history
2000യിരത്തോളം വർഷം മണ്ണിനടിയിൽ കിടന്ന, ഏതോ ഒരു യോദ്ധാവിന്റെ വിജയ വാൾ ആയിരിക്കണം
തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, എന്റെ മുന്നിൽ കാണുന്നത് കേരളത്തിലെ ഇരുമ്പുയുഗവുമായി ബന്ധപ്പെട്ട ഒരു പ്രദേശത്ത് നിന്നും കണ്ടെത്തിയ ഒരു വാൾ ആണ്. 2000യിരത്തോളം വർഷം മണ്ണിനടിയിൽ കിടന്ന
251 total views, 1 views today

സത്യത്തിൽ ഇതു ശരിക്കും ഒരു റോമൻ വാളാണോ 🗡 അതോ കേരളത്തിന്റെ ഇരുമ്പുയുഗത്തിലെ ഒരു വാളാണോ …?⚔
തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, എന്റെ മുന്നിൽ കാണുന്നത് കേരളത്തിലെ ഇരുമ്പുയുഗവുമായി ബന്ധപ്പെട്ട ഒരു പ്രദേശത്ത് നിന്നും കണ്ടെത്തിയ ഒരു വാൾ ആണ്. 2000യിരത്തോളം വർഷം മണ്ണിനടിയിൽ കിടന്ന, ഏതോ ഒരു യോദ്ധാവിന്റെ കരങ്ങളിലൂടെ വിജയങ്ങൾ കണ്ട ഈ വാൾ ഇന്നു അതിന്റെ യഥാർത്ഥ സൗന്ദര്യം നഷ്ടപ്പെട്ടു കിടക്കുകയാണ്. നമുക്കറിയാം, ഇരുമ്പുയുഗത്തിനും മുന്നേ വെങ്കലയുഗം മുതൽക്കേ ഉപയോഗത്തിലുള്ള ഒരു ആയുധമാണ് വാൾ.ശക്തമായ ഒരു ആയുധമെന്ന നിലയിൽ ലോകചരിത്രത്തിൽ വാളുകൾ ഉപയോഗിക്കാതെ ഒരു രാജ്യവും, രാഷ്ട്രവും കടന്നുപോയിട്ടില്ല.
എന്നെ സംബന്ധിച്ചിടത്തോളം ഇതാദ്യമായാണ് ആകൃതി നഷ്ടപ്പെട്ട ഇരുമ്പുയുഗത്തിലെ ഒരു വാൾ ക്രമീകരിക്കാനുള്ള അവസരം ലഭിക്കുന്നത്. പ്രസ്തുത കാലഘട്ടത്തിലെ പല ആയുധങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ആദ്യകാലത്തേതിൽ നിന്നും വ്യത്യസ്തമായി, ഒരു വാൾ എന്റെ ശ്രദ്ധയിൽ പെടുന്നത്. വാൾ അതിന്റെ ശരിയായ രൂപത്തിൽ ക്രമീകരിച്ചപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഈ വാളിനു ചില ഹോളിവുഡ് ചരിത്രസിനിമകളിൽ ഞാൻ കണ്ടിട്ടുള്ള വാളുകളുടെ രൂപവുമായി സാമ്യമുള്ളപ്പോലെ. ശേഷം ഗൂഗിളിൽ ചരിത്രാതീത കാലഘട്ടത്തിലെ വാളുകളെക്കുറിച്ചു വിശദമായൊരു തിരയൽ നടത്തി.
അവിടെ വാളുകളുടെ ഒരു നീണ്ട നിര തന്നെ കണ്ടുവെങ്കിലും ഇവിടെയുള്ളതിന് സമാന സ്വഭാവസവിശേഷതകളുള്ള ആകെ ഒരു വാളാണ് കണ്ടെത്താനായത്. 300bce മുതൽ 300ce വരെ റോമൻ സൈന്യത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വാളായിരുന്നു അത്. ഗ്ലാഡിയസ് എന്ന പേരിൽ അറിയപ്പെടുന്ന ഇതൊരു ഇരുതലമൂർച്ചയുള്ള നേർത്ത വാളാണ്. ഇതിന്റെ പിടി മരം, വെങ്കലം അല്ലെങ്കിൽ ആനക്കൊമ്പ് തുടങ്ങീയവകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഗ്ലാഡിയസ് സാധാരണയായി റോമൻ കാലാൾപ്പടയിലെ സൈനികരാണ് ഉപയോഗിക്കുന്നത്. ചരിത്രത്തിൽ നമ്മുടെ കേരളത്തിനു റോം, ബാബിലോൺ, ഗ്രീക്ക്, ചൈനീസ്, അറബ് തുടങ്ങിയ വിദേശരാജ്യങ്ങളുമായി നല്ലൊരു ബദ്ധമാണുളളത്. ആയതിനാൽ റോമിനു നമ്മുടെ വ്യാപാര വാണിജ്യ മേഖലയിലുള്ള സ്വാധീനം നമുക്ക് നിരസിക്കാൻ കഴിയില്ല.
റോമുമായുള്ള ഇന്ത്യൻ രാജാക്കൻമാരുടെ ബദ്ധത്തിനു ഏകദേശം 2000 വർഷത്തിലേറെ പഴക്കമുണ്ട്. ഈ കൂട്ടുകെട്ടിൽ ഏറിയപങ്കും
ദക്ഷിണേന്ത്യയിലാണ് കാണുവാൻ സാധിക്കുന്നതും. തമിഴ്നാട്ടിലെ അരിക്കമേടു, കേരളത്തിലെ കൊടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയിലെ തന്നെ പുരാതന തുറമുഖങ്ങളാണ്. ഇവിടെ എത്തിയിരുന്ന റോമൻ നാവികർ തങ്ങളുടെ കപ്പലുകൾ നങ്കൂരമിടാൻ ഉപയോഗിച്ചതും ഈ പ്രധാന തുറമുഖങ്ങളിലായിരുന്നു. റോമൻ ആംഫോറസും, കാലിഗുല ചക്രവർത്തി 37-41 ce നീറോ 54-68 ce തുടങ്ങീയവരുടെ കാലത്തെ ഒട്ടനവധി നാണയങ്ങളും നമുക്ക് കേരളത്തിലെ വിവിധ പുരാവസ്തുകേന്ദ്രങ്ങളിൽ നിന്ന് കണ്ടെത്താനായിട്ടുണ്ട്.
ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനും ചരിത്രകാരനുമായ സ്ട്രാബോ റോമൻ ചക്രവർത്തിയായ അഗസ്റ്റസിന്റെ ദഷിണേന്ത്യയിലെ പാണ്ഡ്യ രാജാവുമായുള്ള ബന്ധത്തെക്കുറിച്ച് തന്റെ ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്.റോമൻ ഈജിപ്ഷ്യൻ തുറമുഖങ്ങളിൽ നിന്നും, ചെങ്കടലിന്റെ തീരത്തുള്ള ബെറൈനിസ് ട്രോഗ്ലോഡിറ്റിക്ക തുടങ്ങി മറ്റ് ആഫ്രിക്കൻ ഹോൺ, പേർഷ്യൻ ഗൾഫ്, അറേബ്യൻ കടൽ, ഇന്ത്യൻ മഹാസമുദ്രം, പാകിസ്ഥാനിലെ സിന്ധ് പ്രദേശം പിന്നെ ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളടക്കം, എത്തിനിൽക്കുന്ന റോമൻ ബന്ധങ്ങളെക്കുറിച്ച് ” പെരിപ്ലസ് ഓഫ് എറിത്രീയൻ സി ” എന്ന ഗ്രീക്കോ-റോമൻ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇവയെല്ലാം റോമിനും ദഷിണേന്ത്യക്കും ഇടയിൽ നിലവിലുണ്ടായിരുന്ന വ്യാപാരവ്യാണിജ ബന്ധങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് ശക്തികൂട്ടുന്നു. ഈ അവസരത്തിൽ, സുശക്തമായ ഒരു സൈനീകശക്തിയായിരുന്ന റോമൻ സാമ്രാജ്യം തങ്ങളുടെ ആയുധങ്ങളും ഇവിടെ ഇന്ത്യൻ കമ്പോളത്തിൽ പരിചയപ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. താഴെ ചിത്രത്തിൽ കാണുന്ന വാളും ഒരു ഇരുതലമൂർച്ചയുള്ള ഏകദേശം അഗ്രം കൂർത്തിരിക്കുന്ന ഒരു ഗ്ലേഡിയസ് ശൈലിയിലുള്ള വാളായാണ് തോന്നുന്നത്.
മഹാശിലായുഗകാലഘട്ടത്തിലെ ഇരുമ്പ് യുഗത്തിലെ ഒരു വളാണ് താഴെ കാണുന്നത്.ഇതു കേരളത്തിലെ മേൽപ്പറഞ്ഞ കൊടുങ്ങല്ലൂർ പ്രവിശ്യയ് നിന്നാണ് കണ്ടെത്തിയത്. ഇതിന്റെ പഴക്കം ഏകദേശം 1000bce ക്കും 500ce ക്കും ഇടയിലുള്ള കാലഘട്ടത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വാളിന്റ നിലവിലുള്ള ശൈലി പുരാതന കേരളത്തിലെ ഇരുമ്പ് ആയുധങ്ങളുടെ ഒരു രേഖാചിത്രം നമുക്ക് സമ്മാനിക്കുന്നു. അതിനോടൊപ്പം തന്നെ ആയുധ നിർമാണത്തിൽ നമ്മുടെ നാട്ടുരാജാക്കൻമാർക്കുണ്ടായിരുന്ന വൈദേശിക കൂട്ടുകെട്ടും, പ്രധാനമായി റോമൻസുമായുള്ളതിലേക്ക് ഈ കണ്ടെത്തൽ ഒരു വെളിച്ചം വീശുകയും ചെയ്യുന്നു. ഇത് എന്റെ ഒരു പഠനസംഗ്രഹമാണ്, കൂടുതൽ അറിവുകൾ ക്ഷണിക്കുന്നു…
252 total views, 2 views today