🖋️ ജോയ്സൻ ദേവസി
ഇതാ ഇവിടെയുണ്ട് “കേരളത്തിന്റെ സ്വന്തം പിരമിഡ് “
ഇവിടെ എല്ലാവർക്കും എന്നെ…,ഒരു ഗുഹയ്ക്കുള്ളിൽ ചില ജോലികളിൽ വ്യാപൃതനായി ഇരിക്കുന്ന ജോയ്‌സൺ ദേവസിയെ കാണാവുന്നതാണ്. സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന കേരളത്തിലെ ഇന്നത്തെ കോഴിക്കോട് ജില്ലയ്ക്ക് സമീപം ഞാൻ ഒടുവിലായി പങ്കെടുത്ത പുരാവസ്തു ഉത്ഖനനത്തിൽ നിന്നുള്ള ചിത്രങ്ങളിലൊന്നാണിത്. ഒരു മഹാശിലായുഗത്തിലെ, ഇരുമ്പ് യുഗത്തിലെ പാറ തുരന്നു നിർമ്മിച്ച ഒരു കല്ലറയിലേക്ക് ചേക്കേറുന്ന ഒരു വ്യക്തിയെന്ന നിലയിൽ ഇത് എനിക്ക് ശരിക്കും ഒരു വിസ്മയ നിമിഷമാണ്. ഈ ചിത്രത്തിൽ, ഞാൻ ആയിരങ്ങൾ പഴക്കം വരുന്ന ഒരു പിരമിഡിനുള്ളിലാണ് ഇപ്പോൾ എന്നു പറഞ്ഞാൽ…?, നിങ്ങളിൽ എത്രപേർ എന്നെ വിശ്വസിക്കുമെന്ന് എനിക്കറിയില്ല. നേരത്തെ ലഭ്യമായ ആധികാരിക ഡേറ്റിംഗ് അഥവാ കാലഘണനകൾ പ്രകാരം, ഈ കൽവെട്ടറയുടെ കാലഘട്ടം പൊതുവർഷത്തിനു മുൻപ് 1500 നും, പൊതുവർഷം 500 നും ഇടയിലാണ് കണക്കാക്കിയത്, ഏറ്റവും കൃത്യമായി പറഞ്ഞാൽ പൊതുവർഷത്തിനു മുൻപ് 1000. ഈ തരത്തിലുള്ള കൽവെട്ടറകൾ വ്യത്യസ്ത തരത്തിൽ ഒന്നോ ഒന്നിലധികമോ അറകളോടെയാണ് നിർമ്മികപ്പെട്ടിട്ടുള്ളത്.
ഒരു ചെറിയ ചെങ്കൽ /ലാറ്ററൈറ്റ് കുന്നിൽ നീള ചതുരാകൃതിയിലുള്ള ഗുഹ തുരന്നെടുത്താണ് ഈ കൽവെട്ടറകൾ നിർമ്മിച്ചിരിക്കുന്നത്. അറയുടെ അകത്തെക്കെത്തുവാൻ ഒരു വാതിൽ മാത്രമേയുള്ളൂ. അവിടം നമുക്ക് മഹാശിലായുഗത്തിലെ വ്യത്യസ്തമായ മൺപാത്രങ്ങളായ ഡിഷ്, ലിഡ്, മത്തങ്ങയുടെ ആകൃതിയുള്ള പാത്രങ്ങൾ,മൂന്നും നാലും കാലുകളുള്ള ജാറുകൾ, സാർക്കോഫാഗിസ് / ശവത്തൊട്ടി പാത്രങ്ങൾ, കൂടാതെ പല ഇരുമ്പ് ഉപകരണങ്ങളും വിവിധ ആഭരണ മുത്തുകളും കാണാം. ദക്ഷിണേന്ത്യയിലെ ചരിത്രാതീത ഇരുമ്പ് യുഗത്തിൽ ഈ ശ്മശാന സമ്പ്രദായം പിന്തുടർന്നത്. ഈ ശവസംസ്ക്കാര പ്രക്രിയയിൽ ഒരു വ്യക്തിയുടെ മരണശേഷം,മൃതശരീരം അഴുക്കാൻ വെക്കുകയോ അല്ലെങ്കിൽ മൃഗങ്ങൾ, പക്ഷികൾ എന്നിവർക്കു നൽകുകയയോ , അതുമല്ലെങ്കിൽ ദഹിപ്പിക്കുവാൻ വിടും. പിന്നീട് അവന്റെ / അവളുടെ അസ്ഥികളും അവശിഷ്ടങ്ങളും മറ്റും ചെറിയ പാത്രങ്ങളിൽ ശേഖരിച്ച് ഈ കൽവെട്ടറകൾക്കുള്ളിൽ മരിച്ച വ്യക്തിയുടെ ആയുധങ്ങൾ, ആഭരണങ്ങൾ തുടങ്ങിയക്കൊപ്പം നിഷേപിക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ട എടുത്തുകാണിക്കേണ്ട കാര്യം, ഈ കൽവെട്ടറകൾ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ മാത്രമാണ്. ഇപ്പോൾ ഇത്തരം കൽവെട്ടറകളിൽ നിന്നും കണ്ടെടുത്ത തെളിവുകൾ കേരളത്തിലെ വിവിധ പുരാവസ്തു മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നു, പ്രധാനമായി കോഴിക്കോട് സ്ഥിതിചെയ്യുന്ന പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ . മനുഷ്യരാശിയുടെ അജ്ഞാതമായ അമൂല്യമായ ചരിത്രത്തെ ഓർമ്മിച്ചെടുക്കാൻ ലോകമെമ്പാടുമുള്ള ചരിത്രസ്‌നേഹികൾ ദിനംപ്രതി ഈ മ്യൂസിയങ്ങൾ സന്ദർശിക്കുന്നു.
പിന്നെ എന്തുകൊണ്ട് എനിക്ക് ഈ നിർമ്മിതിയെ കേരളത്തിന്റെ പിരമിഡ് എന്ന് വിളിച്ചുകൂടാ…☺️