മോശമായി പോയി, മരിച്ചവരെ കുറ്റം പറയാൻ പാടില്ല എന്നതല്ലേ ഇന്ത്യൻ സംസ്കാരം

95

Jyothilal G Thottathil

ഇരുപത്തൊന്ന് വർഷം മുമ്പുള്ള പത്രം

പ്ഭ… ചെറ്റ..!”കണ്ട കൂലിയെഴുത്തുകാരനെയൊക്കെ വച്ച് ഓരോന്ന് എഴുതിപ്പടച്ചൊണ്ടാക്കി ഉളുപ്പില്ലാതെ സ്വന്തം പേരിൽ അച്ചടിപ്പിക്കുന്നതും പോരാഞ്ഞിട്ട്, ഇനിയിപ്പൊ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി ഈ തന്തയില്ലാത്ത പൊസ്തകത്തിന് എന്തെങ്കിലും നാലവാർഡ് സംഘടിപ്പിച്ചെടുക്കും, ഈ നാണം കെട്ട നരേന്ദ്ര കുമാരൻ..! എന്നിട്ടുപിന്നെ ഇളിച്ചുപിടിച്ച് രാഷ്ട്രഭൂമീടെ നെഞ്ചത്ത് അവന്‍റെ കിഴട്ടു മോന്തായത്തിന്‍റെ കളർ ഫോട്ടൊ, ആരാനും എഴുതി കഴുവേറ്റുന്ന അനുസ്മരണപ്രസംഗത്തിന്‍റെ ഫുൾ ടെക്സ്റ്റ്. അതും കൂടി അച്ചുനിരത്തി നാട്ടാരെ ക്കൊണ്ട് തൊണ്ടവിഴുങ്ങിച്ചു കഴിയുമ്പോൾ തെകഞ്ഞു…
വിശ്വസാഹിത്യകാരൻ,
ചിന്തകൻ,
രാഷ്ട്രീയപ്രവരൻ… ചെറ്റ

നന്ദനറിയൊ എന്നറിയില്ല വേണുവേട്ടൻ്റ കൊലപാതകികളെ രക്ഷപെടുത്താൻ മറാത്ത ബെൽറ്റിലെ പ്രമാണിമാർ കളത്തിലിറങ്ങുന്നു എന്ന് കണ്ടപ്പോൾ മരിച്ചു പോയ സിപി ആറ് എടത്തട്ട കേരള രശ്മിലെ വാര്യര് പിന്നെ ഭാസ്കറ്. അന്നത്തെ സോഷ്യലിസ്റ്റ് എംപിമാരെക്കൊണ്ട് പാർലമെന്‍റിനകത്ത് വലിയൊരു ഒച്ചപ്പാടുണ്ടാക്കാൻ ഒത്തിരി പരിശ്രമിച്ചതാ ഞങ്ങള്. പക്ഷേ, ഒടുവിൽ തുണിമില്ല് മൊതലാളിമാരുടേം ഗിരിജാപ്രസാദ് ജെയിനിന്‍റെയും പിണിയാളായി രംഗത്തുവന്ന് ആ മൂവ് ടോർപ്പിഡോ ചെയ്തുകളഞ്ഞു, ഇവൻ… ഈ പന്ന….!”

മുരളി എന്ന നടന വിസ്മയത്തിൻ്റെ പകരം വയ്ക്കാനില്ലാത്ത പ്രകടനമാണ് മുകളിലത്തേത് . അതും മലയാളത്തിലെ ലക്ഷണമൊത്ത ഏറ്റവും മികച്ച പൊളിറ്റിക്കൽ ത്രില്ലർ സിനിമയിൽ. പത്രം കഴിഞ്ഞ ദിവസം അവിചാരിതമായി ഒന്നൂടെ കാണാൻ ഇടയായി. ഇത്തരം സംഭാഷണങ്ങൾ എഴുതുന്നതിൽ രഞ്ജി പണിക്കർ എന്ന എഴുത്തുകാരനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. കുറിക്കു കൊള്ളുന്ന വാക്കുകൾ കൊണ്ട് സിമ്പോളിക്കായി ഇന്ത്യൻ രാഷ്ട്രീയത്തിലെ വ്യക്തി ജീവിതങ്ങൾക്ക് നേരെ അമ്പെയ്യാൻ രഞ്ജിക്ക് തുല്യം രഞ്ജി മാത്രം.

എഴുപത് വർഷത്തെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായി ഭരണത്തിലേറാൻ കഴിഞ്ഞ സോഷ്യലിസ്റ്റ് ഇടതുപാർട്ടിയാണ് ജനതാദൾ.1988 ൽ ലോക് നായിക് ജയപ്രകാശ് നാരായണൻ്റെ ജൻമദിനത്തിൽ രൂപം കൊണ്ട പ്രസ്ഥാനം 89 ൽ വി പി സിങ്ങിലൂടെ ഡൽഹി പിടിച്ചു. എന്നാൽ തുടർന്നുള്ള പത്തുകൊല്ലങ്ങൾ കൊണ്ട് അത് ചെന്നുപെട്ട അവസ്ഥ അതിൻ്റെ മാത്രമല്ല മുഖ്യധാരാ ഇടതു പാർട്ടികളുടെ “ചരിത്രപരമായ മണ്ടത്തര ങ്ങളുടെ ” ഫലം കൂടി ആയിരുന്നു. സത്യത്തിൽ ഇന്ത്യൻ രാഷട്രീയം തീവ്ര ഹിന്ദു പ്രസ്ഥാനങ്ങളിലേക്ക് ചെന്നു ചേർന്ന 85 മുതലലുള്ള ഒന്നര പതിറ്റാണ്ട് മുഴുവൻ വെറും മൂന്നര ഡയലോഗിൽ മുരളിയെ കൊണ്ട് ചിലഫിക്ഷണലായ കഥാപാത്ര നിർമ്മിതിയുടെ ചുവടു പറ്റിക്കൊണ്ട് പറയിപ്പിച്ചതാണ് എന്ന് തോന്നുന്നു. .

84 ൽ രണ്ടു സീറ്റിൽ മാത്രമുണ്ടായിരുന്ന ഒരു പ്രസ്ഥാനം ,1999 ൽ ഈ സിനിമ ഇറങ്ങിയ വർഷമാണ് പതിമൂന്നാം ലോക്സഭയിൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ഒരു സർക്കാരിന് രൂപം കൊടുക്കു ന്നത് എന്ന വസ്തുത കൂടി ഓർക്കുമ്പോഴാണ് ഈ സിനിമക്ക് പ്രസക്തി ഏറുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ അതിന് എത്രമാത്രം പ്രാധാന്യമുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ആ കാലയളവ് ഫാസിസത്തിൻ്റെ വളർച്ചയുടെ മാത്രമല്ല നെഹ്രു യുഗത്തിന് ശേഷം സോഷ്യലിസ്റ്റ് ചേരിക്കുണ്ടായ തകർച്ചയുടെ സമയം കൂടിയായിരുന്നു. അതു കൊണ്ട് തന്നെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തി ട്രിപ്പിസ് കളിച്ച റോട്ടി,മകാൻ,കപ്പടാ കുപ്പായമിട്ട നേതാക്കൻമാർ അധികാര വടം വലിയുടെ രസതന്ത്രമറിയാത്ത ദേശീയ സോഷ്യലിസ്റ്റു പിൻമുറയെ ഒന്നിൽ നിന്നും ഒൻപത് കഷണങ്ങളാക്കിയ രാഷ്ട്രിയ കാലഘട്ടത്തിനെ ഇതിനേക്കാൾ സിബോളിക്കായി അവതരിപ്പിക്കാനാവില്ല എന്നുറപ്പ്.

NB :ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രമുഖനായ നേതാവ് മരണപ്പെട്ടതിൻ്റെ പിറ്റേ ദിവസമാണ് യൂ ടു ബ് സജക്ഷനായി പത്രം കണ്ണിൽ പെട്ടത് .മോശമായി പോയി. മരിച്ചവരെ കുറ്റം പറയാൻ പാടില്ല എന്ന ഇന്ത്യൻ സംസ്കാരം യൂ ടൂ ബിന് അറില്ലെ