ആളൂരിനെതിരെയുള്ള ആൾക്കൂട്ട ആക്രോശങ്ങൾ അനാവശ്യം

243

എഴുതിയത് : Jyothika Samassya

ബി.എ ആളൂരിനെതിരെയുള്ള ആൾക്കൂട്ട ആക്രോശങ്ങൾ പലപ്പോഴും അനാവശ്യമാണെന്നു തോന്നിയിട്ടുണ്ട്. അയാൾ അയാളുടെ ജോലി ചെയ്യുന്നു,അല്ലാതെന്താ ? ഈ പറയുന്ന ബാർ കൗൺസിലിൽ എത്ര പേരുണ്ട് നന്മ മരങ്ങളായിട്ടുള്ളവർ? കൊടും കുറ്റവാളികളുടേയും ക്രൂര കൊലപാതകികളുടേയും അഴിമതി നേതാക്കന്മാരുടേയും ആസ്ഥാന വക്കീലന്മാരായി ഇവരിൽ പലരും രഹസ്യമായി പണിയെടുക്കാറില്ലേ? ലീഗൽ അഡ്വൈസർമാരായും ഏതു ക്രൂരതയും നിയമത്തിന്റെ പഴുതിലൂടെ മനുഷ്യ സഹജവുമാക്കാൻ മെനക്കെട്ടെറങ്ങുന്ന പണക്കൊതിയന്മാരായ വക്കീലന്മാരുടെ കൂട്ടത്തിൽ ബി.എ ആളൂർ മാത്രം വിമർശിക്കപ്പെടുന്നതെന്തുകൊണ്ടാണ്??

ചൈൽഡ് വെൽഫെയർ ഓഫീസർ തന്നെ പിഞ്ചു കുഞ്ഞുങ്ങളെ പിച്ചിച്ചീന്തികൊന്ന കാട്ടാളന്മാർക്കു വേണ്ടി വാദിച്ച് ജയിപ്പിച്ച വാളയാർ കേസു കൺമുമ്പിലുള്ളപ്പോൾ, കൂടത്തായി കേസിൽ വക്കാലെടുത്ത ആളൂർ മാത്രം എന്തുകൊണ്ട് കുപ്രസിദ്ധനാകുന്നു??

അല്ലെങ്കിൽ തന്നെ ഈ വക്കീർപ്പണിയിൽ എന്ത് നീതിയും ധാർമ്മികതയുമാണുള്ളത്?
ഒരു ആക്സിഡൻറ് കേസിൽ പോലും കൊന്നവന്റെയും മരിച്ചവന്റെയും കേസ്സുകൾ കൈക്കലാക്കാൻ പിന്നാലെ കൂടുന്ന വക്കീലന്മാരെ കണ്ടിട്ടുണ്ട്. വാദിക്കും പ്രതിക്കും തന്റെ ഭാഗം പറയാനുള്ള അവകാശം നീതിന്യായ വ്യവസ്ഥ കൊടുക്കുന്ന കാലം വരെ വക്കീൽപ്പണിയിൽ ധാർമ്മികത പ്രതീക്ഷിക്കരുത്. തന്റെ കക്ഷി തോല്ക്കാനായി ഒരു വക്കീൽ വാദിക്കുമോ?

അപ്പോ ജയിക്കാനായി ഏതറ്റവരേയും പോകുന്ന, ഏതു മാർഗ്ഗവും പയറ്റുന്ന, പണം മാത്രം പ്രസക്തമാകുന്ന ഒരു തൊഴിലിൽ. ഒരാൾ മാത്രം “ചീത്ത വക്കീൽ ” ആകുന്നതിന്റെ പൊരുളെന്ത്?
ഒരു ബിസിനസ്സുകാരൻ പണക്കൊതിയനാകുന്നതിൽ ഒരു പരിധി വരെ ന്യായമുണ്ട്. അയാൾ തന്റെ പണമാണ് മൂലധനമാക്കുന്നത്. ലാഭം ഇല്ലെങ്കിലും മുതൽ മുടക്ക് തിരിച്ചുപിടിച്ചേ പറ്റൂ. പക്ഷെ ഒരു വക്കീൽ കേസ് ജയിച്ചാലും തോറ്റാലും കക്ഷിയുടെ പോക്കറ്റ് പിടിച്ചു പറിക്കും. അവരുടെ കൂലി നിശ്ചയിക്കുന്നത് അവർ ഓരോരുത്തരുമാണ്. ബാക്കി എല്ലാ തൊഴിലിന്റെയും കൂലിയ്ക്ക് ഒരു സമാനതയുണ്ടെങ്കിൽ വക്കീൽപ്പണിയിൽ ആളുടെ ഇമേജിനാണ്, പെർഫോമൻസിനാണ് വില. അപ്രകാരം സ്വയം വിലയിടുന്ന ഒരു തൊഴിലിൽ എന്തു ധാർമ്മികത? ഏതു തൊഴിലിനും ഒരു എത്തിക്സുണ്ട്. പക്ഷെ വക്കീൽപ്പണിയിലെ എത്തിക്സ് എന്താണെന്നു മനസ്സിലായിട്ടില്ല.അതുകൊണ്ട് തന്നെ ബി.എ ആളൂർ മാത്രം എന്ത് എത്തിക്സ് കാണിക്കണമെന്നാണ് പറയുന്നത് ?

ഇനി കുപ്രസിദ്ധ കേസുകൾ വക്കാലത്തെടുക്കുന്ന കാര്യമാണെങ്കിൽ, മറ്റുള്ളവർ രഹസ്യമായി ചെയ്യുന്നത് പരസ്യമായി പറഞ്ഞ് ചെയ്യുകയാണയാൾ. ഒരു പ്രൊഫഷണൽ റിസ്ക് ഏറ്റെടുക്കുന്നതിലെ ത്രില്ല് അയാൾ അനുഭവിക്കുന്നുണ്ടെന്നു തോന്നാറുണ്ട്. കുറഞ്ഞ പക്ഷം തന്റെ തലച്ചോറിനെ അയാൾ പണിയെടുപ്പിക്കാറുണ്ട്. തോല്ക്കുമെന്നുറപ്പുള്ള ഒരു ഗെയിമിൽ കളിക്കാനിറങ്ങി സമനില പിടിച്ചെടുത്ത കളിക്കാരന്റെ വീര്യമാണ് ഗോവിന്ദച്ചാമി കേസിൽ ആളൂർ കാണിച്ചത്. സോൾവ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്രോബ്ലംസ് ഏറ്റെടുക്കുന്നത് ഒരു തരം സെല്ഫ് ചലഞ്ചിങ് ആണ്. അഴിക്കാനാവാത്ത കുരുക്കുക്കൾ അഭിമുഖീകരിക്കുന്നത് ഇന്റലക്ച്വൽ എക്സർസൈസ് ആണ്. ഒന്നുമില്ലായ്മ എന്ന നെഗറ്റീവിൽ നിന്ന് ഒരു പോസിറ്റീവിനെ കണ്ടെത്തുന്ന വിൽ പവർ ആണ്. പിന്നെ പബ്ലിസിറ്റിയിൽ നല്ലത് ചീത്തത് എന്നൊന്നുമില്ല. ഏതൊരു പബ്ലിസിറ്റി സ്റ്റണ്ടിലും ഇത്തിരി ‘ചെറ്റത്തരം’കാണും.

എന്റെ വക്കീൽ സുഹൃത്തുക്കൾ ക്ഷമിക്കുക. ഞാനൊരു ആളൂർ ആരാധികയല്ല. പക്ഷെ ആൾക്കൂട്ട ആക്രമണങ്ങളുടെ മറുപുറം തേടാറുണ്ട്. ഒറ്റപ്പെടുന്നവരെ ശ്രദ്ധിക്കാറുണ്ട്. നല്ലത്, ചീത്ത എന്ന വേർതിരിവുകളെ സ്വയം കുട്ടിക്കിഴിച്ച് ഗുണിച്ച് ഹരിക്കാറുണ്ട്. അത്രമാത്രം .