പ്രാചീന കേരളത്തിലെ നീതിന്യായ വ്യവസ്ഥയും ശിക്ഷകളും…!

142

മാലതി ചേറ്റൂര്‍

പുരാതന കാലത്തെ കേരളത്തില്‍ നീതി പാലിക്കുന്നതില്‍ രാജാക്കന്മാരും നാടുവാഴികളും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇന്നത്തെപ്പോലെ വര്‍ഷങ്ങള്‍ തുടരുന്ന വാദവും പ്രതിവാദവും ഒന്നും അന്നുണ്ടായിരുന്നില്ല. നാടുവാഴികളുടെ അടുത്ത് ഒരു കുറ്റം ചെയ്തതിന്റെ പരാതി എത്തിയാല്‍ അപ്പോള്‍ തന്നെ വാദം കേട്ട് ശിക്ഷ വിധിച്ചിരുന്നു. ആദ്യമൊക്കെ കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരുന്നു ശിക്ഷ. പിന്നീട് സവര്‍ണ്ണ മേധാവിത്വം വര്‍ധിച്ചു വന്നതോടു കൂടി ഒരേ കുറ്റങ്ങള്‍ക്ക് ബ്രാഹ്മണന് ഒരു ന്യായം, നായര്‍ക്കു മറ്റൊരു ന്യായം, പുലയര്‍ക്കു വേറൊരു രീതി എന്ന നിലയിലേക്ക് വന്നു. എന്ത് കഠിനമായ കുറ്റം ചെയ്താലും ബ്രാഹ്മണര്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ ജാതിഭ്രഷ്ട് ആയിരുന്നു. നായര്‍ ഒരു കീഴാളനെ കൊന്നാല്‍ പിഴ കൊടുത്താല്‍ മതി. എന്നാല്‍ ഒരു താഴ്ന്ന ജാതിക്കാരന്‍ ഒരു ചെറിയ മോഷണം നടത്തിയാല്‍ അയാള്‍ക്ക്‌ വധ ശിക്ഷ വിധിച്ചിരുന്നു.
കൊലപാതകം, മോഷണം, വ്യഭിചാരം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ക്ക് വധശിക്ഷ തന്നെ ലഭിക്കും. വധശിക്ഷ നടത്താന്‍ ശിരസ്സു വെട്ടുകയോ, തൂക്കു മരത്തിലേറ്റുകയോ ചെയ്തിരുന്നു. ചിലപ്പോള്‍ ഓരോ അവയവങ്ങളായി മുറിച്ചും വധശിക്ഷ നടത്തുമായിരുന്നു.

സത്യപരീക്ഷകള്‍ നടത്തുന്ന രീതിയായിരുന്നു ഭീകരം. ജാതി തിരിച്ചായിരുന്നു ഇത് നിശ്ചയിച്ചിരുന്നത്. ബ്രാഹ്മണര്‍ക്ക് തൂക്കു പരീക്ഷ ആയിരുന്നു. കുറ്റം ചെയ്ത ബ്രാഹ്മണനെ ഒരു ത്രാസ്സില്‍ ഇരുത്തി തൂക്കി നോക്കും. പിന്നീട് അയാള്‍ ചെയ്ത കുറ്റം ഓലയില്‍ എഴുതി അയാളുടെ ശരീരത്തില്‍ തൂക്കിയ ശേഷം വീണ്ടും തൂക്കം നോക്കും. അപ്പോള്‍ ശരീര ഭാരം കൂടിയിട്ടുണ്ടെങ്കില്‍ അയാള്‍ കുറ്റക്കാരനാണെന്ന് വിധിക്കും.

ക്ഷത്രിയര്‍ക്ക് അഗ്നിപരീക്ഷ ആയിരുന്നു. തിളച്ച എണ്ണയിലോ നെയ്യിലോ കൈമുക്കിച്ചാണ് പരീക്ഷ. കൈ പൊള്ളിയില്ലെങ്കില്‍ കുറ്റക്കാരനല്ല. വൈശ്യര്‍ക്ക് ജലപരീക്ഷ ആയിരുന്നു. മുതലകള്‍ നിറഞ്ഞ കുളത്തിലോ തടാകത്തിലോ നീന്തിക്കയറി വന്നാല്‍ കുറ്റക്കാരനല്ല. വിഷ പരീക്ഷ ആയിരുന്നു ശൂദ്രര്‍ക്ക്. ഉഗ്ര വിഷമുള്ള സര്‍പ്പത്തെ ഇട്ടിരിക്കുന്ന കൂടയില്‍ കൈയിടുവിക്കുന്നു. സര്‍പ്പം കൊത്തിയില്ലെങ്കില്‍ കുറ്റക്കാരനല്ല. അല്ലെങ്കില്‍ ഒരു മൂന്നു നെന്മണിയുടെ വലിപ്പത്തില്‍ വിഷം 32 ഇരട്ടി നെയ്യില്‍ ചേര്‍ത്ത് കുടിപ്പിക്കുന്നു. മരിച്ചാല്‍ കുറ്റക്കാരന്‍. മരിച്ചില്ലെങ്കില്‍ നിരപരാധി.

നമ്പൂതിരി സ്ത്രീകളെ ഒരുപാട് നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. ചാരിത്ര്യത്തില്‍ സംശയം തോന്നിയാല്‍ സ്മാര്‍ത്തവിചാരം (പരപുരുഷ ബന്ധമുള്ള നമ്പൂതിരി സ്ത്രീകളെ ഭ്രഷ്ട് കല്‍പ്പിക്കുന്ന സമ്പ്രദായം) ചെയ്തിരുന്നു. സ്ത്രീകള്‍ കുറ്റം ചെയ്‌താല്‍ അവര്‍ക്ക് വധശിക്ഷ നല്‍കിയിരുന്നില്ല. പകരം അഹിന്ദുക്കള്‍‍ക്കോ താഴ്ന്ന ജാതിക്കാര്‍ക്കോ വിറ്റു കളഞ്ഞിരുന്നു. അവരുടെ പ്രവൃത്തിദോഷം രാജാവറിയുന്നതിനു മുന്‍പ് ബന്ധുക്കള്‍ അറിഞ്ഞാല്‍ മുറിക്കകത്ത് അടച്ചിട്ടു കുത്തി കൊന്നു കളയും. അല്ലെങ്കില്‍ തറവാടിനു അപമാനമാനത്രേ.

ചെറിയ കുറ്റങ്ങള്‍ക്ക് മുക്കാലിയില്‍ കെട്ടി അടിക്കുമായിരുന്നു. കുറ്റത്തിന്റെ വലിപ്പമനുസരിചായിരുന്നു അടിയുടെ എണ്ണം നിശ്ചയിക്കുന്നത്. വേലുത്തമ്പി ദളവയുടെ കാലത്ത് ഒരു അനീതിയും അക്രമവും അദ്ദേഹം ക്ഷമിക്കുമായിരുന്നില്ല. പണം അപഹരിക്കുന്ന ആളിന്റെ സര്‍വ്വ സ്വത്തുക്കളും കണ്ടു കെട്ടിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ കുറ്റം ചെയ്‌താല്‍ മൂക്ക്, ചെവി എന്നിവയിലേതെങ്കിലും മുറിച്ചു കളഞ്ഞിരുന്നു. സ്ത്രീകളെ അപമാനിക്കുന്നവരെ ക്രൂരമായി വധിച്ചിരുന്നു. കൈക്കൂലി വാങ്ങിക്കുന്നവരെ അപ്പോള്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിടുമായിരുന്നു. ജോലിക്ക് കൃത്യ സമയത്ത് വന്നില്ലെങ്കില്‍ പിഴ ഈടാക്കിയിരുന്നു.

രാജാക്കന്മാരുടെയും നാടുവാഴികളുടെയും ചുമതയിലായിരുന്നു ശിക്ഷാ സമ്പ്രദായം എന്നിരുന്നാലും ബ്രാഹ്മണര്‍ക്കും കാര്യക്കാര്‍ക്കും ഈ മേഖലയില്‍ നല്ല സ്വാധീനം ഉണ്ടായിരുന്നു. തികച്ചും പ്രാകൃതം എന്ന് തോന്നാമെങ്കിലും ശിക്ഷയുടെ കാഠിന്യം കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറവായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലമാണ് ഇന്ന് കാണുന്ന നീതിന്യായ വ്യവസ്ഥിതിയുടെ പ്രാരംഭ കാലം.

 

Advertisements