ദക്ഷിണ കൊറിയയും കേരളവും തമ്മിലുള്ള ദൂരം എത്രയെന്ന് അറിയാമോ??

78

Joyal Jose

ദക്ഷിണ കൊറിയയും കേരളവും തമ്മിലുള്ള ദൂരം എത്രയെന്ന് അറിയാമോ??

അതു കേരളത്തിലെ കോളനികളും പാരസൈറ്റിൽ കാണിച്ചിരിക്കുന്ന സെമി-ബേസ്‌മെന്റ് വീടുകളും തമ്മിലുള്ള അന്തരം മാത്രമാണ്.1970 കളിലെ ദക്ഷിണ-ഉത്തര കൊറിയകൾ തമ്മിലുണ്ടായ യുദ്ധങ്ങളിൽ നിർമിച്ച ബങ്കറുകളാണ് പിന്നീട് ഇത്തരം വീടുകൾ ആക്കി വാടകയ്ക്ക് കൊടുത്തു തുടങ്ങിയത്.ലക്ഷകണക്കിനാളുകളാണ് ബാൻജിഹാ(banjiha) എന്നറിയപ്പെന്ന ഇവിടെ താമസിക്കുന്നത്.
അവാർഡുകൾ വാരിക്കൂട്ടി എന്നതിലപ്പുറം ദക്ഷിണ കൊറിയയുടെ കലാ-സാമൂഹ്യ-രാഷ്ട്രീയ-ടൂറിസം രംഗങ്ങളിൽ വലിയ സ്വാധീനം ചെലുത്തുവാൻ പാരസൈറ്റ് എന്ന സിനിമയ്ക്ക് കഴിഞ്ഞു.ഇത്തരം സെമി-ബേസ്‌മെന്റ് വീടുകളിലെ ജീവിതം അറിയുവാൻ നിരവധി അന്തർദേശീയ ടൂറിസ്റ്റുകൾ എത്തുകയും അതിനോടൊപ്പം ഈ വീടുകളിൽ താമസിക്കുന്നവർക്ക് ഭരണകൂടം സഹായം നൽകുകയും ചെയ്തു.മറ്റുള്ളവർ താമസിക്കുന്നത് പോലുള്ള സാധാരണ വീടുകളിലേക്ക് അവരെ പുനരധിവസിപ്പിക്കണമെന്നുള്ള ആവിശ്യം സമൂഹത്തിൽ ഉയർന്നുവന്നു.

പക്ഷെ,കേരളീയ പൊതുസമൂഹത്തിനോ ഭരണകൂടത്തിനോ ഒരിക്കൽ പോലും.അങ്ങനെ ഒരു ചിന്തയുണ്ടായിട്ടില്ല എന്നതാണ് സത്യം.പകരം അവരെ കോളനികളിലേക്ക് മാറ്റിനിർത്തുകയാണ് കേരളം ചെയ്തത്.ഇന്ന് രണ്ടര ഏക്കറിൽ പരന്നു കിടക്കുന്ന കോളനിയിൽ നിന്നും ഇരുപത്തഞ്ചു നിലയിലുള്ള കോളനിയിലേക്കുള്ള പരിണാമത്തിലാണ് കേരളം.എല്ലാവർക്കും ഉള്ളതുപോലൊരു വീട് ദരിദ്ര-ജനവിഭാഗങ്ങൾക്ക് വേണമെന്ന് ഇന്നും നമ്മൾക്ക് ചിന്തിക്കാൻ കഴിയുന്നില്ല.കോളനിയിലാണ് വീട് എന്ന ഒറ്റ കാരണം കൊണ്ട് വീട്ടിലേക്കു സുഹൃത്തുകളെ വിളിക്കാത്ത,വിവാഹം നടക്കാത്ത,എന്തിന് സ്വന്തം വീടിരിക്കുന്ന സ്ഥലം പോലും പറയാത്ത ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കണമെന്ന് നമ്മളറിയണമെങ്കിൽ മലയാളത്തിലൊരു പത്ത് പാരസൈറ്റ് എങ്കിലും വേണ്ടിവരും…
ഒരു നൂറ്റാണ്ട് രണ്ടാംകിട പൗരനായി ജീവിക്കുന്നതിലും ആയിരം മടങ്ങു മനോഹരമാണ് ഒരു ദിവസം അഭിമാനത്തോടെ, അന്തസോടെ ജീവിക്കുന്നതെന്ന് നമ്മൾ മനസിലാക്കാൻ കേരളത്തിനൊരിക്കലും കഴിഞ്ഞിട്ടില്ല.

കിം കുടുംബത്തിലെ ജെസീക്ക പറയുന്നത് പോലെ നമ്മൾ ഇവിടെനിന്നും രക്ഷപെടാതെ എത്ര സോപ്പ് മാറിയാലും ഈ മണം നമ്മളെ വിട്ടുപോകില്ല.അടിമകളുടെ കൂരകളിൽ നിന്നും രക്ഷപെടാതെ ഒരിക്കലും സമത്വം സാധ്യമല്ല.അവരെത്ര സോപ്പ് ഇട്ടു കുളിച്ചാലും എത്ര മാന്യമായി ജീവിച്ചാലും.ആദ്യം തകർക്കേണ്ടത് അത്തരം വാസസ്ഥലങ്ങൾ തന്നെയാണ്.അവയുടെ രൂപമാറ്റം കൊണ്ടൊരു കാര്യവുമില്ല എന്നതാണ് യാഥാർഥ്യം.ചെളിപിടിച്ചു കിടക്കുന്ന,അഴുകുചാലുകൾ ഒഴുകി എത്തുന്ന ,വെളിച്ചം പോലും കടന്നു ചെല്ലാത്ത ലയങ്ങളിലും കോളനികളുടെയും ഉന്മൂലനം നടപ്പാക്കിയില്ലെങ്കിൽ നാളെയുടെ പുലരികളിൽ പാരസൈറ്റിന്റെ അവസാനം കാണുന്നതുപോലെ പലരുടെയും ചോര ഒഴുകിവീഴുക തന്നെ ചെയ്യും.