ജാതി വാലു പെട്ടെന്നൊരു ദിവസം മുറിച്ചതു കൊണ്ട് ഒരാളുടെ ജാതിബോധം ഇല്ലാണ്ടാവുമോ?

0
445
Jyothika Samassya

ജാതി വാലു പെട്ടെന്നൊരു ദിവസം മുറിച്ചതു കൊണ്ട് ഒരാളുടെ ജാതിബോധം ഇല്ലാണ്ടാവുമോ?ജാത്യാലുള്ളത് തൂത്താൽ പോകുമോ? എന്ന ചൊല്ലിന് വേറിട്ടൊരർത്ഥം കുടെയുണ്ട്. കേരളീയ സമൂഹം ജാതി ബോധത്തിൽ ജന്മം കൊണ്ട് ജാതി ബോധത്തിലൂടെ വളർന്ന് ജാതീയമായ ആചാരാനുഷ്ഠാനങ്ങളിലുടെ ജീവിച്ച് ഒടുങ്ങുന്ന ഒന്നാണ്.

മതാനുഷ്ഠാനങ്ങളേക്കാൾ തീവ്രമായ ജാതീയമായ അനുഷ്ഠാനങ്ങളുണ്ട്. ഒരു കുഞ്ഞു ജനിച്ച് നൂലുകെട്ട്. ചോറൂണ്,ഒന്നാം പിറന്നാൾ, എഴുത്തിനിരുത്ത്, പെണ്ണായാൽ ഋതുമതി, വിവാഹം (അതിന്റെ ആരംഭം മുതൽ അവസാനം വരെയുള്ള ചടങ്ങുകൾ ജാതീയമായി വ്യത്യാസം), പിന്നെ ആദ്യ ഗർഭചടങ്ങുകൾ. തുടങ്ങി മരണം. മരണാനന്തരം വരെ നീളുന്ന ജാതിവാലിന്റെ കോപ്രായങ്ങളൊന്നും പൊടുന്നനെ വിട്ടു പോകില്ല. യഥാർത്ഥത്തിൽ ജാതീയതയിലാണ് മതത്തിനേക്കാൾ ഭീകരമായ വർണ്ണവിദ്വേഷം പ്രകടമാവുന്നത്.’ഏതു മതത്തിൽ പെട്ടതാണെന്ന് വേഷവിധാനത്തിൽ നിന്നും പേരിൽ നിന്നും ഒരു പരിധി വരെ ഊഹിക്കാം. പക്ഷെ ജാതിയ്ക്ക് മേൽക്കൈ കിട്ടണമെങ്കിൽ പേരിനൊപ്പം വാൽ വേണം.

കല്യാണം പോലുള്ള പരിപാടികളിൽ പങ്കെടുക്കുമ്പോൾ പേര് ചോദിച്ച്. പിന്നെ നാട്, വീട്, തറവാടിന്റെ പേര്, ബന്ധുക്കളുടെ പേരൊക്കെ ചോദിച്ച് ജാതി വേരു തിരയുന്ന വരെ കണ്ടിട്ടുണ്ട്. ഒരിക്കൽ ‘കഴുത്തിലെ താലി കയ്യിലെടുത്ത് നോക്കി വെളുക്കെ ചിരിച്ച് തൃപ്തിയടഞ്ഞ ഒരു വല്യമ്മയേയും കണ്ടിട്ടുണ്ട്. “താലി മാത്രേ ഇടാറുള്ളൂ.. ഒപ്പം സ്വർണ്ണനൂലും പതക്കവും കൂടെ വേണ്ടേ? അതാ സുമംഗലികളുടെ രീതി” .എന്നൊരു ഉപദേശവും.ഞാൻ പ്രിയതമനെ അർത്ഥ വെച്ച് നോക്കി. ഉള്ളതെല്ലാം ബാങ്കിൽ കൊണ്ടുപോയി പണയം വെച്ചയാൾ ഇതൊന്നും കേൾക്കുന്നില്ല.അഥവാ അന്ന് ഞാൻ അത് കഴുത്തിലിട്ടിലായിരുന്നെങ്കിൽ പഴയ കാലത്തെ “പന്തിഭോജന സമരം” പോലൊന്നു നടത്തിയാലേ സദ്യ ഉണ്ണാൻ പറ്റുമായിരുന്നുള്ളൂ. മറ്റൊരിക്കൽ ഒരു ഗൃഹപ്രവേശത്തിന് ഒരു സാധാരണ വേഷത്തിൽ പോയി.. അപ്പോൾ ഗൃഹനായികയായ സുഹൃത്ത് “ഇതെന്താ നീ ഒരു മാതിരി. (ജാതിപ്പേരിന്റെ അശ്ലീല പദം) പോലെ ? മര്യാദയ്ക്ക് വന്നൂടെ?പട്ടുടുത്ത് പൊന്നിടാതെ പോയതിനാണ് “അതെന്താ ടീ നീയീ പറഞ്ഞവർക്ക് പട്ടും പൊന്നും പറ്റൂലേ?? ഞാൻ ചോദിച്ചു.

ഓ.. പിന്നെ തേങ്ങ പത്തരച്ചാലും താളല്ലേ കറി ? കൂട്ടച്ചിരി, ഈ ചിരി പലയിടത്തും
കേട്ടിട്ടുണ്ട്. ഈ ചിരിച്ചവരെല്ലാം പുറമേക്ക് പുരോഗമന മതേതരവാദികളാണ്. ജനാധിപത്യ പൗരാവകാശ പ്രാസംഗികരാണ് . വിപ്ളവരാഷ്ട്രീയ പാർട്ടികളുടെ സ്ഥാനമാനങ്ങൾ വഹിക്കുന്നവരാണ്. പക്ഷെ ജാതീയതയുടെ പരമോന്നതിയിലാണ് അവരുടെ സാമൂഹികബോധം. ജാതീയമായ വേർതിരിവിലൂന്നിയതാണ് അവരുടെ ജനാധിപത്യ ബോധവും. നമ്മൾ പന്തിഭോജനവും വില്ലുവണ്ടി സമരവുമെല്ലാം ഒരിക്കൽ കൂടി നടത്തേണ്ടിയിരിക്കുന്നു. പുതിയ തലമുറയെ പഠിപ്പിക്കാനല്ല. പഴയ തലമുറയെ ചിലതെല്ലാം ഓർമ്മിപ്പിക്കാൻ കൂടിയാണ്.