പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോരോ കാരണങ്ങളുണ്ട്.
അതുപോലെ തന്നെ ഞെട്ടാനും ഞെട്ടിക്കാനും എന്തെങ്കിലും കാരണങ്ങള്‍ വേണം.
ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.
അതാണ് എന്റെ സുഹൃത്തായ ശ്രീ കെ. ആര്‍. സുരേഷ് കുമാര്‍.
ഉഗ്രവാദി എന്നോ പാകിസ്താന്‍ എന്നോ കേള്‍ക്കുമ്പോള്‍ ശ്രീ സുരേഷ്‌കുമാര്‍ ഞെട്ടും എന്നാണ് മാന്യ വായനക്കാര്‍ ഇപ്പോള്‍ കരുതുന്നതെന്ന് ഞാന്‍ ഊഹിക്കുന്നു. പക്ഷെ അതൊന്നും കേട്ടാല്‍ സുരേഷ് കുമാര്‍ ഞെട്ടില്ല. അവരൊക്കെ ഈ സുരേഷ് കുമാറിനും വെറും ‘എലികള്‍’ മാത്രം.
പക്ഷെ ‘സര്‍ദാര്‍ജി’ എന്ന് കേട്ടാല്‍ സുരേഷ് കുമാര്‍ ഞെട്ടും. വെറുതെ ഞെട്ടുകയല്ല. ഞെട്ടിത്തെറിക്കും ! അങ്ങനെ ഞെട്ടിയാലേ അദ്ദേഹത്തിനു തൃപ്തി വരൂ
അതിന്റെ കാരണങ്ങളിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് ശ്രീ പട്ടാളം സുരേഷ് കുമാറിനെപ്പറ്റി രണ്ടു വാക്ക് സംസാരിച്ചു കൊള്ളട്ടെ..
പത്തനംതിട്ടയിലെ ‘റാന്നി’ ആണ് സുരേഷിന്റെ ജന്മസ്ഥലം. മൂന്ന് പെങ്ങന്മാര്‍ക്കു ഇടയ്ക്കുള്ള ‘ഒറ്റമൂട് ‘ ആങ്ങള. സുന്ദരനാണ്. സുമുഖനാണ്. പക്ഷെ സുമംഗലന്‍ അല്ല.
‘സുമംഗലന്‍’ ആകാത്തതിന്റെ ചില അസ്‌കിതകള്‍ സുരേഷിനുണ്ട്. അതായത് ‘സുമംഗല’ ആണെങ്കിലും അല്ലെങ്കിലും സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് അല്പം കൂടും. പിന്നെ ആ ഇരുമ്പ് മുഴുവന്‍ ‘സുന്ദരികള്‍’ എന്ന കാന്തത്തിലെയ്ക്ക് ആകര്‍ഷിക്കപ്പെടും. അതോടെ സുരേഷ് കുമാര്‍ വേറെ ഒരാളായി മാറും. ആ ആളാണ് സാക്ഷാല്‍ മമ്മൂട്ടി…!!
അതെ. സുരേഷ് കുമാറിനെ ഞങ്ങള്‍ വിളിക്കുന്ന ഇരട്ട പേരാണ് ‘ജൂനിയര്‍ മമ്മൂട്ടി’.
ജൂനിയര്‍ മമ്മൂട്ടി എന്ന പേര് സുരേഷിനിട്ടത് അവന്‍ തന്നെയാണ്. അവനെ കണ്ടാല്‍ മമ്മൂട്ടിയുടെ ഒരു ‘ലുക്ക് ‘ ഉണ്ട് എന്ന് ആരോ അവനോട് പറഞ്ഞത്രേ. (അവനോടു ശത്രുതയുള്ള ആരെങ്കിലും അങ്ങനെ പറയാന്‍ സാധ്യത കാണുന്നുണ്ട്. പക്ഷെ ഒറിജിനല്‍ മമ്മൂട്ടിയെങ്ങാനും സുരേഷിനെ ലുക്കിയാല്‍ തന്റെ ശരീര സൌന്ദര്യത്തെ അവഹേളിച്ചതിന്റെ പേരില്‍ അവനെ അദ്ദേഹം ഓടിച്ചിട്ടു തല്ലും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌സംശയമുണ്ടായിരുന്നില്ല.)
ഏതായാലും ജൂനിയര്‍ മമ്മൂട്ടി ആയ സുരേഷ് കുമാര്‍ എല്ലാ കാര്യത്തിലും അവന്റെ ‘ മമ്മൂട്ടി ലുക്ക് ‘ കാത്തു സൂക്ഷിച്ചിരുന്നു. ഉദാഹരണമായി പറയുകയാണെങ്കില്‍…
‘ഒന്നേ മുക്കാലേ.. ഒന്നേ മുക്കാലേ’ എന്ന രീതിയിലുള്ള നടപ്പ്…!
കാന്താരി മുളക് അറിയാതെ കടിച്ചു പോയവന്‍ ചിരിക്കുന്നത് പോലെയുള്ള മനം മയക്കുന്ന ചിരി..!!
വര്‍ഷങ്ങളായി ഓയില്‍ ചേഞ്ച് ചെയ്യാത്ത മോട്ടോര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നത് പോലെയുള്ള ഘന ഗംഭീരമായ ശബ്ദം.. !!!
ഇതെല്ലാം സുരേഷ് കുമാര്‍ എന്ന ജൂനിയര്‍ മമ്മൂട്ടിയ്ക്ക് മാത്രമുള്ള പ്രത്യേകതകളാണ്.
ഈ പ്രത്യേകതകള്‍ നേരിട്ട് കാണുന്നവര്‍ തന്നോട് തന്നെ അറിയാതെ ചോദിച്ചു പോകും.
‘ആക് ച്ചുലി… ഇതു തന്നെയാണോ നമ്മുടെ മമ്മൂട്ടി ?’
ഏതായാലും സുരേഷ് കുമാര്‍ എന്ന ജൂനിയര്‍ മമ്മൂട്ടിയും തൊമ്മന്‍ എന്ന മനോജും പിന്നെ ഞാനും കൂടി ഒരു ലീവിന് വന്നിട്ട് തിരിച്ചു പോകുമ്പോഴാണ് ഈ കഥയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. തിരുവന്തപുരത്ത് നിന്നും ഡെല്‍ഹിയിലേയ്ക്കു പോകുന്ന കേരളാ എക്‌സ്പ്രസ്സിന്റെ പതിനൊന്നാം നമ്പര്‍ കോച്ചിലേയ്ക്ക് ഞാന്‍ നിങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്യകയാണ് .
ചെങ്ങന്നൂരില്‍ നിന്നും തൊമ്മനും സുരേഷും, എറണാകുളത്ത് നിന്ന് ഞാനും വണ്ടിയില്‍ കയറി. ഞാന്‍ കയറുമ്പോള്‍ ജൂനിയര്‍ മമ്മൂട്ടി ജനാലയ്ക്ക് അരികിലുള്ള സീറ്റില്‍ താടിക്ക് കയ്യും കൊടുത്ത് വിഷണ്ണനായി ഇരിക്കുന്നു. മനോജ് മുകളില്‍ കിടന്നു ഉറക്കമാണ്. വണ്ടിയില്‍ ആളുകള്‍ പൊതുവേ കുറവാണെന്ന് തോന്നുന്നു. താഴത്തെ മൂന്ന് സീറ്റുകളും കാലിയാണ്. അപ്പുറത്തെ ക്യാബിനില്‍ ഒന്ന് രണ്ടു കന്യാസ്ത്രീകളും കുറച്ചു കുട്ടികളുംഇരിക്കുന്നു. ഞാന്‍ പെട്ടിയും ബാഗും സീറ്റിനടിയില്‍ കയറ്റി വച്ചിട്ടു സുരേഷിന്റെ മുന്‍പില്‍ ഉള്ള സീറ്റില്‍ ഇരുന്നു. എന്നിട്ട് വിഷമിച്ചിരിക്കുന്ന സുരേഷിനോട് ചോദിച്ചു.
‘എന്താടാ അളിയാ ഒരു വിഷമം? ലീവൊക്കെ അടിച്ചു പൊളിച്ചില്ലേ? പിന്നെന്താ നീ ദുഖിച്ചിരിക്കുന്നത്?’
‘എടാ അവനു പറ്റിയ കിളികള്‍ ഒന്നും വണ്ടിയില്‍ ഇല്ലെന്ന് ‘ ഞാന്‍ പെട്ടിയും മറ്റും വയ്ക്കുന്ന ശബ്ദം കേട്ടുണര്‍ന്ന മനോജു പറഞ്ഞു. ‘ഡല്‍ഹി വരെ എങ്ങനെ പോകുമെന്നാ അവന്‍ ചോദിക്കുന്നത്.’
‘ഹഹ.. അതാണോ കാര്യം? നീ വിഷമിക്കാതിരിയെടാ. എവിടുന്നെങ്കിലും നിനക്ക് പറ്റുന്നത് കേറും ‘ ഞാന്‍ അവനെ സമാധാനിപ്പിച്ചു.
അത് കേട്ട സുരേഷ് വിഷമത്തോടെ വെള്ളം വാങ്ങി വരാം എന്ന് പറഞ്ഞു എഴുനേറ്റു പോയി പോയി. ഞാന്‍ പുറത്തേയ്ക്ക് നോക്കി ഇരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ പുറത്തു പോയ സുരേഷ് തിരിച്ചു വന്നു. എന്നിട്ട് ആഹ്ലാദത്തോടെ പറഞ്ഞു…
‘അളിയാ രക്ഷപെട്ടെടാ. ഒരു അടിപൊളി ‘പുല്ലത്തി’ വരുന്നുണ്ടെടാ’
‘പുല്ലത്തിയോ?’ ഞാന്‍ സുരേഷിനെ ചോദ്യഭാവത്തില്‍ നോക്കി..
‘എടാ പഞ്ചാബി ഒരു സര്‍ദാരിണി ഇങ്ങോട്ട് വരുന്നുണ്ട്. നമ്മുടെ അടുത്ത സീറ്റാ…ദേ വരുന്നു..’
അവന്‍ പറഞ്ഞു തീര്‍ന്ന ഉടന്‍ ഒരു സര്‍ദാരും അയാളുടെ ഭാര്യയും കൂടി ഞങ്ങളുടെ അടുത്തുള്ള സീറ്റില്‍ വന്നിരുന്നു. സര്‍ദാര്‍ജികളെ ഞങ്ങള്‍ പട്ടാളക്കാര്‍ മലയാളത്തില്‍ വിളിക്കുന്ന പേരാണ് ‘പുല്ലന്‍’. അവരുടെ മുഖം മുഴുവന്‍ പുല്ലു വളര്‍ന്നത് പോലെ നിറഞ്ഞു കിടക്കുന്ന താടിയാണ് ആ വിളിക്കുള്ള ഹേതു. ഹിന്ദിക്കാര്‍ സര്‍ദാര്‍ജികളെ അവര്‍ കേള്‍ക്കാതെ വിളിക്കുന്ന പേര് ‘ജാടു’ എന്നാണ്. ചൂല്‍ എന്നാണ് ആ വാക്കിന്റെമലയാള അര്‍ഥം. (ദൈവമേ മലയാളം വായിക്കാന്‍ അറിയാവുന്ന ഏതെങ്കിലും സര്‍ദാര്‍ജി ഈ പോസ്റ്റു കണ്ടാല്‍ ചൂലിനുള്ള അടി ഉറപ്പ് )
സര്‍ദാര്‍ജിയേയും അയാളുടെ സുന്ദരിയായ ഭാര്യയേയും കണ്ട സുരേഷ് ഉന്മേഷവാനായി. അതോടെ അവനില്‍ ഉറങ്ങിക്കിടന്ന മമ്മൂട്ടി ഉണര്‍ന്നു. അവന്റെ മുഖത്തു ഗൌരവം വന്നു. ശബ്ദം പരുക്കനായി. അവന്‍ തന്റെ ബല്‍റാം മീശയില്‍ വിരലോടിച്ചു കൊണ്ട് പുല്ലത്തിയെ നോക്കി. അടുത്ത നിമിഷം ആ മീശ ഒരു ‘ഇന്‍സ്‌പെക്ടര്‍ ബല്‍റാം’ മീശയായി.
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ പരിചയമുള്ളതു കൊണ്ടാണോ അതോസഹയാത്രികന്‍ എന്ന പരിഗണനയിലാണോ എന്തോ ആ സര്‍ദാര്‍ പെണ്‍കൊടി അവനെ നോക്കി ഒന്ന് പുഞ്ചിരി തൂകി.
ഒരുത്തന്‍ തന്റെ ഭാര്യയെ നോക്കി മീശ പിരിക്കുന്നതും ഭാര്യ അയാളെ നോക്കി പുഞ്ചിരിക്കുന്നതും പുല്ലനായ സര്‍ദാറിനു ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്ന് അയാളുടെ മുഖം കണ്ടാല്‍ അറിയാം. പക്ഷെ പഞ്ചാബികള്‍ പൊതുവേ ശാന്തരും പക്വമതികളുമായതിനാലാവണം അയാള്‍ ഒന്നും പറയാതെ പുറത്തേയ്ക്ക് നോക്കിയിരുന്നു..
അല്പം കഴിഞ്ഞപ്പോള്‍ സുരേഷ് എഴുനേറ്റ് എങ്ങോട്ടോ പോയി. നടക്കുമ്പോള്‍ ‘ഒന്നേ മുക്കാലേ ഒന്നേ മുക്കാലേ’ എന്നു തന്നെ നടക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചു. അല്പം കഴിഞ്ഞു അതേ സ്‌റ്റൈലില്‍ തന്നെ തിരിച്ചു വന്നു സീറ്റില്‍ ഇരുന്നു. അതിനിടയില്‍ മുകളില്‍ കിടന്നിരുന്ന മനോജും താഴെ എത്തി. അതോടെ സുരേഷ് പഞ്ചാബി പെണ്ണുങ്ങളുടെ ആകാര ഭംഗിയെക്കുറിച്ച് കൂടുതല്‍ വാചാലനായി. ഇത്രയും സുന്ദരിയായ ഒരുപെണ്‍കുട്ടിക്ക്, കണ്ടാല്‍ ‘ഭീകരന്‍’ എന്നു തോന്നിക്കുന്ന ഈ സര്‍ദാര്‍ ഒട്ടും ചേരുന്നില്ലെന്നും ഈ ‘മാക്രിയെ’ കെട്ടാന്‍ എങ്ങനെ അവള്‍ക്കു മനസ്സ് വന്നെനും അവന്‍ കുണ്ട്ടിതപ്പെട്ടു. അവള്‍ ഒരു പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടി ആയിരിക്കാമെന്നും ഇങ്ങേരുടെ കയ്യിലെ പൈസ കണ്ടപ്പോള്‍ അവളുടെ വീട്ടുകാര്‍ ബലമായി അയാളെക്കൊണ്ട് കെട്ടിച്ചതായിരിക്കണം എന്നും അവന്‍ അഭിപ്രായപ്പെട്ടു.
ഇതിനിടയില്‍ സര്‍ദാരും ഭാര്യയും ഭക്ഷണം കഴിച്ചു. അവര്‍ കഴിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളും വീട്ടില്‍ നിന്നും കരുതിയിരുന്ന പൊതി കഴിച്ചിട്ട് ഉറങ്ങാന്‍ കിടന്നു. ഉറക്കംവരുന്നതു വരെ സുരേഷ് സര്‍ദാര്‍മാരുടെ കുറ്റങ്ങള്‍ എന്നോടും മനോജിനോടും പറഞ്ഞു കൊണ്ടിരുന്നു. പിന്നെ എപ്പോഴോ ഉറങ്ങി.
നേരം വെളുത്തു. വണ്ടി വിജയവാഡ സ്‌റ്റേഷനില്‍ എത്തി. സര്‍ദാര്‍ പോയി എവിടെ നിന്നോ ഇഡ്ഡലിയും സാമ്പാറും വാങ്ങി വന്നു. അത് കണ്ട മനോജ് ബ്രേക്ക് ഫാസ്റ്റിനു ഇഡ്ഡലി തന്നെ വാങ്ങാം എന്നു തീരുമാനിച്ചു പുറത്തേയ്ക്ക് പോയി. അല്പം കഴിഞ്ഞപ്പോള്‍ ഇഡ്ഡലി കിട്ടുന്ന കട ഇവിടെങ്ങും കാണുന്നില്ല എന്നു പറഞ്ഞു തിരിച്ചു വന്ന അവന്‍ സര്‍ദാരിനോട് ഹിന്ദിയില്‍ ചോദിച്ചു. .
‘സാര്‍ ആപ് ഇഡ്ഡലി കഹാം സെ ലിയാ? ‘ (താങ്കള്‍ എവിടുന്നാ ഇഡ്ഡലി വാങ്ങിയത്)
‘സ്‌റ്റേഷനു പുറത്തു ഒരു കടയുണ്ട്. ഞാന്‍ അവിടുന്നാ വാങ്ങിയേ’
സര്‍ദാരിന്റെ മറുപടി കേട്ട് മനോജ് അന്തിച്ചു നിന്നു. രാവിലെ തന്നെ എഴുനേറ്റു സര്‍ദാരിണിയുടെ അംഗലാവണ്യം നോക്കി പിരിച്ചു തുടങ്ങിയ ബല്‍റാം മീശയില്‍ നിന്നും സുരേഷിന്റെ വിരലുകള്‍ പിടിവിട്ടു പൊത്തോന്നു താഴെ വീണു. അവന്‍ ‘ഇന്‍ ഹരിഹര്‍ നഗര്‍’ സിനിമയില്‍ കാക്ക കാഷ്ടിച്ച ജഗദീഷിന്റെ മുഖഭാവത്തോടെ സര്‍ദാര്‍ജിയെ നോക്കിയിട്ട് അതേ ഭാവത്തോടുതന്നെ അടുത്തിരിക്കുന്ന സര്‍ദാരിരിണിയേയും നോക്കി.
അതുവരെ പുഞ്ചിരിച്ചു കൊണ്ടിരുന്ന സര്‍ദാരിണി അപ്പോള്‍ സുരേഷിനോട് ചോദിച്ചു..
‘എക്‌സ്യൂസ് മീ. ഡല്‍ഹിയില്‍ എവിടാ വര്‍ക്കു ചെയ്യുന്നേ? ‘ !!!