ഓല വീട്ടിൽ താമസിച്ചിട്ടുള്ളവർ ഇത് വായിക്കുക

0
507

ജ്യോതി

പതിറ്റാണ്ടുകൾക്ക് മുൻപ് നമ്മുടെ ഗ്രാമങ്ങളിൽ ഓലപ്പുരങ്ങളായിരുന്നല്ലോ സാധാരണയായി ഉണ്ടായിരുന്നത്.. ഓടിട്ട വീടുകൾ നന്നേ കുറവായിരുന്നു.. ചില പ്രമാണിമാരുടെ വീടുകൾ മാത്രമായിരുന്നു ഓട് പാകിയതോ വാർത്തതോ തടികൊണ്ടുള്ളതോ ആയി ഉണ്ടായിരുന്നത്… വർഷത്തിൽ ഒരിക്കലാണണ് ഓലപ്പുര മേഞ്ഞിരുന്നത്….

45 ദിവസത്തിലൊരിക്കൽ തേങ്ങയിടുന്ന പതിവുണ്ട്.. കൂടെ ഓലയും … ഈ ഓലകൾ രണ്ട് തെങ്ങുകൾക്കിടയിൽ കയർ കെട്ടി മടലുവെട്ടിമാറ്റി ചാരി നിർത്തും.. ഓല നശിക്കാതിരിക്കാനാണിങ്ങനെ ചെയ്യുന്നത്… പലപ്പോഴായി വെട്ടുന്ന ഓലകൾ ഇങ്ങനെ സൂക്ഷിച്ചുവയ്ക്കും.. പുര മേയറാകുന്നതിന് മുൻപ് ഓലമെടഞ്ഞെടുക്കണം. ഓലമെടയാൻ വൈദഗ്ദ്ധ്യമുള്ള പ്രത്യേക വിഭാഗക്കാർ തന്നെ നാട്ടിലുണ്ട്…. മഴക്കാലത്തിന് മുൻപ് അവർക്ക് നല്ല തിരക്കായിരിക്കും. ഗ്രാമത്തിലെ എല്ലാ വീട്ടുകാർക്കും വേണ്ട ഓല ഈ കൂട്ടരാവും മെടയുക…

നല്ല മഴയത്ത് ചോർച്ചയുണ്ടാകാതിരിക്കാൻ അടുക്കി മെടഞ്ഞെടുക്കാൻ ശീലിച്ചവർക്ക് മാത്രേ കഴിയൂ… സാധാരണക്കാർക്ക് മെടയാൻ അറിയാമെങ്കിലും ചെയ്യാറില്ല… അഥവാ മെടഞ്ഞെടുത്താൽ തന്നെ അത് ചായ്പ്പ് കെട്ടാനോ കുളിപ്പുരയോ മൂത്രപ്പുരയോ കെട്ടാനുമേ ഉപയോഗിക്കു… കക്കൂസുകൾക്കും കുളിമുറികൾക്കും പകരമായി ഓല കെട്ടിമറച്ച മൂത്രപ്പുരയും കുളപ്പുരയുമായിരുന്നു പ്രചാരത്തിൽ.. നാട്ടിലെല്ലായിടത്തും ഓല കെട്ടൽ ആവശ്യമായതുകൊണ്ട് മെടച്ചിക്കാർക്ക് നല്ല തിരക്കായിരിക്കും… ഈ കാലയളവിനു ഓലകൾ നന്നായി ഉണങ്ങിയിട്ടുണ്ടാവും…അവരുടെ ഒഴിവ് അനുസരിച്ച് ഓലകൾ തലേന്നാൾ തന്നെ കുളത്തിലോ തോട്ടിലോ കൊണ്ടിട്ട് കുതിർത്തെടുക്കും… പിറ്റേന്നാൾ മെടച്ചിക്കാർ വരുന്നതിന് മുൻപായി ഓലകൾ കരയിൽ കയറ്റി തോർത്തിയെടുക്കും..

പിന്നീടത് രണ്ടായി കീറി മെടയാൻ പാകത്തിൽ മടപ്ലാച്ചി ചെത്തി മെടയലുകാരുടെ മുന്നിലേക്കിടും.. നാലഞ്ചാള്യകൾ കൂട്ടമായിട്ടാകും വരുക… നല്ല രസമാണ് അവരുടെ അടുത്തിരിക്കാൻ.. നാട്ടിലെ ഉള്ളതും ഇല്ലാത്തതും നടന്നതും നടക്കാത്തതും നടക്കാൻ സാധ്യതയുള്ളതും അല്ലാത്തതുമായ സകലമാന വിഷയങ്ങളും ചർച്ച ചെയ്തും കളി പറഞ്ഞും പാട്ടു പാടിയും ആഘോഷമായിട്ടാവും മെടഞ്ഞു തുടങ്ങുക.. തീരുന്നിടം വരെ അതേ താളവും ഒഴുക്കുമുണ്ടാകും…. വൈകിട്ടാകുമ്പോൾ ഓരോരുത്തരുടെയും മുന്നിലുള്ള ഓലകൾ ആദ്യം അവരും പിന്നീട് ഉടമസ്ഥനും എണ്ണി ബോധ്യപ്പെട്ട് ഒരു ഓലയ്ക്ക് ഇത്ര രൂപ എന്ന കണക്കിൽ കൂലി കൊടുക്കും…. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരു വീട് മേയാനുള്ള ഓലമെടഞ്ഞു തീരും..

ഇനി വീട് കെട്ടൽ:

ശ്രമദാനമായിട്ടാവും കെട്ടുക.. അഞ്ചോ ആറോ ആൾക്കാർ ഒന്നിച്ച് ഓരോരുത്തരുടെയും വീടുകൾ മാറി മാറി മഴയ്ക്ക് മുൻപ് കെട്ടിത്തീർക്കും.. ആർക്കും പരസ്പരം പരാതിയോ തർക്കമോ ഉണ്ടാവില്ല..പത്ത് മണിക്ക് കപ്പയും മുളകും.. ഉച്ചയ്ക്ക് കഞ്ഞിയും പയറും.. വൈകിട്ട് കട്ടനും കടിയും….. ഇതൊക്കെ മാത്രമാണ് കെട്ടുകാർക്ക് കൊടുക്കുക.. ഇത്രയും വേവിച്ചെടുക്കാൻ നല്ല പണിയാണ്… കാരണം ഉപ്പ് ചട്ടി മുതൽ സകലതും വീടിനു പുറത്താണ്….

നേരം പര പരാ വെളുക്കുമ്പോൾ തന്നെ വീട്ടു സാധനങ്ങളൊക്കെ പുറത്താക്കും… കെട്ടുകാർ വന്ന് പുരപ്പുറത്ത് കയറിയാൽ പഴയ ഓലകളെല്ലാം കെട്ടഴിഞ്ഞ് താഴേക്ക് വലിച്ചെറിയും… ആകെ ഒരു ബഹളമാണ്.. അപ്പടി പുകയും പൊടിയും… താഴെ നിൽക്കുന്നവർ അതിൽ നിന്ന് പുറത്തെ ഓലകൾ കത്തിക്കാനും അകത്തെ ഓലകൾ പുതിയതായി മെടഞ്ഞ ഓലയുടെ മുകളിൽ വെച്ച് കെട്ടാനുമായി മാറ്റിയിടും… മുകളിലുള്ളവർ ഈ സമയം പുകയറയും വലയും തൂത്തു മാറ്റും… കശുവണ്ടി ഫാക്ടറിയിൽ നിന്ന് കശുവണ്ടി വറക്കുമ്പോൾ ഉണ്ടാകുന്ന ഒരു തരം കറ ലഭിക്കും… ചിതൽ അരിക്കാതിരിക്കായി അത് വാങ്ങി കഴക്കോലിൽ തേയ്ക്കും….

A THATCHED HUT - Picture of Blooms Green Farm, Kenichira - Tripadvisorഇത് കഴിഞ്ഞ് താഴെയിറങ്ങി കപ്പപുഴുങ്ങിയത് കഴിച്ച് അൽപം വിശ്രമിച്ച് കെട്ട് തുടങ്ങും… താഴെ നിന്ന് പുതിയ ഓല അടിയിലും പഴയതിലെ നല്ലത് മുകളിലുമായി വെച്ച് എറിഞ്ഞു കൊടുക്കും… മുകളിലുള്ളവർ അത് പിടിച്ച് ഓല വാട്ടിയെടുത്ത് ചീകി കെട്ടുനാരാക്കി കഴുക്കോലിനോട് ചേർത്ത് ബലത്തിൽ കെട്ടിവയ്ക്കും.. ഈ പൊടിയും പുകയും നിറഞ്ഞ അന്തരീക്ഷത്തിൽ വെച്ചായിരിക്കും അന്നത്തെ പാചകം മുഴുവൻ… ഉച്ചയ്ക്ക് താഴെ മണ്ണിൽ കുഴിയെടുത്ത് ഇലയിട്ട് ചൂട് കഞ്ഞി അതിലോട്ടൊഴിച്ച് പ്ലാവില കോട്ടി കോരിക്കുടിക്കും… അത്കണ്ടു നിൽക്കുന്നവരുടെ കൂടി വയർ നിറയ്ക്കും കാഴ്ചയാവും…

ചേപ്പാട്, ദേശബന്ധു വായനശാലയോട് ...അത്രയ്ക്ക് ആസ്വദിച്ച് ജോലി ക്ഷീണം അറിയാതിരിക്കാൻ തമാശയൊക്കെ പറഞ്ഞാവും കഴിക്കുക… വീണ്ടും കെട്ടു തുടരും… സന്ധ്യയ്ക്ക് മുൻപ് ഏത് വിധേനയും കെട്ടിത്തീർത്തിരിക്കും… അതു കഴിഞ്ഞ് വീടും പരിസരവും തൂത്ത് വൃത്തിയാക്കി സാധനങ്ങൾ യഥാസ്ഥാനത്ത് അടുക്കി വെയ്ക്കുന്നതോടെ ആ വർഷത്തെ വലിയൊരു ജോലി തീർന്നു… ഗൃഹനാഥന് തൽക്കാലം ആശ്വസിക്കാം.. വർഷാവർഷം മിക്ക വീടുകളുടെയും അവസ്ഥയിതു തന്നെ…. ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായി കാലവർഷവും തുലാവർഷവും ഇടവപാതിയും കൃത്യമായ ഇടവേളകളിൽ വരുമായിരുന്നത് കൊണ്ട് പുരമേയലും കൃത്യസമയത്തായിരിക്കും.

NB: ഓലയുടെ പടം കണ്ടപ്പോൾ തോന്നിയത് കുറിച്ചതാണ്… കളിയാക്കരുത്