ലോകത്തെ വിനാശകരമായ രണ്ടു തോക്കുകൾ ആണ് AK 47 , AR15. ചരിത്രത്തിലെ ഇന്നോളം കണ്ടുപിടിക്കപ്പെട്ട ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ഇന്നും ഈ രണ്ടു തോക്കുകൾ തങ്ങളുടെ സ്ഥാനം അലങ്കരിക്കുന്നു . ഈ തോക്കുകളുടെ കണ്ടുപിടുത്തത്തെ കുറിച്ച് ചിലതു അറിയേണ്ടേ ? ജോയ്സൻ ദേവസിയുടെ പോസ്റ്റ് വായിക്കാം
✒️ ജോയ്സൻ ദേവസി
ലോകത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ടതും, ഭയപ്പെടുത്തുന്നതുമായ രണ്ടു തോക്കുകളുടെ പിതാക്കൻമാർ, തങ്ങളുടെ കണ്ടുപിടുത്തം പരസ്പരം കൈമാറിയപ്പോൾ. 1990 ലാണ് വാഷിങ്ങ്ടൺ നഗരത്തിൽ ഇരുവരും ഒരിക്കൽകൂടി കാണാനിടയായത്. ഇടതുഭാഗത്ത് AK 47 അസാൽട്ട് റൈഫിളുമായി നിൽക്കുന്ന വ്യക്തിയാണ് അമേരിക്കയുടെ അഭിമാനമായ AR 15 എന്ന സെലക്ടീവ് ഫയർ തോക്ക് കണ്ടുപിടിച്ച യൂജിൻ സ്റ്റോനർ. വലതു ഭാഗത്തായി ഒരു AR 15 തോക്കുമായി നിൽക്കുന്ന വ്യക്തിയെ നമ്മളിൽ പലർക്കും അറിയാവുന്നതാണ്. ഇദ്ദേഹമാണ് സോവിയറ്റ് യൂണിയന്റെ പ്രസിദ്ധമായ അസാൽട്ട് റൈഫിളായ AK 47 ന്റെ പിറവിക്കു പിന്നിലെ ബുദ്ധികേന്ദ്രം. തങ്ങളുടെ ശ്യഷ്ടികൾ പരസ്പരം കൈമാറിയാണ് ഇരുവരും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യ്തത്. ഈ രണ്ടു തോക്കുകളെയും കുറിച്ച് അധികം വിവരിക്കേണ്ടതില്ല. വിയറ്റ്നാം യുദ്ധത്തിലാണ് ഇവർ പരസ്പരം ആദ്യമായി ഏറ്റുമുട്ടിയത് എന്നു തോന്നുന്നു. അമേരിക്കയുടെ AR 15 നുമായി കാടുകളിലേക്ക് കടന്ന US പട്ടാളത്തെ, റഷ്യയുടെ AK 47 നുമായി നേരിട്ടു തകർത്ത ഒരുപാട് വിയറ്റ്നാം വീരൻമാരുടെ ചരിത്രം നമ്മൾ കേട്ടിട്ടുണ്ട്. പ്ലാറ്റൂൺ, ഫുൾ മെറ്റൽ ജാക്കറ്റ്, വി വെയർ സോൾജിയേർസ് തുടങ്ങീയ ഒരുപാട് ഹോളിവുഡ് സിനിമകൾ ഈ യുദ്ധത്തെ ആസ്പദമാക്കി ചിത്രീകരിച്ചിട്ടുമുണ്ട്.

AR 15 ഒരു എയർ കൂൾഡ് ഗ്യാസ് ഓപ്പറേറ്റഡ് തോക്കാണ്. സെലക്ടീവ് ഫയർ സിസ്റ്റത്തിൽ മാഗസീൻ കപ്പാസിറ്റിയിലാണ് ഇതു പ്രവർത്തിക്കുന്നത്. അമേരിക്കയിലെ ആർമാലിറ്റ് കമ്പനിയാണ് ഇതു നിർമ്മിച്ചതും വിതരണം ചെയ്തതും. 1956 ൽ ഡിസൈൻ ചെയ്തു 1959 കളിൽ പുറത്തിറങ്ങിയ യൂജിൻ സ്റ്റോനറുടെ ഈ തോക്കൊരു ലൈറ്റ് വെയ്റ്റ് റൈഫിളാണ്. 20 റൗണ്ട് മാഗസീനോടു കൂടി ഏകദേശം 2.97 കി.ഗ്രാം ആണ് ഈ തോക്കിന്റെ ഭാരം. റെമിംങ്ങ്ടൺ .223 വെടിയുണ്ടകൾ ഉപയോഗിക്കുന്ന AR 15 ന്റെ പരമാവധി ദൂരപരിദി 457 മീറ്ററാണ്. ഈ തോക്കിന്റെ പ്രധാന പ്രശ്നം, പൊടി, ചെളി, പ്രതികൂല കാലാവസ്ഥ എന്നിവയെ അതിജീവിക്കാനാവാതെ തുടരെ തുടരെ ജാം അഥവാ പ്രവർത്തന രഹിതമാകും എന്നതാണ്. ആയതിനാൽ വിയറ്റ്നാം യുദ്ധത്തിന്റെ ഒരവസരത്തിൽ വേറെ വഴിയില്ലാതെ, പിടിച്ചെടുത്ത AK 47 തോക്കുകൾ പകരം ഉപയോഗിക്കേണ്ട ഗതിവരെ US പട്ടാളത്തിനുണ്ടായിട്ടുണ്ടെന്ന് ചരിത്രത്തിൽ പറയുന്നു.

AK 47 എന്ന അവറ്റോമാറ്റ് കലാഷ്നിക്കോവ് റൈഫിൾ ഒരു അസാൽട്ട് റൈഫിളാണ്.കലാഷ്നിക്കോവ് കൺസേൺ കമ്പനിയുടെ കീഴിൽ 1945 ൽ മിഖായേൽ കലാഷ്നിക്കോവാണ് ഈ തോക്ക് ഡിസൈൻ ചെയ്യുന്നത്. എന്നിരുന്നാലും 1947 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്. അതിനാലാണ് ഈ റൈഫിൾ AK 47 എന്നറിയപ്പെടുന്നത്. ഒരു ഗ്യാസ് ഓപ്പറേറ്റഡ് റോറ്റേറ്റിങ്ങ് ബോൾട്ട് സിസ്റ്റത്തിലാണ് ഈ റൈഫിൾ പ്രവർത്തിക്കുന്നത്. ഇതിൽ ഉപയോഗിക്കുന്ന വെടിയുണ്ടയുടെ നീളം 7.62 x 39 mm ആണ്. ഏകദേശം 100 മില്ല്യൺ AK 47 നുകൾ ഇതിനോടകം നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നാണ് കണക്ക്. മാഗസീനോട് കൂടി ഇതിന്റെ ഭാരം 3.47 കി.ഗ്രാം ആണ്. പ്രധാന ദൂരപരിദി എന്നത് 350 മീറ്ററോളം വരും. 20 മുതൽ 30 റൗണ്ടുകൾ ഉപയോഗിക്കാവുന്ന ബോക്സ് മാഗസീൻ മുതൽ 75 റൗണ്ടുകൾ വരെ നിറക്കാവുന്ന ഡ്രം മാഗസീൻ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു റൈഫിൾ കൂടിയാണ് AK47. ചെളിയിലും, പൊടിയിലും, പ്രതികൂല കലാവസ്ഥയിലും തന്റെ പ്രകടനം അതേപ്പടി നിലനിർത്തുന്നതിനാൽ AK 47 പല രാജ്യങ്ങൾക്കും, സൈന്യങ്ങൾക്കും ഇന്നും വളരെയേറെ പ്രിയപ്പെട്ടതാണ്.
ചരിത്രത്തിലെ ഇന്നോളം കണ്ടുപിടിക്കപ്പെട്ട ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ഇന്നും ഈ രണ്ടു തോക്കുകൾ തങ്ങളുടെ സ്ഥാനം അലങ്കരിക്കുന്നു. ഇതിനോടൊപ്പം ഒരിക്കൽ ഒരു NCC ക്യാമ്പിൽ വെച്ചു, ഒരു AK 47 റൈഫിൾ അസ്സംബിൾ ചെയ്യാൻ എനിക്കു ലഭിച്ച വളരെ വിലപ്പെട്ട ഒരവസരം വളരെ അഭിമാനത്തോടെ ഇവിടെ പറയുന്നു.