മാവോയിസ്റ്റുകൾ എന്ന വ്യാജേന നിരപരാധികളെ വെടിവെച്ചു കൊല്ലുന്ന കേരളത്തിൽ രാഷ്ട്രീയപാർട്ടികൾ നടത്തുന്ന അക്രമങ്ങളും കൊലകളും മതപുരോഹിതന്മാർ നടത്തുന്ന സ്ത്രീപീഡനങ്ങളും നാൾക്കുനാൾ വർദ്ധിക്കുന്നു. ഇതുവരെ കേരളത്തിൽ ആരെയും മാവോയിസ്റ്റുകൾ ഉപദ്രവിച്ചതായി കേട്ടിട്ടില്ല. യഥാർത്ഥ രാജ്യദ്രോഹികളെ കാണാതെ സാമൂഹിക സമത്വം എന്ന ഏറ്റവും ഉന്നതമായ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെ ലക്ഷ്യമിട്ടു തണ്ടർ ബോൾട്ട് എന്ന സേനയെ സർവ്വസ്വതന്ത്ര്യത്തോടെയും കാടുകളിൽ വിഹരിക്കാൻ വിടുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് ഇവിടെയുള്ളത് . ഈ സാഹചര്യത്തിൽ സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നു . പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ വായിക്കാം
—————

ഭരണകൂട ഭീരുത്വത്തിന്റെ ഇരകൾ
മാവോയിസ്റ്റുകൾ
ഭരണകൂടത്തോട്
യുദ്ധം പ്രഖ്യാപിച്ചവരാണ്‌.
അത് അവരുടെ രാഷ്ട്രീയ നയം.
സാങ്കേതികതയും ജനാധിപത്യബോധവും ഏറെ പുരോഗമിച്ച ഒരു കാലത്ത് സായുധ കലാപം എത്രമാത്രം അപ്രായോഗികമാണെന്ന് മനസിലാക്കാൻ അത്ര വലിയ ജ്ഞാനം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
എന്നാൽ ഒരു രാഷ്ട്രീയ വിശ്വാസിക്ക് അയാൾ വിശ്വസിക്കുന്ന തത്വശാസ്ത്രമനുസരിച്ച് ജീവിക്കാം.
അതിനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിക്കുന്നുമുണ്ട്. അതുകൊണ്ടാണ് ഒരാൾക്ക് മാവോയിസ്റ്റ്‌ വിശാസം വെച്ച് പുലർത്തി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുള്ളതും
മാവോയിസ്റ്റ്‌ എന്ന് പോലീസ് മുദ്രകുത്തി കേസെടുത്ത ശ്യാം ബാലകൃഷ്ണൻ എന്നയാൾക്ക് 110000/-രൂപ പോലീസ് നഷ്ടപരിഹാരം കൊടുക്കുവാനും ഹൈക്കോടതി 22 -05-2015 ൽ വിധിക്കുകയുണ്ടായി.
എന്നാൽ ജനാധിപത്യമാർഗ്ഗത്തിൽ പുലരുന്ന ഒരു രാജ്യത്ത് ജനാധിപത്യ വിരുദ്ധമായ രീതിയിൽ
ഭരണകൂടത്തെ എതിർക്കുമ്പോൾ സ്വാഭാവികമായും ഏറ്റുമുട്ടലുകൾ ഉണ്ടാകാം.ഇരുപക്ഷത്തും ആളുകൾ കൊല്ലപ്പെടാം.
കാരണം യുദ്ധനിയമങ്ങൾ അങ്ങിനെയാണ്. എന്നാൽ
നിരായുധരെ ഏറ്റുമുട്ടലിന്റെ പേരിൽ വെടിവെച്ചു കൊല്ലുന്നത് ഒരു യുദ്ധതന്ത്രമല്ല തന്നെ.അതിനെ ഭരണകൂട ഭീരുത്വം എന്നാണു പറയുക. ഏറ്റുമുട്ടൽ വ്യാജമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതും ഭരണകൂട സംവിധാനം തന്നെയാണെന്നുള്ളത് അന്വേഷണത്തിലെ ആത്മാർത്ഥതയെ
സംശയിക്കുക സ്വാഭാവികം.
ഏറ്റുമുട്ടൽ വ്യാജമാണെന്ന് പരക്കെ ആക്ഷേപം ഉയരുന്ന സ്ഥിതിക്ക്
ഒരു ജുഡീഷ്യൽ അന്വേഷണം ആണ് വേണ്ടത് എന്ന് ഏത് മനുഷ്യാവകാശ പ്രവർത്തകനും പറയുന്നത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഇനി ഒരു സാധാരണക്കാരൻ ചോദിക്കുന്ന ഒരുചോദ്യം ഇതായിരിക്കും “മാവോയിസ്റ്റുകളെ കണ്ടപാട് വെടിവെച്ചു കൊല്ലാൻ മാത്രം എന്ത് അക്രമമാണ് അവർ കേരളത്തിൽ ചെയ്തിട്ടുള്ളത്? ജനാധിപത്യം കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പാർട്ടികൾ നടത്തിപ്പോരുന്നത്ര പൈശാചികമായ കൊലപാതകങ്ങളൊന്നും
മാവോയിസ്റ്റുകൾ കേരളത്തിൽ നടത്തിയതായി അറിവില്ല.എന്നിട്ടും മൂന്നു മാവോയിസ്റ്റുകളെ നമ്മുടെ നവോഥാന -വിപ്ലവ സർക്കാർ വെടിവെച്ചു കൊന്നു.
ലൈംഗീക പീഡനത്തിന്
പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യേണ്ട ഇമാമിനെ ആഴ്ചകൾ കഴിഞ്ഞിട്ടും പിടികൂടാൻ സാധിക്കാത്ത,
കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാൻകോയെ ജനവികാരം തടുക്കാനാവാതെ വന്നപ്പോൾ മാത്രം അറസ്റ്റ് ചെയ്യാൻ തയ്യാറാവേണ്ടി വന്ന ഒരു ഭരണകൂടം
മാവോയിസ്റ്റ് വേട്ടക്ക് വേണ്ടി പോറ്റി വളർത്തുന്ന തണ്ടർ ബോൾട്ട്കാരെ
വിട്ട് ഇമാമിനെയും ഫ്രാങ്കോമാരെയും അതുമല്ലെങ്കിൽ ഹർത്താലിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്ന സാമൂഹ്യ ദ്രോഹികളെ ആദ്യം വെടിവെച്ചു പഠിക്കട്ടെ. എന്നാലേ പിറകിൽ നിന്നല്ല ശത്രുവിനെ വെടിവെച്ചു കൊല്ലേണ്ടത് എന്ന യുദ്ധത്തിലെ അടിസ്ഥാന മാന്യതയെങ്കിലും പാലിക്കാൻ സാധിക്കൂ.”
ഭരണകൂടത്തെ വെല്ലുവിളിക്കുന്ന ഏത് സായുധ വിപ്ലവകാരികളും ഭരണകൂടത്തിന്റെ ദൃഷ്ടിയിൽ ശത്രുക്കളാണ്;
അത് കമ്മ്യൂണിസ്റ്റ്കാരായാലും കോണ്ഗ്രസ്കാരായാലും;മറ്റേത് പാർട്ടി ആയാലും.
കമ്മ്യൂണിസ്റ്റ്കാർ ഭരിക്കുന്ന കേരളത്തിൽ കമ്മ്യൂണിസം പറയുന്നവരെത്തന്നെ
വെടിവെച്ചു കൊല്ലുമോ എന്ന് ചോദിച്ചാൽ
കമ്മ്യൂണിസം പറയുന്നവരല്ലേ ഇവിടെ ഭരിക്കുന്നത് അല്ലാതെ കമ്മ്യൂണിസ്റ്റ് കാരല്ലല്ലോ എന്ന് ആരെങ്കിലും തിരിച്ചു ചോദിച്ചാൽ നമുക്ക് പറയാൻ ഉത്തരം ഉണ്ടാവുമോ?

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.