സ്ത്രീധനപ്രശ്നങ്ങളോ പീഡനങ്ങളോ ഒന്നും ഇല്ലാതിരുന്നിട്ടും നവവധുവിൻ്റെ ആത്മഹത്യ, കാരണമെന്താകും ?

0
337

ജ്യോതി, പളുകൽ.

പാതി വഴി പൊലിയുന്ന സ്വപ്നങ്ങൾ !

മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ വരനും ബാങ്കുദ്യോഗസ്ഥയായ വധുവും തമ്മിലെ വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോൾ സർവരേയും ഞെട്ടിച്ചു കൊണ്ട് നവവധു സ്വഗൃഹത്തിലെ ബാത്ത് റൂമിൽ ആത്മഹത്യ ചെയ്യപ്പെടുന്നു. ഒരേ ജാതി, ഒരേ മതം! ഉയർന്ന വിദ്യാഭ്യാസം, മികച്ച ജോലി, സൗന്ദര്യം, സാമ്പത്തികം, ആരോഗ്യം, ഒന്നിനും ഒരു കുറവുമില്ല!

വ്യവസായ പ്രമുഖനും നാട്ടുപ്രമാണിയും ആദരണീയനുമായ അച്ഛൻ്റെ മകനാണ് വരൻ്റെ പിതാവ്. സ്കൂൾ അധ്യാപകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനും സർവോപരി നാട്ടുകാർക്ക് സർവസമ്മതനുമാണ് വരൻ്റെ മാതാവ്. അവരിരുവരും ഒരേ നാട്ടുകാരും മാതൃകാ ദാമ്പത്യം നയിക്കുന്നവരുമാണ്. ഇതാണ് വരൻ്റെ കുടുംബ പശ്ചാത്തലം!എന്നു വെച്ചാൽ സ്ത്രീധന പീഢനം, അമ്മായിയമ്മപ്പോര്, നാത്തൂൻ പോര് തുടങ്ങി പറഞ്ഞു പഴകിയ യാതൊന്നിനും തീരെ സാധ്യതയില്ലെന്ന് സാരം. സർവ പ്രതാപത്തോടെയും ഉയർന്ന ജീവിതം നയിക്കുന്ന അവർക്ക് അതിൻ്റെയൊന്നും കാര്യവുമില്ല. എന്നിട്ടും.. നവവധുവിൻ്റെ ആത്മഹത്യ!

പയ്യൻ ആറുമാസം കഴിഞ്ഞ് ലീവിന് വന്ന വേളയിൽ ദമ്പതികൾ തമ്മിലുണ്ടായ ചില സൗന്ദര്യപ്പിണക്കങ്ങൾ കാരണം പെൺകുട്ടി സ്വന്തം വീട്ടിൽ പോയി നിൽക്കുന്നു. ദാമ്പത്യത്തിൻ്റെ തുടക്കത്തിൽ സ്വരച്ചേർച്ചയുണ്ടാകുന്നില്ലെങ്കിൽ ബന്ധം വേർവെടുത്തുന്നതാണ് നല്ലതെന്നും, ആത്മഹത്യയിൽ കൊണ്ടെത്തിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്നും മറ്റുമുള്ള ചർച്ചകൾ സമൂഹമധ്യത്തിൽ നടക്കുന്ന സന്ദർഭത്തിൽ എല്ലാ രക്ഷിതാക്കളെയും പോലെ വരൻ്റെ ബന്ധുക്കളും ചർച്ചയ്ക്ക് മുൻകൈയെടുക്കുന്നു. മറ്റു പ്രശ്നങ്ങൾക്കൊന്നും പോകേണ്ടതില്ലെന്നും തുടർന്നു പോകാൻ താൽപര്യമില്ലെങ്കിൽ പരസ്പര സമ്മതത്തോടെ ബന്ധം പിരിയാമെന്നും അതിനുള്ള നടപടികളുമായി മുന്നോട്ടു പോകാമെന്നുമുള്ള ധാരണയിൽ ഇരുവീട്ടുകാരും ചർച്ച അവസാനിപ്പിക്കുന്നു.

അനന്തരം വരൻ്റെ ബന്ധുക്കൾ വധുവിനെ കൂടി കണ്ട് യാത്ര പറഞ്ഞ് ഇറങ്ങാം എന്ന് കരുതി അന്വേഷിക്കുന്നതിനൊടുവിൽ വധുവിനെ സ്വന്തം മുറിയുടെ ബാത്ത് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയാണ്. ഇവിടെ സ്ത്രീധനമല്ല മറിച്ച് തികച്ചും ദമ്പതികൾ തമ്മിലുള്ള ചില അജ്ഞാത കാരണങ്ങളാണ് ആത്മഹത്യയ്ക്ക് നിദാനം!എങ്കിൽ സ്ത്രീധന നിരോധനത്തിന് മാത്രമാണോ ഊന്നൽ നൽകേണ്ടത്?!

തികച്ചും വിഭിന്ന ചുറ്റുപാടുകളിൽ നിന്ന് വരുന്ന ഏറെ വ്യത്യസ്ത ചിന്താഗതികളുള്ള ഒരു തരത്തിലും മുൻപരിചയമില്ലാത്ത രണ്ട് വ്യക്തികൾ ഒരു മുറിയിൽ ഒരുമിച്ച് കഴിയുമ്പോൾ പൊരുത്തക്കേടുകളുടെ ഘോഷയാത്ര തന്നെയുണ്ടാവാം. പ്രത്യേകിച്ച് സൈബർ ലോകത്തിൻ്റെ പിടിയിലമർന്ന യുവ ജനതയാകുമ്പോൾ ഫാൻ്റസികൾ ഏറെയുണ്ടാകാം! അതിൽ കാണുന്നതൊക്കെ പരീക്ഷിക്കപ്പെടേണ്ടതാണെന്ന മിഥ്യാധാരണയുണ്ടാകാം! തുടക്കത്തിൽ അതൊക്കെ എത്രമാത്രം ആഘാതമാണ് മറ്റേയാളിൽ ഉണ്ടാക്കുക എന്ന് ചിന്തിക്കാൻ കഴിയില്ല..ഓരോ വ്യക്തിയും ഉള്ളിൽ വ്യത്യസ്ത ചിന്ത പുലർത്തുന്നവരാണ്.

ശരീരശുദ്ധിയില്ലായ്മ _ അൽപസ്വല്പം വൃത്തി ശീലിച്ചവർക്ക് അതൊരു പ്രശ്നം തന്നെയാണ്. കുളിക്കാതെയും നനയ്ക്കാതെയും വിയർപ്പു നാറ്റവുമായി.. ശ്ശൈ..മോശം!

അസ്ഥാനത്തെ തമാശകൾ – ചില തമാശകൾ പറയുമ്പോൾ കേൾക്കുന്നവർക്കും അത് തമാശയായി തോന്നിയില്ലെങ്കിൽ സംഗതി വഷളാകും.

കളിയാക്കലുകൾ – മറ്റുള്ളവരുടെ മുന്നിലെ കളിയാക്കൽ, പറയുന്നവർക്ക് തോന്നിയില്ലെങ്കിലും അനുഭവിക്കുന്നവർക്ക് ഏറെ വേദനയുണ്ടാക്കുന്ന സംഗതിയാണ്.

മദ്യത്തിൻ്റേയോ സിഗററ്റിൻ്റേയോ ദുർഗന്ധം –
അതൊന്നും ശീലമില്ലാത്ത വീട്ടിൽ നിന്ന് വരുന്നവർക്ക് അത് പ്രശ്നം സൃഷ്ടിക്കും!

വായ്നാറ്റം – ഓ.. അത് അത്ര വലിയ പ്രശ്നമാക്കാനുണ്ടോ? തീർച്ചയായും അതൊരു വലിയ പ്രശ്നം തന്നെയാണ്. .ചില ആളുകൾ വായ തുറന്നാൽ എന്തൊരു ദുർഗന്ധമാണ്!

ഗർഭധാരണം – ഒരാൾക്ക് ഉടനെ വേണ്ടെന്നും മറ്റേയാളിന് എത്രയും പെട്ടെന്ന് വേണമെന്നു മായാലോ? തീർന്നില്ലേ സമാധാനം!

ഭാര്യവീട് _ ഭാര്യയുടെ വീട്ടിൽ നിൽക്കാൻ ഒട്ടും താൽപര്യമില്ലാത്ത ഭർത്താവ്. ഒരു ദിവസമെങ്കിലും സ്വന്തം വീട്ടിൽ നിൽക്കാൻ ഭർത്താവിനോട് കേണപേക്ഷിക്കേണ്ടി വരുന്ന ഭാര്യ! ആന്തരിക സംഘട്ടനത്തിന് മതിയായ കാരണം! ഭാര്യവീട്ടിൽ തങ്ങേണ്ടി വരുന്നത് എന്തോ മോശം ഏർപ്പാടാണെന്ന് ചിന്തിക്കുന്ന അനേകം പേർ ചുറ്റിനുമുണ്ട്. ഭർത്താവ് തൻ്റെ വീട്ടിൽ കുറച്ചു ദിവസം നിൽക്കണമെന്ന മോഹം തികച്ചും ന്യായമാണല്ലോ? അങ്ങനെ തങ്ങുമ്പോഴാണല്ലോ ആ വീട്ടിൻ്റെ നിജസ്ഥിതി മനസ്സിലാവുക! അവരുടെ ചുറ്റുപാടുകൾ മനസ്സിലാക്കി തൻ്റെ ചുറ്റുപാടുകളുമായി താദാത്മ്യം പ്രാപിക്കാൻ ഭാര്യയെ സഹായിക്കാൻ ഇത്തരം താമസം സഹായിക്കുകയും ചെയ്യും.

യാത്ര – ഒരാൾ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നു., മറ്റേയാൾ അതിൽ തീരെ താൽപര്യം കാണിക്കുന്നില്ല എന്നതും പ്രശ്നങ്ങൾ ഉണ്ടാകാൻ മതിയായ കാരണം തന്നെ!

സമ്മാനം – ഒരാളിന് പങ്കാളിയിൽ നിന്ന് ഒരു സമ്മാനം കിട്ടാൻ അതിയായ മോഹം. അതിൻ്റെ പ്രാധാന്യം എന്തെന്ന് കൂടി അറിയാത്ത മറ്റേയാൾ! സമ്മാനം നൽകാതിരിക്കുന്നത് ക്ഷമിക്കുമെങ്കിലും കൊടുക്കുന്ന സമ്മാനത്തെ പുച്ഛിക്കുകയും തള്ളിപ്പറയുകയും കൂടി ചെയ്താലത്തെ സ്ഥിതി പരിതാപകരം എന്നേ പറയാൻ കഴിയു !

പിശുക്ക് – ആവശ്യത്തിന് കാശുണ്ടെങ്കിലും എന്തിലും പിശുക്ക് കാണിക്കുന്ന ഒരാൾ! ഈ സ്വഭാവം മറ്റേയാളിലുണ്ടാക്കുന്ന വിരക്തി സ്വഭാവികം!

സാമ്പത്തിക സ്വാതന്ത്ര്യം – അന്നുവരെയുണ്ടായിരുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിന് കടിഞ്ഞാൺ വീണാലോ? നിസ്സാര സംഗതികൾക്കു പോലും കടുത്ത നിയന്ത്രണവും ചോദ്യം ചെയ്യലും തുടങ്ങിയാലുള്ള സ്ഥിതിയെന്താവും?

വസ്ത്രധാരണം _ അന്നുവരെ ശീലിച്ചിട്ടില്ലാത്ത വസ്ത്രം ധരിക്കാൻ നിർബന്ധിക്കുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സമ്മതിക്കാതിരിക്കുന്നതും തുടക്കത്തിൽ വഴക്കിൽ കലാശിക്കാം!
ഇങ്ങനെയിങ്ങനെ പറഞ്ഞു തുടങ്ങിയാൽ ഒരിക്കലും തീരാത്ത, അന്യർക്ക് ചിന്തിക്കാൻ കൂടി കഴിയാത്ത നിരവധി പ്രശ്നങ്ങളാണ് തുടക്ക നാളുകളിലും ആജീവനാന്തവും ദമ്പതികൾ അഭിമുഖീകരിക്കേണ്ടി വരുന്നത്. ചിലർ നാടും വീടും കരുതി ഇതെല്ലാം adjust ചെയ്ത് മുന്നോട്ടു പോകാൻ തയാറാകുമ്പോൾ ചിലർക്ക് അസഹ്യമായി തോന്നാം. തമ്മിൽ പിരിയണമെന്ന് ഇല്ലെങ്കിൽ പോലും നിരന്തരമുള്ള സ്വരചേർച്ചയില്ലായ്മയിൽ കാര്യങ്ങൾ മുന്നോട്ടു പോകും.

മുകളിൽ പറഞ്ഞ ആത്മഹത്യയിൽ ഇതൊന്നുമായിരിക്കില്ല കാരണം! ദമ്പതികൾക്ക് മാത്രമറിയുന്ന എന്നാൽ വീട്ടുകാരോട് യാഥാർത്ഥ കാരണം തുറന്നു പറയാനാകാതെ മറ്റു കാരണങ്ങൾ നിരത്തുമ്പോൾ അവരും നിസ്സഹായരാകാം. യഥാർത്ഥ കാരണം പറഞ്ഞാൽ തന്നെ അവരത് വേണ്ടവിധം ഉൾക്കൊള്ളാനോ പരിഹാരമാർഗ്ഗത്തിനായി വിദഗ്ദ്ധരെ സമീപിക്കാനോ തയ്യാറാകണമെന്നുമില്ല.

ഇവിടെ പെൺകുട്ടി വിവാഹമോചനം ആഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തം ! ഉണ്ടായ ചില വാക്തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നേ ആഗ്രഹിച്ചിട്ടുണ്ടാവൂ. തൻ്റെ ചില പ്രവൃത്തികൾ ഇത്രയ്ക്ക് രൂക്ഷമാകുമെന്നോ വേർപിരിയലിൽ കൊണ്ടുചെന്നെത്തിക്കുമെന്നോ കരുതിയിട്ടുണ്ടാവില്ല. അന്നേരത്തെ ദേഷ്യത്തിന് വീട്ടിൽ വന്ന് നിന്നതുമാകാം.. യഥാർത്ഥ വസ്തുതകൾ തിരിച്ചറിഞ്ഞ് വേണ്ട പരിഹാരം നിർദ്ദേശിക്കാൻ ശ്രമിക്കുന്നതിന് പകരം വിവാഹമോചനത്തിന് ശ്രമിച്ചതാകാം പെൺകുട്ടി ഇത്രമേൽ തളർത്തിയതും ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നതും. വരും വരായ്കകൾ ആലോചിക്കാതെ എന്ത് തീരുമാനവും പെട്ടെന്നെടുക്കുന്ന സ്വഭാവവും വില്ലനായിട്ടുണ്ടാവാം.. എന്തിനും ഒരൽപം ക്ഷമയും സഹനവും ഇന്നത്തെ കുട്ടികളിൽ നിന്നും പ്രതീക്ഷിക്കാനും വയ്യല്ലോ?!

നല്ല വിദ്യാഭ്യാസവും അതിനനുസരിച്ചുള്ള ജോലിയും സൗന്ദര്യവും ഉണ്ടായിട്ടും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച് നടത്തിക്കൊടുത്ത വിവാഹമായിട്ടും പെൺകുട്ടിയെ ആത്മഹത്യയിൽ കൊണ്ടുചെന്ന് എത്തിച്ചെങ്കിൽ സ്ത്രീധനം മാത്രമാണോ വില്ലൻ?!