ഇന്നലെ ചുട്ടെടുത്ത പൗരത്വ ഭേദഗതി ബിൽ സംഘപരിവാർ അച്ചിൽ കാലങ്ങളായി പാകപ്പെടുത്തിയ ഒന്നാണ്

343

Jyothi Sankar 

മതനിരപേക്ഷ രാജ്യത്ത് മതാധിഷ്ഠിതമായ ബില്ലുകൾ ചുട്ടെടുക്കുന്ന പ്രവണത ഏറി വരുന്ന കാഴ്ചയാണുള്ളത്. മുൻപ് സരള മുഗ്ദൽ ഷാബാനു ബേഗം കേസുകളിൽ ഇത്തരം നിയമനിർമ്മാണങ്ങൾ നടന്നുവെങ്കിലും അന്നുണ്ടായ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് വലുതായിരുന്നു. ഇപ്പോൾ അതു തീരെയില്ല എന്നു തന്നെ പറയാം.

ഭാര്യയെ ഉപേക്ഷിക്കുന്ന പുരുഷന്മാരെ ക്രിമിനലുകളായി മുദ്ര കുത്തുന്ന ഒരു നിയമം ഈയടുത്ത കാലത്ത് നിർമ്മിക്കുകയുണ്ടായി. അതിനു വേണ്ടി ഉയർത്തിക്കാട്ടിയതാകട്ടെ ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകളുടെ ദുഖവും. ശരിയാണ് അതു അഭിസംബോധന ചെയ്യപ്പെടേണ്ടതാണ്. പക്ഷെ എന്തുകൊണ്ട് ഒരു സമുദായം മാത്രം എന്നു പരിശോധിക്കേണ്ടതില്ലേ. പ്രത്യേകിച്ചും രാജ്യത്തു ഉപേക്ഷിക്കപ്പെട്ട സ്ത്രീകളിൽ എൺപതു ശതമാനത്തിൽ അധികവും മറ്റു സമുദായങ്ങളിൽ പെട്ടവരാണെന്നിരിക്കെ. എന്തുകൊണ്ട് ഒരു സമുദായം മാത്രം. ലക്ഷ്യം വംശീയതയാണ്.

ഇന്നലെ ചുട്ടെടുത്ത പൗരത്വ ഭേദഗതി ബിൽ സംഘപരിവാർ അച്ചിൽ കാലങ്ങളായി പാകപ്പെടുത്തിയ ഒന്നാണ്. 2014 ലെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം തന്നെ നിയമവിധേയമല്ലാത്ത എല്ലാ പൗരത്വവും റദ്ദ് ചെയ്യപ്പെടും എന്നു തന്നെയായിരുന്നു. കേവലം 2014 ലെ മാത്രം വാഗ്ദാനം അല്ല മറിച്ചു സവർക്കറും ഗോൾവാക്കറും ജീവിച്ചിരുന്നപ്പോൾ തന്നെ ഇതിന്റെ ആശയരൂപീകരണം നടന്നു കഴിഞ്ഞു. ഇന്ത്യയിലെ മുസ്ലിങ്ങൾ യാതൊരു അവകാശവുമില്ലാത്ത രണ്ടാം തരം പൗരൻ ആയി മാത്രം ഇവിടെ തുടരാനുള്ളവരാനാണെന്ന വാദം അന്നു മുതൽക്കേ പരിവാർ ഉന്നയിക്കുന്നുണ്ട്. ഇന്ത്യാ വിഭജനം പൂർത്തിയാക്കണമെന്ന് കാണിച്ചു അന്നത്തെ ബംഗാൾ പ്രവിശ്യയിലെ മന്ത്രിയും ബിജെപി യുടെ ആചാര്യനുമായ ശ്യാമപ്രസാദ് മുഖർജീ അയച്ച കത്തുകൾ ഇന്നും ലഭ്യമാണ്. അന്നു മുസ്ലിം ലീഗിനൊപ്പം ചേർന്നാണ് അദ്ദേഹം ഭരണം കൈയ്യാളിയതെന്ന് വേറെ കാര്യം.

ഇപ്പോൾ കൊണ്ടു വന്നിരിക്കുന്ന ബിൽ ഉയർത്തിക്കാട്ടുന്നവർ കാണിക്കുന്ന പ്രധാനപ്പെട്ടവാദം വംശീയതയിൽ അധിഷ്ഠിതമാണ്. എങ്ങനെയെന്നല്ലേ. അതിൽ മുസ്ലിങ്ങൾ ഇല്ല. പാകിസ്ഥാൻ അഫ്ഗാൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ന്യൂനപക്ഷം അല്ല എന്നതാണ് അവരെ ഒഴിവാക്കാൻ പ്രധാന കാരണം. ശരി അയൽരാജ്യങ്ങളിലെ ന്യൂനപക്ഷസംരക്ഷണം ആണ് ലക്ഷ്യം എന്നിരുന്നാലും മുസ്ലിങ്ങൾ ആയി കണക്കാക്കപ്പെടാത്ത അഹമ്മദിയകൾ എവിടെയാണ്. പരസ്യമായ ആരാധനയ്ക്ക് അവകാശമില്ലാത്ത ഭൂട്ടാനിലെ ക്രിസ്ത്യാനികൾ എവിടെ. മ്യാൻമറിലെ രോഹിൻഗ്യകൾ എവിടെ.അതുപോലെ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ മതരാഷ്ട്രമായ പാകിസ്ഥാനിൽ പെട്ടുപോയ നിരവധിപേർ മതം ഉപേക്ഷിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അവർ സ്വാഭാവികമായും ജീവിക്കാനായി തെരഞ്ഞെടുക്കുക ഇന്ത്യയാകും. നമ്മൾ മതനിരപേക്ഷകരാണെന്നല്ലേ വയ്പ്പ്. അപ്പോൾ ലക്ഷ്യം വംശീയതയാണ്. കറ കളഞ്ഞ വംശീയത.

ഇനി ഹൈന്ദവതയാണ് ബില്ലിന്റെ മുദ്രയെന്നിരിക്കട്ടെ. ഒരു വംശം മാത്രമുള്ള സമൂഹമാണ് ലക്ഷ്യം എന്നിരുന്നാലും ദക്ഷിണേന്ത്യയിലെ കുടിയേറ്റക്കാരെ അതു അഡ്രസ് ചെയ്യുന്നതേയില്ല. യുദ്ധവും വംശീയതയും തകർത്തെറിഞ്ഞ ശ്രീലങ്കയിൽ നിന്ന് ദിനംപ്രതി നിരവധി ഹിന്ദുക്കളാണ് ബുദ്ധ ഭീകരതയുടെ ഇരയായി നാടുവിടുന്നത്. അവർ കുടിയേറുന്നതോ ദക്ഷിണേന്ത്യയിലും. അവർക്ക് അഭയസ്ഥാനം നൽകുവാൻ നമുക്ക് കഴിഞ്ഞെന്ന് വരില്ല. അപ്പോൾ വെറും ഹൈന്ദവതയല്ല ആര്യൻ പടർപ്പുകൾ കണ്ടിടത്തു മാത്രമുള്ള വരേണ്യ ഹൈന്ദവതയാണ്. വസുധൈവകുടുംബകം എന്നു പറഞ്ഞാലും പോരാ നാട്ടിലെ ഹിന്ദുക്കൾ ഒരു കുടുംബം എന്നു പറഞ്ഞാലും പോര ഞങ്ങൾ വരേണ്യഹിന്ദുക്കൾ ഒരു കുടുംബം എന്നു പറയുന്നതാവും കൃത്യം.

ഇതെല്ലാം ഇതിന്റെ സാമൂഹ്യവശങ്ങളുടെ ലോലമായ ചൂണ്ടിക്കാണിക്കൽ ആണെന്നിരിക്കെ മറ്റൊരു വശം കൂടിയുണ്ട്. അതു സാമ്പത്തികമായ വശമാണ്. നാടൊട്ടുക്ക് സനാതനധർമ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു നമ്മൾ ഹിന്ദുരാജ്യത്തെ അഭിസംബോധന ചെയ്യുമ്പോളും കാണാതെ പോകുന്നത് നഷ്ടമാകുന്ന സാമ്പത്തിക ഭദ്രതയെ കുറിച്ചാണ്. ബൊളീവിയൻ പ്രസിഡണ്ട്‌ ഇവോ മൊറേലിസിനെ പുറത്താക്കിയ ശേഷം പ്രതിഷേധക്കാർ ഉയർത്തിയ മുദ്രാവാക്യം ബൊളീവിയ ബെലോങ്‌സ്‌ ടു ക്രൈസ്റ്റ് എന്നാണ്. അവിടുത്തെ പരമ്പരാഗത ജനതയുടെ ഇടയിൽ നിന്നുള്ള ആദ്യ പ്രസിഡണ്ട്‌ ആയിരുന്നു മൊറേലിസ്. അതായത് മൊറേലിസിന്റെ പുറത്താകലിന് ശേഷം ക്രിസ്ത്യാനികൾ അല്ലാത്തവർ നാടു വിട്ടുപോകുകയോ അവരുടെ ആരാധനാക്രമങ്ങൾ പിന്തുടരുകയോ ചെയ്യണം എന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

അമേരിക്കൻ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ബിലുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റങ്ങൾ തടയുകയാണ് ബില്ലിന്റെ ലക്ഷ്യം. മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം കുടിയേറ്റങ്ങൾ തടയുന്ന നിയമമാണ് ആദ്യം പ്രാബല്യത്തിൽ വരിക. പിന്നീട് ഹിന്ദുഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു കുടിയേറ്റം ബുദ്ധഭൂരിപക്ഷം ഉള്ള രാജ്യങ്ങളിലെ ബുദ്ധകുടിയേറ്റം അങ്ങനെ പലതും തടയുകയാണ് ബില്ലിന്റെ ലക്ഷ്യം.

അമേരിക്കയുടെ ചുവടുപിടിച്ച് വലതുപക്ഷ വംശീയ ശക്തികൾ അധികാരത്തിൽ വരുന്ന യൂറോപ്യൻ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ ഈ നിലയ്ക്ക് നിയമം കൊണ്ടു വന്നേക്കും. അന്നു ഈ വരേണ്യരും സ്വയംപ്രഖ്യാപിത വരേണ്യരും ആയ ഹിന്ദുക്കൾക്ക് അങ്ങോട്ട് പോകണമെങ്കിൽ സമ്മതം കിട്ടിയേക്കില്ല. ഒരു ദിവസം ഹിന്ദുമത വിശ്വാസിയായ പ്രവാസിയോട് വാതിൽ തുറന്നു അവർ പറയാൻ പോകുന്നത് രാജ്യത്തേക്ക് മടങ്ങിക്കൊള്ളൂ എന്നാണ്. അതായത് ജോലിക്കു പോകാനോ പഠിക്കാനോ പോലും കടക്കേണ്ട കടമ്പകൾ ഏറെയാകും.ഇനി ഈ നിയമം പിൻവലിക്കണം എന്ന് മറ്റൊരു രാജ്യത്തിനോട് അഭ്യർത്ഥിക്കാനുമാകില്ല കാരണം നമ്മുടെ രാജ്യത്തും അതേ നിയമം നിലനിൽക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ ഹൈന്ദവതയുടെ ഒറ്റക്കണ്ണിലൂടെ രാജ്യത്തെ പൗരന്മാരെ കണ്ടു കൊണ്ടു പടച്ച ബിൽ വിഭജനം മാത്രമല്ല കൊണ്ടുവരുന്നത് മറിച്ചു ഹിന്ദുക്കൾ അടങ്ങുന്ന ഇന്ത്യൻ സമൂഹം അനുഭവിച്ചു വന്ന സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കുക കൂടിയാണ്. അതിന്റെ മാനങ്ങൾ വംശീയം മാത്രമല്ല.