പട്ടിണിയുടെ പലായനങ്ങൾ

69
ജെ എസ് അടൂർ
ജെ എസ് അടൂർ
പട്ടിണിയുടെ പലായനങ്ങൾ
ലോകത്തെ ഏറ്റവും നിഷ്ട്ടൂര ഭീകരത പട്ടിണിയാണ്. കഴിഞ്ഞ ഒരാഴ്ചയായി വടക്കേ ഇന്ത്യയിൽ കാണുന്നത് പട്ടിണിയുടെ ഹൃദയഭേദകമായ പലായനങ്ങളാണ്. അധികാര ഭരണ സന്നാഹങ്ങളാൽ തിരസ്ക്കരിക്കപ്പെട്ട ജനങ്ങൾ. അവർ എല്ലാവരും ഇന്ത്യയിലെ പൌരന്മാരാണ് എന്നാണ് വെപ്പ്. പക്ഷെ തുല്യ പൗരാവകാശമില്ലാത്ത ഇന്ത്യയിലെ കോടിക്കണക്കിന് പട്ടിണിപ്പാവങ്ങൾ.
അവർ കൊറോണക്ക് മുമ്പ് ക്ഷയവും മലേറിയയും മറ്റു നൂറു അസുഖങ്ങളും പട്ടിണികൊണ്ടും അനുദിനം മരിക്കുന്നത് ഇന്ത്യൻ കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് വാർത്ത അല്ലായിരുന്നു. അനുദിനം പോഷക ആഹാരം ഇല്ലാതെയും പട്ടിണി മൂലമുള്ള അസുഖങ്ങളാലും മരിക്കുവാൻ വിധിക്കപ്പെട്ട അവർ കൊറോണയെക്കാൾ വലിയ ഭീകരതിയിലാണ് ജീവിക്കുന്നത് എന്ന ഓർമ്മപെടുത്തലും കൂടിയാണ് ഈ പലായനങ്ങൾ. . മധ്യവർഗ്ഗങ്ങൾക്ക് ആ കാഴ്ച അലോസരമുണ്ടാക്കുന്നതിന് മുമ്പേ അവർ ഈ രാജ്യത്തു അദർശ്യവൽക്കരക്കപെട്ടും അന്യവൽക്കരിക്കപ്പെട്ടും ജീവിക്കുന്ന കോടികണക്കിന് ജനങ്ങളാണ്.
ഗ്രാമങ്ങളിലെ കൃഷിയും കൃഷിപ്പണിയും ഇല്ലാതെ പട്ടിണിയുടെ നിഷ്ടൂരതയിൽ നിന്നും അവർ നഗരങ്ങളിലെക്ക് പലായനം ചെയ്തു. അവർ കെട്ടിടം പണികൾക്കും റോഡ് പണികൾക്കുമൊക്കെ കൂടി ഇന്ത്യയിലെ പണമുള്ളവർക്ക് വേണ്ടി അമ്പര ചുംബികളായ ഓഫീസും ഫ്ലാറ്റും റോഡും ഫ്ലൈഓവരും കത്തിക്കാളുന്ന വെയിലിലും കൊടും തണുപ്പിലും പണി ചെയ്തു .അവർ തെരുവോരങ്ങളിലും പണിയുന്ന കെട്ടിടങ്ങളുടെ അരികിലുള്ള താൽക്കാലിക ക്യാമ്പ്കളിലും താമസിച്ചു. അവർക്ക് അഡ്രസ് ഇല്ല. റേഷൻ കാർഡില്ല. വീടില്ല. കൂടില്ല . സ്കൂളും ആശുപത്രിയും ഇല്ല. അവർ ഈ രാജ്യത്തു തന്നെ ഒരു തരത്തിൽ അന്യവൽക്കരിക്കപെട്ടവരാണ്. അവർ ഇപ്പോഴത്തെ സർക്കാരിന്റെ പൗരാവകാശ നിയമങ്ങളാൽ നിഷ്ക്കാസിതരാകാൻ സാധ്യതയുള്ള ഇവിടെ ജനിച്ചു വളർന്ന ഇന്ത്യക്കാർ തന്നെയാണ്. അവരോടു തെളിവ് ചോദിച്ചാൽ അവരുടെ പട്ടിണിയിൽ നിന്നുള്ള പലായനങ്ങൾപോലും സർക്കാരിന്റെ കണക്ക്പുസ്തകങ്ങളിലോ കാനേഷുമാരികളിലോ കാണാനിടയില്ല.
അവർ ജീവിക്കുന്ന നഗരങ്ങളിൽ വോട്ടില്ലാത്ത അവർ രാഷ്ട്രീയപാർട്ടികളുടെയോ നേതാക്കളുടെയോ റഡാറിനു അപ്പുറം ജീവിക്കുന്നവരാണ്. സർക്കാരിന്റെ കണക്ക് പുസ്തകങ്ങൾക്കപ്പുറം ജീവിക്കുന്നവർ. അവർ ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്തു വന്ന നഗരങ്ങളിൽ പെട്ടന്ന് അവർ അന്യരായി.
എല്ലാ അടച്ചു ജോലികൾ നിന്നപ്പോൾ അവർക്ക് ജോലിയും കൂലിയും വീടും കൂടും ഇല്ലാതെ വീണ്ടും ദിവസങ്ങൾക്കുള്ളിൽ ആരോരും സഹായിക്കാൻ ഇല്ലാതെ പട്ടിണിപ്പാവങ്ങളായി വീണ്ടും അവർക്ക് പരിചിതമായ ഗ്രാമങ്ങളിലെക്ക് കൊടും വെയിലിൽ നൂറു കണക്കിന് കിലോമീറ്റർ നടക്കുകയാണ്. കാരണം അവരെകുറിച്ച് ഒരു നിമിഷം ആലോചിക്കാതെ ഇന്ത്യയിലെ ഭരണ അധികാരികൾ ഇന്ത്യയിൽ എല്ലാം അടച്ചു. അവർ ഇന്ത്യയിലെ വഴിയാധാരമായ പട്ടിണിക്കാരായ ജനകോടികളുടെ പ്രതി നിധികളാണ്. ഇന്ത്യയിലെ ഭരണം അധികാരികൾ കലാ കാലങ്ങളായി പാർട്ടി ഭരണ വ്യത്യാസമെന്യേ തിരസ്ക്കരിക്കപ്പെട്ട ജനങ്ങളാണ്. ഇന്ത്യയിലെ കോർപ്പേറേറ് പത്രങ്ങളും കോർപ്പറേറ്റ് -രാഷ്ട്രീയ ബാന്ധവ സർക്കാരുകളും അവരെ മറച്ചുവച്ചു. ഈയിടെ ട്രംപ് വന്നപ്പോൾ ഭിത്തികെട്ടി മറച്ചത് നഗരങ്ങളിലെ തെരുവോരങ്ങളിലും ചേരികളിലുമുള്ള പട്ടിണിപ്പാവങ്ങളയാണ്.
ഷൈനിങ് ഇന്ത്യയുടെ വരേണ്യരായ കോർപ്പറേറ്റ് -രാഷ്ട്രീയ വക്ത്താക്കളാണ് ഇന്ത്യ ഭരിക്കുന്നത്. അവർ ദാരിദ്ര്യത്തിന്റെ നിർവചനം മാറ്റി സർക്കാർ റിപ്പോർട്ടുകളിൽ ദാരിദ്ര്യത്തിന്റെ ശതമാനം കുറച്ചു കാണിച്ചു. അങ്ങനെ നിയോ ലിബറലിസത്തിന്റ മുകളിൽ നിന്ന് ഇറ്റു വീഴുന്ന അപ്പക്കഷണങൾ ഇന്ത്യയിലെ ദാരിദ്ര്യവും പട്ടിണിയും കുറച്ചു എന്ന് മധ്യവർഗ്ഗത്തെയും ലോക മാധ്യമങ്ങളെയും വിശ്വസിപ്പിച്ചു. ഇന്ത്യയിലെ നൂറോളം ശത കോടീശ്വരൻമാരുടെ വളർച്ചയും സ്റ്റോക് എക്‌സ്‌ചേഞ്ചു കമ്പോളത്തിലെ വിനിമയവും കണ്ടു ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ കൈയ്യടിച്ചു സന്തോഷിച്ചു. അതിന്റ പൊള്ളത്തരങ്ങൾക്ക് നേരെയാണ് കൊടും ചൂടിലുള്ള പാവപെട്ടവരുടെ പാലയനങ്ങൾ വിരൽ ചൂണ്ടുന്നത്.
സർക്കാർ കണക്ക് പറയുന്നത് ഓരോ മിനിട്ടിലും 44 പേർ ദാരിദ്ര്യം മറികടക്കുന്നുവെന്നാണ്. അവരുടെ കണക്ക് അനുസരിച്ചു ഏതാണ്ട് 5.5 % മാനം പേരുമാത്രമേ ഇപ്പോൾ അതി ദാരിദ്ര്യത്തിലുംള്ളൂ. അതു വച്ചാണെങ്കിൽ കൂടി അത് ഏഴരകോടി ജനങ്ങളാണ്. എന്നാൽ സർക്കാർ ദാരിദ്ര്യത്തിന്റെ നിർവചനം മാറ്റി ദാരിദ്ര്യരുടെ എണ്ണം കുറക്കുന്ന ഞുണുക്ക് വിദ്യക്കപ്പുറം വസ്തുതകൾ പരിശോധിച്ചാൽ ഇരുട്ട് കൊണ്ടു ഓട്ട അടക്കുന്നത് കൃത്യമായി കാണാം. വസ്തുതകൾ നോക്കാം . ഇന്ത്യയിൽ ഇന്ന് ഏതാണ്ട് 50 കോടിയിലധികം ജനങ്ങൾക്ക് ഭൂമി ഇല്ല. 2011 സെൻസസ് അനുസരിച്ചു ഒരു വീട്ടിൽ ശരാശരി 4.9 ആളുകൾ എന്ന് ഗണിച്ചാൽ 49.49 കോടി ജനങ്ങൾ ഭൂരഹിതരാണ് ഇന്ത്യയിൽ. ആ സംഖ്യ 2020ഇൽ കൂടും എന്നത് ഉറപ്പാണ് . അത് മാത്രമല്ല ഭൂമിയുള്ളവരുടെ കൈവശമുള്ള ഭൂമിയുടെ ശരാശരി കുറഞ്ഞു വരുന്നു. കോർപ്പറേറ്റ്കൾ കൈവശം വക്കുന്ന ഭൂമിയുടെ അളവ് കൂടുന്നു ഇന്ത്യയിൽ 92.8% പേർക്ക് അഞ്ചു ഏക്കറിൽ താഴെയെഭൂമിയുള്ളൂ. അതിൽ തന്നെ 90% പേർക്ക് ഒരേക്കറിൽ താഴെ.
ഇന്ത്യയിൽ 68.8% ആളുകൾ പ്രതിദിനം രണ്ടു ഡോളറിൽ താഴെ വരുമാനംമുള്ളവരാണ്. ഇന്ത്യയിൽ വന്ന ഔദ്യോഗിക റിപ്പാർട്ടുകൾ പോലും പറയുന്നത് ഏതാണ്ട് എൺപത് കോടി ജനങ്ങൾ സാമ്പത്തിക പ്രയാസത്തിൽ ജീവിക്കുന്ന തൊഴിലാളികളാണ്. ജനസഖ്യയുടെ 75 % ത്തോളം.
യൂ എൻ ഡി പി കണക്ക് അനുസരിച്ചു 36.5 കോടി ജനങ്ങൾ അതി ദരിദ്രരാണ്. അതായത് ലോകത്തിലെക്കും ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യം ഇന്ത്യ തന്നെയാണ്. അതു യൂറോപ്പിലെ രാജ്യങ്ങളുടെ പല രാജ്യങ്ങളുടെയും ആകെ ജനസംഖ്യയിൽ കൂടും. യൂ എൻ കണക്ക് അനുസരിച്ചു പട്ടിണിപാവങ്ങൾ തന്നെ ഏതാണ്ട് 11.3:കോടി . ജനസംഖ്യയുടെ 8.6% ആളുകൾ. വീടും കൂടും ഇല്ലാതെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന 11 ലക്ഷം മനുഷ്യർ ഉണ്ട് ഈ രാജ്യത്തു. പക്ഷെ ഈ സർക്കാർ കണക്കിനും എത്രയോ മേളയാണ് യഥാർത്ഥ ആളുകളുടെ എണ്ണം. ലോകത്ത് ഏറ്റവും തെരുവിൽ കഴിയുന്ന കുട്ടികൾ ഇന്ത്യയിലാണ്. ഏതാണ്ട് 18 ലക്ഷം കുട്ടികൾ.
സർക്കാർ കണക്ക് അനുസരിച്ചു തന്നെ 18.78 ദശലക്ഷം കുടുംബങ്ങൾക്ക് വീടുകൾ ഇല്ല. അതായത് ഏകദേശം എട്ടുകോടി ജനങ്ങൾക്ക് വീടില്ല. ഇന്ത്യയിൽ വലിയ സാമ്പത്തിക വളർച്ചക്ക് ശേഷവും ഏതാണ്ട് 10 കോടി ജനങ്ങൾ പ്രതിദിനം ഒരു ഡോളറിൽ താഴെ വരുമാനത്തിലാണ് ജീവിക്കുന്നത്. ഇന്ത്യയിലെ നഗര ചേരികളിൽ ജീവിക്കുന്നത് 7 കോടി എൺപത് ലക്ഷം ജനങ്ങളാണ്. കേരളത്തിലെ ജനസംഖ്യയുടെ ഇരട്ടിയിലധികം. ലോകത്തിലെ ചേരി നിവാസികളിൽ 17% ഇന്ത്യയിലാണ് . ലോകത്തിൽ ഏറ്റവും കൂടുതൽ പട്ടിണി അനുഭവിക്കുന്നവരുടെ രാജ്യം കൂടിയാണ് ഇന്ത്യ.
എന്താണ് ഇന്ത്യയിൽ സംഭവിക്കുന്നത്. ഗ്രാമങ്ങളിൽ കൃഷി നാശവും പട്ടിണിയും കൊണ്ടു ആളുകൾ നഗരങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പലായനം ചെയ്യുവാൻ തുടങ്ങിയിട്ട് ദിശകങ്ങളായി. കേരളത്തിൽ പ്പോലും ബീഹാറിൽ നിന്നും യൂ പി യിൽ നിന്നും ബംഗാളിൽ നിന്നും ഒറീസ്സയിൽ നിന്നും വടക്ക്‌ കിഴക്കേ ഇന്ത്യയിൽ നിന്നും ആളുകൾ പലായനം ചെയ്ത് വരുന്നത് പട്ടിണിയുടെ നിഷ്ട്ടൂരതയിൽ നിന്ന് രക്ഷപ്പെടാനാണ അസമാനതകൾ കൂടി കൂടി വരുന്നു. ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ചു ഇന്ത്യയി ൽ 119 ബില്ല്യനയറുമാരുണ്ട്. ഇരുപത് കൊല്ലം മുമ്പ് അതു 9 ആയിരുന്നു. അവരുടെ ആസ്തി കഴിഞ്ഞ പത്തുകൊല്ലത്തിൽ പത്തിരട്ടികൂടി. അവരുടെ ആസ്തി കഴിഞ്ഞ യൂണിയൻ ബഡ്ജറ്റായ ഏകദേശം ഇരുപത്തിഅഞ്ചു ലക്ഷം കോടിയെക്കാൾ കൂടുതലാണ് . കണക്കുകൾ അനുസരിച്ചു 2017 ൽ ഇന്ത്യയിൽ ഉണ്ടായ സാമ്പത്തിന്റ 73% പോയത് ഇന്ത്യയിലെ 1% ധനികർക്കാണ്.
ഇന്ത്യയിൽ ഇന്നും ഏതാണ്ട് 6.3 കോടി ജനങ്ങൾക്ക് അടിസ്ഥാന മിനിമം ആരോഗ്യ പരിപാലനംപോലും ഇല്ല. എന്താണ് പ്രശ്നം? ഇന്ത്യയിലെ അധികാര ഭരണം ശിങ്കിടി മുതലാളിമാരും അവർ സ്പോൺസർ ചെയ്യുന്ന രാഷ്ട്രീയ വരേണ്യരുമാണ് നടത്തുന്നത്. നരേന്ദ്രമോദി പ്രസംഗിക്കുന്നത് ഹിന്ദി സംസാരിക്കുന്ന ” മേരേ പ്യാരേ ദേശ്വാസി ‘ ക്ക് വേണ്ടിയാണ് പക്ഷെ പ്രവർത്തിക്കുന്നത് അംബാനിക്കും അദാനിക്കും അതുപോലെയുള്ള ശിങ്കിടി കോർപ്പറേറ്റ് മുതലാളിമാർക്ക് വേണ്ടി. അവരുടെ സ്വത്തും ഭരിക്കുന്ന പാർട്ടിയുടെ ഫണ്ടും മാത്രമാണ് ഇന്ത്യയിൽ വളരുന്നത്.
കോവിഡ് 19 ഇന്ത്യയിൽ പൊതിഞ്ഞു മതിൽകെട്ടിയും മറച്ചുവച്ച പട്ടിണിപ്പാവങ്ങളെ വെളിയിൽകൊണ്ടു വന്നു. ഇതു ഭൂരിപക്ഷവും ബി ജെ പി ഭരിക്കുന്ന ഇടങ്ങളിലാണ് എന്നത് ചില സൂചനകളാണ്.
തെക്ക് ഇന്ത്യയിൽ ഇതു പോലെയുള്ള പാലയനങ്ങൾ കുറവാണ്. വടക്കേ ഇന്ത്യയിൽനിന്നും കിഴക്കേ ഇന്ത്യയിൽ നിന്നും കേരളത്തിൽ വന്നുപണിഎടുത്തു ജീവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി സുരക്ഷിത ക്യാമ്പും ഭക്ഷണവും സഹായങ്ങളും കേരള സർക്കാർ കരുതലോടെയും ഉത്തരവാദിത്തത്തോടെയും ചെയ്തത് കൊണ്ടാണ് കേരളത്തിൽ നിന്നും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പാലായനം കാണാത്തതു.
നഗരങ്ങളിൽ തെരുവിലും തൊഴിലാളി ക്യാമ്പുകളിലും ജീവിച്ചവരെഒരു നിമിഷം പോലും കരുതാതെ തീരുമാനം എടുത്ത സർക്കാർ ഇതുവരെ ഒന്നും ചെയ്യാത്തത് അവരുടെ വചോപട രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളെ കാണിക്കുന്നുണ്ട് . ഗാന്ധിജിയുടെ ടാലിസ്മാൻ പറയുന്നത് “‘ഏത് തീരുമാനം എടുക്കുമ്പോഴും നിങ്ങൾകണ്ട ഏറ്റവും പാവപെട്ടവരുടെ മുഖം ഓർക്കുക. നിങ്ങളുടെ തീരുമാനം അവരെ എങ്ങനെ ബാധിക്കും എന്ന കരുതി തീരുമാനിക്കുക “
“Recall the face of the poorest and the most helpless man whom you may have seen and ask yourself, if the step you contemplate is going to be of any use to him. Will he be able to gain anything by it? Will it restore him to a control over his own life and destiny? “
ഗാന്ധിജിയെകൊന്ന ഗോഡ്‌സെയുടെ പിൻഗാമികൾക്ക് ഗാന്ധിപറഞ്ഞത് ഓർക്കാത്തതിൽ അത്ഭുതം ഇല്ല. അവൻ ഓർക്കുന്ന ഗാന്ധി പണക്കാരുടെ നോട്ട് കൂമ്പാരങ്ങളിലെ ഗാന്ധിയാണ്. നോട്ടിലെ ഗാന്ധി. നോട്ടില്ലാത്ത പാവങ്ങളുടെ ഗാന്ധിയെ അവർക്കാവശ്യമില്ല. അതുകൊണ്ടാണ് ഈ രാജ്യത്തു കോടിക്കണക്കിന് പൌരന്മാർ നിരന്തരം പട്ടിണിയിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷ തേടി നിരന്തരം പലായനങ്ങൾ ചെയ്യുന്നത്. ആ സ്ഥിതി മാറണം. മാറിയേ പറ്റു. മാറ്റിയെ പറ്റു. അവരുടെ രാജ്യംകൂടിയാണ് ഇന്ത്യ.
Advertisements