രക്തബന്ധങ്ങൾ മറന്ന അധികാരികൾ

43

Joyson Devasy

രക്തബന്ധങ്ങൾ മറന്ന അധികാരികൾ

അധികാരം എന്നത് ഒരു ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ്. ഉറയിൽ നിന്നെടുക്കുമ്പോഴും, തിരിച്ച് ഉറയിലേക്ക് തന്നെ വെക്കുമ്പോഴും ശ്രദ്ധിച്ചില്ലേൽ അപകടം സുനിശ്ചിതം. പക്ഷേ ഇതേ വാൾ തന്നെ അധിവേഗം പലതിനെയും കീഴ്പ്പെടുത്താൻ തനിക്കുപകരിക്കുമെങ്കിൽ, ചെറിയ അപകടങ്ങൾ വരുന്നതിൽ എന്താണ് തെറ്റ്. തന്റെ ധൈര്യത്താലും കഴിവിനാലും ബുദ്ധിയാലും രാജ്യങ്ങൾ വെട്ടിപിടിച്ച പല അധികാരികളെയും നമ്മൾ കണ്ടിട്ടുണ്ട്. ഇതിൽ രാജകുടുംബത്തിൽ പിറന്ന അലക്സാണ്ടർ മുതൽ കേവലമൊരു ഗോത്രത്തിൽ പിറന്ന അറ്റില്ല വരെ ഉൾപ്പെടും. ചെറിയൊരു സമൂഹത്തെ ദേശത്തേക്കും പിന്നെ രാജ്യത്തിലേക്കും അവിടെനിന്ന് സാമ്രാജ്യത്തിലേക്കും നയിച്ച ആ ഒരു കൂട്ടം വിരലിലെണ്ണാവുന്ന വീരരെ നയിച്ചത് ഏതെങ്കിലും ചെറുകഥകളിൽ കേട്ടുമറന്ന മായാശക്തികളായിരുന്നില്ല, മറിച്ചു അധികാരം എന്ന ചെങ്കോൽ തന്നെയാർന്നു. 100, 500,1000 പിന്നെ 2000 വർഷം ഭരിച്ച ഈ അധികാരശ്രേണികൾ പൊടുന്നനെ ഒരു ദിനം ചീട്ടുകോട്ട പോലെ തകർന്നു വീണതിനും ചരിത്രം സാക്ഷിയായിട്ടുണ്ട്. ഈ അധികാര സ്വാപ്നത്തിന്റെ പൂർത്തീകരണത്തിൽ സ്വന്തം കുടുംബങ്ങളെയും രക്തബന്ധങ്ങളെയും വരെ തകർത്തെറിഞ്ഞ ഒരു കൂട്ടം വ്യക്തിത്വങ്ങളെയാണ് ഇന്നീ പോസ്റ്റിലൂടെ ഇവിടെ തുറന്നുകാണിക്കുന്നത്…

1,അസീറിയൻ രാജാവായ
“തുക്ലൂത്തി നിന്നൂർത്ത” ഒന്നാമന്നെ 1207 Bce യിൽ ചതിയിലൂടെ കൊലപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ മകനായ അസുർ നാദിൻ അധികാരത്തിലേറിയത്.

2, ബാബിലോൺ യുദ്ധങ്ങളിലൂടെ പ്രസിദ്ധനായിരുന്ന നിയോ അസീറിയൻ സാമ്രാജ്യത്തിലെ രാജാവായ “സേന്നാച്ചെരിബിനെ” 681Bce യിൽ ചതിയിലൂടെ കൊലപ്പെടുത്തിയാണ് മകനായ ആർദുമുല്ലിസ്സിൻ സിംഹാസനം കീഴ്പ്പെടുത്തിയത്.ഈ
പ്രസ്തുത ദൗത്യത്തിൽ, സേന്നാച്ചെരീബിന്റെ ഏതാനും മക്കൾ കൂടി ജേഷ്ടനെ പിത്യഹത്യക്കു സഹായിച്ചിരുന്നു എന്നും ചരിത്രം പറയുന്നു.

3, ടോളമിക് രാജവംശത്തിലെ അധികാരിയായ ക്ലിയോപാട്ര തന്റെ അധികാരം നിലനിർത്താനായി സഹോദരനായ ടോളമി എട്ടാമനെ 47 Bce യിലും,സഹോദരി അർസീനിയെ 41 Bce യിലും കൊലപ്പെടുത്തുന്നത് കാണാം.

4,ശ്രീലങ്ക കേന്ദ്രമാക്കി ഭരിച്ച മൗര്യ സാമ്രാജ്യത്തിലെ രാജാവായ കസ്യപ്പാ ഒന്നാമൻ തന്റെ സിംഹാസനം കീഴടക്കുന്നത് സ്വന്തം പിതാവായ ധത്ത്യുസേനനെ 495 ce യിൽ വധിച്ചിട്ടാണ്.

5, ചൈനയിലെ പേരുകേട്ട ലിയാഗ് സാമ്രാജ്യത്തിലെ “ഷുവു യുഗൂയി” തന്റെ അധികാരം നടപ്പിലാക്കാനായി സ്വന്തം പിതാവായ ഷുവു വെന്നിനെ 912ce യിൽ കൊലപ്പെടുത്തി.

6, പേർഷ്യൻ സാമ്രാജ്യമായ, സാക്ഷാൽ തിമൂർ സ്ഥാപിച്ച തിമുരിഡ് വംശത്തിലെ പേരുകേട്ട രാജാവായ “ഉലൂഗ് ബെഗ്ഗിനെ” 1449 ce യിൽ സ്വാന്തം മകനായ അബ്ദുൽ ലത്തീഫ് മിർസ തന്റെ സഹോദരനായ അബ്ദുൽ അസ്സീസിനെയും കൂട്ടുപ്പിടിച്ചു കൊന്നിട്ടാണ് അധികാരം പങ്കുവെക്കുന്നത്. ഇതേ അബ്ദുൽ ലത്തീഫ് മിർസ്സയെ പിന്നീട് മറ്റൊരു സഹോദരനായ അബ്ദുല്ലാഹ് മിർസ്സ കൊല്ലുന്നത് ചരിത്രത്തിന്റെ മറ്റൊരു വശം.

7, ജാവൻ സാമ്രാജ്യമായ “മാത്യാരം” പ്രവിശ്യയിലെ നാലാം സുൽത്താനായ “അമഗ്യാകുറത്” എന്ന ഭരണാധികാരിയ 1677 ൽ വിഷം നൽകി കൊന്നാണ് സ്വന്തം മകൻ “റാഡൻമസ്സ് രഹ്മാത്തി” അധികാരം സ്ഥാപിക്കുന്നത്.

8, എത്യോപിയൻ യുവരാജാവ് “ടെക്കിലീ ഹയമ്നോത്ത്” തന്റെ ഭരണം സ്ഥാപിക്കുവാനായി പിതാവായ “ഇയാസീസ്” ഒന്നാമനെ 1706 ൽ വധിക്കുന്നു.

9, ഇനി ഇന്നത്തെ ഇന്ത്യയിലേക്ക് വരികയാണേൽ,മഗദയിലെ രണ്ടാം സാമ്രാജ്യമായ
ഹരിയാൻക വംശത്തിലെ യുവരാജാവ് “അജാതശത്രു” തന്റെ പിതാവായ “ബിംബിസാരനെ” തടവിലാക്കുന്നതും ശേഷം 491 Bce യിൽ അദ്ദേഹം മരണപ്പെടുന്നതും കാണാം. ഇതേ അജാതശത്രുവിനെ സ്വന്തം മകനായ ഉദയഭദ്രൻ 460 Bce യിൽ ക്യൂരമായി കൊലപ്പെടുത്തിയാണ് അധികാരം കൈയ്യേറിയത്.

10,നന്ദാ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിനായി “മഹാപദ്‌മ നന്ദൻ” 345 Bce യിൽ തന്റെ “ശിശുനാഗ സാമ്രാജ്യത്തിലെ” എല്ലാ സഹോദരൻമാരെയും കൊല്ലുന്നുണ്ട്. ഇതിനു ശേഷമാണ് അദ്ദേഹം നന്ദാ സാമ്രാജ്യം ആരംഭിക്കുന്നത്.

11,മഗദ കേന്ദ്രമാക്കി ഭരിച്ച മൗര്യ ചാക്രവർത്തി അശോകൻ പിതാവായ “ബിന്ദുസാരന്റെ” മരണത്തിനു ശേക്ഷം തന്റെ സഹോദരൻമാരെയെല്ലാം വധിച്ചതിനു ശേഷമാണ് 268 Bce യിൽ മൗര്യചാക്രവർത്തിയായി അധികാരം സ്ഥാപിച്ചത്.

12,1438-1468 കാലയളവിൽ മേവാർ ഭരിച്ചിരുന്ന “റാണാ കുംഭ” രാജാവിനെ വധിച്ചിട്ടാണ് മകനായ “ഉദയ് സിംഗ് റാണ” അധികാരം പിടിച്ചെടുക്കുന്നത്. ഇതേ ഉദയ് സിംഗിനെ അച്ചന്റെ കൊലപാതകത്തിനു പകരമായി സ്വന്തം അനുജൻ “റായ്മാൽ” 1473ൽ കൊന്നുവെന്നത് കർമ്മ.

13, രാജസ്ഥാനിലെ “സാഗംബരി ചഹ്മാനാ” രാജവംശത്തിലെ “ജഗ്ദേവാ” രാജാവ് തന്റെ അധികാര സ്ഥാപനത്തിനായി സ്വന്തം പിതാവായ “അർനോരാജയെ” 1150 ൽ കൊന്നുതള്ളുകയുണ്ടായി.

14,മേവാറിലെ മറ്റൊരു രാജാവായ “അജിറ്റ് സിംഗിനെ” അധികാരത്തിനായി തന്റെ രണ്ടു മക്കളായ “ഭക്ത്സിങ്ങും” “അഭയ്സിങ്ങും” ഒത്തുച്ചേർന്നാണ് 1724 ൽ കൊലപ്പെടുത്തുന്നത്.

15,മുഗൾ സാമ്രാജ്യത്തിലെ സലിം- അനാർക്കലി പ്രണയ കഥകളിലൂടെ ശ്രദ്ധേയനായ “ജഹാംഗീർ” ചക്രവർത്തി രണ്ടു തവണയാണ്, മകനായ “ഖുശ്റുവിന്റെ” വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇതേ ഖുശ്‌റുവിനെ ശേക്ഷം മുഗൾ സാമ്രാജ്യത്തിലെ തന്നെ പിന്നീടു ചക്രവർത്തിയായ ഷാജഹാൻ വധിക്കുന്നുണ്ട്. ഈ ഷാജഹാനെ, അദ്ധേഹത്തിന്റെ മകൻ ഒറംഗസേബ് ബദ്ധനത്തിലാക്കുന്നതും. സഹോദരനായ ദാരാഷിക്കോവിനെ വധിച്ചു ഡൽഹി സിംഹാസനം കീഴടക്കുന്നതും പിന്നീട് കാണാം.
ഇങ്ങനെ അധികാരത്തിനായി സ്വന്തം കുടുംബത്തിൽ തന്നെ അരങ്ങേറിയ കൊലകളുടെയും ഒഴുക്കിയ ചോരകളുടെയും ചരിത്രം നീണ്ടുപോവുന്നതാണ്.

അത്രമാത്രം ഉണ്ട്, മനുഷ്യന്റെ രാജ്യങ്ങൾ വെട്ടിപിടിക്കാനുള്ള, സമുദ്രങ്ങൾ കീഴടക്കാനുള്ള, പർവ്വതങ്ങൾ മറികടക്കാനുള്ള, ലോകത്തെ വരുതിയിലാക്കി തന്റെ മുന്നിൽ നിർത്താനുള്ള അധികാരം എന്ന ലഹരിയുടെ കരുത്ത്.