എവിടെയെങ്കിലും വെച്ച് , മിടുമിടുക്കിയൊരു പെണ്ണ് ആ സ്ക്കെയിൽ ഓടിച്ചുകളയും, അതുവരെ തുടരും

0
104

Jyothilekshmi Umamaheswaran ന്റെ കുറിപ്പ്

ഈ അടുത്ത് ചില ദിവസങ്ങളിലായി ഒളിഞ്ഞും തെളിഞ്ഞും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ, അത്തരം ട്രോളുകൾ ഒക്കെയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആഘോഷമാക്കുന്നത്. അതിന് രാഷ്ട്രീയമോ സിനിമയോ എന്നൊന്നും വേർതിരിവുമില്ല. ഇവിടെ ഇതൊന്നും പുതുമയുള്ള കാര്യവുമല്ലല്ലോ.മാനസികാരോഗ്യം കുറവുള്ള, സ്വന്തമായ് ഒന്നും ചെയ്യാൻ /നേടാൻ കഴിവില്ലാത്ത, നാവിനെല്ലോ, നട്ടെല്ലിനുറപ്പോ ഇല്ലാത്ത ചില പുരുഷുക്കൾ സമൂഹത്തിൽ ഏവരും അംഗീകരിക്കുന്ന, ബഹുമാനിക്കുന്ന മനുഷ്യരെ ചാരി നിന്ന് അത്തരം മനുഷ്യരുടെ വ്യക്തിത്വത്തിന്റെ നിഴലരിക് പറ്റി നടക്കുകയും , ചുറ്റുമുള്ള ആർപ്പോ വിളിക്കാർക്കായി മേമ്പൊടിക്ക് അല്പം ലൈംഗീകത തളിച്ച് ഇക്കിളികൂട്ടിയും, മറ്റുള്ളോരെ വല്ലാതെ പുകഴ്ത്തിയും നീലക്കുറുക്കൻ ചമഞ്ഞ് തങ്ങളുടേതായ ഒരിടം നേടിയെടുക്കും. ഇത്തരം മനുഷ്യർ, അവരാണ് ഈ സ്ത്രീ വിരുദ്ധതയുടെ മൊത്ത കച്ചവടക്കാർ. സമൂഹത്തിന്റെ നാനാവശങ്ങളിലും നമുക്കിത്തരക്കാരെ കാണുവാൻ സാധിക്കും. ( പുരുഷന്മാർ മാത്രമല്ല കേട്ടോ ഇത്തരം സ്ത്രീകളുമുണ്ട്).

അവർക്ക് സ്ത്രീയെന്നാൽ അവരുടെ കാമനകളെ തൃപ്തിപ്പെടുത്താനുള്ള, അവരുടെ വെടിവെട്ടങ്ങളിൽ അലസാകുലസാ പറയാനുമുള്ള മറ്റെന്തൊക്കെയോ ആണ്. അവർ നാളതുവരെ ഇടപെട്ടിട്ടുള്ള സ്ത്രീകളെ വെച്ച് രൂപപ്പെടുത്തിയെടുത്ത ഒരളവുകോലും(സ്കെയിൽ) ഇവരുടെ കൈവശമുണ്ടാകും. എപ്പോഴെങ്കിലും ഏതെങ്കിലുമൊരു സാഹചര്യത്തിൽ, എവിടെയെങ്കിലും വെച്ച് , മിടുമിടുക്കിയൊരു പെണ്ണൊരുത്തി കൃത്യമായ് അത് ആ വിധമല്ല എന്ന് മനസ്സിലാക്കിക്കൊടുക്കും, ആ സ്ക്കെയിൽ ഒടിച്ച്കളയുകയും ചെയ്യുംവരേയ്ക്കും, ഇവരിത് തുടരും. ശേഷം, കിട്ടാത്ത മുന്തിരിയുടെ പുളിയെക്കുറിച്ച് ആളും തരവും നോക്കാതെ എല്ലായിടത്തും പാടി നടന്ന് ഒടുക്കം തോട്ടത്തിന്റെ ഉടയോനോട് വരേയും പറഞ്ഞ് സ്വയം അപഹാസ്യനാകും. മുന്തിരി പുളിയുമായ് നടക്കുന്ന കൊതിക്കെറുവുള്ള കുറുക്കനോട് “ഓട് മത്തങ്ങേ കണ്ടംവഴിയെന്ന്” ആർജ്ജവമുള്ള സ്ത്രീകൾ വിരൽചൂണ്ടും.

ജീവിതം സ്ത്രീകളെ കുറേയേറെ പഠിപ്പിച്ചിട്ടുണ്ട് . പിന്നാലെ നടന്ന് മധുരവാക്ക് പറയുന്നോരെ, അമിതപ്രശംസകൾ കൊണ്ട് മൂടുന്നവരെ, അത്തരക്കാരുടെ ഉള്ളിപൊളിച്ച വാക്കുകളിൽ ബുദ്ധിയുള്ള സ്ത്രീകൾ കുടുങ്ങാറില്ല. അല്ലെങ്കിൽ തന്നെ ഈ വിധം കുടുങ്ങാനല്ലല്ലോ അവൾ പൊതു ഇടങ്ങളെ ഉപയോഗിക്കുന്നത്. നന്നായി വായിക്കുന്ന, എഴുതുന്ന, സംസാരിക്കുന്ന, തങ്ങളുടെ സ്പേസിനെ വ്യക്തമായ കാഴ്ചപ്പാടോടെ ഉപയോഗിക്കാൻ ഇന്നിൽ ഒരു വലിയ ശതമാനം സ്ത്രീകൾക്കുമറിയാം.

സോഷ്യൽ മീഡിയ ഏറ്റവും നന്നായി ഉപയോഗിക്കുന്നതും സ്ത്രീകളാണ്. കൊറോണ വീട്ടിലിരുത്തിയ,കാലത്ത് എത്രയോ സ്ത്രീകളാണ് സോഷ്യൽ മീഡിയ വഴി, തങ്ങളുടെ പലവിധമായ കഴിവുകൾ പ്രദർശിപ്പിച്ച് സമ്പാദ്യത്തിന് മുതൽക്കൂട്ടാക്കിയത്.കേക്ക്, അച്ചാർ, സ്റ്റിച്ചിംഗ്, തുടങ്ങി കാച്ചെണ്ണവരെയും വിൽക്കുന്നുണ്ട് ഈ ഇടങ്ങളിൽ സ്ത്രീകൾ.42 വയസ്സുള്ള മഞ്ജു വാര്യർ അവരുടെ വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന കടുത്ത സംഘർഷങ്ങളിൽ നിന്നും പടിപടിയായി എഴുന്നേറ്റ് ഒരു സിനിമാ നടി എന്ന നിലയിലുള്ള അവരുടെ ഗ്രാഫ് ഉയർത്തുന്നു. ഒരു കൗമാരക്കാരിയെ പോലെ മിഡിയും ടോപ്പും ധരിച്ച് പ്രസന്നതയോടെ അവർ മുന്നിൽ നിൽക്കുമ്പോൾ , ജീവിതത്തിൽ അവർ കടന്നുവന്ന വഴികൾ തന്നെയാണ് മലയാളികൾ സ്നേഹമായ് അവരിലേക്കൊഴുക്കിയത്. മമ്മൂട്ടി എന്ന മഹാനടന്റെ വിവിധ ലുക്കിലെ ചിത്രങ്ങൾ ആഘോഷമാക്കുന്നവർ പക്ഷേ ഇതിലൊരല്പം അസഹിഷ്ണുക്കളായി എന്നത് കാണാതെ വയ്യ.

അതിപ്പോൾ മഞ്ജുവാര്യരല്ല ആ സ്ഥാനത്ത് മറ്റേത് സ്ത്രീയായിരുന്നാലും ഇതുതന്നെയാവും ഒരു ചെറിയ ശതമാനത്തിന്റെ അവസ്ഥ. സിനിമയേയും പ്രിവില്ലേജുകളേയുമൊക്കെ വിട്ട് നാം സാധാരണ ഇടപെടുന്ന ചുറ്റുവട്ടത്തേയ്ക്കൊന്ന് നോക്കിയാൽ ഉൾക്കരുത്തുള്ള ഒരായിരം സ്ത്രീകളെ കാണാം. എത്രയോ പേരെ നേരിട്ടറിയാം. പണ്ടത്തെപ്പോലെ ജീവിതം തുലഞ്ഞേ എന്ന് കരഞ്ഞിരിക്കുന്ന സ്ത്രീകളല്ല, മറിച്ച് ആത്മാഭിമാനത്തോടെ തങ്ങളാലാവുന്ന പണിയെടുത്ത് കുടുംബത്തേയും കുഞ്ഞുങ്ങളെയും നോക്കി തലയുയർത്തിനിൽക്കുന്നവർ.

ആത്മാഭിമാനമുള്ള സ്ത്രീകൾ എന്ന് ആലോചിക്കുമ്പോൾ എത്ര മുഖങ്ങളാണെന്നോ മുന്നിലെത്തുന്നത്.. സൗന്ദര്യമെന്നാൽ ഇന്ന് സ്ത്രീക്ക് തൊലിപ്പുറത്തെ കറുപ്പും വെളിപ്പും ശേഷിപ്പുകളല്ല, അവളുടെ മനസ്സാണ്, ചിന്തകളാണ്, വ്യക്തിത്വമാണ്, കഴിവുകളാണ്, ആർജ്ജവമാണ്. നമ്മുടെ പെൺകുട്ടികൾ രാഹുൽഗാന്ധിക്ക് ഇനിയും ഷേക്ക് ഹാൻഡ് കൊടുക്കും. ജോയ്സ് ജോർജുമാരല്ല അവരുടെ തലതൊട്ടപ്പൻമാർ. സിനിമാനടിയോടും, സ്വാഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന മറ്റേതൊരുവളോടും എന്നും ഒരേ ആദരവ് തന്നെയാണ്.. ഒപ്പം അവനവനോടും.