ഒരു നിധി വേട്ടയ്ക്ക് ഒടുവിൽ സംഭവിച്ചത്…

തോമസ് ചാലാമനമേൽ

ഭൂമിയിലെ ഏറ്റവും വലിയ വനമായ ആമസോൺ മഴക്കാടുകൾ പര്യവേഷകർക്ക് എക്കാലവും ആവേശം നൽകുന്ന ഒരു വനപ്രദേശമാണ്. ബ്രസീൽ, പെറു, കൊളംബിയ, വെനുസ്വെല, ബൊളീവിയ തുടങ്ങി ഏതാണ്ട് ഒൻപതു രാജ്യങ്ങളിലായി ഏതാണ്ട് 70 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ആമസോൺ വനാന്തരങ്ങളിലെ ഒരിക്കലും മനുഷ്യൻ കടന്നുചെന്നിട്ടില്ലാത്ത ഇടങ്ങളിലെ രഹസ്യങ്ങൾ തേടിയുള്ള യാത്ര പലപ്പോഴും വലിയ അപകടങ്ങൾക്കും കാരണമാകാറുണ്ട്. 1981-ൽ തൻ്റെ 21-മാത്തെ വയസ്സിൽ ഇസ്രായേൽ നാവികസേനയിലെ സേവനത്തിനുശേഷമാണ് യോസി ഗിൻസ്ബെർഗ് തെക്കേ അമേരിക്കയിലെ ബൊളീവിയയിലേക്കു യാത്ര തിരിക്കുന്നത്. ആ യാത്രയിൽ യോസിക്കു കുറച്ചു കൂട്ടുകാരെ കിട്ടി. സ്വിട്സർലണ്ടിൽ നിന്നുള്ള മർക്കസ് സ്റ്റംസ്, അമേരിക്കൻ ഫോട്ടോഗ്രാഫറായ കെവിൻ ഗെയിൽ, ഓസ്ട്രിയക്കാരനായ കാൾ റുപ്രേക്ട്.

തനിക്ക് ആമസോൺ മഴക്കാടുകൾക്കുള്ളിൽ ഒരു വലിയ നിധി സൂക്ഷിക്കുന്ന ഒരു നിഗൂഢ ഗോത്രത്തെക്കുറിച്ചറിയാമെന്നും അവരുടെ പക്കലെത്താനുള്ള മാപ്പ് തൻ്റെ കയ്യിലുണ്ടെന്നും ഒരു ഗൈഡ് കൂടിയായ കാൾ റുപ്രേക്ട് മറ്റു മൂന്നു പേരെയും വിശ്വസിപ്പിച്ചു. പരസ്പരം അത്ര വലിയ പരിചയമില്ലാത്ത അവർ ബൊളീവിയയിലെ അസറിയാമസ് എന്ന ആമസോൺ മഴക്കാടിനോടു ചേർന്നുള്ള ഗ്രാമത്തിൽ നിന്ന് ആ നിഗൂഢ ഗോത്രം വസിക്കുന്ന ഇടം തേടി യാത്ര തിരിക്കുന്നു. വനയാത്രയിൽ വഴികളിൽ കാണുന്ന ആദിവാസി കുടികളിൽ താമസിച്ചു ഭക്ഷണവും മറ്റും ശേഖരിച്ചായിരുന്നു അവരുടെ യാത്ര. വെറും നാലു ദിവസം കൊണ്ട് റെഡ് ഇന്ത്യൻ ആദിവാസി വംശജർ താമസിക്കുന്ന ആ സ്ഥലത്ത് എത്താം എന്നായിരുന്നു നിരന്തരം ആമസോൺ വനത്തിൽ ട്രെക്കിങ്ങ് നടത്തുന്നു എന്നവകാശപ്പെട്ട കാൾ റുപ്രേക്ട്റുടെ വാഗ്ദാനം. വലിയ പെരുമഴക്കാലം വരുന്നുണ്ടെന്നും ഉൾക്കാടുകളിലേക്കു പോകരുതെന്നുമുള്ള ആദിവാസികളുടെ മുന്നറിയിപ്പ് നിസ്സാരമാക്കി കാൾ റുപ്രേക്ട്റുടെ വാക്കുകൾ വിശ്വസിച്ചു അവർ യാത്ര തുടർന്നു.

നാലു ദിവസം എന്ന് പറഞ്ഞു തുടങ്ങിയ ആ യാത്ര ഏഴാം ദിവസം പിന്നിട്ടിരിക്കുന്നു. യാത്രയിൽ പരസ്പരം കൂടുതൽ മനസ്സിലാക്കിയപ്പോഴാണ് മൂന്നുപേർക്ക് ഒരു വലിയ സത്യം മനസ്സിലായത്. ആ നിഗൂഢ ഗോത്രത്തെക്കുറിച്ചും അവിടെയുള്ള സ്വർണ്ണ നിക്ഷേപത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചിരുന്ന ഓസ്ട്രിയകാരനായ കാൾ റുപ്രേക്ട്റിനു അവിടെ എത്താനുള്ള വഴിയെക്കുറിച്ചു വലിയ അറിവൊന്നും ഇല്ലെന്ന്. ഭക്ഷണമെല്ലാം തീർന്നു തുടങ്ങിയിരിക്കുന്നു. തോരാത്ത മഴ. ആമസോണിൽ വെറും രണ്ടു കാലങ്ങളെ ഉള്ളൂ, ഒന്നാമത്തേത് മഴക്കാലവും, രണ്ടാമത്തേത് പെരുമഴക്കാലവും. നാട്ടുകാർ പോകരുതെന്ന് പറഞ്ഞ ആ ഉപദേശം അവർ അപ്പോൾ ഓർത്തെടുത്തു. ഒന്നുകിൽ തിരിച്ചുപോകകുക, അല്ലെങ്കിൽ കിലോമീറ്ററുകൾ അകലെയുണ്ടെന്നു കരുതപ്പെടുന്ന നിഗൂഢ ഗ്രാമം തേടി യാത്ര തുടരുക. ജീവനും മരണത്തിനും ഇടയിലുള്ള ഒരു തീരുമാനം ആയിരുന്നു അത്. ഒടുവിൽ ഒരു ചങ്ങാടമുണ്ടാക്കി മുന്നിലുള്ള നദിയിലൂടെ മുന്നോട്ടുപോകാൻ അവർ തീരുമാനിക്കുന്നു. പക്ഷെ, അവിടെയും പോകേണ്ട വഴിയെക്കുറിച്ചുള്ള തർക്കം മുറുകുന്നു. തുടർന്ന് മാർക്ക് സ്റ്റംസും, കാൾ റുപ്രേക്ട്റും കാട്ടിലൂടെ നടന്ന് അടുത്ത ഗ്രാമത്തിലേക്ക് പോകുന്നു. യോസിയും ഗെയിലും ചങ്ങാടത്തിൽ വനത്തിനു പുറത്തെത്താനുള്ള ശ്രമം തുടരുന്നു. പത്താം ദിവസമായിരിക്കുന്നു. ആമസോണിൽ മഴക്കാലത്തിൻ്റെ മൂർദ്ധന്യാവസ്ഥ.. വെറുമൊരു ചങ്ങാടത്തിൽ കുലംകുത്തിയൊഴുകുന്ന ആ നദിയിൽ മുന്നോട്ടുപോകുക എന്നത് ആത്മഹത്യാപരമായിരുന്നു. വെള്ളത്തിൻ്റെ ഒഴുക്ക് കൂടി അടിക്കടി ചുഴികളുണ്ടാകുന്നു….തുഴഞ്ഞിട്ടൊന്നും ഫലമില്ല…അവർ രണ്ടുപേരും ചങ്ങാടത്തിൽ അള്ളിപ്പിടിച്ചു കിടന്നു….പെട്ടെന്നാണ് മുന്നിൽ ഒരു കൂറ്റൻ പാറ അവർ കണ്ടത്…ചങ്ങാടം അതിൽ ചെന്നിടിക്കാൻ പോകുന്നു. ഭാഗ്യത്തിന് ചങ്ങാടം അതിൽ തട്ടി നിന്നു.

അടുത്ത രക്ഷാ മാർഗ്ഗം തേടി കെവിൻ ആർത്തലച്ചു ഒഴുകുന്ന ആ പുഴയിലേക്ക് ചാടി. താൻ ആളുകളെ കൂട്ടി വരുന്നതുവരെ ആ പാറയിൽ പിടിച്ചിരിക്കാൻ കെവിൻ പറയുന്നതു യോസി കേട്ടു, പക്ഷെ, പെട്ടെന്ന് താൻ അള്ളിപ്പിടിച്ചിരുന്ന ചങ്ങാടം മറിയുന്നതും കുത്തിയൊഴുകുന്ന പുഴയിലേക്കു താൻ വീണതും യോസി തിരിച്ചറിഞ്ഞു…ഏതാണ്ട് മൂന്നര കിലോമീറ്ററോളം ഒഴുകിയതിനു ശേഷം യോസി ഒരുവിധത്തിൽ കരയ്ക്കടിഞ്ഞു……പതിനൊന്നാം ദിവസമായിരിക്കുന്നു…നദിക്കരയിൽ പാത്രങ്ങൾ മുട്ടുന്ന ശബ്ദം കേട്ടാണ് യോസി അന്ന് ഉറക്കമുണർന്നത്. തിരഞ്ഞു ചെല്ലുമ്പോൾ അവരുടെ ചങ്ങാടത്തിൽ നിന്നും അവർക്കു നഷ്ടപ്പെട്ട അവരുടെ ബാഗ് കല്ലിൽ തട്ടി നിൽക്കുന്നു…കുറച്ചു അരിയും, ഒരു ലൈറ്ററും, പിന്നെ വിലപ്പെട്ടതായി വഴി കാണിക്കുന്ന ആ മാപ്പും…പരസ്പരം വഴി കാണാനാകാതെ അവർ രണ്ടുപേരും കാട്ടിൽ അലഞ്ഞു. കാട്ടിലെ രാത്രികളാണ് ഏറ്റവും ഭീകരം എന്ന് യോസി തിരിച്ചറിഞ്ഞ ദിവസങ്ങൾ. ഒരു രാത്രി ഒരു മുരൾച്ച കേട്ടാണ് യോസി തിരിഞ്ഞു നോക്കിയത്. ടോർച്ചു വെട്ടത്തിൽ യോസി കണ്ടത് ഒരു കടുവയുടെ തിളങ്ങുന്ന കണ്ണുകളായിരുന്നു…മൃഗങ്ങളെ തുരത്താൻ വേണ്ടി ബാഗിൽ കരുതിയ സ്പ്രേ എടുത്തു അതിനുമുന്നിൽ ലൈറ്റർ കൊണ്ട് കത്തിച്ചു കടുവയെ യോസി ഓടിച്ചു..പതിനാറാം ദിവസമായിരിക്കുന്നു. ഗൈഡ് പറഞ്ഞ സ്വർണ്ണ നിധിയുള്ള സ്ഥലം കണ്ടെത്തണം…രണ്ടു മൂന്ന് ദിവസം കൊണ്ട് നടന്നു അവിടെ എത്തിയാൽ അവിടെനിന്നു പുറത്തു കടക്കാനുള്ള വഴിയും കാണും…ഉച്ചത്തിൽ പാട്ടുപാടിയും, ഒച്ചവെച്ചും യോസി കാട്ടിലൂടെ വഴിതേടി നടന്നു.

അതേ സമയം ഭക്ഷണവും വെള്ളവുമില്ലാതെ കെവിൻ അവശനായിക്കൊണ്ടിരുന്നു. നടക്കാനാവാതെ, ഒരു മരത്തടിയിൽ അള്ളിപ്പിടിച്ചു കെവിൻ നദിയിലൂടെ ഒഴുകി…ഒരു തരം മനോവിഭ്രാന്തിയിൽ എന്തെക്കൊയോ സ്വരങ്ങൾ അവൻ കേട്ടു, കുറെ മനുഷ്യരൂപങ്ങൾ അവൻ കണ്ടു. പക്ഷെ, അത് ഒരു വള്ളത്തിൽ വന്ന മീൻ പിടുത്തക്കാരായിരുന്നു. ആ മീൻപിടുത്തക്കാരുടെ കൈകളിൽ സുരക്ഷിതനായി കെവിൻ വനത്തിനു പുറത്തുകടന്നു. തങ്ങൾക്കു പറ്റിയ അപകടത്തെക്കുറിച്ചു കെവിൻ അവിടത്തെ പട്ടാളത്തെ അറിയിച്ചു…യോസിയെ കണ്ടുപിടിക്കാൻ അവർ ഒരു വിമാനത്തിൽ ആമസോൺ മഴക്കാടുകൾക്കു മുകളിൽ തെരച്ചിൽ നടത്തി. പക്ഷെ, യോസിയുടെ ഭാഗ്യം അകന്നു പോകുകയായിരുന്നു. ഡിസംബറിലെ ആമസോൺ. മഴക്കാലം തുടങ്ങിയിരിക്കുന്നു. വെറും മഴയല്ല, ആകാശം തുറന്നു കോരിച്ചൊരിയുന്ന മഴ..പുഴയിൽ വെള്ളം ഉയരുകയാണ്…ആർത്തലച്ചു വന്ന വെള്ളത്തിൽ യോസി എങ്ങോട്ടെന്നില്ലാതെ ഒഴുകി…സൂര്യനെ കണ്ടിട്ട് ദിവസങ്ങളായി…കൈവശമുണ്ടായിരുന്ന ലൈറ്റർ എങ്ങോ നഷ്ടപ്പെട്ടു..കാട്ടിൽ ഭക്ഷണമില്ലാതെ അലഞ്ഞു തുടങ്ങിയിട്ട് 28 ദിവസങ്ങൾ ആയിരിക്കുന്നു. കിളിക്കൂടുകളിലെ പച്ച മുട്ടകളും കാട്ടിലെ കായ്കളും പറിച്ചു തിന്ന് യോസി ജീവൻ നിലനിർത്തി….തുടർച്ചയായ മഴയിൽ കടുത്ത പനിയും…എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപ്പെടാവുന്ന അവസ്ഥ. പക്ഷെ, ക്ഷീണിച്ചു നിലത്തു കിടക്കുക എന്നത് അതിലേറെ അപകടകരമായിരുന്നു…ലീഫ് കട്ടർ എന്ന ആമസോൺ കാടുകളിലെ ഒരുതരം ഉറുമ്പുകൾ യോസിയെ കൂട്ടത്തോടെ കടിക്കാൻ തുടങ്ങി…ഇവ കൂട്ടത്തോടെ ആക്രമിക്കാൻ തുടങ്ങിയാൽ പിന്നെ രക്ഷപെടാൻ സാധ്യത കുറയും. ഒരു തരം ചുവപ്പു പരവതാനി വിരിച്ചപോലെ മീറ്ററുകളോളം യോസിക്കു ചുറ്റും അവ കൂട്ടം കൂടി.

വിമാനം വഴിയുള്ള തിരച്ചിലിനു ഫലമില്ലെന്നു കണ്ട കെവിൻ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു…ഒരു ആദിവാസി യുവാവിനെ കൂട്ടുപിടിച്ചു ഒരു ബോട്ടിൽ നദിയിലൂടെ യോസിയെ തേടി കെവിൻ യാത്ര തിരിച്ചു. നിറയെ ചുഴികളുള്ള പുഴയിലൂടെ മുന്നോട്ടുള്ള യാത്ര അപകടമാണെന്ന് പലവട്ടം ആ ആദിവാസി യുവാവ് ഓർമ്മിപ്പിച്ചിട്ടും കെവിൻ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു…ഇതേ സമയം മരണത്തോട് അടുത്തുകൊണ്ടിരുന്ന യോസി ഈച്ച മുരളുന്ന പോലുള്ള ഒരു സ്വരം കേൾക്കുന്നു…അത് അടുത്തടുത്തു വരുന്നപോലെ…ആയാസപ്പെട്ട് തല ഉയർത്തി നോക്കിയ യോസി സ്വപ്നത്തിലെന്ന പോലെ ഒരു ബോട്ടും അതിൽ മനുഷ്യരെയും കാണുന്നു…സർവ്വശക്തിയുമെടുത്തു അവരുടെ കണ്ണിൽപ്പെടാൻ യോസി എഴുന്നേറ്റു നിന്നു….ബോട്ടു തിരിക്കുമ്പോൾ കരയിൽ ആളനക്കം കണ്ടു സൂക്ഷിച്ചു നോക്കിയാ കെവിന് വിശ്വസിക്കാനായില്ല. അവൻ ബോട്ടിൽ നിന്നും ചാടിയിറങ്ങി, കരയിലേക്ക് ഓടിച്ചെന്ന് യോസിയെ കെട്ടിപ്പുണർന്നു. രണ്ടുപേർക്കും കരച്ചിൽ അടക്കാനായില്ല. യോസി ഗിൻസ്ബെർഗിൻ്റെയും, കെവിൻ ഗെയ്ലിൻ്റെയും അത്ഭുതകരമായ അതിജീവനത്തിൻ്റെ കഥ പറയുന്ന സിനിമയാണ് 2017-ൽ പുറത്തിറങ്ങിയ ജംഗിൾ എന്ന ഓസ്‌ട്രേലിയൻ സിനിമ.

ബൊളീവിയയിൽ തിരിച്ചെത്തി ഓസ്ട്രിയൻ എംബസ്സിയിൽ അവർ പിന്നീട് കാൾ റുപ്രേക്ട്റെക്കുറിച്ച് അന്വേഷിച്ചപ്പോൾ അറിഞ്ഞത് അയാൾ ഒരു ഗൈഡ് ആയിരുന്നില്ലെന്നും മറിച്ചു ഇന്റർപോൾ തേടിക്കൊണ്ടിരിക്കുന്ന ഒരു കുറ്റവാളി ആണെന്നും ആയിരുന്നു. പിന്നീട്, നടുക്കുന്ന ഒരു സത്യം കൂടി അവർ തിരിച്ചറിഞ്ഞു, അന്ന് ഗ്രാമത്തിലേക്ക് തിരികെ പോകുന്നു എന്ന് പറഞ്ഞു പോയ മാർക്ക് സ്റ്റംസും, കാൾ റുപ്രേക്ട്റും പിന്നീട് ആമസോൺ മഴക്കാടുകളിൽ നിന്ന് ഒരിക്കലും തിരിച്ചുവന്നിട്ടില്ല എന്ന്.

You May Also Like

പാൽതു ജാൻവർ – ‘അമ്പിളി രാവ്’ വീഡിയോ സോംഗ് പുറത്തിറക്കി

പാൽതു ജാൻവർ – വീഡിയോ സോംഗ് പുറത്തിറക്കി. ‘അമ്പിളി രാവ്’ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. സംഗീതം…

വീണ്ടും മോഹൻലാൽ-ജീത്തു ജോസഫ്, തകർപ്പൻ കോർട്ട് റൂം ഡ്രാമ ‘നേര്’ ട്രെയ്‌ലർ പുറത്തിറങ്ങി

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന…

ഇന്ത്യയിലെ ആദ്യത്തെ രണ്ട് മില്യണ്‍ യൂട്യൂബര്‍ ആര് ?

ലോക സാമ്പത്തിക ഫോറത്തിലേക്ക് ക്ഷണം കിട്ടിയിട്ടുള്ള അപൂർവം യൂട്യൂബേഴ്സിൽ ഒരാൾ കൂടിയാണ് ഭുവൻ. 2019ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രഥമ വേൾഡ് ബ്ലോഗേഴ്സ് അവാർഡിന് അർഹനായത് ഭുവനാണ്

ഒറ്റിനെ പറ്റിയുള്ള ചില ഫാക്ട്സ്

Johny Philip ഒറ്റിനെ പറ്റിയുള്ള ചില Facts  ▪️മുംബൈ മുതൽ മംഗലാപുരം വരെ നീണ്ടു നിക്കുന്ന…