Jubin Jacob Kochupurackan
സിനിമയിലെ അബദ്ധങ്ങൾ മുമ്പും എഴുതിയിട്ടുണ്ട്. ഇടക്കാലത്ത് പലതും കണ്ടെങ്കിലും അവഗണിക്കുകയായിരുന്നു. പക്ഷേ മാലിക് കണ്ടപ്പോൾ അത് അങ്ങനെ വിട്ടുകളയാൻ തോന്നിയില്ല. പ്രത്യേകിച്ച് പലരുടെയും പ്രസ്താവനകൾ കേട്ടപ്പോൾ.ഓരോരുത്തരും സിനിമ കാണുന്നത് അവരുടെ കാഴ്ചപ്പാടിലാണെന്ന് പറയാറുണ്ട്. അതായത് പത്തു പേർ ഒരു സിനിമ കണ്ടാൽ അവർ പത്ത് വ്യത്യസ്ത സിനിമകളായിരിക്കും കണ്ടതെന്ന് കണക്കാക്കാമത്രേ. ഞാൻ സിനിമകൾ കാണുമ്പോൾ സ്വാഭാവികമായും ശ്രദ്ധിക്കാറുള്ള ഒരു ഘടകമാണ് വാഹനങ്ങൾ. കാൾക്കാശിനു കൊള്ളത്തതവയാണെങ്കിലും ചില പഴയ പടങ്ങൾ വരുമ്പോൾ ആ കാലഘട്ടത്തിലെ വണ്ടികൾ കാണാനായി സ്ക്രീനിൽ കണ്ണും നട്ടിരിക്കാറുണ്ട്. വാഹനങ്ങൾ മാത്രമല്ല, അന്നത്തെ വസ്ത്രധാരണം, ഹെയർസ്റ്റൈൽ, പരസ്യബോർഡുകൾ, പരസ്യ ചുവരെഴുത്തുകൾ, അക്കാലത്ത് പ്രസിദ്ധമായിരുന്ന വിവിധ ഉല്പന്നങ്ങൾ ഇതൊക്കെ കണ്ണിൽപെടാറുമുണ്ട്.
പഴയ കാലത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമകൾ വരുമ്പോഴും ഇത്തരം കാര്യങ്ങളുടെ പൂർണ്ണത എത്രത്തോളമുണ്ടെന്ന് വെറുതെ ശ്രദ്ധിക്കാറുണ്ട്. മലയാളത്തിലിറങ്ങിയ പല സിനിമകളിലും ഇത്തരം കാര്യങ്ങൾ ഒരു ഗവേഷണവും കൂടാതെ ചെയ്യുന്നതാണെന്ന് തോന്നിയിട്ടുണ്ട്. ആരെങ്കിലും അത് ചൂണ്ടിക്കാണിച്ചാൽ അത്രയും നേരം പടത്തിന്റെ ടെക്നിക്കൽ പെർഫെക്ഷനെപ്പറ്റി വാതോരാതെ പറയുന്നവർ തന്നെ ബജറ്റിന്റെ പേരും പറഞ്ഞ് കരയാൻ തുടങ്ങും. ഏറ്റവുമൊടുവിലായി ‘മാലിക്’ കണ്ടപ്പോൾ അതിലെ ഇങ്ങനെയുള്ള ചെറിയ ചില പ്രശ്നങ്ങളാണ് പടത്തിനെക്കാൾ മനസ്സിലുടക്കിയതും.
ഹോംമെയ്ഡ് അന്തർവാഹിനിയും ആംഫിബിയൻ വാഹനവുമൊക്കെ മലയാളസിനിമയ്ക്ക് പുതിയ കാഴ്ചകളാണെങ്കിലും സാങ്കേതികമായും പ്രായോഗികമായും ചിന്തിക്കുന്നവരെ ആ രണ്ട് ഐറ്റവും ചിരിപ്പിക്കും. വെള്ളത്തിനടിയിൽ സഞ്ചരിക്കാനാവുന്ന വാഹനങ്ങൾക്ക് നിലവിൽ രണ്ട് ഇന്ധനശ്രോതസ്സുകളാണുള്ളത്. ഒന്ന് ഡീസൽ എഞ്ചിനും ജനറേറ്ററും അതുപയോഗിച്ച് ചാർജ്ജ് ചെയ്യുന്ന ബാറ്ററി ബാങ്ക്, അല്ലെങ്കിൽ ആണവോർജ്ജം കൊണ്ട് നിർമ്മിക്കുന്ന വൈദ്യുതി. രണ്ടാമതു പറഞ്ഞ സാധനമാവാൻ എന്തായാലും വഴിയില്ല. ഡീസൽ എഞ്ചിനുപയോഗിച്ച് ജലോപരിതലത്തിലും, ജലവിതാനത്തിനു തൊട്ടു താഴെയും (സ്നോർക്കലുപയോഗിച്ച് സഞ്ചരിക്കാനാവും. പക്ഷേ അതിന് സ്നോർക്കൽ മാസ്റ്റും അതോടൊപ്പം എക്സോസ്റ്റും വേണം എന്നാണറിവ്. പക്ഷേ സുലൈമാന്റെ സബ്മറൈന് ഇതൊന്നുമില്ല. ഹ്രസ്വദൂര ഉപയോഗമായതുകൊണ്ട് ഇനി വലിയൊരു ബാറ്ററി പായ്ക്ക് കൊണ്ട് പ്രവർത്തിപ്പിച്ചതാണെന്ന് വേണമെങ്കിൽ അങ്ങ് വിശ്വസിക്കാം.. നമ്മുടെ മലയാളം പടമല്ലേ.. പോട്ടെ..
പക്ഷേ ആ ബോട്ടോറിക്ഷ (പ്രയോഗത്തിനു കടപ്പാട് ഏതോ ഒരു കമന്റൻ). അതൊരു അക്രമം ആയിപ്പോയി. മൂന്നു പേർക്ക് കയറാവുന്ന ഒരു ബോട്ടിനടിയിൽ ഒരു ഷാസിയുണ്ടാക്കി അതിൽ എഞ്ചിനും വീലുകളുമൊക്കെ ഘടിപ്പിക്കുക, {ഒരു ഷോട്ടിൽ മിന്നായം പോലെ അതിന്റെ സ്റ്റിയറിങ്ങിനു പിന്നിൽ രാജ്ദൂതിന്റെ ഒരു ടാങ്കൊക്കെ കാണാം.} കടലിൽ നിന്ന് കരയിലേക്ക് ഓടിക്കയറുക. (അതിനാണെങ്കിൽ അടുത്ത കാലത്തിറങ്ങിയ ആപെയുടെ ഫ്രണ്ട് ഫോർക്കും സസ്പെൻഷനും.) പറയുമ്പോൾ നിസ്സാരമായി തോന്നാവുന്ന ഒരു കാര്യം. ഇങ്ങനെയൊരു വാഹനമുണ്ടാക്കാൻ കഴിയില്ലേ? കഴിയും എന്നാണുത്തരം. പിന്നെന്താണ് പ്രശ്നം? ബോട്ടിന്റെയും വള്ളത്തിന്റെയുമൊക്കെ അടിഭാഗം കണ്ടിട്ടുണ്ടോ നിങ്ങൾ? ജലപ്പരപ്പിലൂടെ തെന്നിപ്പോകാൻ സഹായിക്കും വിധം നിരപ്പായ പ്രതലമാണ് ജലവാഹനങ്ങൾക്കുണ്ടാവുക. അതിൽ നിന്ന് താഴേക്ക് തൂങ്ങുന്നത് എന്തു സാധനമായാലും അത് വെള്ളത്തിലൂടെ സുഗമമായ സഞ്ചാരത്തിനു തടസ്സമാവും. ഒരു ഔട്ട്ബോർഡ് എഞ്ചിൻ കൊണ്ട് പരമാവധി വേഗത്തിൽ Propel ചെയ്താലും മൂന്നു വീലുകളുടെയും അവയുടെ അനുബന്ധസാമഗ്രികളുടെയും Drag നാം കരുതുന്നതിലും ഏറെയാവും. മേൽപ്പറഞ്ഞ തടസ്സങ്ങളൊന്നുമില്ലാത്ത കോസ്റ്റ്ഗാർഡ്/കസ്റ്റംസ് ബോട്ടിന് ഈ സാധനത്തെ ഓടിച്ചിട്ടു പിടിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ലെന്ന് സാരം. അതൊക്കെ കൊണ്ടു തന്നെയാവും വെള്ളത്തിലോടുന്ന സീനുകളിൽ വീലുകൾ ഇല്ലാത്തത്. (ചിത്രം ശ്രദ്ധിക്കുക.)
1990കളിൽ (അതോ 1980കളോ) സുലൈമാൻ ഗൾഫിൽ പോയി വരുമ്പോൾ ഡേവിഡ് സ്വീകരിക്കാൻ വരുന്ന കറുത്ത അംബാസഡർ കാറിന്റെ നമ്പർ KET ആ വണ്ടിക്കാണെങ്കിൽ 2000നു ശേഷമിറങ്ങിയ വണ്ടിയുടെ ടെയ്‌ൽലാമ്പ് 1997ൽ വന്ന തരം ഡോർ ഹാൻഡിലുകൾ. പോരാത്തതിന് ക്ളാസ്സിക്കിന്റെ മോണോഗ്രാമും. മുന്നിലേക്കു വരുമ്പോൾ പുതിയ രൂപത്തിലുള്ള ഒരു അംബാസഡർ ക്ളാസ്സിക്..! (ഏതാണ്ടിതേ ഐറ്റം പൊറിഞ്ചുമറിയംജോസിലുമുണ്ടായിരുന്നു. 1960കളിൽ മുറ്റത്ത് അംബാസഡർ ഗ്രാൻഡ് വാങ്ങിയിടാൻ ടൈം ട്രാവൽ ചെയ്ത ആലപ്പാട്ടെ മൊയലാളി)
അതൊക്കെപ്പോട്ടെ, മാലിക്കിലെ വാഹനങ്ങളിൽ മറ്റൊന്ന് കള്ളക്കടത്ത് സാധനങ്ങൾ അവർ ശേഖരിക്കുന്ന കപ്പലാണ്. നെഹ്രു ശതാബ്ദിയെന്നാണ് കപ്പലിന്റെ പേര്. പക്ഷേ ഒരു പ്രശ്നമുണ്ട് വർമ്മസാറേ, അതൊരു ഹോപ്പർ ക്ളാസ് ഡ്രജറാണ്, യെന്തോന്ന്.. ഡേയ് മണ്ണുമാന്തിക്കപ്പൽ..! സംഗതി ജവഹർലാൽ നെഹ്രുവിന്റെ ശതാബ്ദിക്ക് 1989ൽ കമ്മീഷൻ ചെയ്തതാണ്. സിനിമയിലെ സംഭവം നടക്കുന്നത് 1989 ലോ അതിനു ശേഷമോ ആണെങ്കിൽ പോലും ആ കാലഘട്ടത്തിലെ പോലീസിന് നിക്കർ.. അത് 1982ലോ മറ്റോ മാറ്റി പാന്റ്സാക്കിയതല്ലേ അണ്ണാ?
പറയാനാണെങ്കിൽ ഇതിലും ഏറെയുണ്ട്. കുറ്റം പറയാൻ വേണ്ടി സിനിമ കാണുന്നതല്ല. ഇത്രയേറെ പണം മുടക്കി നിർമ്മിച്ച ഒരു സിനിമയിൽ ചർച്ചയാകുന്ന കാര്യങ്ങൾ പോലും അശ്രദ്ധമായി ചെയ്തിരിക്കുന്നത് കണ്ടപ്പോൾ പറഞ്ഞുപോയതാണ്. പലരും ഇതിനെ വളരെ കൺവിൻസിങ്ങ് ആണെന്നൊക്കെ പുകഴ്ത്തുന്നതു കേട്ടപ്പോൾ നിവൃത്തിയില്ലാതെ വാതുറക്കേണ്ടി വന്നതാണ്. ആരൊക്കെയോ ഗാങ്ങ്സ് ഓഫ് വസേപ്പൂർ എന്ന സിനിമയുമായി ഒക്കെ മാലിക്കിനെ താരതമ്യപ്പെടുത്തി കണ്ടിരുന്നു. ഇത്തരം അബദ്ധങ്ങളുടെ കാര്യത്തിൽ മാലിക്കിന്റെ ഉപ്പുപ്പയാണ് ഗാങ്ങ്സ് ഒഫ് വസേപ്പൂർ. ഓരോ കാലഘട്ടത്തിലെയും വാഹനങ്ങൾ കാണിക്കുന്നതിൽ ഭൂലോക തോൽവിയായൊരു സിനിമ എന്നു വേണമെങ്കിൽ പറയാം.
മുമ്പൊരിക്കൽ ഇതേപോലെ കമ്മട്ടിപ്പാടത്തെപ്പറ്റി പോസ്റ്റിട്ടപ്പോൾ എന്റെ സുഹൃത്തുക്കളായ കുറച്ചു സിനിമക്കാർ അതിന്റെ താഴെ പതം പറയുന്നുണ്ടായിരുന്നു. (ഇതൊക്കെയാണെങ്കിലും സിനിമയ്ക്കു വേണ്ടി ഗവേഷണം ചെയ്തു എന്നൊക്കെയുള്ള തള്ളിമറിക്കലിനു മാത്രം ഒരു കുറവുമില്ല.) ആ സമയത്ത് അങ്ങനെയൊന്നും വണ്ടികൾ കിട്ടില്ല, ആർട്ട് ഡയറക്ടർ അറേഞ്ച് ചെയ്യുന്നതാണെന്നൊക്കെ.
ഇത്രയേറെപ്പേരുടെ അധ്വാനത്തെ അപമാനിക്കരുതെന്ന പതിവ് കോറസും അതോടൊപ്പമുണ്ടായിരുന്നു, അവരോടും കൂടി ചോദിക്കുകയാണ്. നൂറു പേരു ചെയ്യുന്ന ജോലിയിൽ തൊണ്ണൂറ്റൊമ്പതിന്റെ പണി കുളമാക്കാൻ നൂറാമന്റെ കയ്യീന്നു വരുന്ന ഒരു മണ്ടത്തരം മതി. വിദേശസിനിമകളിൽ ഇത്തരം കാര്യങ്ങൾക്ക് അവർ കാശുകൊടുത്ത് കൺസൽട്ടന്റ്മാരെ വെച്ചിട്ടുണ്ട്. അല്ലാതെ ആർട്ട് ഡയറക്ടർ പറയുന്നതും കേട്ട് ആ വഴിക്ക് പോവുകയല്ല. ഇവിടെ അതൊന്നും നടക്കുമെന്ന് പ്രതീക്ഷയില്ല.. ലൊക്കേഷൻ കാണാൻ വിളിച്ചോണ്ടു പോയാൽ പെട്രോളു കാശു പോലും തരാത്ത, പണിയെടുക്കുന്നവർക്ക് വണ്ടിച്ചെക്കു കൊടുത്ത് പച്ചച്ചിരിയും ചിരിച്ച് വിടുന്ന മഹാന്മാരുള്ള മലയാള സിനിമ എങ്ങനെ രക്ഷപ്പെടാൻ? മേൽപ്പറഞ്ഞവ എന്റെ സ്വന്തം അഭിപ്രായങ്ങളാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറയാം, ചർച്ചയാവാം, തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്താം..