തിരക്കുള്ള തെരുവിൽ പോലും ഓരം ചേർന്ന് സഞ്ചരിക്കുന്ന ഒരു നടൻ

0
236

Jubin Jacob Kochupurackan

ചില കലാകാരന്മാർ അങ്ങനെയാണ്‌… തിരക്കുള്ള തെരുവിൽ പോലും ഓരം ചേർന്ന് സഞ്ചരിക്കുന്നവർ. എഴുന്നെള്ളത്തുകൾക്കിടയിലും കൊമ്പനൊപ്പം ചേർന്നു നടക്കുന്ന പാപ്പാനെപ്പോലെ ഒതുങ്ങി നടക്കും. പറഞ്ഞുവരുന്നത് ഏതാണ്ട് രണ്ടു പതിറ്റാണ്ടായി മലയാളസിനിമയോടൊപ്പം ഒഴുകുന്ന ദിനേശ് പ്രഭാകർ എന്ന അഭിനേതാവിനെപ്പറ്റിയാണ്‌.

May be an image of 1 person2002ൽ നമ്മൾ എന്ന സിനിമയിലൂടെയാണ്‌ ഇദ്ദേഹം മലയാള ചലച്ചിത്രലോകത്തെത്തിയതെന്നാണറിവ്. അതേ വർഷം ഇറങ്ങിയ മീശമാധവനിലും കണ്ടതായാണോർമ്മ. കൃഷ്ണവിലാസം ഭഗീരഥൻ പിള്ളയെ പിന്നാമ്പുറം കണികാണിച്ച അഞ്ചുപേരിൽ ഒരാൾ ദിനേശായിരുന്നു. പിന്നീട് ഞാൻ ഇദ്ദേഹത്തെ ശ്രദ്ധിക്കുന്നത് രസികനിലെ രാജ്കുമാർ എന്ന കഥാപാത്രത്തിലൂടെയാണ്‌. പിന്നീട് 2013 ആയപ്പോൾ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയിലെ അഡ്വക്കേറ്റ് അശോകൻ കുപ്പപ്പുറമായി നല്ലൊരു തിരിച്ചുവരവാണ്‌ അദ്ദേഹം നടത്തിയത്. 1983ലും ശ്രദ്ധേയമായ പ്രകടനമായിരുന്നു ദിനേശ് കാഴ്ചവെച്ചത്.

May be an image of 1 person and outdoorsസിനിമയും വേഷവും ഒക്കെ വലുപ്പച്ചെറുപ്പം നോക്കാതെ കൂടെക്കൂടുന്നതാണ്‌ അദ്ദേഹത്തിന്റെ രീതിയെന്ന് തോന്നിയിട്ടുണ്ട്. ബിവെയർ ഓഫ് ഡോഗ്സ് എന്ന സിനിമയിൽ മനോജ് കെ ജയൻ അവതരിപ്പിച്ച ജോൺ ബാപ്ടിസ്റ്റ് എന്ന കഥാപാത്രത്തിന്റെ പേര്‌ പറയാനറിയാത്ത സഹായി ഫ്രെഡ്ഡി അയാളെ വിളിക്കുന്നത് പാസ്പിസ്റ്റ് എന്നാണ്‌. അതേ വർഷമിറങ്ങിയ ഹോംലി മീൽസ് എന്ന സിനിമയിലെ ലാലന്‌ കിട്ടിയ ബിജിഎം ഓർമ്മയുണ്ടല്ലോ.. വന്ദനം സിനിമയിലെ “ലാലാ… ലാലാ…” എന്ന ട്യൂണായിരുന്നു ലാലന്റെ എൻട്രിക്ക് കിട്ടിയത്. ആ ബിജിഎം പിന്നീടങ്ങോട്ട് കോമഡിയായി മാറാൻ കാരണവും ഇങ്ങേരാണെന്ന് വേണമെങ്കിൽ പറയാം.

May be an image of 4 people and people standing2015 ആയപ്പോൾ ദിനേശിനു ലഭിക്കുന്ന വേഷങ്ങൾ കൂടി. അയാൾ ഞാനല്ല എന്ന സിനിമയിൽ ലാൻഡ്‌ലോർഡായ ക്രിസ്റ്റഫർ വാസ്കോ എന്ന വേഷം, ജമ്നാ പ്യാരിയിലെ ആടുതോമ, കുഞ്ഞിരാമായണത്തിലെ മാനസികാസ്വാസ്ഥ്യമുള്ള പട്ടാളം രാമചന്ദ്രൻ, പ്രേമം, ടൂ കണ്ട്രീസ് തുടങ്ങിയ ചിത്രങ്ങളും ആ വർഷം ചെയ്തു. അതിൽ ലുക്കാചുപ്പിയിലെ ബെന്നി ഹൃദയസ്പർശിയായ ഒന്നായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്ന, ബിരുദധാരിയായ ബെന്നി ജീവിതത്തിലെപ്പോഴോ തന്റെ വഴിപിരിഞ്ഞ് മദ്യപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായി ജീവിക്കുന്ന നാട്ടിലേക്ക് അയാളുടെ സഹപാഠികൾ വരുന്നതും, ആകസ്മികമായി അയാൾ അവർക്കിടയിലെത്തുന്നതും, ജീവിതത്തിൽ തോറ്റവനെപ്പോലെ ബെന്നി അവർക്കു നടുവിലിരിക്കുന്നതുമൊക്കെ വല്ലാതെ നോവിച്ച രംഗങ്ങളാണ്‌..

I am recognised as an artiste and that matters the most: Dinesh Prabhakar -  The Hinduഒരു പക്ഷേ അതുപോലെ പലയിടത്തും തലകുനിച്ചിരുന്നതു കൊണ്ടാവാം ആ കഥാപാത്രം അദ്ദേഹത്തിന്റെ ബെസ്റ്റ് ആണെന്നുപോലും എനിക്കു തോന്നുന്നത്. ഏറ്റവുമൊടുവിലായി മാലിക്കിൽ പീറ്റർ എസ്തപ്പാനായി അദ്ദേഹത്തെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, മുഴുനീള വേഷമായിരുന്നെങ്കിലും കാര്യമായ ഡയലോഗുകളൊന്നുമില്ലാതിരുന്ന കുറവ് ആ കോടതി സീനിൽ സുലൈമാനു വേണ്ടി സംസാരിക്കുന്നിടത്ത് തീർത്തുകൊടുത്തു.

ഇതൊക്കെയാണെങ്കിലും ഇന്നും ഇദ്ദേഹത്തിന്റെ പേരു പോലുമറിയാത്തവരാവും ഏറെയും. ഇനി പേരറിയുന്നവരിൽ പലരുമറിയാത്ത കുറച്ചു വിശേഷങ്ങൾ കൂടി. മലയാളത്തിൽ മാത്രമല്ല, അങ്ങ് ബോളിവുഡിലുമുണ്ട് ദിനേശിന്റെ പിടി. ബോളിവുഡിൽ ജോൺ ഏബ്രഹാം, മനോജ് ബാജ്പേയ്യി, നസറുദ്ദീൻ ഷാ എന്നിവർക്കൊപ്പവും തമിഴിൽ അജിത്ത് അടക്കമുള്ള പ്രമുഖർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട് ദിനേശ്. ഇദ്ദേഹം ഒരു കാസ്റ്റിങ്ങ് ഡയറക്ടറാണ്‌. തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ലുക്കാചുപ്പി തുടങ്ങിയ സിനിമകളുടെ കാസ്റ്റിങ്ങ് ഇദ്ദേഹമാണ്‌ നിർവ്വഹിച്ചത്. ആമേൻ, ടൂ കണ്ട്രീസ്, പുലിമുരുകൻ എന്നീ ചിത്രങ്ങളിൽ മകരന്ദ് ദേശ്പാണ്ഡെയ്ക്കു വേണ്ടി ശബ്ദം കൊടുത്തതും ഇതേ ദിനേശ് പ്രഭാകർ തന്നെയാണെന്നറിയുക. ഡബിൾബാരൽ. ലഡു തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടിയും ഇദ്ദേഹം ഡബ് ചെയ്തിട്ടുണ്ട്.

Dinesh Prabhakar Height, Weight, Age, Affairs, Wife, Biography & More »  StarsUnfoldedയാദൃച്ഛികമായി കണ്ട ‘ബക്രീദ്’ എന്ന തമിഴ് സിനിമയിൽ സുന്ദരം എന്ന കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിച്ചത് അതിമനോഹരമായിട്ടായിരുന്നു. ഇന്ന് ഈ ബക്രീദ് സമയത്ത് അതേപ്പറ്റി എഴുതുമ്പോൾ ഒരുഗ്രൻ തമിഴ് പ്രൊജക്റ്റിന്റെ റിലീസും കാത്തിരിക്കുകയാണ്‌ അദ്ദേഹം എന്നത് മറ്റൊരു കൗതുകം. എന്തായാലും ദിനേശ് പ്രഭാകർ എന്ന കലാകാരൻ അധികം വൈകാതെ തെന്നിന്ത്യൻ സിനിമയുടെ നടുമുറ്റത്തു തന്നെയുണ്ടാവും, കാസ്റ്റിങ്ങ് ഡയറക്ടറായോ, ഡബ്ബിങ്ങ് ആർട്ടിസ്റ്റായോ മാത്രമല്ല, ജീവിതഗന്ധിയായ കഥാപാത്രങ്ങൾക്ക് ജീവനേകുന്ന നടനായി, ഇരുത്തം വന്ന കലാകാരനായി തന്നെ, ഓൺസ്ക്രീനായിത്തന്നെ അദ്ദേഹത്തെ കാണണമെന്നാണ്‌ ആഗ്രഹം. കൂടുതൽ നല്ല വേഷങ്ങൾ, നല്ല സിനിമകളുടെ ഭാഗമാകാൻ അവസരങ്ങളുണ്ടാവട്ടെ എന്നാശംസിക്കുന്നു…

Dinesh Prabhakar ന്റെ പ്രൊഫൈൽ എം3ഡിബി പ്രൊഫൈൽ ഇവിടെ കാണാം.

https://m3db.com/dinesh-prabhakar