ഒരു പെൺകുട്ടി ചെണ്ടയിൽ ഇരുന്നതിന് കലിപൂണ്ടവരാണ് സ്വീഡനിലെ കലാപവുമായി ബന്ധപ്പെടുത്തി ഒരു മതത്തെ കുറ്റപ്പെടുത്തുന്നത്

260

Justin Pereira

“സേവ് ദി ഡേറ്റ്” ഫോട്ടോഷൂട്ട് എന്നൊരു തെറ്റ് മാത്രമേ ഈ പൈതങ്ങൾ ചെയ്തുള്ളൂ.
ചെണ്ട പോലെ തോന്നുന്ന ഒരു ഇരിപ്പിടത്തിൽ ആ പെൺകുട്ടി ഇരിക്കുന്ന ഫോട്ടോ കണ്ടിട്ടാണ് മേള ആസ്വാദകർക്ക് കലിപൂണ്ടത്. ഫോട്ടോഗ്രാഫറിന് കണക്കിന് കിട്ടി. അയ്യാളുടെ തന്തയ്ക്ക് തള്ളയ്ക്കും ഒക്കെ വിളിച്ചു. വിവാഹത്തിന് തയ്യാറെടുക്കുന്ന ആ പിള്ളാർക്ക് വയറു നിറയെ കിട്ടി. അവരുടെ ഭാവി സ്വകാര്യത വരെ വർണ്ണിച്ചുകൊണ്ട് ഇട്ട കമ്മന്റുകൾ ഞാനിവിടെ കാണിക്കുന്നില്ല. എന്തായാലും ഫോട്ടോഗ്രാഫർ അവരുടെ പേജിൽ നിന്ന് പ്രസ്തുത ഫോട്ടോകൾ എല്ലാം നീക്കം ചെയ്തു. എന്നിട്ട് ‘വികാരം വൃണപ്പെടുത്തിയതിന്’ മാപ്പ് ചോദിച്ചുകൊണ്ട് മറ്റൊരു പോസ്റ്റും ഇട്ടു. ആചാരവും, പവിത്രതയും കാത്ത് സൂക്ഷിക്കുന്ന, അതിന് വേണ്ടി ജീവൻ പോലും കളയാൻ തയ്യാറുള്ള പാരമ്പര്യവാദികൾ വിടുന്നില്ല. മാപ്പ് പറയുന്ന പോസ്റ്റിന് താഴെയും അട്ടഹാസം തന്നെ.

കമന്റുകൾ ഒന്ന് വായിക്കണേ. കട്ട കോമഡിയാണ്. അതിൽ ഞാൻ ചിരിച്ചു പണ്ടാരമടങ്ങിയ ഒരു കമ്മന്റ് ഇപ്രകാരം…
‘ചെണ്ട, മൃദംഗം,തവിൽ, ഘടം etc…സംഗീത ഉപകരണങ്ങൾ ഏത് ആയാലും ആ ഉപകരണത്തിന്റെ പവിത്രതയോടെ അതിനെ നോക്കി കണ്ട്…. ആർത്തവ സമയത്ത് ആ സംഗീത ഉപകരണത്തിന്റെ പരിസരത്ത് പോലും പോകാത്ത പുണ്യം ചെയ്ത കലാകാരികൾ ജനിച്ച മണ്ണിൽ ഇങ്ങനെ ഒരോ പടു ജന്മങ്ങൾ’…

എങ്ങിനൊണ്ട്? ഇമ്മാതിരി മലവാണങ്ങൾ ജീവിക്കുന്ന നാട്ടിലാണ് അഭിപ്രായ സ്വാത്രന്ത്ര്യം ഉണ്ടെന്ന് നാം വീമ്പിളക്കുന്നത്. സ്വീഡനിൽ നടന്ന കലാപത്തെയും, അതിന് പിന്നിലുള്ളവരെയും ‘മതത്തിന്റെ’ പേര് പറഞ്ഞ് അവഹേളിക്കുന്നവരും, കളിയാക്കി ചിരിക്കുന്നവരും ഒക്കെ ഇക്കൂട്ടത്തിൽ കാണും. പിയാനോ ആയാലും മൃദംഗം ആയാലും, വയലിൻ ആയാലും തവിൽ ആയാലും, ഘടം ആയാലും ഗിറ്റാർ ആയാലും, അതൊക്കെ വെറും വാദ്യോപരണങ്ങൾ മാത്രമാണ്. അതിനൊക്കെ ദൈവിക പരിവേഷം നൽകി തുടങ്ങിയാൽ, ഇപ്പോൾ തന്നെ മുപ്പത്തി മുക്കോടി ദൈവങ്ങളുള്ള ഈ ഭൂമിക്ക്, അതൊന്നും താങ്ങാനൊക്കില്ല. പിന്നെ, അതിൽ കണ്ട രണ്ടുമൂന്ന് കമ്മന്റുകളിട്ട വിരുതന്മാരെ പോലുള്ളവർ കേരളത്തിൽ ഉണ്ടെന്നുള്ളതാണ് ശുഭപ്രതീക്ഷ!