എഴുതിയത് : Jyothilal George
രമ്യാ കൃഷ്ണൻ എന്ന തമാശ
*******************
ഇന്ന് രമ്യ കൃഷ്ണന്റെ ജൻമദിനമാണ്. രമ്യ കൃഷ്ണനെക്കുറിച്ച് അവരുടെ അഭിനയ ചരിത്രത്തെക്കുറിച്ച് എഴുതിയിടുന്ന പോസ്റ്റല്ല ഇത്. അതു പ്രതീക്ഷിക്കുന്നവർ ഇത് വായിക്കണ്ട.
പറയുന്നത് മറ്റൊരു വിഷയമാണ്. കുറച്ചു മുമ്പ് റേഡിയോയിൽ ഒരു RJയിൽ നിന്ന് വളരെ യാദൃശ്ചികമായി ഈ വിവരം കേട്ടത് ഒരു പ്രത്യേക വാചകത്തിന്റെ അകമ്പടിയോടെ ആയിരുന്നു. അതായത് “നാലു തലമുറയെ മത്ത് പിടിപ്പിച്ച രൂപം”… പെട്ടെന്ന് വിത്ത് BGM ഏതവന്റയോ ശ്വാസം വിടാത്ത അണ്ണാക്കിൽ നിന്ന് വന്ന ഇൻസ്റ്റൻറ് റേഡിയൊ തമാശ. അതു കേട്ട് അടുത്ത് നിന്ന ഏതൊ ഒരു പെണ്ണ് കോഴികൊക്കുന്നതു പോലെ ചിരിക്കുന്നു. RJ ജോലിയൊക്കെ നല്ല വെടിപ്പായി ചെയ്യാൻ കഴിയുന്ന പിള്ളേർ ഇപ്പോഴുണ്ടെന്ന് ഈയിടെ ഒരു റേഡിയോ സുഹൃത്ത് പറഞ്ഞതിന്റെ പൊരുൾ ഇതാവും.
ഒന്നോർത്താൽ അയാൾ പറഞ്ഞത് ഒരു മുഖ്യധാരാ സമൂഹ്യ സത്യമാണ്. അതിൽ പറഞ്ഞയാളെ ഒരു കുറ്റവും പറയാനുമാവില്ല .അതെങ്ങനെ ഉണ്ടാവുന്നു എന്നു ചിന്തിച്ചാൽ ഒരു വിധം ബോധമുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാവും അല്ലെങ്കിൽ ഇതു വായിക്കുന്ന ആൺകുട്ടികളിൽ “ചിലർക്കെങ്കിലും ” ഒരു “ഇല്ല ,അങ്ങനയല്ല” ചങ്കൂറ്റത്തോടെ പറയാനാവണം . 1967 ലാണ് രമ്യാ കൃഷ്ണൻ നടിയുടെ ജനനം.അവർ 1988ൽ അനുരാഗി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഇതെഴുതുന്ന എനിക്ക് കഷ്ടിച്ച് ഒരു വയസ്സ് കാണും. എന്നാൽ അതും കഴിഞ്ഞ് ,വളരെ വർഷങ്ങൾ കഴിഞ്ഞ് എന്നെ ചേട്ടാ എന്നു വിളിക്കുന്നവർ ഉൾപ്പെടുന്നവർ മീശ വച്ച് കഴിഞ്ഞ ഈ 2019 ൽ പോലും അവരുടെ മേനി കൊഴുപ്പിനെ പരാമർശിച്ച് സായൂജ്യമടയുന്ന ഒരു വലിയ തലമുറ ഇവിടെയുണ്ട്. ഇല്ല എന്ന് പറയാനാവുമോ ?1984 മുതൽ നീണ്ട 35 വർഷത്തെ അവരുടെ സിനിമാ ജീവിതം ഒരു പിടി നല്ല കഥാപാത്രങ്ങൾ നമുക്ക് തന്നിട്ടുണ്ടെങ്കിലും ആദ്യാവസാനം മെയിൽ മെയ്ഡ് കവല ചർച്ചകളിൽ ശരീരത്തിനപ്പുറം ഒന്നും പറയാനില്ലാത്ത സിനിമാ വനിതകളിൽ മുൻപന്തി യിലുണ്ട് ശ്രീമതി രമ്യാ കൃഷ്ണൻ എന്നു പറഞ്ഞാൽ നിങ്ങൾക്ക് നിഷേധിക്കാനാവുമോ? ഇല്ല .അങ്ങനെയാണെങ്കിൽ
RJയെ കുറ്റവിമുക്തനാക്കാം.
[ ചങ്കുറപ്പോടെ പറയുന്നു ഞാൻ നിഷേധിക്കില്ല എനിക്കുൾപ്പടെ തെറ്റുപറ്റിയിട്ടുണ്ട്.]
വായിച്ച് കമന്റ് ബോക്സിൽ നിറയാൻ സാധ്യതയുള്ള ആരെയും വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. “അവർ സിനിമാക്കാരിയായതുകൊണ്ടാണ്… എല്ലാ സിനിമയിലും വയറും മാറും തുറന്നിട്ടതുകൊണ്ടാണ് ” എന്നർത്ഥം വരുന്ന വിവധ തരം പ്രപഞ്ചതോൽവി കമന്റുകൾക്ക് നിങ്ങൾ വെറുതെ സമയം കളയണ്ട. എന്തു കൊണ്ടെന്നാൽ ഇത് സിനിമയുടെ വിഷയമല്ല. സിനിമ പല തവണ പറഞ്ഞ “നീയൊരു പെണ്ണാണ് വെറും പെണ്ണ്” എന്ന സ്റ്റേറ്റ്മെന്റിന് നീ ഏത് ചന്ദ്രനെ എത്തിപിടിച്ചാലും “നിന്റെ ശരീരം തന്നെ ഞങ്ങൾക്ക് സ്വാമി ” എന്ന സാമാന്യ ബോധ തത്വത്തിന്റെ ബ്രാൻറ് അമ്പാസിഡർ അവാൻ നമ്മുടെ നാട്ടിൽ കഴിഞ്ഞിട്ടുള്ളതിനാൽ , നിശ്ചയമായും ഇത് സിനിമക്കു പുറത്തുള്ള ഒരു വിഷയമാണ്.സത്യം ആർക്കെങ്കിലും ബോധ്യപ്പെടുന്നെങ്കിൽ ബോധ്യപ്പെടട്ടെ എന്നു കരുതിയാണ് ഞാൻ ഇത്രയും സമയം ചുമ്മാ കളയുന്നത് .
അതു കൊണ്ട് ചിലത് ഓർമിപ്പിക്കുന്നു .ഒന്ന് സ്ത്രി ഫെയിംഡായാൽ താഴെ വരാറുള്ള ഓൺ ലൈൻ ബ്രദേഴ്സിന്റെ യഥാർത്ഥ കളരി ഓഫ് ലൈൻ ലോകത്താണ് , അവർക്കറിയാം എങ്ങനെ എപ്പോൾ ഏത് രീതിയിൽ ” പരമപാവനമായ ഈ സംസ്കാരം സംരക്ഷിക്കണമെന്ന് “, രണ്ട് , രമ്യാ കൃഷ്ണൻ മുതൽ നിർമ്മല സീതാരാമൻ വരെയുള്ളവർക്ക് വെർബൽ റേപ്പ് എന്ന “മഹനീയ സാംസ്കാരിക ജൈവ രൂപം ” എപ്പോ വേണമെങ്കിലും ലഭ്യമാവുന്ന ഒന്നാണ് ,നിങ്ങൾ അത് സസന്തോഷം സ്വീകരിക്കുക അത് നമ്മുടെ സാമൂഹിക ഘടന ആവശ്യപ്പെടുന്ന സാംസ്കാരിക ജൈവ പ്രക്രീയയാണ് , ഈ വലിയ രണ്ടു വസ്തുതകളുടെ അടിസ്ഥാനത്തിലും “സിനിമയെ സിനിമയായി കാണണം” എന്ന് നാം ഇതിനോടകം പഠിച്ചു കഴിഞ്ഞതിനാലും ,നമുക്ക് ജോക്കി തമാശയുടെ പട്ടു കുപ്പായം പാകമാണ് എന്നറിയിക്കുന്നു . ഇത്രയും വലിയ ഒരു സത്യം ഞാൻ തിരിച്ചറിഞ്ഞത് മഹാനായ ഒരു RJയിലൂടെ ഇന്നാണെന്ന് മാത്രം . അതായത് ഇങ്ങനെയാണ് സ്ത്രീ ശാക്തീകരണവും ശരീര ശാസ്ത്ര സാമാന്യവൽക്കരണവും പോവുന്നത് .ഏതാണ്ട് ഈ ദിശയിലാണ് . ഇത്രയും പറഞ്ഞ് രമ്യാ കൃഷ്ണന് ജന്മദിനാശംസകൾ നേർന്ന് നിർത്തുന്നു.
NB :വായിച്ചതെന്തെന്ന് എന്ന് വായിക്കുന്നവരിൽ ബോധമുള്ളവർ മനസ്സിലാക്കട്ടെ. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.