അന്ധവിശ്വാസങ്ങളുടെ ഗ്രഹണകാലം !

109

Julius Manuel

അന്ധവിശ്വാസങ്ങളുടെ ഗ്രഹണകാലം!

ഗ്രഹണം ബാധിച്ചതുപോലെ എന്ന് പറയുമ്പോൾ തന്നെ എന്തോ വിപത്ത് വന്ന് കൂടിയിട്ടുണ്ട് എന്ന ധ്വനി കേൾക്കുന്നവർക്ക് ഉണ്ടാവും. കാരണം, കാലാകാലങ്ങളായി നമ്മുടെ മനസ്സിൽ അടിയുറച്ചുപോയ ചില ധാരണകൾ ഇത്തരം ചില തോന്നലുകൾ ആളുകളുടെ മനസിൽ ഉണ്ടാക്കിയെടുക്കും. തെളിവുകളില്ലാതെ ഇത്തരം തോന്നലുകൾ, കഥകളായും ക്രമേണ അന്ധവിശ്വാസങ്ങളായും പരിണമിച്ച് ചരിത്രത്തിൽ ഇടം കണ്ടെത്തും !
രാത്രിയിൽ പൊടുന്നനെ വൈദ്യതി നിലച്ചാൽ പേടിക്കാത്തവർ ഇപ്പോഴും കുറവാണ്. അപ്പോൾ പിന്നെ നൂറുകണക്കിന് വർഷങ്ങൾ മുൻപുള്ള കാര്യം പറയണോ ? ഇരുട്ടിനോടുള്ള മനുഷ്യന്റെ ഭയത്തിന് കാരണം ചുറ്റുമുള്ളത്ത് കാണുവാനും മനസിലാക്കുവാനും പറ്റുന്നില്ല എന്നത് തന്നെയാണ്. അങ്ങിനെയെങ്കിൽ പകൽ സമയം ഇരുട്ട് വന്ന് മൂടിയെങ്കിലോ ? ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും സൂര്യഗ്രഹണ സമയങ്ങളിൽ മനുഷ്യർ പുറത്തിറങ്ങില്ലായിരുന്നു, അതും പ്രത്യേകിച്ച് സ്ത്രീകൾ . പുറത്ത് ആകാശത്ത് എന്താണ് സംഭവിക്കുന്നത് എന്ന് പലർക്കും പിടികിട്ടിയുമില്ല. ദൈവകോപം എന്ന ഒറ്റ വാക്കിൽ മുതിർന്നവർ അതിനൊരു കാരണം കണ്ടെത്തി. ദേവന്മാർ കോപിഷ്ഠരാണെന്നും , അതല്ല ഏതോ പൈശാചിക വ്യാളി സൂര്യനെ വിഴുങ്ങിയെന്നും, ലോകം ഉടൻ അവസാനിക്കുവാൻ പോകുകയാണെന്നും ചിലർ വിശദീകരിച്ചു. രസമെന്താണെന്ന് വെച്ചാൽ സൂര്യനെ എന്തോ ജീവി വിഴുങ്ങി എന്ന വിശ്വാസം ലോകം മുഴുവനും പല രീതികളിൽ പ്രചാരത്തിൽ ഉണ്ടായിരുന്നു.
അമേരിക്കയിലെ പോമോ എന്ന റെഡ് ഇന്ത്യൻ ഗോത്രക്കാർ സൂര്യനെ ഒരു കരടി വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്ന് കരുതിയിരുന്നു. കാരണം അവർ ജീവിച്ചുവന്നിരുന്ന പ്രദേശങ്ങളിലെ ഏറ്റവും അപകടകാരിയായ ജീവി കരടി ആയിരുന്നു ! ഇതേ കഥ തെക്കേ അമേരിക്കയിലെ ഇൻകകൾ പറയുമ്പോൾ കരടി മാറി മാർജാരവംശജനായ ജാഗ്വാർ ആയി മാറും. കാരണം തെക്കേ അമേരിക്കൻ കാടുകളിൽ ജാഗ്വാർ ആണ് ഭീകരൻ. കൊറിയയിലും, ചൈനയിലെ ചില ഭാഗങ്ങളിലും ഇതേ കഥതന്നെയാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. പക്ഷെ കരടിയും, ജാഗ്വാറും മാറി , ചെന്നായ് ആണ് അവിടെ സൂര്യനെ വിഴുങ്ങുവാൻ ശ്രമിക്കുന്നത്. ജപ്പാനിലും മറ്റും ഭീകരനായ ഒരു വ്യാളിയാണ് സൂര്യനെ അപ്പടി ആഹരിക്കുന്നത്. സ്കാൻഡിനേവിയയിലെ വൈക്കിങ്ങുകളുടെ ഭാഷ്യത്തിലും വ്യാളിതന്നെയാണ് സൂര്യനെ വിഴുങ്ങുന്നത് . ഇതുപോലെയുള്ള കഥകൾ ഹംഗറിയിലും, സൈബീരിയയിലും മറ്റും ഉണ്ടെങ്കിലും മൂലകഥക്ക് സാരമായ വ്യത്യാസമില്ല . പക്ഷെ ജീവികൾ തവളയും, ഭീമൻ പക്ഷിയുമൊക്കെയായി മാറും എന്ന് മാത്രം !
ഇനി യൂറോപ്പിലേക്ക് മാറിയാൽ തികച്ചും വ്യത്യസ്തമായ കഥകളാവും നമ്മുക്ക് ലഭിക്കുന്നത്. മനുഷ്യന്റെ ചെയ്തികളിൽ കോപിഷ്ഠനായ സൂര്യൻ കടുത്ത ദേഷ്യത്താൽ മുഖം തിരിക്കുന്നതാണ് ഗ്രഹണമെന്ന് മധ്യയൂറോപ്പിലെ ആളുകൾ കരുതി. അതിനാൽ ഗ്രഹണം കഴിഞ്ഞാലുടൻ തന്നെ അവർ തങ്ങളുടെ വഴക്കുകൾ പറഞ്ഞുതീർക്കുവാൻ ശ്രമിച്ചിരുന്നു. അല്ലെങ്കിൽ വീണ്ടും ഗ്രഹണം വന്നേക്കുമെന്ന് അവർ ഭയപ്പെട്ടു. കൊളംബിയൻ ആദിമനിവാസികൾ ഗ്രഹണ സമയം പുറത്തിറങ്ങി തങ്ങൾ ഇന്നുമുതൽ നന്നായിക്കൊള്ളാമെന്ന് ആകാശത്ത് നോക്കി ഉച്ചത്തിൽ വിളിച്ചുപറയും. മറ്റുചിലർ ഇതേ സമയം തങ്ങൾ നല്ല ആളുകളാണെന്ന് കാണിക്കുവാൻ കൃഷിയിടങ്ങളിൽ കാര്യമായി പണിയെടുക്കും. ദേവകോപം ഒഴിവാക്കുക എന്ന ചിന്തയാണ് ഇതിനു പിന്നിൽ ഉണ്ടായിരുന്നത്. ഗ്രീക്കുകാരാവട്ടെ ദേവന്മാർ തങ്ങളെ ഉപേക്ഷിച്ചതിന്റെ അടയാളമായിട്ടാണ് ഗ്രഹണത്തെ കരുതിയിരുന്നത്. ‘ഉപേക്ഷിക്കുക ‘ എന്നർത്ഥമുള്ള ഗ്രീക്ക് പദമായ എക്ലിപ്സിസ് ( ekleipsis ) എന്ന വക്കിൽ നിന്നുമാണ് ‘എക്ലിപ്സ് ‘ എന്ന ആംഗലേയ പദമുണ്ടായത് എന്നും ഓർക്കുക.
1133AD യിൽ ബ്രിട്ടനിൽ സംഭവിച്ച സൂര്യഗ്രഹണത്തെ കിംഗ് ഹെൻറി എക്ലിപ്സ് എന്നാണ് വിളിക്കുന്നത്. ഗ്രഹണം സംഭവിച്ച് അധികനാൾ കഴിയുന്നതിന് മുൻപേ ഹെൻറി ഒന്നാമൻ രാജാവ് നാടുനീങ്ങിയതാണ് കാരണം. ഇത് മറ്റൊരു അന്ധവിശ്വാസത്തിന് തിരികൊളുത്തി. ഗ്രഹണങ്ങൾ രാജാക്കന്മാർക്ക് നല്ലതല്ലെന്ന് ചിലർ കരുതി. ഇതേ വിശ്വാസം പുരാതന ബാബിലോണിയക്കാർക്കും ഉണ്ടായിരുന്നു എന്നതാണ് രസം ! അവർ ഗ്രഹണ സമയം ശരിക്കുള്ള രാജാവിനെ മാറ്റി പകരം ഒരു ഡമ്മി രാജാവിനെ പ്രതിഷ്ഠിക്കും. യഥാർത്ഥ രാജാവിന് അനിഷ്ടമൊന്നും സംഭവിക്കാതിരിക്കാനാണത്രെ ഈ ചടങ്ങ് !
ചെപ്പേവാ എന്ന കനേഡിയൻ ആദിമഗോത്രക്കാരാണ് സൂര്യഗ്രഹണത്തെ ഏറ്റവും രസകരമായ രീതിയിൽ നേരിട്ടിരുന്നത്. സൂര്യന്റെ തീകെട്ടുപോയി എന്ന വിചാരിച്ചിരുന്ന അവർ ഗ്രഹണസമയത്ത് തീ കൊളുത്തിയ കുന്തങ്ങളും , അമ്പുകളും മറ്റും ആകാശത്ത് സൂര്യന്റെ നേർക്കെറിഞ്ഞുകൊണ്ട് വീണ്ടും തീകൊളുത്തുവാൻ ശ്രമിക്കുമായിരുന്നു !
ചുരുക്കത്തിൽ നമ്മുടെ പൂർവ്വികർ സൂര്യഗ്രഹണത്തിന് കണ്ടെത്തിയിരുന്ന കാരണങ്ങൾ ഏറെക്കുറെ സമാനമായിരുന്നു. ഒന്നുകിൽ ആരെങ്കിലും സൂര്യനെ വിഴുങ്ങുക, അല്ലെങ്കിൽ സൂര്യനും , ചന്ദ്രനും തമ്മിൽ യുദ്ധം ചെയ്യുക, അതുമല്ലെങ്കിൽ അവർ തമ്മിൽ കല്യാണം കഴിക്കുക . ഇതൊക്കെയായിരുന്നു അവർ നിരത്തിയിരുന്ന കാരണങ്ങൾ. എന്നാൽ ആധുനിക ശാസ്ത്രം ഗ്രഹണങ്ങൾക്ക് വ്യക്തമായ ഉത്തരം കണ്ടെത്തിയതോടുകൂടി, ഇത്തരം വിശ്വാസങ്ങൾ വെറും അന്ധവിശ്വാസങ്ങളാണ് എന്ന് നാം തിരിച്ചറിഞ്ഞു.
എന്നാൽ ഇതൊന്നും തിരിച്ചറിയാതെ ഇപ്പോഴും അബദ്ധവിശ്വാസങ്ങളിൽ മുഴുകിജീവിക്കുന്നവർ ലോകമെമ്പാടുമുണ്ട്. ഗ്രഹണസമയത്ത് ഗർഭിണികളെ പുറത്തിറക്കുവാൻ ഇപ്പോഴും ചിലർക്ക് ഭയമാണ്. ഇതേ സമയം ഭയപ്പാടോടെ വീടിനുള്ളിൽ പ്രാർത്ഥനകളിലും മറ്റും കഴിയുന്നവരും തീർത്തും കുറവല്ല. ഗ്രഹണ സമയങ്ങളിൽ മൂർച്ചയേറിയ വസ്തുക്കൾ ഉപയോഗിക്കരുത് എന്ന് കരുതുന്നവർ ഉണ്ട്. പുറത്തിറങ്ങിയാൽ ദേഹത്ത് ഒരിക്കലും മായാത്ത പാടുകൾ ഉണ്ടാവുമെന്നും വിശ്വസിക്കുന്നവർ ഉണ്ട്. കൂടാതെ ഗ്രഹണസമയത്ത് ഉണ്ടാക്കുന്ന ഭക്ഷണം വിഷമയമാകുമത്രേ ! പക്ഷെ ഇതൊക്കെയും തെളിവുകളില്ലാതെ വെറും അബദ്ധധാരണകളാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
സൂര്യഗ്രഹണസമയത്ത് ഭയത്തോടെ വീടുകളിലിരിക്കുകയല്ല ശാസ്ത്രബോധമുള്ള കൂട്ടുകാർ ചെയ്യേണ്ടത്. മറിച്ച് സുഹൃത്തുക്കൾക്കും , വീട്ടുകാർക്കും ഇതെന്ത് പ്രതിഭാസമാണ് നടക്കുന്നതെന്ന് വിശദീകരിക്കുകയും, സുരക്ഷിതമായി അവരെ ഇത് കാണിച്ചു കൊടുക്കുവാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുകയുമാണ് ചെയ്യേണ്ടത് .