പിതാവിന്റെ സംരക്ഷണത്തിനായി മക്കൾ തമ്മിൽ നടത്തിയ കേസ് ചരിത്രമായി.

623

അടുത്ത കാലത്ത് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കോടതിയിൽ 80 ഉം 70 ഉം വയസ്സുള്ള രണ്ട് സഹോദരൻമാർ തമ്മിൽ നടത്തിയ ഒരു കേസ് ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു.

കേസിന് ആസ്പദമായ സംഭവമാണ് വിചിത്രം.
100 വയസ്സിനു മുകളിൽ പ്രായമുള്ള പിതാവിനെ കഴിഞ്ഞ 40 വർഷത്തിലധികമായി സംരക്ഷിച്ചു വരുന്നത് 80 വയസ്സുള്ള തന്റെ മൂത്ത സഹോദരനാണെന്നും, ഇനിയുള്ള കാലം പിതാവിന്റെ സംരക്ഷണം തന്നെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിട്ട് ജേഷ്ഠൻ അനുവദിക്കുന്നില്ല എന്നും കോടതി ഇടപെട്ട് പിതാവിന്റെ സംരക്ഷണം തന്നെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.

കോടതിയിൽ വാദപ്രതിവാദങ്ങൾ തുടർന്നു. യാതൊരു കാരണവശാലും പിതാവിന്റെ സംരക്ഷണം ഞാൻ ആർക്കും വിട്ടുകൊടുക്കില്ല എന്ന് മൂത്ത മകനും, കഴിഞ്ഞ 40 വർഷമായി പിതാവിന്റെ സംരക്ഷണം ചെയ്തു വരുന്നത് 80 വയസ്സായ തന്റെ ജേഷ്ഠനാണെന്നും, ഇനിയുള്ള കാലം പിതാവിന്റെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്നും അനുജനും വാദിച്ചുകൊണ്ടിരുന്നു.

ജഡ്ജിക്ക് ഒരു തീരുമാനത്തിലെത്തുവാൻ കഴിയാത്ത അവസ്ഥയായി.
എങ്കിൽ ഒരു പരിഹാരമെന്ന നിലയിൽ ഇനിയുള്ള കാലം രണ്ടു പേരും മാറി മാറി പിതാവിനെ സംരക്ഷിക്കുക എന്ന അഭിപ്രായം ജഡ്ജി മുന്നോട്ട് വെച്ചു.
എന്നാൽ അതിനോട് യോജിക്കുവാൻ ഈ കൂട്ടരും തയ്യാറായില്ല.

അടുത്തതായി ജഡ്ജി പിതാവിന്റെ അഭിപ്രായം തേടി.
പിതാവ് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. “എനിക്ക് എന്റെ മക്കളെല്ലാം തുല്യരാണ്, ആരേയും വേർതിരിച്ച് കാണാനാകില്ല.

അപ്പോൾ ജഡ്ജി ഒരിക്കൽ കൂടി തൃശങ്കുവിലായി.

അവസാനം ജഡ്ജി തന്നെ ഒരു തീരുമാനത്തിലെത്തി.
കഴിഞ്ഞ 40 വർഷക്കാലം പിതാവ് മൂത്ത മകന്റെ സംരക്ഷണയിലായിരുന്നു.
ഇപ്പോൾ ആ മകന് 80 വയസ്സുള്ള വൃദ്ധനുമായി.

പിതാവ് എല്ലാവർക്കുമുള്ളതായതിനാൽ പിതാവിന്റെ സംരക്ഷണം മറ്റുള്ളവരുടേയും കൂടി അർഹതയാണ്.
അതിനാൽ ഇനിയുള്ള കാലം പിതാവിന്റെ സംരക്ഷണം ഇളയ മകന് വിട്ടുനൽകുന്നു.

ഈ വിധി കേട്ട ഉടനെ 80 വയസ്സുള്ള വൃദ്ധനായ മൂത്ത മകൻ കോടതിയിൽ നിന്ന് പൊട്ടിക്കരഞ്ഞിട്ടു് വിളിച്ചു പറയുകയാണ് ,
നിങ്ങൾ എന്നെസ്വർഗ്ഗത്തിന്റെ വാതിലിൽ നിന്നും തട്ടിത്തെറിപ്പിച്ചു, സ്വർഗ്ഗത്തിലേക്കുള്ള എന്റെ വഴി നിങ്ങൾ അടച്ചു കളഞ്ഞു. ”

വൃദ്ധന്റെ ഈ പൊട്ടിക്കരച്ചിലിന്റെ ചിത്രം ഉൾപ്പടെയുള്ള വാർത്ത സൗദി പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ കേസ് തന്റെ ജീവിതത്തിലെ ഒരു പ്രത്യേക കേസാണെന്നും, ഇതിൽ തീരുമാനമെടുക്കുന്ന കാര്യത്തിൽ താൻ ആകെ വിഷമിച്ചു പോയെന്നും ജഡ്ജി തന്നെ പറയുകയുണ്ടായി.
അതും പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു.

മാതാപിതാക്കളെ ഫുട്ബോൾ പോലെ തട്ടിക്കളിക്കുകയും, വൃദ്ധസദനങ്ങളിൽ തള്ളുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലാണ് ഇത്തരം ഒരു അപൂർവ്വ കേസ് ഉണ്ടായതെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ കേസിന്റെ പ്രാധാന്യം നമുക്ക് ബോധ്യപ്പെടുക.

മാതാപിതാക്കൾക്ക് ഖിദ്മത്ത് ചെയ്ത് സ്വർഗ്ഗം നേടുവാനുള്ള സൗഭാഗ്യം നമുക്കേവർക്കും അല്ലാഹു നൽകുമാറാകട്ടെ….

ആമീൻ….
യാ റബ്ബൽ ആലമീൻ…..