ഹലാൽ വിരുദ്ധ ബോർഡ് വയ്ക്കാനിടയായത് ഷോപ്പിൽ നേരിട്ട അപമാനം കാരണം

797

Jubin Jacob Kochu purackal

ഒരു ഹലാൽ (?) ഫുഡ് സ്റ്റോറി

ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയായ “ഹലാൽ നിഷിദ്ധം” എന്ന ബോർഡിന്റെ പേരിൽ എനിക്കും കുറെയേറെ മെസേജുകൾ വരികയുണ്ടായി. അതിനു കാരണം മറ്റൊന്നുമല്ല, ആ ഹോട്ടലുടമ എന്റെ ഏറ്റവുമടുത്ത സുഹൃത്തായ തുഷാര എന്ന നന്ദനയാണെന്നത് പലർക്കുമറിയാം. എന്തുകൊണ്ടാണ്‌ നന്ദന തന്റെ റസ്റ്റോറന്റായ നന്ദൂസ് കിച്ചണിന്റെ മുന്നിൽ അങ്ങനെയൊരു ബോർഡ് സ്ഥാപിച്ചത്? എന്റെ വീട്ടിൽ നിന്നും ശബരിമല വരെ എഴുപതിൽ ചില്വാനം കിലോമീറ്റർ ദൂരമേയുള്ളൂ. കോവിഡിനൊക്കെ മുമ്പ് മണ്ഡലകാലമായിക്കഴിഞ്ഞാൽ മിക്ക ഹോട്ടലുകൾക്കും പുതിയൊരു ബോർഡ് വരും. പ്യുവർ വെജിറ്റേറിയൻ.. സംഗതി ഇതൊക്കെയാണെങ്കിലും സ്ഥിരം പൊറോട്ടയും ബീഫും വാങ്ങിക്കുന്നവന്‌ ഒതുക്കത്തിൽ അവിടുന്ന് സാധനം വാങ്ങുകയുമാവാം. മേശയിൽ വിളമ്പില്ലെന്നു മാത്രം. അതുകൊണ്ട് എന്താണുദ്ദേശിച്ചതെന്നു ചോദിച്ചാൽ ഒരേയൊരുത്തരമേയുളൂ- കച്ചവടം..! കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നമ്മുടെ ജീവിതത്തിലേക്കു കടന്നുവന്ന ഒരു വാക്കാണ്‌ ഹലാൽ. അതിന്റെ അർത്ഥമെന്താണെന്ന് പറഞ്ഞ് ആരെയും ഉദ്ബോധിപ്പിക്കേണ്ട ബാധ്യത എനിക്കില്ലാത്തതു കൊണ്ട് അതു പോട്ടെ. ഈ ഹലാൽ എന്ന വാക്ക് പച്ചനിറമുള്ള ദീർഘവൃത്താകൃതിയുള്ള ലേബലായി ഹോട്ടലുകളുടെ ബോർഡ് മുതൽ നാം സ്ഥിരം വാങ്ങുന്ന ആഹാരസാധനങ്ങളിൽ വരെ കയറിപ്പറ്റിയതു കണ്ടിട്ട് “എന്തോന്നെടേയ് ഇത്” എന്ന് തോന്നിപ്പോയിട്ടുണ്ട്. ഒരു മതവിഭാഗത്തിൽ പെട്ട ആളുകൾക്ക് കഴിക്കാൻ യോഗ്യമായതു മാത്രമേ വിപണിയിൽ വരാവൂ എന്നുണ്ടോ എന്ന സംശയം മനസ്സിലുദിച്ചു നിൽക്കുമ്പോൾ തന്നെ ഇതു കണ്ട ഒരു സുഹൃത്ത് പറഞ്ഞ കമന്റ് ഓർമ്മവരും
“ഇക്കണക്കിനു പോയാൽ കേരളത്തിൽ ഹലാൽ പോർക്കും കിട്ടുന്ന അവസ്ഥയാവും..”

തുഷാരയുടെ കാര്യത്തിൽ സംഭവിച്ചത് എന്താണെന്ന് നോക്കാം. നന്ദൂസ് കിച്ചണിൽ ഉച്ചയൂണു കഴിക്കാൻ രണ്ടു പേർ വരുന്നു. കൈകഴുകി ഇരിക്കുന്നു. പ്ളേറ്റ് കൊണ്ടുവെക്കുന്നു. ഊണു പറയുന്നു. ഭക്ഷണമെടുക്കുമ്പോൾ ആഗതരുടെ ചോദ്യം
“ഹലാലല്ലേ..?”
ഒരു നിമിഷം എന്തുപറയണമെന്നറിയാതെ നിന്നിട്ട് തുഷാര പറയുന്നു
“ഹലാൽ ഇല്ല”
കഴിക്കാനിരുന്നവർ ഒരക്ഷരം മിണ്ടാതെ എഴുന്നേറ്റ് സ്ഥലം വിടുന്നു. ഒരു ഭക്ഷണശാലയുടെ ഉടമയെ സംബന്ധിച്ചിടത്തോളം എത്ര വലിയൊരു അപമാനമാണതെന്ന് പറയേണ്ടതില്ലല്ലോ. പിന്നീട് പലതവണ ഈ നാടകം അരങ്ങേറിയതോടെ പ്രതികരിക്കാതെ തരമില്ലെന്നായി.-

തുഷാര പറയുന്നു.
എന്നു മുതലാണ്‌ ഈ നാട്ടിൽ ഇസ്ലാം മതവിശ്വാസികൾ ഹോട്ടലിൽ കയറി ഉച്ചയൂണ്‌ ഹലാലാണോ എന്ന് ചോദിക്കാൻ തുടങ്ങിയത്? ഹലാൽ ബോർഡ് വെച്ച ഹോട്ടലുകളിൽ കിട്ടുന്നതെല്ലാം ഹലാലാണെന്ന് എന്താണുറപ്പ്? ഞാൻ നേരത്തേ പറഞ്ഞ പച്ച എംബ്ളത്തിനുള്ളിൽ ഇംഗ്ളീഷിലും അറബിയിലും ഹലാൽ എന്നെഴുതിയാൽ ഏത് സുനാമി ഇറച്ചിയും ഹലാലാവുമോ? ഇതിനെല്ലാം ഉപോല്ബലകമായി കാണുന്ന കാഴ്ചകളിൽ ചിലത് തുഷാര വിശദീകരിക്കുന്നുണ്ട്. അരി വാങ്ങാൻ ചെന്നപ്പോൾ അരിച്ചാക്കിലും ഒരു മുദ്ര – ഹലാൽ എന്ന്..! എന്തോ എനിക്കിതൊന്നും മനസ്സിലാവുന്നില്ല. ഹലാൽ അരി വേണ്ടെന്നു പറഞ്ഞ് തിരികെ കൊടുത്തു. നെല്ല് കൃഷി ചെയ്ത് കൊയ്തു മെതിച്ചെടുത്ത് പുഴുങ്ങിക്കുത്തി അരിയാക്കുന്ന പ്രക്രിയയ്ക്കിടെ എന്ത് ഹലാലും ഹറാമും? ഇങ്ങനെയുള്ള പ്രഹസനങ്ങൾക്കെതിരേ പ്രതികരിക്കാനാണ്‌ “ഹലാൽ നിഷിദ്ധം” എന്ന വൈരുദ്ധ്യാത്മകമായ ബോർഡ് വെച്ചതെന്ന് തുഷാര പറയുന്നു.

ഹലാൽ എന്നത് അനുവദനീയമായത് എന്ന അർത്ഥമാണുള്ളതെങ്കിൽ ആ ഹലാൽ ഇവിടെ നിഷിദ്ധമാണെന്നാണ്‌ നന്ദൂസ് കിച്ചണിന്റെ മുന്നിലെ ബോർഡ്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ മതവിശ്വാസികൾ മുന്നോട്ടു കൊണ്ടുവന്ന ട്രോളുകളാണ്‌ അതിലും രസം. ഇനി മുതൽ നന്ദൂസ് കിച്ചണിന്റെ മെനുവിൽ ‘വണ്ടിയിടിച്ചു ചത്ത പോത്ത്’, പക്ഷിപ്പനി വന്നു ചത്ത താറാവ്‘ ഒക്കെയായിരിക്കും ഉണ്ടാവുക എന്നാണ്‌ അവരുടെ കണ്ടുപിടിത്തം. ഇതിനെക്കാൾ വൃത്തികെട്ട (ചിക്കൻ പൊട്ടിത്തെറിച്ചത്, പോത്ത് കറങ്ങിത്തിരിഞ്ഞത് എന്നൊക്കെയുള്ള) പേരിട്ട് വിഭവങ്ങൾ വിൽക്കുന്ന ഹോട്ടലുകൾ ഈ നാട്ടിൽ തുടങ്ങിയതും ഹലാൽ ബോർഡുകാരാണ്‌ എന്നത് നിങ്ങൾ മറന്നുപോയോ. അവിടെ വിൽക്കുന്ന ഇറച്ചി എവിടെ നിന്ന്, എങ്ങനെ വന്നു എന്നറിഞ്ഞിട്ടു പോരേ നാട്ടാരുടെ ഹോട്ടലിൽ ഹലാലാണോ ബിലാലാണോ എന്നൊക്കെ അന്വേഷിക്കുന്നത്? കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പഴകിയ ഇറച്ചിയും മറ്റും പിടിച്ചെടുത്ത് പൂട്ടിച്ച ഭക്ഷണശാലകളുടെ ലിസ്റ്റൊന്ന് എടുത്തുനോക്കൂ. അതിൽ ഏറെയും ഹലാൽ ബോർഡുള്ളവ തന്നെയാവും.

പിന്നെ ഇതൊക്കെപ്പറയാൻ ഹലാലും ഹറാമും ഒക്കെ തിന്നുന്ന എനിക്കെന്തു കാര്യം എന്നല്ലേ? കാര്യമുണ്ട്. കൊച്ചിനഗരത്തിൽ എന്റെ അപ്പന്റെ സഹോദരങ്ങളടക്കമുള്ളവരുടെ വീടുകളുണ്ട്. പരശ്ശതം സുഹൃത്തുക്കളുമുണ്ട്. പക്ഷേ ഏതു പാതിരായ്ക്കും എനിക്ക് ഒരല്പം ആഹാരം വേണമെങ്കിൽ, വയറു വിശന്നു കയറിച്ചെന്നാൽ പഴങ്കഞ്ഞിയാണെങ്കിൽ പോലും പത്തുകൂട്ടം കൂട്ടാനും കൂട്ടി എന്നെ വയറു നിറയെ ഊട്ടാൻ തയ്യാറുള്ള ഒരേയൊരാളേ എന്റെയറിവിൽ ഉള്ളൂ. അത് തുഷാര എന്ന നന്ദനയാണ്‌. ഇത് എനിക്കു മാത്രമുള്ള ഒരു അവകാശമല്ല. അവളുടെ സുഹൃത്തുക്കളായ മുസ്ലിമിനും ക്രിസ്ത്യാനിക്കും ഹിന്ദുവിനുമൊക്കെ അത് ബാധകമാണ്‌. അവളെ ന്യായീകരിക്കാനോ അവളുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കാനോ അല്ല. മതവിശ്വാസങ്ങൾ നമ്മുടെ കഞ്ഞിക്കലം വരെ എത്തുന്നതിനെ പ്രതിരോധിച്ചതിനാണ്‌ എന്റെ പിന്തുണ. ബി.ജെപി ആഭിമുഖ്യമുണ്ടെങ്കിലും ഏറ്റവും നന്നായി ബീഫ് വരട്ടിയതും വറുത്തതുമൊക്കെ കിട്ടുന്നതും നന്ദുവിന്റെ അടുക്കളയിൽ നിന്നാവും എന്നത് മറ്റൊരു വാസ്തവം. ആ അടുക്കളയിൽ ആർക്കും കയറിവരാം, ആർക്കും സ്വാഗതമെന്ന് നന്ദനയും ഭർത്താവ് അജിയണ്ണനും പറയുന്നു. (സ്വന്തം വീട്ടിലെന്ന പോലെ ആ അടുക്കളയിലിരുന്ന് ആഹാരം കഴിക്കുന്ന ഒരാളെന്ന നിലയിൽ ഇത്രയും പറഞ്ഞെന്നു മാത്രം. അത് ഇന്നലെ അങ്ങനെയായിരുന്നെങ്കിൽ ഇന്നും അങ്ങനെയാണ്‌, നാളെയും അങ്ങനെ തന്നെയായിരിക്കും എന്നാണെന്റെ ധൈര്യം.

കുറെയേറെ കാര്യങ്ങൾ എഴുതണമെന്നുണ്ട്. അത് ഇതിനിടയിൽ കൂടി രാഷ്ട്രീയം വിൽക്കാൻ ശ്രമിക്കുന്ന കഴുതപ്പുലികളെക്കുറിച്ചാണ്‌. അത് നാലായി മടക്കി അരയിൽ വെച്ചോട്ടെ. അവരുടെ രാഷ്ട്രീയത്തോടും അതിന്റെ നയങ്ങളോടും ഒരു യോജിപ്പുമില്ല. ഇവിടെ അതിനെക്കാൾ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ്‌ വേണ്ടത്. സമയവും സ്ഥലവും പരിമിതമായതിനാൽ നിർത്തുന്നു.