രജനികാന്തിൻ്റെ കബാലി അത്ര ഇംപാക്ട് ഉണ്ടാക്കാതെ പോയതിൻ്റെ കാരണമായി എനിക്കു തോന്നിയിട്ടുള്ളത് ശക്തനായ ഒരു വില്ലൻ്റെ അഭാവമാണ് എന്നാണ്. കഥാപാത്ര നിർമ്മിതിയിലും പെർഫോമൻസിലും താരതമ്യേന ദുർബലനായ ഒരു വില്ലനായിരുന്നു കബാലിയിലേത്. രജനികാന്തിൻ്റെ തന്നെ മുൻ കാല സൂപ്പർ ഹിറ്റുകളിലൊക്കെത്തന്നെ അതിഗംഭീരമായ വില്ലൻ കഥാപാത്രങ്ങളും അവ അഭിനയിച്ചു ഫലിപ്പിക്കാൻ മികച്ച അഭിനേതാക്കളും ഉണ്ടായിരുന്നു. അതവിടെ നിൽക്കട്ടെ.
മാസ്റ്ററിലേക്ക് വരുമ്പോൾ ഇതേ പ്രശ്നത്തിൻ്റെ ഒരു മിറർ റിഫ്ലക്ഷൻ മാസ്റ്ററിനെ ബാധിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.അതായത് വില്ലന് ഒത്ത നായകനെ സൃഷ്ടിക്കാൻ തിരക്കഥാകൃത്തും സംവിധായകനുമായ ലോകേഷ് കനകരാജിന് കഴിഞ്ഞിട്ടില്ല.വിജയ് സേതുപതിയുടെ ഭവാനി എന്ന കഥാപാത്രത്തിൻ്റെ ക്യാരക്ടർ ബിൽഡപ്പിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഭവാനി അതിശക്തനായ അവിശ്വസനീയമാം വിധം ക്രൂരനായ ഒരു കുറ്റവാളിയായി പരിണമിക്കുന്നതെങ്ങനെയെന്ന് കാണിച്ചു കൊണ്ട് തുടക്കം.
അഭിനയമികവ് പരിഗണിക്കുകയാണെങ്കിൽ തമിഴിലെ ഏറ്റവും പ്രതിഭാധനനായ നടൻ വിജയ് സേതുപതിയെ ലോകേഷ് ഭവാനിയായി അഭിനയിക്കാൻ തിരഞ്ഞെടുത്തത് സിനിമയ്ക്ക് നെഗറ്റീവും പോസിറ്റീവുമായ ഫലങ്ങളുണ്ടാക്കിയെന്നാണ് എൻ്റെ അഭിപ്രായം. വിജയ് സേതുപതിയുടെ മിന്നുന്ന പ്രകടനം കാണാനായി എന്നത് പോസിറ്റീവായി കണക്കാക്കുമ്പോൾ ആ പ്രകടനത്തിന് മുന്നിൽ നായകൻ നിഷ്പ്രഭനായി പോയി എന്നത് ഒരു കച്ചവടസിനിമയെ സംബന്ധിച്ച് നെഗറ്റീവാണെന്നാണ് തോന്നുന്നത്.
വിജയ് സേതുപതിയുടെ സ്ക്രീൻ പ്രസൻസിനു മുന്നിൽ വിജയ് മങ്ങിക്കത്തിയ വിളക്കു പോലെയായിപ്പോയി. ഡേവിഡ് ഗോലിയാത്ത് ഫൈറ്റിൻ്റെ ത്രില്ലുണ്ടാക്കാനാണ് ലോകേഷ് ശ്രമിച്ചതെങ്കിൽ ആ ശ്രമം വൻ പരാജയമായിപ്പോയെന്നേ പറയാനുള്ളൂ.
അങ്ങനൊരു ത്രില്ല് സിനിമയിലുടനീളം മിസ്സിംഗായിരുന്നു.ലോകേഷിലെ സംവിധായകൻ എത്ര ആഞ്ഞുപിടിച്ചിട്ടും രക്ഷിച്ചെടുക്കാൻ കഴിയാത്തത്ര വീക്കായ തീരക്കഥയാണ് ലോകേഷ് എന്ന എഴുത്തുകാരൻ പടച്ചു വച്ചിരുന്നത്..ഗാനരംഗങ്ങളുടെ ചിത്രീകരണത്തിൽ പുതുമ തോന്നി. വിജയ് സിനിമകളെ പെയിൻ്റ് കമ്പനികളുടെ പരസ്യം പോലെയാക്കുന്ന ആറ്റ്ലീ സ്റ്റൈലിൽ നിന്നും വേറിട്ടു നിൽക്കുന്നുണ്ട് മാസ്റ്റർ. അഭിനയത്തിൽ മിതത്വം കൊണ്ടു വരാൻ വിജയ് ശ്രമിച്ചിട്ടുമുണ്ട്. ഇങ്ങനെ ചില എലമെൻ്റ്സിനെ മാറ്റി നിർത്തിയാൽ സ്ഥിരം വിജയ് സിനിമകളുടെ വാർപ്പിൽ നിന്ന് അധികമൊന്നും മാറിച്ചിന്തിക്കാൻ ലോകേഷിനായില്ല.എടുത്തു പറയേണ്ട പ്രധാനപ്പെട്ട പേര് അനിരുദ്ധിൻ്റേതാണ്. സിനിമ തീരുമ്പോൾ അൻ അനിരുദ്ധ് – ലോകേഷ് ഫിലിം എന്നെഴുതിക്കാണിക്കേണ്ടിയിരുന്നു . അത്രത്തോളം സിനിമയെ താങ്ങി നിർത്തുന്നുണ്ട് അനിരുദ്ധിൻ്റെ സംഗീതം.