത്തെ സൂചിപ്പിച്ചതുപോലെ, എതൊരമ്മയ്ക്കും മറ്റൊരു വ്യക്തിയെക്കാളും പ്രിയതരം സ്വന്തം മക്കളായിരിക്കും. അവരെ വിവാഹം കഴിച്ച്, കുടുംബത്തിലേക്കു കടന്നുവരുന്ന ഒരു വ്യക്തിയോട് ഔപചാരികതയുടെ മൂടല്‍മഞ്ഞില്‍ പൊതിഞ്ഞ ഒരു അടുപ്പം പ്രദര്‍ശിപ്പിക്കാനെ ഒരു സ്ത്രീമനസ്സിന് കഴിയുകയുള്ളൂ. മാത്രമല്ല, അതേവരെ, മക്കളില്‍നിന്നു ലഭിച്ചുവന്നിരുന്ന സ്നേഹവും വിധേയത്വവും അവര്‍ വിവാഹിതരാവുന്നതോടെ കുറയുകയും ചെയ്യുന്നു. ഇത് ചില്ലറ അസ്വസ്ഥതകള്‍ ഉണ്ടാക്കുമെങ്കിലും, പക്വമതിയായ ഒരു അമ്മായിയമ്മ മക്കളുടെ കുടുംബഭദ്രതയെ മുന്‍നിറുത്തി, സംയമനം പാലിക്കുന്നു. അതിനു സാധിക്കാതെയിരുന്നാല്‍ വലിയൊരു ദുരന്തത്തിലേക്കായിരിക്കും സ്വന്തം മക്കളെ അവര്‍ തള്ളിവിടുക.

കാമുകി

ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ മനസ്സിനേയും ശരീരത്തേയും വൈകാരികമായി കീഴ്പ്പെടുത്തുന്ന പ്രഥമവ്യക്തിയായിരിക്കും അവളുടെ നിത്യഹരിതനായകന്‍. അതിനാല്‍ ആദ്യപ്രണയം, ആദ്യരതിസംസര്‍ഗ്ഗം എന്നിവയിലെ പങ്കാളികളെ മറക്കാനോ വെറുക്കാനോ മരണംവരേയും ഒരു സ്ത്രീക്കും സാദ്ധ്യമല്ല. ജീവിതത്തില്‍ പിന്നീടൊരിക്കലും കണ്ടുമുട്ടിയില്ലെങ്കില്‍ക്കൂടി, ആജീവനാന്തം അദൃശ്യമായൊരു വിധേയത്വം അവരോടുണ്ടായിരിക്കുകയും ചെയ്യും. വിവാഹശേഷവും വല്ലപ്പോഴുമൊക്കെ മനസ്സിനുകുളിരേകുന്ന ഒരു രഹസ്യമായത് അവര്‍ കാത്തുസൂക്ഷിക്കുന്നു. വിവാഹാനന്തരവും പ്രണയം സംഭവിക്കാം. അതിനുത്തരവാദി പ്രധാനമായും സ്വന്തം ജീവിതപങ്കാളി തന്നെയായിരിക്കും. വൈവാഹിക ജീവിതത്തില്‍ പരസ്പരസ്നേഹം, ബഹുമാനം, സംരക്ഷണം, സമാധാനം എന്നിവയ്ക്കുപുറമേ ലൈംഗികതയ്ക്കും അപ്രധാനമല്ലാത്ത പങ്കുണ്ട്. സ്നേഹമയനായ ഭര്‍ത്താവുള്ള ഒരു വിവാഹിത, കാമുകിയുടെ മേലങ്കി എടുത്തണിയുന്നുവെങ്കില്‍, അത് മിക്കവാറും ലൈംഗികസംതൃപ്തിക്കുവേണ്ടി മാത്രമായിരിക്കും. എന്നാല്‍, എല്ലാം വേണ്ടുംവിധം ലഭിച്ചുകൊണ്ടിരിക്കുന്ന ചില സ്ത്രീകള്‍, ലൈംഗികദുരമൂത്ത് പരപുരുഷസംഗമത്തിനു മുതിരുന്നതും ഈ സമൂഹത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ജീവിതം ഒരേ വ്യക്തിയില്‍മാത്രം അര്‍പ്പിച്ചുകഴിയാന്‍ തയ്യാറല്ലാത്ത ഇത്തരക്കാരെ യാതൊരുവിധ കുറ്റബോധവും ഭരിക്കുന്നുമില്ല. വഞ്ചകരായ ഭര്‍ത്താക്കന്മാരും ഇത്തരം ഭാര്യമാരെ സൃഷ്ടിച്ചെടുക്കുവാന്‍ ഹേതുവാകുന്നുണ്ട് എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. എങ്കിലും ലൈംഗികാസക്തിതന്നെയാണ് ഇത്തരം ബന്ധങ്ങളുടെ പ്രധാന അടിത്തറ.
അവിവാഹിതയായ കാമുകി, സത്യത്തില്‍ കാമുകന്‍റെ കൈയിലെ കളിപ്പാവകളാകുന്നു. കാമുകമനസ്സിനെ തൃപ്തിപ്പെടുത്താന്‍ ഏതറ്റംവരെയും പോകാന്‍ ഒരു ആത്മാര്‍ത്ഥ കാമുകി തയ്യാറാവുന്നു. ഏതുനിമിഷവും കാമുകനെകുറിച്ച് ഓര്‍ത്തോര്‍ത്ത്, മറ്റുള്ള ജീവിതചര്യകളിലൊന്നും ശുഷ്ക്കാന്തികാണിക്കാതെ, ഏകാന്തതയുടെ തടവില്‍ പനിപിടിച്ചുകിടക്കുന്നവരായി അവര്‍ മാറുന്നു. കാമുകനോടുള്ള അമിതവിശ്വാസം മൂലം ദുരന്തകഥാപാത്രങ്ങളായിത്തീര്‍ന്ന എത്രയോ ദുഃഖനായികമാര്‍ നമ്മുടെ സമൂഹത്തിലുണ്ട്.

വൃദ്ധ

വാര്‍ദ്ധക്യത്തിലേക്കു കടക്കുന്നതോടെ ജീവിതാനുഭവങ്ങളുടെ ഒരു നിഘണ്ടുവായിത്തീര്‍ന്നിരിക്കും സ്ത്രീ. കാണുന്നതൊന്നും മനസ്സിലായില്ലായെന്നു ഭാവിക്കുമെങ്കിലും എല്ലാവരുടേയും ചെയ്തികള്‍ നല്ലവണ്ണം മനസ്സിലാക്കി, ചിലവ അവഗണിക്കുകയും ചിലവ മനസ്സില്‍ ആസ്വദിക്കുകയും ചെയ്യുന്ന ഘട്ടം. നാണം, കാമം എന്നീ വികാരങ്ങള്‍ നഷ്ടപ്പെടും. സദസ്സിനെ വകവയ്ക്കാതെ മനസ്സില്‍തോന്നുന്നതെന്തും വിളിച്ചുപറയും. ചിലപ്പോള്‍ നിസ്സാരകാര്യങ്ങള്‍ക്ക് കൊച്ചുകുട്ടികളെപ്പോലെ വാശിപിടിക്കും. ദേഷ്യപ്പെടും.. എന്നാല്‍ സ്ഥായിയായൊന്നും മനസ്സില്‍ സൂക്ഷിക്കില്ല. കഴിയാവുന്നത്ര കാര്യങ്ങള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ചെയ്യാനുള്ള ശ്രമങ്ങള്‍, വാര്‍ദ്ധക്യത്തെ ചെറുത്തുതോല്പ്പിച്ച് യുവത്വം വീണ്ടെടുക്കാനുള്ള പരിശ്രമത്തെ അനുസ്മരിപ്പിച്ചേക്കാം. സാധിക്കുന്നിടത്തെല്ലാം സ്വന്തം അഭിപ്രായങ്ങളുമായി ഇടപെടാന്‍ശ്രമിക്കും. രഹസ്യം സൂക്ഷിക്കാനുള്ള കഴിവ് നഷ്ടപ്പെടും. അന്നന്നേരം തോന്നുവയായിരിക്കും തന്‍റെ ശരികള്‍. ചുമ്മായോരോന്നു പിറുപിറുത്തുകൊണ്ട് ഒരസ്തമയം കാത്തിരിക്കുന്ന സ്ത്രീഭാവം.

പ്രതികാരം

സ്ത്രീമനസ്സുകളിലെ പ്രതികാരബുദ്ധി പെട്ടെന്നു വായിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. കാഴ്ചയ്ക്ക് അസ്വാഭാവികതയൊന്നും തോന്നാത്തവിധത്തില്‍ മനസ്സിലുള്ള പ്രതികാരത്തെ അടക്കിനിറുത്തുവാന്‍ വിദഗ്ദ്ധകളാണ് സ്ത്രീകള്‍. ചിരിച്ചുകൊണ്ടു ശപിക്കാനുള്ള കഴിവ്! ഏറ്റവും അടുത്ത സ്ത്രീസുഹൃത്തിനോടുവരെ സ്ത്രീമനസ്സില്‍ പ്രതികാരചിന്തയുണ്ടാവാം. മിക്കവാറും സ്വാര്‍ത്ഥതയില്‍ നിന്നോ, അസൂയയില്‍നിന്നോ ആയിരിക്കും ഈ ചിന്തകള്‍ മനസ്സില്‍ രൂപംകൊള്ളുന്നത്. ശത്രുവിനോട് ചിരിച്ചുംകുഴഞ്ഞും ഇടപെടാന്‍ ഒരു പുരുഷജന്മത്തിന് ഒരിക്കലുമായെന്നു വരില്ല. എന്നാല്‍ സ്ത്രീകള്‍ നല്ലൊരവസരത്തിനുവേണ്ടി എത്രവേണമെങ്കിലും കാത്തിരിക്കും. തക്കതായ അവസരമൊത്തുവരുന്ന നിമിഷത്തില്‍, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ക്രൂരതയുടെ അങ്ങേയറ്റംവരെ അവള്‍ കടന്നുപോകും.

വിശ്വാസ്യത

സ്ത്രീകള്‍ക്ക്, മറ്റുള്ള സ്ത്രീകളെസംബന്ധിച്ച രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ മിടുക്ക് കുറവാണ്. സ്ത്രീകള്‍തമ്മിലുള്ള അദൃശ്യമായ മാത്സര്യബുദ്ധിയാണ് ഇതിനുകാരണം. എന്നാല്‍, പരസ്പരം വഴക്കടിച്ചാല്‍പോലും എതിരാളികളായ പുരുഷന്മാരുടെ രഹസ്യങ്ങള്‍ പുറത്തുവിടാന്‍ സ്ത്രീകളങ്ങനെ മുതിരാറില്ല. കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചില സമകാലീനസംഭവങ്ങള്‍ത്തന്നെ ദൃഷ്ടാന്തങ്ങള്‍. സാമൂഹ്യധാര്‍മ്മികമൂല്യങ്ങള്‍ക്കുമതീതമായി, തന്നെ ഗൗനിക്കുന്നവരെ, അല്ലെങ്കില്‍ തന്നോടു സ്നേഹബഹുമാനങ്ങളുണ്ടെന്നുതോന്നുന്നവരെ എന്തുവിലകൊടുത്തും പിന്‍തുണയ്ക്കുകയെന്നതായിരിക്കും മിക്ക സ്ത്രീകളുടേയും സിദ്ധാന്തം. പുറമേ, പുരുഷവിദ്ധ്വേഷം പ്രദര്‍ശിപ്പിക്കുന്ന മിക്ക സ്ത്രീകളും മനസ്സില്‍, സ്ത്രീകളേക്കാള്‍ക്കൂടുതല്‍ പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നുണ്ടായിരിക്കുക. സ്ത്രീമനസ്സില്‍ പുരുഷജന്മമെന്നത് എന്നും ബഹുമാനപ്രതീകമായിരിക്കും. നൈസര്‍ഗ്ഗികമായി മനസ്സിലൂട്ടിയുറപ്പിക്കപ്പെട്ട ഒരു പ്രതീക്ഷാദുര്‍ഗ്ഗവും.

ആത്മാര്‍ത്ഥത

സ്ത്രീകളില്‍ ഏറിയപങ്കും പരമാവധി ആത്മാര്‍ത്ഥരായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അവരാഗ്രഹിക്കുന്നപോലുള്ള അനുയോജ്യസാഹചര്യങ്ങളിലായിരിക്കണമവരെന്നുമാത്രം. പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഒരു സ്ത്രീയുടെ മനസ്സില്‍ ആത്മാര്‍ത്ഥതയുടെ നെല്ലിപ്പടികള്‍ തകര്‍ന്നുതരിപ്പിണമായ അവസ്ഥയിലായിരിക്കും. പ്രധാനമായും, വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങളും രതിസുഖമില്ലായ്മ്മയുമൊക്കെ, മനസ്സുകൊണ്ടെങ്കിലും പങ്കാളിയുമായുള്ള വൈകാരിക പ്രതിബദ്ധതയില്‍നിന്ന് അവരെ വ്യതിചലിപ്പിച്ചേക്കാം. അതിനവരെ പഴിക്കാനും സാദ്ധ്യമല്ലല്ലോ. അതുപോലെ, സ്വന്തം മക്കളുടെയോ, ഭര്‍ത്താവിന്റെയോ തെറ്റുകുറ്റങ്ങള്‍ മറച്ചുവയ്ക്കാനായി ഒരു മാതാവ് എത്രവലിയ അസത്യവും സമൂഹമദ്ധ്യേ വിളമ്പിയെന്നിരിക്കാം. കാരണം തന്‍റെ മക്കള്‍, ഭര്‍ത്താവ് എന്നിവര്‍ക്കപ്പുറത്തുള്ള ഒരു ലോകം ഒരമ്മയും ഭാര്യയും വിഭാവനംചെയ്യുന്നില്ലയെന്നതാണ്. അവരുടെ സന്തോഷവും അവര്‍തരുന്ന സന്തോഷങ്ങളും മാത്രമുള്ള ചെറിയ അതിരുകള്‍ക്കുള്ളിലാണ് അവളുടെ ജീവിതം. അവര്‍ക്കുവേണ്ടി ഉഴിഞ്ഞുവെയ്ച്ചുള്ള ആ ജീവിതം, അധര്‍മ്മം പ്രവര്‍ത്തിച്ചാണെങ്കില്‍വരെ, അവരുടെ വിജയങ്ങള്‍ക്കായി ഏതുവിധത്തിലും ഉപയോഗപ്പെടുത്താന്‍ സര്‍വ്വസന്നദ്ധ! പുരാണങ്ങളില്‍വരേ ഈ മാതൃസ്വഭാവത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടല്ലോ.

വിവേകം

സ്ത്രീകള്‍ അവിവേകം കാണിക്കുന്നത് പ്രധാനമായും സ്നേഹവും സംരക്ഷണവും ലഭിക്കാതിരിക്കുന്ന അവസ്ഥയിലാണ്. എന്നാല്‍, പുരുഷന്മാര്‍ ഏതവസ്ഥയിലും അവിവേകം പ്രവര്‍ത്തിച്ചേക്കാം. മാനസികമായി, ഭാരതസ്ത്രീയുടെ ലോകം പുരുഷന്മാരുടെതിനേക്കാള്‍ ചുരുങ്ങിരിയിരിക്കുന്നതിനാല്‍, അവര്‍ക്ക് അവരുടെയും കുടുംബത്തിന്റേയും ജീവിതം സുഗമമാക്കാനുള്ള വഴികളെക്കുറിച്ചുമാത്രമേ ചിന്തകളുണ്ടാവൂ. അക്കാര്യത്തിലവര്‍ സ്വാര്‍ത്ഥരുമായിരിക്കും. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ലോകപരിചയക്കുറവുകൊണ്ട്, പല അവിവേകങ്ങളും സ്ത്രീകള്‍ ചെയ്യാറുമുണ്ട്. അതിനുത്തരവാദി അവരല്ല; അവരെ അങ്ങനെ വാര്‍ത്തെടുത്ത സമൂഹമാണ്. സ്ത്രീകള്‍ചെയ്യുന്ന ചെറിയ അവിവേകങ്ങള്‍ പൊതുവേ ക്ഷമിക്കപ്പെടുന്നതും അതുകൊണ്ടുതന്നേ. ഓരോ സ്ത്രീയുടേയും മനസ്സിലുള്ള, ‘താനാണ് മറ്റുസ്ത്രീകളേക്കാള്‍ വിവേകിയും ധര്‍മ്മിഷ്ഠയെന്നുമുള്ള’ ചിന്തയാണ് ചില സന്ദര്‍ഭങ്ങളില്‍ അവരെക്കൊണ്ട് അവിവേകം പ്രവര്‍ത്തിപ്പിക്കുന്നത്. മറ്റുള്ളവരുടെ ഓരോ നീക്കങ്ങളും തന്നെ താറടിക്കുവാനാണെന്നുള്ള മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് മിക്കവരും നീങ്ങുന്നത്‌. പ്രത്യേകിച്ച് ഇതരസ്ത്രീകളുടെ സംസര്‍ഗ്ഗം… ഓരോ സ്ത്രീക്കും ഊഹിക്കാലോ എന്തായിരിക്കും മറ്റൊരുസ്ത്രീയുടെ മനസ്സിലിരിപ്പ് എന്ന്. ഏതുനിമിഷവും ഒരു തിരിഞ്ഞുകുത്ത് അവര്‍ പ്രതീക്ഷിക്കുന്നുണ്ടായിരിക്കും. സ്വന്തം കുടുംബാംഗങ്ങളല്ലാത്തവരുടെ ഏതു ചെയ്തികളും സംശയാസ്പദമായല്ലാതെ ഒരു സ്ത്രീ നോക്കിക്കാണുകയില്ല. ഭൂരിഭാഗം സ്ത്രീകള്‍ക്കും മറ്റൊരു സ്ത്രീയെ (സ്വന്തം മാതാവൊഴികെ) ബാഹ്യമായല്ലാതെ, ആന്തരികമായി പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ലായെന്നത് ഒരു പരമസത്യമാണ്. സ്വന്തം സഹോദരികളെപ്പോലും. ഇതുകൊണ്ടുതന്നെ, തെറ്റിദ്ധാരണകളുടെ ഏറ്റവുംവലിയ ഇരകളുമാണ് സ്ത്രീകള്‍.

സാമൂഹ്യപ്രതിബദ്ധത

ഈ വിഷയത്തില്‍ സ്ത്രീകള്‍ വളരേ പിറകിലാണെന്നാണ്‌ പറയുവാന്‍ കഴിയുക. തന്‍റെ കുടുംബത്തെ സ്നേഹിക്കുക, സംരക്ഷിക്കുക എന്നതാണ് ഓരോ സ്ത്രീയുടേയും മനസ്സിലുള്ള മൗലികമായ പ്രഥമകര്‍ത്തവ്യം. ഇക്കാര്യത്തില്‍ സമൂഹവുമായി അവരൊരു മത്സരത്തില്‍ ഏര്‍പ്പെട്ട അവസ്ഥയിലാണെന്നു വേണമെങ്കില്‍ പറയാം. തന്‍റെ മക്കള്‍, ഭര്‍ത്താവ്, സഹോദരങ്ങള്‍, മാതാപിതാക്കള്‍, കൂട്ടുകാര്‍, കാമുകര്‍ ഇവര്‍മാത്രമടങ്ങുന്നതാണ് ഒരു സ്ത്രീയുടെ സമൂഹം. അവരുടെ ക്ഷേമങ്ങളെ ആധാരമാക്കിയുള്ള ജീവിതമായിരിക്കും ഓരോ സ്ത്രീയുടെതും. സാമൂഹ്യമായ ഇതരവിഷയങ്ങളില്‍ ഭാരതസ്ത്രീകള്‍ പൊതുവേ അനങ്ങാപ്പാറനയമാണ് പ്രദര്‍ശിപ്പിച്ചുവരുന്നത്. വഴിയില്‍ ഒരു അപകടം സംഭവിച്ചത് കാണുമ്പോള്‍ മനസ്സൊന്നു നൊമ്പരപ്പെടുമെങ്കിലും, സഹായഹസ്തങ്ങള്‍ നീട്ടുകയെന്നതിനുപരിയായി, എത്രയുംപെട്ടെന്ന് അവിടെനിന്നു രക്ഷപ്പെടുകയെന്നുള്ള ചിന്തയായിരിക്കും സ്ത്രീമനസ്സില്‍ ഉടലെടുക്കുക. സമൂഹവുമായി മല്ലടിക്കാനുള്ള ത്രാണി തങ്ങള്‍ക്കില്ലായെന്ന അബദ്ധധാരണകൊണ്ടോ, അത്തരം കാര്യങ്ങളില്‍ ഇടപെട്ടാല്‍ സ്വകുടുംബത്തില്‍നിന്നുതന്നെ വിമര്‍ശനങ്ങളുണ്ടായേക്കാമെന്നുള്ള ഭീതികൊണ്ടോ ആയിരിക്കാം. സ്ത്രീകള്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരായി സമൂഹത്തിലേക്കു മുന്നിട്ടിറങ്ങണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന പുരുഷന്മാരും തുലോംകുറവ്.

ലൈംഗീകാസക്തി

ലൈംഗീകാസക്തിയുടെ കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ വളരേ പുറകിലാണ് തങ്ങളെന്നു വരുത്തിത്തീര്‍ക്കാന്‍ ഓരോ സ്ത്രീയും ശ്രമിച്ചുവരുന്നതു കാണാം. ഈ വിഷയത്തില്‍ പുരുഷന്നൊരു ഒഴുകുന്നപുഴയും, സ്ത്രീയൊരു പുകയുന്ന അഗ്നിപര്‍വ്വതവുമാണെന്നുവേണം പറയാന്‍. ഏതുനിമിഷവും പൊട്ടിത്തെറിക്കാന്‍ വെമ്പിനില്ക്കുന്ന അഗ്നിപര്‍വ്വതം. പുരുഷന്മാര്‍ക്കുള്ളതുപോലെ അല്ലെങ്കില്‍ അതിലുപരിയായ ലൈംഗികചേതന ഓരോ സ്ത്രീയിലുമുണ്ട്. സമൂഹം നിഷ്കര്‍ഷിച്ച നിയന്ത്രണങ്ങളെഭയന്ന് ഭാരതസ്ത്രീ അവയെയെല്ലാം അടക്കിപ്പിടിച്ചുനടക്കുന്നു. ഒരനുകൂല സാഹചര്യം ഉണ്ടായാല്‍ എന്തുംസംഭവിക്കാം. പുരുഷന്മാരേക്കാള്‍ക്കൂടുതല്‍ സ്വയംഭോഗാസക്തി സ്ത്രീകളിലാണെന്ന്, സര്‍വ്വേകള്‍ നടത്തിയ ഫലങ്ങള്‍സഹിതം, ബ്രിട്ടീഷ്‌ മാഗസിനില്‍ പണ്ട് വായിച്ചതോര്‍ക്കുന്നു. എന്നാല്‍, താന്‍ സ്വയംഭോഗംചെയ്യാറുണ്ട് എന്ന് തുറന്നുസമ്മതിക്കുന്ന ഭാരതസ്ത്രീകള്‍ തുലോം കുറവായിരിക്കും. അല്ലെങ്കില്‍ യാന്ത്രികമായി അവര്‍ ചെയ്യുന്നത് സ്വയംഭോഗമാണെന്ന തിരിച്ചറിവില്ലാത്തതിന്റെ കുഴപ്പമായിരിക്കാം. ഏതെങ്കിലും രീതികളിലൂടെ എപ്പോഴെങ്കിലും സ്വയം രതിസുഖം അനുഭവിക്കാന്‍ തോന്നാത്ത മനുഷ്യര്‍ക്ക്‌ മാനസികമായോ ശാരീരികമായോ തകരാറുകള്‍ ഉണ്ടായിരിക്കുമെന്നാണ് ഈ മേഖലയിലുള്ള വിവിധങ്ങളായ പഠനങ്ങള്‍ പറയുന്നത്. കാരണം, തലച്ചോറും ശരീരത്തിലെ ഗ്രന്ഥികളുംതമ്മിലുള്ള അനുരണനങ്ങള്‍ വേണ്ടവിധത്തില്‍ നടക്കുന്നുണ്ടാവില്ലയെന്നതുതന്നേ. എല്ലാവികാരങ്ങളുടെയുംകൂട്ടത്തില്‍ കാമമെന്ന വികാരവും ഓരോരോ സമയങ്ങളില്‍ മനസ്സിനെ സ്വാധീനിക്കും. ചുരുങ്ങിയപക്ഷം പ്രത്യുല്പാദനപ്രക്രിയയെങ്കിലും അനസ്യൂതം പ്രപഞ്ചത്തില്‍ സാദ്ധ്യമാകാന്‍ അതനിവാര്യമാണ് താനും. ലൈംഗികത ഇഷ്ടമാണെങ്കിലും, അനാശാസ്യസ്വഭാവമുള്ള ഒരു അസംബന്ധമാണ് അതെന്നപോലുള്ള വിലയിരുത്തലാണ് സ്ത്രീകള്‍ക്കേറെയും. മറ്റാരും അറിയുന്നില്ലാ, കാണുന്നില്ലായെന്ന ഉറപ്പാണ് ഇക്കാര്യത്തില്‍ സ്ത്രീകളെ ക്രിയാത്മകമാക്കുയുള്ളൂ.

ധൈര്യം

പുരുഷന്മാരേക്കാള്‍ ആത്മധൈര്യം സ്ത്രീകളിലാണുള്ളതെന്നു ലേഖകന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു തോട് കുറുകേ ചാടാന്‍പറഞ്ഞാല്‍ മിക്കവാറും സ്ത്രീകള്‍ ഭയന്നെന്നിരിക്കും എന്നതല്ലാ സ്ത്രീകളുടെ ധൈര്യമളക്കാനുള്ള അളവുകോല്‍. പല സന്ദര്‍ഭങ്ങളിലും പുരുഷന്മാരെ മാനസികമായി തറപറ്റിക്കാനുള്ള മനോബലം സ്ത്രീകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. പക്ഷേ, മറ്റൊരു നിവൃത്തിയുമില്ലാത്ത അവസരങ്ങളിലായിരിക്കുമതെന്നു മാത്രം. രക്ഷപ്പെടാനുള്ള മാര്‍ഗ്ഗംതടയപ്പെട്ട പൂച്ചയുടെ ആക്രമണോത്സുകതയായിരിക്കും അടിച്ചമര്‍ത്തപ്പെടുംതോറും സ്ത്രീമനസ്സില്‍ വളരുന്നത്. നിലനില്പ്പിനുവേണ്ടി ഒരു ജീവനെടുക്കാന്‍വരെ അവര്‍ രണ്ടാമതൊന്നാലോചിച്ചെന്നുവരില്ല. എന്നാല്‍, പരമാവധി, ധൈര്യംപ്രദര്‍ശിപ്പിക്കാതെ, സാധിക്കുന്നിടത്തോളം ക്ഷമിക്കുകയും ശാന്തശീലരായി കഴിയുകയും ചെയ്യുന്ന പ്രകൃതമാണ് ഭൂരിഭാഗം സ്ത്രീകള്‍ക്കും.

കുറ്റബോധം

കുറ്റബോധം സ്ഥായിയായി ബാധിക്കാത്ത മനസ്സാണ് സ്ത്രീകളുടേത്‌. അവരാഗ്രഹിക്കുന്നത് സുരക്ഷയുടെ തണലാണ്‌. അത് ലഭ്യമായാല്‍ ഭൂതകാല ചെയ്തികളൊക്കെ വിസ്മൃതിയുടെ തടങ്കലിലേക്ക് വലിച്ചെറിയപ്പെടും. തനിക്കിഷ്ടമില്ലാത്ത എന്തുമേതും സ്ഥിരമായി മറന്നുകളയാനും വെറുക്കാനുമുള്ള അതുല്യമായ കഴിവിനുടമകള്‍. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് ഓര്‍ക്കാന്‍തന്നെ അവര്‍ ഇഷ്ടപ്പെടുന്നില്ല. താന്‍ തെറ്റുചെയ്തുവെന്നു സമ്മതിക്കാനും ഭൂരിഭാഗം സ്ത്രീകളും ഒരുക്കവുമല്ല. കുറ്റം ആരോപിക്കുന്നവരെ കണ്ണിനുനേരെ കാണുന്നതും അവര്‍ക്കു കലിയുണ്ടാക്കും. പ്രയോഗികതയെവെല്ലാനുള്ള കരുത്തൊന്നും സ്ത്രീമനസ്സിലെ കുറ്റബോധത്തിനില്ല.

കരുണ

കരുണയുടെ നിറകുടങ്ങളാണ് സ്ത്രീകള്‍. മറ്റുള്ളവരുടെ അവശതയും ദുഖവും കണ്ടാല്‍ അറിയാതെ കണ്ണുനിറയുന്നവര്‍. തനിക്കാവുന്ന രീതിയില്‍ സഹജീവികളെ ആശ്വസിപ്പിക്കാനും സഹായിക്കാനും ശ്രമിക്കുന്നവര്‍. പക്ഷേ, ഒരു നിബന്ധനയുണ്ട്.. ആ ദുഖവും അവശതയൊന്നും വ്യക്തിപരമായി തങ്ങളെ യാതൊരുവിധത്തിലും ബാധിക്കുന്നതാവരുത്. സ്വയം ത്യജിച്ചുകൊണ്ടുള്ള കരുണ പൊതുവേ, സ്ത്രീകളില്‍നിന്ന് പ്രതീക്ഷിക്കരുത് എന്നര്‍ത്ഥം. എന്നാല്‍, സ്വജനങ്ങള്‍ക്കുവേണ്ടിയാണെങ്കില്‍ ജീവന്‍വരേ തീറെഴുതിക്കൊടുക്കുവാന്‍ അവര്‍ തയ്യാറുമായിരിക്കുമെന്നത് വേറെക്കാര്യം.

രത്നച്ചുരുക്കം

സ്വഭാവവൈരുദ്ധ്യങ്ങള്‍വെച്ചുനോക്കുമ്പോള്‍ സ്ത്രീയെ ഒരിക്കലും പുരുഷസമാനയായി പരിഗണിക്കുവാന്‍ സാദ്ധ്യമല്ല. സ്ത്രീകളെ അവരുടെ തനതായ വൈശിഷ്ട്യങ്ങളോടെ സമൂഹം അംഗീകരിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ഒരിക്കലും അബലകള്‍ അല്ലാ. സൃഷ്ടിജന്യമായ മഹത്വമാണ് ചെയ്തികളിലൂടെ ഓരോ സ്ത്രീയും പ്രകടിപ്പിക്കുന്നത്. പുരുഷസവിശേഷതകളോട് താരതമ്യംചെയ്ത്, സ്ത്രീകളെ വിലയിരുത്താന്‍ ശ്രമിക്കുമ്പോഴാണ് അവര്‍ അബലയും ചപലയും സ്വാര്‍ത്ഥയുമൊക്കെ ആയിത്തീരുന്നത്. സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങളാണ്. രണ്ടു ശരീരങ്ങളില്‍ കുടികൊള്ളുന്ന ജീവനുകളാണ്‌ എങ്കിലും സ്ത്രീയില്ലാതെ പുരുഷജീവിതം പൂര്‍ണ്ണമാവുകയില്ല. തിരിച്ചും.. സ്ത്രീകളില്‍ സ്വയംഭൂവാകുന്ന പ്രത്യേകതകള്‍തന്നെയാണ് – അതായത്, സ്ത്രീത്വമാണ്, എന്നുമെന്നും സ്ത്രീയെ, സ്ത്രീയായി ഈ പ്രപഞ്ചത്തില്‍ നിലനിറുത്തുന്നതും ഇണയെ അവരിലേക്ക്‌ ആകര്‍ഷിതമാക്കുന്നതും. സ്ത്രീകള്‍ക്ക് പുരുഷചിന്താഗതികളും ശാരീരികാവസ്ഥകളുമായിരുന്നെങ്കില്‍ എന്തായിരുന്നേനെ ഗതി!!…