സുന്ദരം അതിസുന്ദരം !
Jyothi Lekshmi P
സുന്ദരപാണ്ഡ്യന്റെ നാടായിരുന്നു തിരുനെൽവേലി ജില്ലയിലെ ചെങ്കോട്ടയ്ക്കടുത്തുള്ള സുന്ദരപാണ്ഡ്യപുരം . ആറ് നൂറ്റാണ്ടുകൾക്കു മുമ്പ് സുന്ദരപാണ്ഡ്യൻ എന്ന രാജാവ് ഭരിച്ചിരുന്ന സ്ഥലം. പ്രകൃതി മനോഹാരിത കൊണ്ട് കൺകുളിർപ്പിക്കുന്ന കാഴ്ചകളാൽ വിസ്മയം തീർക്കുന്ന സുന്ദരഗ്രാമം. തെങ്കാശി ടൗണിൽ നിന്നും ഏകദേശം 9 കിലോമീറ്റർ ദൂരമാണ് സുന്ദരപാണ്ഡ്യപുരത്തേക്ക്.. വികസനം അത്രയൊന്നും എത്തി നോക്കാത്തതുകൊണ്ടുതന്നെ ഈ ഗ്രാമത്തിന്റെ പഴമയും സംസ്കാരവും ഇന്നും അതുപോലെ നിലനിൽക്കുന്നു.റോഡിനിരുവശത്തും മരങ്ങൾ സാധാരണമാണെങ്കിലും പടുകൂറ്റൻ ആൽമരങ്ങൾക്കിടയിലൂടെയുള്ള യാത്ര വേറിട്ടതും ആദ്യത്തേതുമായ അനുഭവമായി. നിരനിരയായി നിവർന്നു നിൽക്കുന്ന കരിമ്പന കൂട്ടങ്ങളുടെ മനോഹാരിത വശ്യവും സുന്ദരവുമായ കാഴ്ച തന്നെയാണ്. നിരയൊത്ത തെങ്ങിൻ തോപ്പുകൾ കമ്പിവേലി കെട്ടി അതിര് തിരിച്ചിട്ടുണ്ട്.
ഞാറിന്റെ പുത്തനുടുപ്പിട്ട നെൽപ്പാടങ്ങൾ, വട്ടം കറങ്ങുന്ന കാറ്റാടികൾ, വാളേന്തിയ വീരൻ കാവൽ കൊള്ളുന്ന ക്ഷേത്രങ്ങൾ, നിരനിരയായി നിൽക്കുന്ന കൂറ്റൻ കരിമ്പനകൾ, അതിനുമപ്പുറം അങ്ങകലെയായി മനോഹരമായ മലനിരകൾ, കുറ്റിച്ചെടികൾക്കിടയിലൂടെ മേഞ്ഞു നടക്കുന്ന ആട്ടിൻ കൂട്ടവും കാലിക്കൂട്ടവും, അതിനിടയിലൂടെ പോകുന്ന കാളവണ്ടികൾ, പാടവരമ്പിലൂടെയും നാട്ടുവഴികളിലൂടെയും കനകാംബരപ്പൂവും തലയിൽ ചൂടി ദാവണി ചുറ്റി കടന്നു പോകുന്ന മധുരപ്പതിനേഴുകാരികളായ തമിഴ്പെൺകൊടികൾ…
സിനിമകളിൽ കാണുന്ന തരം വശ്യസുന്ദര കാഴ്ചകളാൽ സമ്പന്നമായ പ്രദേശമാണ് സുന്ദരപാണ്ഡ്യപുരം. മറ്റെല്ലാ തമിഴ് ഗ്രാമങ്ങളെപ്പോലെ തന്നെ കൃഷിയും കന്നുകാലി വളർത്തലുമാണ് ഇവിടെയും ഉപജീവന മാർഗ്ഗം. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചിരിക്കുന്ന കൃഷിയിടങ്ങളാണ് പ്രധാന കാഴ്ച. നെല്ല്, കപ്പ, കത്തിരി,തക്കാളി, തിന, വെണ്ടയ്ക്ക, വാഴ, തെങ്ങ്, വഴുതനങ്ങ, വെള്ളരി തുടങ്ങിയ പ്രധാന കൃഷി കഴിഞ്ഞുള്ള ഇടവേളയിൽ പൊതുവേ ചെയ്യുന്ന ഇടവിളകൃഷിയാണ് സൂര്യകാന്തി. ചുരുങ്ങിയ കാലയളവിൽ വിളവെടുക്കാം എന്നതും അനുയോജ്യമായ കാലാവസ്ഥയുമാണ് സൂര്യകാന്തി കൃഷിക്ക് കർഷകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങി സമീപ ജില്ലകളിൽ നിന്ന് സൂര്യകാന്തി പാടം കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. വികസനം എന്നത് തീണ്ടാപ്പാടകലെയായ ഗ്രാമത്തിൽ സഞ്ചാരികളുടെയും അവർ വന്ന വാഹനങ്ങളുടെ തിക്കിത്തിരക്കിൽ വീർപ്പുമുട്ടുന്ന കാഴ്ചകളാണ് എങ്ങും കാണാൻ കഴിയുന്നത്.
നട്ടുച്ചവെയിലിനെ തോൽപ്പിച്ചു കൊണ്ട് പാടവരമ്പിലൂടെ ലക്കും ലഹാനുമില്ലാതെ സഞ്ചാരികളുടെ ഒഴുക്കാണ്. ഏറ്റവും സുന്ദരമായ ഫോട്ടോയെടുക്കാനായി സൂര്യകാന്തിപ്പാടത്തിന് നടുവിൽ സൗകര്യപ്രദമായ സ്ഥലങ്ങൾ അന്വേഷിച്ച് പോകുന്ന യാത്രികർ മാറിനിന്ന് നോക്കിയാൽ കൗതുകം ജനിപ്പിക്കും. പൂത്തുലഞ്ഞു സൂര്യതാപത്തിലും തലയെടുപ്പോടെ നിൽക്കുന്ന സൂര്യകാന്തിപ്പൂക്കളുടെ മനോഹാരിത അപ്പാടെ ക്യാമറയിലാക്കാനുള്ള തന്ത്രപ്പാടിലാണ് മുഴുവൻ സഞ്ചാരികളും. അതിനിടയിൽ അങ്ങിങ്ങായി ഒറ്റതിരഞ്ഞും കൂട്ടായും കാണപ്പെടുന്ന കർഷകർ ആകെ ഉത്സാഹത്തിലാണ്. ചിലർ അവരുടെ കാർഷിക വിളകളായ തക്കാളിയും വഴുതനയും വെള്ളരിയും സഞ്ചാരികൾക്ക് നേരെ നീട്ടുന്നു. അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താൻ തന്ത്രപ്പെടുന്ന പാവം കർഷകർ. ഏറ്റവും തുച്ഛമായ വിലയ്ക്കാണ് അവർ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ തയാറാവുന്നത്. ഉൽപന്നം വാങ്ങി കഴിയുമ്പോൾ നന്ദിസൂചകമായി ചിരിക്കുന്നു. അവരുടെ നിഷ്കളങ്കത മുഴുവൻ ഒളിപ്പിച്ച തെളിഞ്ഞ ചിരി. ഏറ്റവും സത്യസന്ധരായി മാത്രം ജീവിക്കുന്ന കർഷക സമൂഹത്തിൻ്റെ നേർ ചിത്രം.
ഏതെങ്കിലുമൊരു പണിയായുധമോ ഉൽപ്പന്നമോ കൈയിലേന്താത്ത ഒരാളും ആ വഴി എങ്ങും കടന്നു പോകുന്നത് കണ്ടതേയില്ല. ഇതിനെല്ലാം സാക്ഷിയായി പാടങ്ങൾക്കകലെ മലനിരകളുടെ നീണ്ടനിര കാണാം. അവയ്ക്കിടയിൽ നിന്ന് കോടമഞ്ഞ് പാറിപ്പറന്ന് അദൃശ്യമാകുന്ന കാഴ്ച അത്ഭുതത്തോടെ മാത്രേ വീക്ഷിക്കാൻ കഴിയൂ.. എത്രമേൽ കരുതലോടെയും സൂക്ഷ്മതയോടെയുമാണ് പ്രദേശത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാകും. എങ്ങും കാണാൻ കഴിയുന്ന ചോളവയലുകളാണ് മറ്റൊരാകർഷണം. കനാലുകളും കൈ തോടുകളും നീർച്ചാലുകളും പുഴകളും പ്രദേശത്തെ സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ട്. ഒരു തനതു കർഷകഗ്രാമത്തിൻ്റെ എല്ലാ കാഴ്ചകളും തനിമയോടെ ആസ്വദിക്കാൻ പറ്റുന്ന പ്രദേശമാണ് സുന്ദരപാണ്ഡ്യപുരമെന്നതുകൊണ്ടുതന്നെയാണ് സഞ്ചാരികൾ അവിടേക്ക് ഒഴുകുന്നതും.
പാടത്തിന് മധ്യത്തിലായി കാണുന്ന പടുകൂറ്റൻ മരങ്ങൾ അത്ഭുത കാഴ്ച തന്നെ. അവയുടെ നിൽപ്പുകണ്ടാൽ പാടശേഖരത്തിൻ്റെ കാവൽഭടൻമാരാണെന്ന് തോന്നിപോകും. ചില വൃക്ഷങ്ങളുടെ ചുവട്ടിൽ ശൂലവും വിളക്കും പട്ടുമെല്ലാം കാണാൻ കഴിയും. കർഷകർ മരങ്ങളെ തങ്ങളുടെ കൃഷി സംരക്ഷകരായി അവരോധിച്ചിരിക്കുകയാണ്. വൻമരങ്ങളുടെ ചുവട്ടിൽ വിശ്രമിക്കുന്ന സഞ്ചാരികളെയും കാണാം. കൂട്ടത്തിൽ കൈനോട്ടക്കാരുമുണ്ട്.
സൂര്യതേജസ്സോടെ വെട്ടിത്തിളങ്ങുന്ന സൂര്യകാന്തിപ്പാടകളാണ് സഞ്ചാരികളുടെ പ്രധാന ആകർഷണമെങ്കിലും പേരിനെ അന്വർത്ഥമാക്കുന്ന സുന്ദര കാഴ്ചകളാണ് എങ്ങും. കാണികളിൽ വിസ്മയം തീർക്കുന്ന സ്വപ്ന സുന്ദര ഗ്രാമം. അതാണ് സുന്ദരപാണ്ഡ്യപുരമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പറയാൻ കഴിയും. അതുകൊണ്ടു തന്നെയാവും കേട്ടറിഞ്ഞും കണ്ടറിഞ്ഞും സഞ്ചാരികൾ അവിടേക്ക് ഒഴുകുന്നതും. വഴി നിറയെ സുന്ദര കാഴ്ചകളുമായി യാത്രികരെ കാത്തിരിക്കുന്ന സുന്ദരപാണ്ഡ്യപുരം !