സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസിനുമെതിരെ ജസ്റ്റിസ് മദന്‍ ബി.ലോകൂര്‍

20

സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസിനുമെതിരെ ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍: കോടതി ഭരണഘടനപരമായ ഉത്തരവാദിത്തങ്ങള്‍ നിർവഹിക്കുന്നില്ല.

കോവിഡ് 19 കാലത്തുള്‍പ്പെടെ സുപ്രീം കോടതി സ്വീകരിച്ച നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ജഡ്ജി ജസ്റ്റീസ് മദന്‍ ബി ലോകൂര്‍. കേസുകൾ പരിഗണിക്കാൻ സ്വീകരിക്കുന്ന മാനദണ്ഡത്തെയും വ്യക്തികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റീസ് എസ് എ ബോബ്ഡേ നടത്തിയ പരമാർശത്തെയും അദ്ദേഹം വിമർശിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ പാലിക്കുന്നതിൽ കോടതി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 2018 ഡിസംബറിലാണ് ലോകൂർ സുപ്രീം കോടതിയിൽനിന്ന് വിരമിച്ചത്.

മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സുപ്രീം കോടതിയുടെ നടത്തിപ്പിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.സുപ്രീം കോടതി അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ ശരിയാംവിധം നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച മദന്‍ ലോകൂര്‍ ചീഫ് ജസ്റ്റീസ് വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെയും വിമര്‍ശിച്ചു. അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഉടന്‍ ഇടപെടാതിരുന്ന കോടതി അവരെ കൈയൊഴിയുകയാണ് ചെയ്തതെന്ന് മദന്‍ ബി ലോകുര്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ഉചിതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നില്ല കോടതി ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു;

“അങ്ങനെ പറയുന്നത് ഒരു നിലപാടല്ല”, അദ്ദേഹം പറഞ്ഞു. സാധാരണ സമയങ്ങളിലുള്ള പ്രാധാന്യം ഇപ്പോള്‍ അവകാശ സംരക്ഷണത്തിന് ഇല്ലെന്ന ചീഫ് ജസ്റ്റീസ് എസ് എ ബോംബ്ദെയുടെ പരാമര്‍ശത്തെയും അദ്ദേഹം വിമര്‍ശിച്ചു. അടിയന്തരാവസ്ഥ കാലത്തെ എഡിഎം ജബല്‍പൂര്‍ കേസില്‍ വിധി പറഞ്ഞ ഭൂരിപക്ഷ ജഡ്ജിമാരുടെ ശബ്ദമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്ന് ന്യുനപക്ഷ വിധിയെഴുതിയ ജസ്റ്റീസ് എച്ച് ആര്‍ ഖന്നയാണ് ശരിയാണെന്ന് തെളിഞ്ഞത്. “അവകാശങ്ങളെക്കുറിച്ച് മറന്നേക്കൂ എന്ന് പറയാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അടിയന്തരാവസ്ഥ കാലത്ത് അവകാശങ്ങളെക്കുറിച്ച് മറക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ഇപ്പോഴും അതിന് സാധിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്”, അദ്ദേഹം പറഞ്ഞു. അന്തര്‍സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നവും ഗ്രാമീണ തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഹര്‍ജികളും മാറ്റിവെച്ച സുപ്രീം കോടതി മോദി അനുകൂല ചാനല്‍ അവതാരകന്‍ അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിച്ചത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

അത്തരമൊരു അടിയന്തര സാഹചര്യം അര്‍ണബ് ഗോസാമിയുടെ ഹര്‍ജിയില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന സാഹചര്യവും ഉണ്ടായിരുന്നില്ല. അന്തര്‍സംസ്ഥാന തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ദുരിതവുമായി ചേര്‍ത്ത് നോക്കുമ്പോള്‍ ആ കേസിന് ഒരു അടിയന്തര പ്രാധാന്യവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലേക്ക് പോകണമെന്നും ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നുമുള്ള തൊഴിലാളികളുടെ ആവശ്യങ്ങളോളം പരിഗണന നല്‍കേണ്ട മറ്റൊരു വിഷയവുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റീസിന്റെ മുന്‍ഗണനകളാണോ ഇത് വെളിപ്പെടുത്തുന്നതെന്ന ചോദ്യത്തിന് ആര്‍ക്കെങ്കിലും ഉത്തരവാദിത്തം ഉണ്ടായേ പറ്റുവെന്ന് അദ്ദേഹം പറഞ്ഞു. ഒന്നുകില്‍ അത് ചീഫ് ജസ്റ്റീസിനാവണം, അല്ലെങ്കില്‍ സുപ്രീം കോടതി സെക്രട്ടറി ജനറാലിന് ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ചീഫ് ജസ്റ്റീസ് പരിശോധന നടത്തുകയാണ് വേണ്ടെതെന്ന് ലോകൂര്‍ പറഞ്ഞു.

ഭരണഘടനയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിഗണിക്കുന്നത് മാറ്റിവെയ്ക്കുന്നതിനെകുറിച്ച് ചോദിച്ചപ്പോള്‍ ഇതായിരുന്നു ജസ്റ്റീസ് ലോകൂറിന്റെ മറുപടി. “ഈ കേസുകള്‍ (കാശ്മീരിന്റെ ഭരണഘടന പദവി റദ്ദാക്കിയതും, പൗരത്വ ഭേദഗതി നിയമവും) വളരെ പ്രധാനപ്പെട്ടതാണ്. വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്നതാണ് അത്. അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യപ്പെടേണ്ട കേസുകളായിരുന്നു ഇവ. എന്ത് പ്രാധാന്യമാണ് ഈ കേസുകള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് അറിയില്ല”. ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൊണ്ട് തീര്‍ക്കാവുന്നതാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍. ഒരു വ്യക്തിയെ വിചാരണ കൂടാതെ തടവില്‍ ഇടുന്നതുമായി ബന്ധപ്പെട്ടാണത്. അത് പോലും മാറ്റിവയ്ക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീം കോടതി സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കീഴടങ്ങി എന്ന വാക്കിനോട് യോജിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോടതി അതിന്റെ ഭരണഘടനാബാധ്യതകള്‍ നിര്‍വഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “ഒരു വ്യക്തിക്ക് അവകാശങ്ങള്‍ ഉണ്ട്. അങ്ങനെ അവകാശങ്ങളുണ്ടെങ്കില്‍ അത് ഉറപ്പുവരുത്തണം. അത് ചെയ്യേണ്ടത് സുപ്രീം കോടതിയാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ സുപ്രീം കോടതി അതിന്റെ ഭരണഘടനാ ബാധ്യതകള്‍ നിര്‍വഹിക്കുന്നില്ലെ”ന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തില്‍ നിരാശനാണോ എന്ന ചോദ്യത്തിന് നിരാശനാണെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.