സോഷ്യൽ മീഡിയയും/പ്രത്യേകതരം പുരോഗമനവും സ്ത്രീ സ്വാതന്ത്ര്യവും
ഇരുപത്തിയഞ്ച് വയസ്സിൽ താഴെ മാത്രം പ്രായമുള്ള മൂന്ന് പെണ്ണുങ്ങൾ, ഇരുപതിലധികം ഫേക്ക് ഫേസ്ബുക്ക് ഐഡികളിലൂടെ പുരുഷന്മാരുമായി നിരന്തരം സെക്ഷ്വൽ ചാറ്റ് ചെയ്യുന്ന
199 total views

Jyothilekshmi Umamaheswaran എഴുതിയത്
സോഷ്യൽ മീഡിയയും/പ്രത്യേകതരം പുരോഗമനവും സ്ത്രീ സ്വാതന്ത്ര്യവും/ ഒപ്പം സ്ത്രീപക്ഷ നിയമങ്ങളും/ ഒരു നേർക്കാഴ്ച!
ഇരുപത്തിയഞ്ച് വയസ്സിൽ താഴെ മാത്രം പ്രായമുള്ള മൂന്ന് പെണ്ണുങ്ങൾ, ഇരുപതിലധികം ഫേക്ക് ഫേസ്ബുക്ക് ഐഡികളിലൂടെ പുരുഷന്മാരുമായി നിരന്തരം സെക്ഷ്വൽ ചാറ്റ് ചെയ്യുന്ന വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ ഇരുപത്തിരണ്ട്കാരി. പരസ്പരം സെക്ഷ്വൽ ഫാന്റസികൾ പങ്കിടുന്ന ബന്ധുക്കളായ കൂട്ടുകാരികൾക്ക് തോന്നിയ തമാശ, മാസങ്ങളോളം നേരിൽ കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത തന്റെ എല്ലാത്തരം “ഇഷ്ടങ്ങളും” മനസ്സിലാക്കുന്ന/ അംഗീകരിക്കുന്ന കാമുകനൊപ്പം ഒരു ദിവസമെങ്കിലും ജീവിക്കണം എന്ന ആഗ്രഹത്തിൽ “സ്വന്തം ഗർഭവും” ” പ്രസവം പോലും അതീവ രഹസ്യമായി സ്വയം കൈകാര്യം ചെയ്ത്, പ്രസവിച്ച കുഞ്ഞിനെ യാതൊരു കുറ്റബോധവുമില്ലാതെ കരിയിലക്കൂട്ടത്തിൽ കൊണ്ടിട്ട് കൊന്നുകളഞ്ഞു. കുറ്റബോധവും ഭയവുമായിരിക്കാം കാമുകനെന്ന് വ്യാജപ്രൊഫൈലുണ്ടാക്കി നാടകം നടത്തിയ കൂട്ടുകാരികൾ രണ്ടുപേരും ആത്മഹത്യ ചെയ്തിരിക്കുന്നു. വാർത്ത കേട്ട് വലിയ അത്ഭുതമൊന്നും തോന്നിയില്ല.
ക്രിമിനൽ +ടോക്സിക് സ്വഭാവമുള്ള സ്ത്രീകൾ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന കലാപരിപാടികളും, അതിനൊക്കെ വളം വെയ്ക്കുന്ന പക്കാ റെഡ്സ്ട്രീറ്റുകളെപോലും നാണിപ്പിക്കുന്ന ലേഡീസ് ഒൺലി ഗ്രൂപ്പുകളും, അവയെ സപ്പോർട്ട് ചെയ്ത് ആവശ്യമുള്ള സഹായങ്ങൾ ചെയ്ത് കൊടുക്കുന്ന പുരുഷ സുഹൃത്തുക്കളും. ഇതൊക്കെയും ചേർന്നുണ്ടാക്കുന്ന കുടുംബപ്രശ്നങ്ങളും ഇന്നുകളിൽ ധാരാളമാണ്. (പോലീസ്/ ക്രൈം Recordകൾ പരിശോധിച്ചാൽ അറിയാൻ സാധിക്കും)
സാമ്പത്തികത്തട്ടിപ്പ്, ലൈംഗീകചൂഷണം, മദ്യവും മയക്കുമരുന്നുകളും ചേർത്ത് ഏതെങ്കിലും ഒരു അംഗത്തിന്റെ വീട്ടിൽ വെച്ച് നടത്തുന്ന ഗ്രൂപ്പ് പാർട്ടികൾ … ഇത്തരത്തിൽ നമ്മുടെ പെണ്ണുങ്ങൾ സ്വാതന്ത്ര്യം ആഘോഷിച്ച് പുരോഗമിക്കുന്നത് നേരിട്ടറിയാം. അതിന്റെ പരിണിതഫലം അനുഭവിക്കുന്ന കുഞ്ഞു മക്കളെയും. തുല്യനീതിയുടെ പക്ഷത്തുനിന്ന് മാറി, സ്ത്രീപക്ഷ നിയമങ്ങൾ വരുമ്പോൾ ആനുകൂല്യം മുതലാക്കുന്നത് ഇത്തരം സ്ത്രീ ക്രിമിനലുകളാണ്. നമ്മളൊന്നെന്ന് കെട്ടിപ്പിടിച്ച് ചേർന്നുനടക്കുന്ന അവർക്കു പോലും പരസ്പരം പറ്റിക്കപ്പെടുന്നത് അറിയില്ല എന്നതാണ് ഏറ്റവും വലിയ തമാശ.
ഭർത്താവ് അടിക്കുന്നു, വീടുവിട്ടിറങ്ങി ആക്സിഡന്റായി പരിക്കുപറ്റിയെന്ന് കൂട്ടുകാരികളെ വിശ്വസിപ്പിക്കുന്നു. സഹതാപതരംഗത്തിലൂടെപല തരത്തിൽ കാശും സമ്മാനങ്ങളും നേടുന്നു. യാഥാർത്ഥ്യമെന്തെന്നാൽ അനുജത്തിയുമായി വൈകിട്ട് പുറത്തു പോയപ്പോൾ ആക്സിഡന്റായതാണ്. ഭർത്താവ് ആ ദിവസങ്ങളിൽ നാട്ടിലില്ല…ഇപ്പൊഴും കക്ഷി പറ്റിപ്പ് തുടരുന്നു.
ബുദ്ധിയും ബോധവുമുള്ള ആരെങ്കിലും മൂന്നാലുപേർ കക്ഷിയെ അറിയിക്കാതെ രഹസ്യമായി നാട്ടിൽ ചെന്ന് നേരിട്ട് തിരക്കി സത്യം ബോധ്യപ്പെടാവുന്നതാണ്.. പക്ഷേ എങ്ങനെ സാധിക്കും?
ഓരോരുത്തരും കപടമുഖങ്ങളിലാണല്ലോ… പോരാത്തതിന് പരസ്പരമറിയുന്ന രഹസ്യങ്ങളുടെ കൂമ്പാരങ്ങളും!
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിപ്പോയ സ്ത്രീ, അന്നാൾവരേയും മാസംതോറും ഭർത്താവ് നാട്ടിലേക്കയച്ചുകൊടുത്ത മുഴുവൻ സമ്പാദ്യവും എടുത്താണ് പോയത്. നിർ/ ഭാഗ്യവശാൽ ആ യാത്ര ആ സ്ത്രീയുടെ അപകടമരണത്തിൽ അവസാനിച്ചു!
സ്ത്രീധനം ചോദിക്കാത്ത വരന്റെയും വിട്ടുകാരുടേയും മുന്നിൽ നാട്ടുകാരെ ബോധ്യപ്പെടുത്താൻ വിവാഹത്തിന് പതിനഞ്ച് പവൻ സ്വർണ്ണത്തിന്റെയൊപ്പം, ഗോൾഡ് കവറിംഗ് ആഭരണങ്ങൾകൂടി ധരിച്ചെത്തിയ തൊഴിലോ,മറ്റ് സ്വത്ത് വകകളോയില്ലാത്ത വധു, ഭർത്താവിനെ നൈസായി പറ്റിച്ച് വഴിവിട്ട ജീവിതം നയിക്കുകയും, ആ വകയിൽ അടിപൊളി രോഗിയാവുകയും, ഒടുക്കം സിൽവർ ജൂബിലി ആഘോഷിക്കേണ്ട കാലത്ത്, ജോയിന്റ് അക്കൗണ്ടിലെ കാശും അടിച്ചുമാറ്റി, അതും പോരാഞ്ഞ് ഭർത്താവിന്റെ സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവിനെതിരെ കള്ളക്കേസ് കൊടുക്കാൻ ഉപയോഗിച്ചതിലൊന്ന് നാട്ടുകാർക്ക് മുഴുവനും അറിയുന്ന ആ വിവാഹഫോട്ടോ ആയിരുന്നു എന്നതാണ് സൂപ്പർ കോമഡി. നാട്ടിലും, വീട്ടിലും കാര്യങ്ങളറിയുന്ന മറ്റിടങ്ങളിലും ഒന്നും വിലപ്പോയില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ പരിവേഷം ഇരയുടേതാണ്. ഭർത്താവിനെതിരെ അവരുപയോഗിക്കുന്ന ടൂൾ സ്വന്തം കുഞ്ഞാണ്. ആ കുഞ്ഞിനെ മറയാക്കിയായിരുന്നു അവരുടെ വഴിവിട്ട ബന്ധങ്ങൾ( നാലിലധികം)!
അങ്ങനെ എത്രയോ നേരനുഭവങ്ങൾ.
സ്വാതന്ത്ര്യം, സമത്വം, പുരോഗമനം ഒക്കെയും വേണ്ടതുതന്നെ, പക്ഷെ അവയുടെ അർത്ഥം എന്ത് എന്നതുകൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ആർത്തവരക്തം കൈകളിലെടുത്ത് പ്രദർശിപ്പിക്കുന്നതും, ലൈംഗീക ഉത്തേജന കഥകൾ പറഞ്ഞ് കേൾവിക്കാരെ ആനന്ദിപ്പിക്കുന്നതും, കണ്ടവന്റെയൊക്കെക്കൂടെ കുടിച്ച്കൂത്താടി രതിയിലേർപ്പെടുന്നതും അവരവരുടെ സ്വാതന്ത്ര്യമായിരിക്കാം, പക്ഷേ അതാണ് സ്വാതന്ത്ര്യം, അതാണ് ഫെമിനിസം എന്നൊക്കെ ദയവുചെയ്ത് ഊറ്റംകൊള്ളരുത്. സമൂഹത്തെ തെറ്റുകൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുത്!വൈകൃതങ്ങളെ അനുകരിക്കലല്ല സ്വാതന്ത്ര്യം!
അരാജകത്വം നിറഞ്ഞ ഒരു സമൂഹത്തെ സൃഷ്ടിക്കാനും, ഒടുക്കം കുറേ മനുഷ്യരെയും കുഞ്ഞുങ്ങളെയും മാനസികരോഗികളാക്കാനും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാനും മാത്രമേ ഈ വക പുരോഗമനങ്ങൾ ഉപകരിക്കുകയുള്ളു. ചെറുപ്പവും ആരോഗ്യവും ഉള്ള കാലത്തോളം മാത്രമേ ഒരുവനിൽ/ ഒരുവളിൽ ഇത്തരം ഇക്കിളിപുരോഗമനത്തിന് പ്രസക്തിയുള്ളു എന്നത് ബോധത്തോടെ ചിന്തിച്ചാൽ മനസ്സിലാകും.
അച്ഛൻമാർ കൊലപാതകികളാകുമ്പോൾ പ്രതികരിക്കുന്ന നമ്മൾക്ക് എങ്ങനെയാണ്
അമ്മമാർ കുഞ്ഞുങ്ങളെ കൊല്ലുന്ന കേസുകളിൽ ആ അമ്മമാരെല്ലാം മനോരോഗികളാകുന്നത്?
ഗാർഹികപീഡനത്തിന്റെ ഇരകളിൽ പകുതിയിലേറെ പുരുഷന്മാരുമുണ്ടെന്നത് നമ്മളെങ്ങനെയാണ് അറിയാതെ പോകുന്നത്?
സമൂഹത്തിൽ സ്ത്രീപുരുഷ തുല്യതയുണ്ടാകേണ്ടത് എത്രത്തോളം ആവശ്യമാണോ അത്രത്തോളം ആവശ്യമാണ് “മനുഷ്യപക്ഷ”നിയമങ്ങളും. സമൂഹം മാറുന്നതിനനുസരിച്ച് സ്ത്രീ-പുരുഷ ക്രിമിനലുകളും വർദ്ധിക്കുന്നു. സോഷ്യൽമീഡിയ പോലുള്ളവ സ്ത്രീ വിഷയങ്ങൾക്ക് നൽകുന്ന സപ്പോർട്ട്, സ്ത്രീപക്ഷ നിയമങ്ങളുടെ പഴുതുകൾ, ഇവയൊക്കെ ഒരുപാട് സ്ത്രീ കുറ്റവാളികൾക്ക് അവരുടെ ക്രിമിനൽ സ്വഭാവങ്ങൾക്കും വളമാവുകയാണ്. തങ്ങളുടെ കുറ്റങ്ങൾക്ക് ഇത്തരം കാര്യങ്ങളെ മറയാക്കാനും, ഒരു പുരുഷനിൽ കുറ്റം ആരോപിക്കാനും/ കുറ്റക്കാരനാക്കാനും ഇന്നത്തെ സാഹചര്യത്തിൽ ക്രിമിനൽ സ്വഭാവമുള്ള സ്ത്രീക്ക് വളരെ വേഗം സാധിക്കും. സ്ത്രീപക്ഷ/ പുരുഷപക്ഷ നിയമങ്ങളല്ല നമുക്കാവശ്യം തുല്യനീതി നടപ്പാക്കുന്ന മനുഷ്യനെ കേൾക്കുന്ന, നീതി നടപ്പാക്കുന്ന നിയമങ്ങളാണ്.
200 total views, 1 views today
