2014 ൽ മോദി നിന്ന ഇടത്തേക്ക് യോഗി ആദിത്യനാഥ് കടന്നു വരികയാണ്

0
176

Jyothilekshmi Umamaheswaran

ഇന്ത്യയിൽ രണ്ടായിരത്തി പതിനാലിൽ(2014) ഇലക്ഷൻ നടക്കുമ്പോൾ നമ്മുടെ പരിചയത്തിലെ ഭൂരിപക്ഷം മനുഷ്യരും വെറുപ്പോടെയും ഭയത്തോടെയും മാത്രം ഉച്ചരിച്ചിരുന്ന ഒരു പേരായിരുന്നു ” നരേന്ദ്ര മോദി”. രാഷ്ട്രീയത്തിനപ്പുറം “ഇന്ത്യ” എന്ന് ചിന്തിച്ചിരുന്ന സാധാരണ മനുഷ്യന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി എന്ന ഇടത്തേക്ക് നിഷ്പ്രയാസം ആ വ്യക്തി കടന്നുവന്നു.

അന്നു തുടങ്ങി, നമ്മൾ കാണുന്നത് ഒരു പുതിയ ഇന്ത്യയെയാണ്. ഇന്ത്യയുടെ തെക്കേയറ്റത്തിരുന്ന് എല്ലാ പ്രിവില്ലേജുകളും അനുഭവിച്ചുകൊണ്ട് നമ്മൾ അതിനെ ട്രോളിയും, പരിഹസിച്ചും നിസ്സാരമാക്കി. ഇന്ന് ഈ പാവയ്ക്കാ കേരളത്തിലും ഒരിക്കലും സംഭവിക്കില്ല എന്ന ഇടത്തുനിന്നും മാറി, “നമ്മൾ” എന്നത് ഞാനും നീയും അവരും ആയി/ ആക്കി മാറ്റപ്പെടുന്ന നീചബുദ്ധിയുടെ വിളയാടലുകൾ കാണുമ്പോൾ വാസ്തവമായും നിരാശ തോന്നുന്നുണ്ട്. അതിലേറെ, ഇനി വരുന്ന തലമുറയ്ക്ക് ഇന്നിന്റെ സ്വസ്ഥതപോലും ലഭിക്കുകില്ലേ എന്ന ഭയവും.

എനിക്കറിയാം, ഞാൻ ഈ എഴുതുന്നത് വായിക്കുമ്പോൾ പുച്ഛത്തോടെ “നീയൊക്കെ ഭയക്കണം” എന്ന് ചിലർ നമുക്കിടയിൽ ആട്ടിൻ തോലണിഞ്ഞ് മുറുമുറുക്കുന്നത്. ദംഷ്ട്രകൾ നീളുന്നത്, നാവ് നുണയുന്നത്. പരിഹസിച്ച് ചിരിക്കുന്നത്. മോദി ഇന്നൊരു കോമാളിയുടെ കുപ്പായമണിഞ്ഞ് ബഹുഭൂരിപക്ഷം ജനങ്ങളിൽ കൺകെട്ടു നടത്തുമ്പോൾ , 2014 ൽ മോദി നിന്ന ഇടത്തേക്ക് യോഗി ആദിത്യനാഥ് കടന്നു വരികയാണ്. വാജ്പേയി കവിതയെഴുതിയും, സൗമ്യമായ് സംസാരിച്ചും നമ്മളിൽ സ്വാധീനം നേടിയപ്പോൾ, മോദി കൂട്ടക്കൊലകൾ നടത്തിയാണ് തിരശ്ശീലയ്ക്ക് മുന്നിലേക്ക് വന്നത്. ശേഷം, നോട്ട് നിരോധനം, പൗരത്വ ബില്ല് , തുടങ്ങി നീതിനിർവഹണത്തിൽ രാജ്യത്തിലെ കോടതികളുടെ ഇന്നത്തെ നിലപാടുകൾ വരെ നമ്മൾ കണ്ടു/ കാണുന്നു. ഇന്ത്യ ഇന്ന് കോർപ്പറേറ്റ് ഭീമൻമാരുടെ കാൽച്ചുവട്ടിലാണ്. രാജ്യത്തെ കർഷകർ മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട് ശ്വാസത്തിനായ് വിലപിക്കുകയും.

ഇവിടെയെപ്പോൾ യോഗി ആദിത്യനാഥ് ഓരോരോ ഇരകളെയായ് തിരഞ്ഞെടുത്ത്, ഓരോ നാവിനെയായ് അരിഞ്ഞ്, ഭയം വിതച്ച് തന്റെ സാമ്രാജ്യത്തിന് അടിത്തറയിടുന്നു. അവർക്കെതിരെ എഴുതുന്ന ഓരോ എഴുത്തും, പറയുന്ന ഓരോ വാക്കും അവർ മുതലെടുക്കുകയാണ്. അത്രത്തോളം ചോരക്കൊതിയുള്ള ചെന്നായ്ക്കൂട്ടമാണവർ.

പ്രതീക്ഷിക്കാനൊരു ശക്തമായ പ്രതിപക്ഷമോ, സാധാരണ മനുഷ്യനൊപ്പം നിൽക്കുന്ന ഒരു നേതാവോ എടുത്തുകാട്ടാൻ നമുക്കിന്നില്ല. അവിടെയാണ് ജനങ്ങൾ ഉണരേണ്ടത്. ഉറക്കവും, ഉറക്കം നടിക്കലും ഇനി നമുക്ക് തുണയാവുകയില്ല. നമ്മളെ രക്ഷിക്കാൻ നമ്മൾക്കുമാത്രമേ സാധിക്കുകയുള്ളൂ. വാജ്പേയിയിലൂടെ മോദിയിലേക്ക് ഇന്ത്യയെ എത്തിച്ചതിൽ നാമോരോരുത്തർക്കും പങ്കുണ്ട്.
നമ്മുടെ പെൺകുട്ടികൾ, നമ്മുടെ സ്വാഭിമാനം, നമ്മുടെ സ്വാതന്ത്ര്യം, നമ്മുടെ രാജ്യം…. നമ്മുടേതാണ്.. നമ്മുടെ അവകാശമാണ്. സവർണ ഫാഷിസത്തിന് നമ്മുടെ രാജ്യത്തെ തീറഴുതിക്കൊടുക്കുക എന്ന വലിയ തെറ്റ് ഇനിയും നമ്മളിൽ നിന്നും ഉണ്ടാകരുത്. പിന്നോട്ടല്ല മുന്നോട്ടാണ് നാം നടക്കേണ്ടത്. നിശബ്ദത ഒറ്റുകാരനായ ശത്രുവാണ്.നാവരിയുന്നിടത്ത് പുതിയ നാവുകൾ മുളയ്ക്കണം.നമുക്ക് വേണ്ടി മാത്രമല്ല നമ്മുടെ തലമുറകൾക്ക് വേണ്ടിക്കൂടി!