പാട്രിയാര്‍ക്കിയുടെ ഇന്ത്യാ മഹാരാജ്യത്ത് ഈ സിനിമയ്ക്ക് കാഴ്ചക്കാര്‍ വളരെ പരിമിതമായിരിക്കും

107

Jyothilal G Thottathil

ഭർത്താവ് ഭാര്യയുടെ മുഖത്തടിക്കുന്നു..”നിങ്ങൾ എന്നെ തല്ലി അല്ലേ. ഇനി ഒരു നിമിഷം പോലും ഞാൻ ജീവിച്ചിരിക്കില്ല. നോക്കിക്കോ”, തേഞ്ഞു പഴകിയ ഡയലോഗിന് ശേഷം അവൾ മുറിയിലേക്കോടുന്നു. ഒന്നുകിൽ ചെറിയ സൂയിസൈഡ് അറ്റംപ്റ്റ്. ശേഷം ഹോസ്പിറ്റലിൽ നിന്നും വഴക്കെല്ലാം തീർത്ത് ഭർത്താവിനെ കെട്ടിപ്പിടിച്ച് അവൾ കരയുന്നു. സൂയിസൈഡ് ശ്രമം നടത്തിയില്ലെങ്കിൽ അവളുടെ പരിഭവം മാറ്റാൻ പട്ടുസാരിയോ മുല്ലപ്പൂവോ അയാൾ വാങ്ങിക്കൊടുക്കുന്നു. all’s well that ends well.

ഇനി ‘സ്ത്രീ സ്വഭാവത്തിന്’ പുറത്തേക്ക് അവളൊന്നു നീങ്ങിയാൽ, ആണിനൊപ്പം നിന്ന് സംസാരിച്ചാൽ സിനിമക്കാർ ഉടനെ തന്നെ അവളുടെ മുഖത്ത് ഒരു അടി വച്ചു കൊടുക്കും. എത്രയെത്ര പെൺ കഥാപാത്രങ്ങളെയാ ഒരു അടിയോടു കൂടി ‘സൗമ്യയും ശാന്തയും അനുസരണയുള്ളവളുമാക്കി’ മാറ്റിയത്. ”ഹൊ ഇത് ഞാൻ നേരത്തേ ചെയ്യേണ്ടതായിരുന്നു” എന്ന നായകൻ്റെ പഞ്ച് ഡയലോഗും കൂടിയായാൽ രോമാഞ്ചകഞ്ചുകരാവുന്ന ഒരുപാടു പേർ. അതിൽ സത്രീകളും ഉണ്ട്. ഈ വക അക്രമങ്ങളെ നോർമലൈസ് ചെയ്ത് അസാധാരണമല്ലാതാക്കി മാറ്റുന്നത്‌ കൊണ്ട് പ്രിവിലേജ്ഡ് നായകൻ തല്ലിക്കൊണ്ടേയിരിക്കുന്നു. നായിക തല്ലു വാങ്ങി നന്നാകുവാനും ശ്രമിക്കുന്നു. പുരുഷന്‍ സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുന്നതും കഴുത്തിനു പിടിച്ച് ഭീഷണിപ്പെടുത്തുന്നതുമെല്ലാം നീച കൃത്യങ്ങളായി പ്രേക്ഷകന് അനുഭവപ്പെടുമെങ്കിലും ഭര്‍ത്താവ് ഭാര്യയെയോ കാമുകന്‍ കാമുകിയെയോ അടിക്കുന്ന ഈ അടി നോര്‍മലാണെന്നും അത് ഭാര്യാ-ഭര്‍ത്തൃ ബന്ധത്തില്‍ സ്വാഭാവികമാണെന്നും, രണ്ടെണ്ണം കിട്ടുന്നത് സ്ത്രീകള്‍ക്ക് നല്ലതാണെന്നും ആ അടി കിട്ടുന്നതോടെ സ്ത്രീകള്‍ കുശുമ്പ്, കുന്നായ്മ, പരദൂഷണം, ഏഷണി, അത്യാഗ്രഹം, സ്വാര്‍ത്ഥത ഇത്യാദി ദുര്‍ഗുണങ്ങള്‍ വെടിഞ്ഞ് നന്നാകുന്നതായും പൊതുബോധം ഊട്ടിയുറപ്പിക്കാന്‍ ഇൗ സീനുകള്‍ നല്ലതുപോലെ സഹായിച്ചിട്ടുണ്ട്. അതേ അളവിലല്ലെങ്കിലും ഇത്തരം വിവരക്കേടുകള്‍ ഇപ്പോഴും നമ്മുടെ മുഖ്യധാര സിനിമകളിലും സീരിയലുകളിലും നല്ലതുപോലെ വിളമ്പുന്ന കാലത്താണ് ഒരു അടിയുടെ പേരില്‍ ഡിവോഴ്സ് വാങ്ങിയെടുക്കുന്ന അമൃതയുടെ കഥ പറയുന്ന ‘ഥപ്പഡ്’ ഇറങ്ങുന്നത്.

2-4 नहीं... बल्कि परफेक्ट शॉट के लिए ...പാട്രിയാര്‍ക്കിയെ ഊട്ടിയും ഉറക്കിയും താലോലിച്ചും പുലരുന്ന ഇന്ത്യാ മഹാരാജ്യത്ത് ഈ സിനിമ ടാര്‍ഗറ്റ് ചെയ്യുന്ന കാഴ്ചക്കാര്‍ വളരെ പരിമിതമായിരിക്കും എന്ന് ഉറപ്പാണ്. ട്വിറ്ററിലൊക്കെ ഈ സിനിമയെ വിലയിരുത്തുന്ന കുറേ അധികം ആളുകളെങ്കിലും സിനിമ അൺനെസസറി ആണെന്ന് പറയുന്നവരാണ്. അമൃത വിക്രമിന് മാപ്പ് നല്‍കണമായിരുന്നെന്നും വിക്രം സ്നേഹ നിധിയായ ഭര്‍ത്താവ് ആയിരുന്നുവെന്നും അല്ലെങ്കില്‍ വിക്രത്തെ വളരെ ക്രൂരനായ ഭര്‍ത്താവായി സംവിധായകന്‍ ചിത്രീകരിക്കണമായിരുന്നു എന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ കണ്ടിരുന്നു. സിനിമയുടെ മുഴുവന്‍ എസ്സന്‍സും ചോര്‍ത്തിക്കളയുന്ന, മെയിൽ വിക്ടിമൈസേഷന് ഒരു പഴുത്‌ കണ്ടെത്തുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ തന്നെയാണ് സമൂഹത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്.

ഇന്നും പങ്കാളിയെ ഇമോഷണല്‍ ബാഗ്ഗേജ് ഇറക്കിവെക്കാന്‍ മാത്രമുള്ള ഒബ്ജക്ട് ആയി ട്രീറ്റ് ചെയ്യുന്ന ജനകോടികളുടെ മുന്നിലാണ് ‘ഥപ്പഡ്’ നിവര്‍ന്ന് നിന്ന് രാഷ്ട്രീയം പറയുന്നത്. ഡൊമസ്റ്റിക് വയലന്‍സില്‍ നിന്നും ഒട്ടും തന്നെ മാറി നില്‍ക്കുന്നില്ലാത്ത ടോക്സിക് റിലേഷന്‍ഷിപ്പുകളെ ആഘോഷിച്ച് സിനിമ എടുത്ത അതേ ഇന്‍ഡസ്ട്രിയില്‍, അതേ സംവിധായകന്‍ മുന്നോട്ട് വെച്ച ഷോവനിസ്റ്റ് വാദങ്ങളെ നിസാരമായി ഖണ്ഡിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നുണ്ട് ഥപ്പഡ്. എത്ര ഗാഢമായ റിലേഷന്‍ഷിപ്പിലും വയലന്‍സിന് ഒരു സ്ഥാനവും ഉണ്ടാവാന്‍ പാടില്ല എന്ന സത്യം വിളിച്ച് പറയുന്ന സിനിമക്ക് പക്ഷേ, ആദ്യം പറഞ്ഞ ടോക്സിക് സിനിമയുടെ പത്ത് ശതമാനം ബോക്സ് ഓഫീസ് കളക്ഷന്‍ പോലും ഉണ്ടായിട്ടില്ല. ഒരോ അടിക്കും മറുപടിയായി കുനിഞ്ഞ ശിരസും മൗനം അരിച്ചിറങ്ങുന്ന കണ്ണീരും സൂക്ഷിക്കുന്ന എത്രയോ സ്ത്രീകള്‍ നമുക്കിടയില്‍ ജീവിക്കുന്നു, എത്രയോ പേര്‍ അത് വിധിയായും ആചാരമായും കടമയായും ശിരസിലേറ്റി ജീവിതം ജീവിച്ച് തീര്‍ത്ത് മണ്ണോട് ചേര്‍ന്നു. എത്രയോ പേര്‍ വിവാഹമെന്ന ‘ഡീല്‍’ ഒപ്പിട്ട് വിധിക്ക് കീഴടങ്ങാന്‍ ഇപ്പോള്‍ പിറന്ന് വീണ് പിച്ചവെക്കുകയും ഇനി പിറക്കാന്‍ ഒരുങ്ങിയിരിക്കുകയും ചെയ്യുന്നു. ഒരു അടി അത്ര വലിയ കാര്യമാണോ, ക്ഷമ ജീവിതത്തില്‍ കൈക്കോള്ളേണ്ടതല്ലേ എന്നുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി സിനിമയില്‍ തന്നെയുണ്ട്. സ്പൂണ്‍ ഫീഡ് ചെയ്യുക എന്നത് ഗതികേടുമാണ്.

സ്വന്തം കഴിവില്‍ എത്ര വലിയ അച്ചീവ്മെന്‍റുകളിലേക്കുയര്‍ന്നാലും ഭര്‍ത്താവിന്‍റെ മഹിമയിലും കുടുംബ പാരമ്പര്യത്തിന്‍റെ തൊഴുത്തിലും കെട്ടിയിടപ്പെടുന്ന നേത്ര, ഭര്‍ത്താവിന്‍റെ കൊടിയ മര്‍ദ്ദനങ്ങള്‍ നിത്യ ജീവിതത്തിന്‍റെ ഭാഗമായിത്തീര്‍ന്ന സുനിത, സ്ത്രീകളുടെ ജീവിതം എങ്ങനെയായിരിക്കണം എന്ന് തന്‍റെ അമ്മ പഠിപ്പിച്ചത് മകളെയും പഠിപ്പിച്ച് കര്‍ത്തവ്യ പൂര്‍ത്തീകരണത്തില്‍ അഭിരമിക്കുകയും എന്നാല്‍ സമൂഹത്തിന്‍റെ ജെന്‍ഡര്‍ പെര്‍സ്പെക്ടീവുകളെ തിരസ്കരിച്ച് പങ്കാളിയെ ആദരവോടെ കാണുന്ന സിനിമയിലെ ഏക ‘സിനിമാറ്റിക്’ ഭര്‍ത്താവിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട തന്‍റെ ആഗ്രഹങ്ങളെ ഓര്‍ത്ത് കരയുന്ന സന്ധ്യ, മക്കളുടെയും ഭര്‍ത്താവിന്‍റെയും സന്തോഷത്തിന് വേണ്ടി സ്വന്തം സന്തോഷത്തെപ്പറ്റി ആലോചിക്കാനേ മെനക്കെടാതിരുന്ന സുലേഖ തുടങ്ങിയവര്‍ അമൃതയുടെ വിവാഹ മോചനത്തിലൂടെ സ്വന്തം ജീവിതത്തെപ്പറ്റി തികഞ്ഞ ബോധ്യമുള്ളവരും ജീവിതത്തില്‍ പ്രതീക്ഷയും പ്രത്യാശയും സന്തോഷവും കണ്ടെത്തിയവരാകുന്നുമുണ്ട്. ജീവിതത്തില്‍ സന്തോഷമായിരിക്കുക എന്നതിനപ്പുറത്ത് റിലേഷന്‍ഷിപ്പുകളുടെ വിഴുപ്പുകള്‍ ചുമക്കുക എന്ന സമൂഹം അടിച്ചേൽപ്പിക്കപ്പെട്ട റോളുകള്‍ സ്ത്രീകള്‍ ഏറ്റെടുക്കേണ്ടതില്ല എന്ന് സിനിമ സംവദിക്കുന്നു. ഇന്നിത് എഴുതുമ്പോഴും വായിക്കുമ്പോഴും പ്രതികരണശേഷി ഇല്ലാത്ത ആയിരങ്ങള്‍ തല്ലുകൊണ്ട് വീടകങ്ങളില്‍ ഇരിക്കുന്നുണ്ടാവും എന്ന് ആലോചിക്കുമ്പോഴാണ് ‘ഥപ്പഡ്’ അഭിസംബോധന ചെയ്യുന്നതും പ്രതിനിധീകരിക്കുന്നതും എന്ത് വലിയ സമൂഹത്തെയാണെന്ന് തിരിച്ചറിയുക.

“മേലിൽ ഒരാണിന് നേരെയും നിന്റെ കൈ ഉയരരുത്” എന്ന് ജോസഫ് അലക്സ്‌ IAS പറഞ്ഞപ്പോൾ കയ്യടിച്ചവരാണ് നമ്മൾ. “വെള്ളമടിച്ചു പാതിരായ്ക്ക് വീട്ടിൽ കയറി വരുമ്പോ ചെരുപ്പൂരി ചുമ്മാ തൊഴിക്കാൻ ഒരു ഭാര്യയെ വേണമെന്ന്” ഇന്ദുചൂഡൻ പറഞ്ഞപ്പോൾ രോമാഞ്ചം കൊണ്ടവരാണ് നമ്മൾ. ഭാര്യയെ കഴിവതും ബുദ്ധിമുട്ടിച്ചു ഉപദ്രവിച്ചു അവസാനം ഭർത്താവ് മാപ്പ്‌ പറഞ്ഞപ്പോൾ ക്ഷമിക്കുന്ന നന്മ മരങ്ങളായ ഭാര്യമാരെ കാട്ടിത്തന്ന സിനിമകൾ കണ്ട് മനസ് നിറച്ചവരാണ് നമ്മൾ.

ഭൂമിയേക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ എന്ന് പാടിയപ്പോ ഏറ്റു പാടിയവരാണ് നമ്മൾ. ഇങ്ങനെയൊക്കെ ആവണം ഭാര്യ എന്ന് നമ്മളെ പറഞ്ഞ്‌ പറ്റിച്ച കുറെ “മലയാള സിനിമകളും” അത് അതെ പടി വിശ്വസിച്ച നമ്മളും കാണേണ്ട സിനിമ തന്നെയാണ് ഥപ്പട്. സ്ത്രീകൾക്കും ആത്മാഭിനമുണ്ട്, അവകാശങ്ങളുണ്ട്, സന്തോഷങ്ങളുണ്ട്, ഇഷ്ടാനിഷ്ടങ്ങളുണ്ട്, സ്വപ്നങ്ങളുണ്ട്, ലക്ഷ്യങ്ങളുണ്ട്. അതൊന്നും ഒരു ഭാര്യ ആവുമ്പോഴേക്കും മണ്ണടിഞ്ഞ്‌ പോവേണ്ട ഒന്നല്ല എന്നുറക്കെ വിളിച്ചു പറയുന്ന ഇത് പോലുള്ള സിനിമകൾ ആണ് ഇന്ന് കാലത്തിന്റെ ആവശ്യം.

ഇനി ആണിനെ തല്ലുന്നതിലുള്ള ടോക്സി സിറ്റി, അത് സ്ത്രീയെ തല്ലുന്നതിനോളം തന്നെയാണ് ഒരു സംശയവുമില്ല. അതിലെ പ്രശ്നം പക്ഷേ മറ്റൊന്നാണ്, ആണുങ്ങൾ അബ്യൂസ് ചെയ്യപ്പെടുന്നുണ്ടെന്ന് സമ്മതിച്ച്‌ തരാനുള്ള മടി. തനിക്കും താഴെയെന്ന് ഉള്ളിൻ്റയുള്ളിൽ പതിഞ്ഞുകിടപ്പുള്ള ഒന്നിലധികം (ട്രാൻസ് ജൻഡർ) ജൻഡറുകളെ ഇങ്ങനെ തല്ലിയും കുത്തിനു പിടിച്ചും അനുസരിപ്പിച്ച് നോർമലൈസ് ചെയ്ത് നടക്കുന്ന ലിംഗത്തിന്, അതേ അബ്യൂസ് താൻ അനുഭവിക്കുമ്പോ എങ്ങനയാ തുറന്ന് പറയാൻ തോന്നുക. മേന്മയേറിയ ജൻഡറല്ലേ, അടി കിട്ടിയെന്നറിഞ്ഞാൽ താൻ ഇൻഫീരിയറായെന്ന്, ഒരു ഉത്തമ പുരുഷനല്ലെന്ന് നാലാൾ അറിഞ്ഞാലോ. ടോക്സിക് മസ്ക്കുലിനിറ്റിയുടെ അതിപ്രസരമാണ്, ആണായാൽ കൊടുത്തു മാത്രമാകണം ശീലമെന്ന വളരേ അപകടം പിടിച്ച പൊതുബോധം. പുരുഷൻ റേപ്പ് ചെയ്യപ്പെടിലെന്ന്, അബ്യൂസ് ചെയ്യപ്പെടില്ലെന്നുള്ള അന്ധമായ അടിച്ചേൽപ്പിക്കൽ. പുരുഷന് സംഭവിച്ചാൽ അബ്യൂസെന്നും റേപ്പെന്നുമൊക്കെ പറയാനുള്ള സമൂഹത്തിൻ്റെ നാണക്കേട്. എല്ലാ ജൻഡറിലും അബ്യൂസേഴ്സ് ഉണ്ടാകുമെന്ന് മനസ്സിലാക്കാനുള്ള മനസ്സുണ്ടായാമതി. പക്ഷേ പുരുഷന് ഒരു അബ്യൂസർ എന്ന ലേബലിൽ നിന്നും ഈസിയായി രക്ഷപ്പെടാനുള്ള പഴുത് സമൂഹം തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ടെന്ന് മാത്രം. പിന്നെ ഥപ്പടിൽ പെണ്ണിനെ തല്ലുമ്പോ, അയ്യോ ടോവിനോയെ തല്ലിയേ, ഡബിൾ സ്റ്റാൻ്റേർഡാണേ എന്നൊക്കെ കൊടിയും പൊക്കി പിടിച്ച് വരുന്നവർ ഒന്നു ശ്രദ്ധിക്കണം. സ്ത്രീകളോടുള്ള അനീതിയെപ്പറ്റി പറയുമ്പോ മാത്രമേ നിങ്ങൾക്ക് പുരുഷൻ്റെ കാര്യം ഓർമ്മ വരൂ എന്നുണ്ടെങ്കില്‍, അത് പുരുഷനെ പറ്റിയുള്ള കൺസേർൺ അല്ല, മറിച്ച് സ്ത്രീക്കതിരെയുള്ള അതിക്രമങ്ങളെ ലഘൂകരിക്കാനുള്ള കരച്ചിൽ മാത്രമാണ്.

Advertisements