കുഞ്ഞിലേ തന്നെ മതപരമായ വേർതിരിവുണ്ടാക്കുന്ന യാതൊരു വിധ പ്രവർത്തനങ്ങളും സ്കൂളുകളിൽ പാടില്ലെന്ന ശക്തമായ നിലപാടെടുത്ത ഹൈക്കോടതിക്ക് ഒരു ബിഗ് സല്യൂട്ട്

0
107
ജെസ്റ്റിൻ വർഗ്ഗീസ് 
തുറവൂർ പള്ളിവക സ്കൂളിൽ നാലാം ക്ലാസ്സ് വരെ പഠിച്ച എന്നെ അഞ്ചാം ക്ലാസ്സായപ്പോൾ അപ്പച്ചൻ കിടങ്ങൂർ സെന്റ് ജോസഫ് സ്കൂളെന്ന കന്യാകാ സ്ത്രീ മഠം വക സ്കൂളിലാക്കി .
അച്ചടക്കത്തിനും നൂറുമേനി വിജയത്തിനും പേരുകേട്ട സ്കൂൾ .പ്രധാന അദ്ധ്യാപികയായ സിസ്റ്ററാകട്ടെ സദാ സമയം കൈയ്യിൽ മുട്ടനൊരു ചൂരൽവടിയുമായി റോന്തുചുറ്റുകയും ഏതെങ്കിലും ഒരു കുട്ടിയെ അന്നത്തെ കലി തീർക്കാൻ കിട്ടിയാൽ തൊടയടിച്ച് പൊട്ടിച്ച് ആത്മനിർവൃതി കണ്ടെത്തുന്നയാളും .അച്ചടക്കമെന്നത് ചൂരൽ പ്രയോഗത്തിലൂടെ മാത്രം നേടിയെടുക്കാവുന്നതാണെന്ന് ചിന്തിച്ച ഒരു പഴതലമുറക്കാരി .ഒരു പക്ഷേ പ്രായത്തിന്റേതായ ചെറിയ വികൃതികൾക്കു പോലും അസംബ്ളിയിൽ കയറ്റി നിറുത്തി എല്ലാ അദ്ധ്യാപികമാരും കുട്ടികളും നോക്കി നിൽക്കെ ചൂരലടി കൊണ്ടു തുട പൊട്ടിക്കുന്നതിൽ സിസ്റ്റർ ഒരു വിനോദം കണ്ടെത്തിയിരുന്നു .ആ നിമിഷം പലരുടെയും ആത്മാഭിമാനമെന്നത് നിക്കറിനുള്ളിലൂടെ നനവായ് ഊർന്നിറങ്ങുന്നത് പതിവ്  കാഴ്ചകളിലൊന്നായിരുന്നു !!!
തുറവൂർ സ്കൂളിൽ നിന്നും മഠം വക സ്കൂളിൽ ചേർന്നതോടെ സൗഹൃദങ്ങൾ വേർപിരിഞ്ഞതു മാത്രമായിരുന്നില്ല എന്റെ സങ്കടം ,വൈകിട്ട് നാല് മണിക്ക് ശേഷമുള്ള വേദപാഠ പഠനമായിരുന്നു എനിക്കേറ്റവും കഠിനം .വീടിനടുത്തെ മറ്റു സ്കൂളിൽ പഠിക്കുന്ന കൂട്ടുകാർ നാല് മണിക്ക് സ്കൂൾ വിട്ടു വന്നതിന് ശേഷം അടുത്ത പറമ്പില് കളി തുടങ്ങുമ്പോൾ ഞാനാകട്ടെ നാല് മണിക്ക് ശേഷം അര മണിക്കൂർ വേദപാഠവും രണ്ടര കിലോ മീറ്റർ നടന്നുള്ള വരവും കഴിഞ്ഞ് വരുമ്പോൾ സന്ധ്യയായിക്കാണും .പിന്നെ കുളി കഴിഞ്ഞ് ഹോം വർക്ക് തീർക്കാൻ മാത്രം കഷ്ടി സമയം .
സത്യത്തിൽ സ്കൂളിലെ മറ്റു അക്രൈസ്തവരായ കുട്ടികളോട് ഇക്കാര്യത്തിൽ എനിക്ക് കടുത്ത അസൂയ തോന്നിയിരുന്നു .കാരണം അവർക്ക് നാല് മണിക്ക് ക്ലാസ്സ് കഴിഞ്ഞാൽ വീട്ടിൽ പോകാം .ക്രിസ്ത്യൻ കുട്ടികൾ പിന്നെയും അരമണിക്കൂർ വേദപാഠത്തിന് നിർബന്ധമായും നിന്നു കൊള്ളണം .അതും പഠിപ്പിക്കുന്നതാകട്ടെ പത്താം സൂനഹദോസും ,കൂനൻ കുരിശു സത്യവും,മെത്രാൻമാരുടെ സിനഡിന് സാലഡ് തിന്നതും കോപ്പുമൊക്കെയാണ് .ഒരു തരം ഓഞ്ഞ ഏർപ്പാട് !ഏറെ കഷ്ടപ്പെട്ടാണ് ഈ അര മണിക്കൂർ ഞങ്ങൾ കഴിച്ചുകൂടാറ് .അങ്ങനെ രണ്ട് വർഷം കഴിഞ്ഞ് ഏഴാം ക്ലാസ്സെത്തിയപ്പോഴാണ് ക്ലാസ്സിൽ പുതുതായി നാല് കുട്ടികൾ കൂടി എത്തുന്നത് . അക്കൂട്ടത്തിൽ മഞ്ഞപ്ര സ്കൂളിൽ സകല അടി തടയും പയറ്റിയെത്തിയ ബിജു വർഗ്ഗീസ് എന്റെ അടുത്തിരുപ്പുകാരനായ് എത്തപ്പെട്ടു .വന്നപാടെ അവനോട് ഞാൻ ചോദിച്ചു എന്തൂട്ട് കോപ്പിനാ ഈ വേദ പാഠോം വെള്ളിയാഴ്ച കുർബാനയുമൊക്കെയുള്ള ഇങ്ങോട്ട് കെട്ടിയെടുത്തേന്ന് ??.ഇതൊന്നുമില്ലാത്ത ആ മഞ്ഞപ്ര സ്കൂളിതന്നെ പണ്ടാരടങ്ങിയാൽ പോരാരുന്നോന്നും ??.
അതു കേട്ടപ്പോ അവനാകെ സങ്കടമായ് .മാത്രമല്ല ഞങ്ങടടുത്തിരുന്ന ബിനു ജോണാകട്ടെ ക്രിസ്ത്യാനിയാണെങ്കിലും അവന് വേദ പഠനമില്ല ,കാരണം അവൻ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ പ്പെട്ടതാണ് എന്നതായിരുന്നു .അക്കാര്യത്തിൽ അവനോടുള്ള കുശുമ്പു ഞങ്ങൾക്ക് പറഞ്ഞറിക്കാവുന്നതായിരുന്നില്ല.അങ്ങനെ ഏഴാം ക്ലാസ്സിലെ ക്ലാസ്സ് തുടങ്ങി മൂന്ന് നാൾ കഴിഞ്ഞ് ഒരു ദിവസം അനൗൺസ്മെന്റ് മുഴങ്ങി ഇന്നു മുതൽ ക്രിസ്ത്യാനികളായ കുട്ടികൾ നിർബന്ധമായും നാല് മണിക്ക് ശേഷം വേദപഠനത്തിനായി നിൽക്കേണ്ടതാണെന്ന് .അന്ന് വൈകിട്ട് നാല് മണിയടിച്ചപ്പോഴുണ്ട് ഞാൻ നോക്കുമ്പോൾ പ്രൊട്ടസ്റ്റന്റായ ബിനു ജോണിനോപ്പം ബിജുവും കെട്ടും ഭാണ്ഡവുമേറ്റി ഒറ്റഓട്ടം !പിറ്റേന്ന് ഞാനവനോട് ചോദിച്ചു നീയെന്താ വേദപാഠത്തിന് നിക്കാതെ പോയതെന്ന് ?അതിന് അവൻ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ച് കളഞ്ഞു .ഇന്നലെ മുതൽ അവൻ പ്രൊട്ടസ്റ്റന്റ് ആയെന്ന് !!!.
തൽക്കാലം ആരെങ്കിലും ചോദിച്ചാൽ അവൻ പ്രൊട്ടസ്റ്റന്റാന്ന് പറയാൻ എന്നെയും ചട്ടം കെട്ടി .
പൈലി വല്യപ്പന്റ കടേലെ തേൻ നിലാവ് മിഠായി മൂന്നെണ്ണം അതിന് വായടപ്പ് കൂലിയായും എനിക്ക് കിട്ടി .
അങ്ങനെ മൂന്ന് ആഴ്ച ആരാലും പിടിക്കപ്പെടാതെ പോയപ്പോൾ ബിജുവിന്റെ ആത്മവിശ്വാസം വർദ്ധിച്ചു .ബിനു ജോണിനോട് പറഞ്ഞ് അവര് സാധാരണ ജംഗ്ഷനുകളിൽ വിതരണം ചെയ്യാറുള്ള ബൈബിൾ വാക്യങ്ങളടങ്ങിയ ലീഫ് ലെറ്റ് രണ്ട് മൂന്നെണ്ണം വാങ്ങി അത്യാവശ്യത്തിന് പ്രയോഗിക്കാവുന്ന ബൈബിൾ വാക്യങ്ങൾ നമ്പർ സഹിതം കാണാതെ ബിജു പഠിച്ചു വച്ചു .വയറു നിറഞ്ഞാൽ കുറുക്കന് കൂവാതിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ പോലെ ,തന്റെ ഈ വീരകൃത്യം ആരോടെങ്കിലും പറയാതെ ബിജുവിന് സമാധാനമില്ലാതായി .അങ്ങനെ താൻ വല്യമിടുക്കനാണെന്ന് അറിയിക്കാൻ ബിജു തന്റെ വീരകൃത്യം ക്ലാസ്സിലെ തന്നെ ഏറ്റവും മക്കിടിയായ മൂക്ക്രാഞ്ചി ജോബിയോട് അതീവരഹസ്യമായി പറഞ്ഞു .ആരോടും ഇക്കാര്യം പറയില്ലെന്ന ഉറപ്പും വാങ്ങി .എന്നാൽ ബാക്കിയെല്ലാവരും വേദപഠനത്തിനിരിക്കുമ്പോൾ മറ്റു ഹിന്ദു കുട്ടികളുടെ കൂടെ നാല് മണിക്ക് രക്ഷപെട്ടോടുന്ന ബിജുവിനോടുള്ള കുശുമ്പു മൂത്ത മൂ ക്രാഞ്ചി ജോബി ഒരു യൂദാസായി മാറി ബിജുവെന്ന ആ ദൈവപുത്രനെ ഡെന്നീസ് സിസ്റ്ററിനോട് ഒറ്റിക്കൊടുത്തു .പിറ്റേന്ന് ക്ലാസ്സ് തുടങ്ങും മുമ്പ് തന്നെ ഡെന്നീസ് സിസ്റ്റർ ബിജുവിനടുത്തെത്തി .
“ബിജു ക്രിസ്ത്യാനിയല്ലെ പിന്നെന്തെ വേദപാഠത്തിന് നിൽക്കാത്തെ” ?
“ഞാൻ ക്രിസ്ത്യാനിയാ പക്ഷേ ഞങ്ങൾ പ്രൊട്ടസ്റ്റന്റാ സിസ്റ്റേ” ..
“എന്നിട്ട് സ്കൂൾ റജിസ്റ്ററിൽ നീ RCSC എന്നാണല്ലോ” ?
“സിസ്റ്ററേ ഞങ്ങളാദ്യം RC ആയിരുന്നു .എന്നാൽ കുറച്ച് കൊല്ലം മുമ്പ് ഞങ്ങൾക്ക് യഹോവയുടെ വിളി കിട്ടി ഞങ്ങള് കൂട്ടായ്മയിലേക്ക് മാറി” .
ബിജു ദൈവിക ചൈതന്യം നിറഞ്ഞ കുഞ്ഞാടിനെ പോലെ ഭവ്യതയോടെ പറഞ്ഞു .
“അപ്പോ നിന്റെ വീട്ടില് രൂപമൊന്നും വെക്കില്ലേ” ???
രൂപമെന്ന് കേട്ട പാടെ അനിഷ്ടത്തോടെ ചുണ്ട് കോട്ടി ബിജു ചോദിച്ചു
“രൂപോ”?? !!!
സിസ്റ്ററേ പുറപ്പാടിന്റെ പുസ്തകത്തിൽ 20 ട്ടാം അധ്യായം ഒന്ന് മുതൽ ആറ് വരെയുള്ള വാക്യങ്ങളിൽ വ്യക്തമായി പറയുന്നു ആകാശത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള യാതൊന്നിന്റേയും പ്രതിമയോടു ആരാധിക്കരുതെന്നും ,അങ്ങനെ ചെയ്യുന്നവരുടെ നാല് തലമുറയെ നശിപ്പിക്കുമെന്നും ” .ലീഫ് ലെറ്റിൽ നിന്ന് പഠിച്ചു വച്ച അറിയാവുന്ന ഒന്ന് പുള്ളി കാച്ചി വിട്ടു.ഒരു ചിന്ന പാസ്റ്ററായുള്ള അവന്റെ വേഷപകർച്ച കണ്ട് യഥാർത്ഥ യഹോവക്കാരനായ ബിനു പോലും ഞെട്ടി .ചിരി പൊട്ടി പോകാതിരിക്കാൻ ഞാനാകട്ടെ മായ്ക്കണ റബർ ആഞ്ഞാഞ്ഞ് കടിച്ചിരുന്നു .ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ വീണ്ടും സിസ്റ്റർ കണ്ണടയ്ക്കിടയിലൂടെ ബിജുവിനെ നോക്കി .ബൈബിൾ വാക്യങ്ങളിലെ അവന്റെ അഗാധ പാണ്ഡ്യത്യം സിസ്റ്ററെ അദ്ഭുതപ്പെടുത്തി
“അപ്പോ നിങ്ങക്ക് മാതാവൊന്നുമില്ലേ” ?
“മാതാവോ ???
No …no…no.. മാതാവ്ന്ന് പറഞ്ഞാ എനിക്ക് മമ്മി മാത്രം .വേറൊന്നുല്ല” .
സിസ്റ്ററ്റ് വീണ്ടും വളിച്ച ചിരി ചിരിച്ചു നിന്നു.
“അപ്പോ പള്ളീം പട്ടക്കാരൊന്നും നിനക്ക് വേണ്ടാന്നാണോ” ??
സിസ്റ്റർ വീണ്ടും ഒരു വീണാട്ടം ചോദിച്ചു.
“സിസ്റ്ററേ എബ്രായർ ഏഴ് 22 മുതൽ 26 വരെയുള്ള വാക്യങ്ങളിൽ പറയുന്നു യേശുവാകുന്നു നിത്യ പുരോഹിതനെന്ന് മറ്റു പുരോഹിതൻമാരെ പറ്റിയൊന്നും ബൈബിൾ പറയുന്നില്ല .അതൊക്കെ വെറും വെള്ളയടിച്ച കുഴിമാടങ്ങളാ സിസ്റ്ററേ” …
സിസ്റ്ററ് അതു കേട്ട പാടെ സ്വന്തം വെള്ള വസ്ത്രത്തിലോട്ട് അറിയാതെ ഒന്ന് നോക്കി .
“പുല്ല് ചോദിക്ക ണ്ടാർന്നു .ഇതിപ്പോ വേലിമെ കെടന്ന പാമ്പിനേടത്ത് വേണ്ടാത്തോടത്ത് വച്ച പോലായല്ലോ മാതാവേ” ന്ന് സിസ്റ്റർ അടക്കം പറഞ്ഞു .
ഇതൊക്കെ കേട്ട് ഉച്ചത്തിൽ രണ്ട് ഹാലേലൂയ സ്ത്രോത്രം ചെല്ലാനായി ബിനുവിന്റെ മനസ്സ് വെമ്പൽ കൊണ്ടു .
ബിജു അവിടിരുന്നോ എന്നും പറഞ്ഞ് സിസ്റ്റർ വേഗം അവിടുന്നു തടി തപ്പി .
നെഞ്ചത്ത് കൈ വച്ച് ഒരു മിനിട്ട് കണ്ണടച്ച് പ്രാർത്ഥിച്ച് വചന പ്രഘോഷണം കഴിഞ്ഞ വട്ടായിയച്ചനെപ്പോലെ ബിജുയിരുന്നു .
വിനോദ് കാംബ്ലിയുടെ പടമുള്ള നോട്ട് ബുക്കിലോട്ട് കുമ്പിട്ട് നോക്കി ചിരിയടക്കി ഞാനും .
ശേഷം ഞാനും ബിനുവും അവനെ പ്രശംസ കൊണ്ട് മൂടി .
അന്നേരമുള്ള അവന്റെ ഗമയ്ക്ക് ഉച്ചവരെയേ ആയുസ്സുണ്ടായുള്ളൂ .
ഉച്ചക്കലത്തെ ആദ്യ പിരിയഡിനിടയ്ക്ക് പീയൂൺ ലില്ലി ചേച്ചി ഒരു കുറിപ്പുമായ് ഓഫീസിൽ നിന്ന് വന്നു .
ഹിന്ദി സിസ്റ്റർ പീയൂഷാമ്മ കുറിപ്പ് വായിച്ച് പറഞ്ഞു ,ബിജു വർഗ്ഗീസ് നാളെ പേരന്റിനേയും കൊണ്ട് വന്നിട്ടേ ക്ലാസ്സിൽ കേറാവുന്ന് .അതോടെ ബിജുവിന്റെ ഗ്യാസ് പോയി .പിറ്റേന്ന് രാവിലെ ഫസ്റ്റ് ബെല്ലടിക്കുന്നതിന് മുമ്പ് ഞങ്ങൾ കുറച്ച് പേർ വരാന്തയിൽ സംസാരിച്ച് നിൽക്കുന്നു . ഹെഡ്മിസ്ട്രസ് പതിവ് പോലെ തന്റെ ഊരി പിടിച്ച ചൂരലുമായി ഓഫീസിന് മുമ്പിലെ വരാന്തയിൽ മന്ദം മന്ദം ഉലാത്തുന്നു .അന്നേരം കുറച്ചകലെ ഗേറ്റ് കടന്ന് ബിജുവിന്റെ അമ്മ കടന്നു വന്നു ,പുറകിലായി ബിജുവും .ബിജുവിനേയും അമ്മയേയും അകലെ നിന്ന് കണ്ടപാടെ ഹെഡ്മിസ്ട്രസ് ചവിട്ടിക്കാൻ കൊണ്ട് വരുന്ന പിടയാടിനെ കണ്ട ജമുനാപ്യാരി മുട്ടനെപ്പോലെ അക്ഷമയോടെ നിന്നിടത്ത് നിന്ന് നട്ടം തിരിയാൻ തുടങ്ങി .ഇത് കണ്ട് പേടിച്ച് പിൻവലിഞ്ഞ ബിജുവിനെ മുട്ടനെക്കണ്ട് പേടിച്ച് കയറ് വലിച്ച് പോകുന്ന കന്നി ചവിട്ടിന് വരുന്ന പിടയാടിനെ വലിച്ച് കൊണ്ട്വരും പോലെ അമ്മ കൈപിടിച്ച് വലിച്ച് കൊണ്ടുവന്നു .വരാന്തയിൽ വച്ച് കുറച്ച് നേരത്തെ സംസാരത്തിന് ശേഷം അമ്മയുടെ മുമ്പിൽ വച്ച് തന്നെ ഹെഡ്മിസ്ടസ് ബിജുവിനെ തിരിഞ്ഞു നിറുത്തി അവന്റെ വെളുത്ത തുടകളിൽ പതിനൊന്ന് എന്ന കിടങ്ങൂർ സ്കൂളിന്റെ ചാപ്പ ചൂരൽ കൊണ്ട് കൊത്തി .അടിയേറ്റ ബിജു വാവിട്ടു കരഞ്ഞു .കണ്ടു നിന്ന അമ്മയുടേയും കണ്ണുകളും അന്നേരം നിറഞ്ഞു .
അവൻ ചമ്മട്ടികളിൽ അടിക്കപ്പെടും എന്ന തിരുവെഴുത്ത് അവിടെ പൂർത്തിയായി . ശേഷം ചമ്മട്ടിയടിയേറ്റ ആ ദൈവപുത്രൻ അപമാനിതനായി ക്ലാസ്സിൽ മടങ്ങിയെത്തി .തുടയിലെ അടിയുടെ മുഴുപ്പു കണ്ട് ഞങ്ങൾക്കേറെ സങ്കടമായി .ഒറ്റുകാരൻ യൂദാസായിരുന്ന മൂക്രാഞ്ചി ജോബിയാകട്ടെ വലിച്ചെറിയാൻ നാണയത്തുട്ടുകളില്ലാഞ്ഞിട്ട് ഉള്ള ഏതാനും നാണയ തുട്ടുകൾ കൊണ്ട് പൈലി വല്യപ്പന്റെ കടേന്ന് ഉപ്പിട്ട നാരങ്ങ വെള്ളോം (സർബ്ബത്തിനൊള്ള കാശില്ലാർന്നു) ബബിൾഗമും ബിജുവിന് വാങ്ങിക്കൊടുത്ത് തന്റെ കുറ്റബോധം കഴുകിക്കളഞ്ഞു .കൂട്ടത്തിൽ സിസ്റ്ററിന്റെ കളിപ്പേരു കൂട്ടി മുട്ടൻ നാല് കേട്ടാൽ പേടിക്കുന്ന തെറിയും ഹെഡ്മിസ്ട്രസിനെ വിളിച്ച് കട്ട കലിപ്പും തീർത്തു .
കുട്ടികൾ യഥാർത്ഥ അറിവുള്ളവരാകുന്നത് അവർ ചോദ്യങ്ങൾ ചോദിക്കുമ്പോഴും ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോഴുമാണ് .മതങ്ങളെപ്പറ്റിയുള്ള പല ചോദ്യങ്ങൾക്കുമുള്ള മറുപടി വിശ്വാസങ്ങളെന്നും ആചാരങ്ങളെന്നുമുള്ള വായടപ്പിക്കലാണ് .ചോദ്യങ്ങൾ പോലും അവിടെ നിഷിദ്ധമാണ് .ഓതിക്കൊടുക്കുന്നത് മാത്രം ഉരുവിട്ട് പഠിക്കുന്ന വെറും പോങ്ങൻമാരായ കുറേ മതാനുയായികളെ സൃഷ്ടിക്കേണ്ടത് ഇവിടുത്തെ മതമേലദ്ധ്യക്ഷരുടെ ആവശ്യവും .
കുഞ്ഞിലെ തന്നെ മതപരമായ വേർതിരിവുണ്ടാക്കുന്ന യാതൊരു വിധ പ്രവർത്തനങ്ങളും സ്കൂളുകളിൽ പാടില്ലെന്ന ശക്തമായ നിലപാടെടുത്ത ഹൈക്കോടതിക്ക് ഒരു ബിഗ് സല്യൂട്ട് .
Advertisements