ഡാറ്റാ സ്വകാര്യതയ്ക്ക് വേണ്ടി നഖശിഖാന്തം വാദിക്കുന്നവർക്ക് മുന്നില്‍ രണ്ട് ഓപ്ഷനുകൾ ഉണ്ട്

0
128

Jyothy Sreedhar

നിങ്ങളുടെ മുന്നില്‍ രണ്ട് ഓപ്ഷന്‍ ഉണ്ട്. അത് അവസാനം പറയാം. അതിനു മുമ്പ് ചില ചോദ്യങ്ങള്‍. നിങ്ങള്‍ക്ക് മെയില്‍ ഐഡി ഉണ്ടോ? അതിൽ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടോ? ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ടോ? അതിൽ അക്കൗണ്ടുകള്‍ ഒക്കെ ലിങ്ക് ചെയ്തിട്ടുണ്ടോ? ഫേസ്ബുക്ക് ഉണ്ടോ? ഫോട്ടോയും വീഡിയോയും ലൊക്കേഷനും തുടങ്ങി എല്ലാത്തിനും ആക്സസ് കൊടുത്തിട്ടല്ലേ തുടങ്ങിയത്‌? ഫേസ്ബുക്ക് മെസഞ്ചറും ഫോൺ കോണ്ടാക്റ്റുമൊക്കെ തമ്മില്‍ ഒരു സിങ്ക് ഉണ്ടോ? വാട്സ്ആപ് കൃത്യമായി ഒക്കെ മിനിറ്റു തോറും ഉപയോഗിക്കുന്നുണ്ടല്ലോ? ഗ്രൂപ്പുകള്‍ ഉണ്ടോ? ട്രൂ കോളര്‍ ഉണ്ടോ? അതിന്‌ ഫോണിന്റെ കോണ്ടാക്റ്റ് ആക്സസ് ഉണ്ടോ? ആധാര്‍, പാന്‍, മെയില്‍ ഐ ഡി, ഫോൺ നമ്പര്‍, ബാങ്ക് അക്കൗണ്ട്, ഗ്യാസ് കണ്‍സ്യൂമര്‍ നമ്പര്‍ ഒക്കെ തമ്മില്‍ ലിങ്ക് ചെയ്തിട്ടുണ്ടോ? ഇതെല്ലാം ഞാനും ചെയ്തിട്ടുണ്ട്‌.

ഇനി, ഗൂഗിള്‍ സെര്‍ച്ചില്‍ തിരയുമ്പോള്‍ ഏതൊക്കെ സൈറ്റില്‍ നമ്മൾ പോകുന്നുണ്ട് എന്ന് പോലും നമുക്ക് അറിയില്ല എന്ന് നിങ്ങള്‍ക്ക് അറിയുമോ? എവിടെയൊക്കെ കുക്കീസ് അക്സപ്റ്റ്‌ ചെയ്യേണ്ടി വരുന്നു എന്ന് ശ്രദ്ധിക്കുന്നു പോലും ഇല്ല. ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഇല്ലാത്ത ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ മുതലായവ എത്രയോ ഉപയോഗിക്കുന്നു! ഇതൊന്നും അല്ലാതെ നിങ്ങൾ ഉപയോഗിക്കുന്ന ഫോണില്‍ നിങ്ങൾ സേവ് ചെയ്യാതെ സേവ് ആക്കപ്പെട്ട നമ്പറുകള്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ? ഉദാഹരണത്തിന്, UIDAI (aadhaar) നമ്പറുകള്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉണ്ട്. നിങ്ങൾ ആണോ സേവ് ചെയ്തത്? എന്നാണ് അത് അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾ ആക്സസ് കൊടുത്തത്? സ്മാർട്ട് ഫോൺ അപ്ഡേറ്റ് ചെയ്യുമ്പോൾ എന്തൊക്കെ നിങ്ങൾ സമ്മതിക്കുന്നു എന്ന് നിങ്ങൾ പറയുന്നു എന്ന് പോലും നിങ്ങൾ അറിയുന്നില്ല. അത്തരം ഒരു ലോകത്ത്, എല്ലാം സ്വയം ഓൺലൈന്‍ ആക്കി ഇരിക്കുമ്പോള്‍ ആണ്‌ ഡാറ്റ പോയി എന്ന് പറയുന്നത്. മുകളില്‍ പറഞ്ഞതില്‍ എത്ര ഇന്ത്യന്‍ സര്‍വറുകൾ നിങ്ങൾ കണ്ടു, എത്ര അമേരിക്കന്‍ കമ്പനികള്‍ നിങ്ങൾ കണ്ടു? സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവര്‍ മുഴുവന്‍ ഡാറ്റയും ഒറ്റ ക്ലിക്കിനോ ഓട്ടോ ബാക്ക് അപ്പ് ഓൺ ചെയ്തോ ബാക്ക് അപ്പ് ചെയ്യുന്നത് ഡയറിയില്‍ അല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ഞാൻ ആവര്‍ത്തിക്കുന്നു.

നിങ്ങളുടെ മുന്നില്‍ രണ്ട് ഓപ്ഷന്‍ ഉണ്ട്. ഒന്ന്, ഓരോ നിമിഷവും പേടിച്ച് ജീവിക്കാം. സ്വകാര്യത എന്നതിനെ ചുരുട്ടി സ്വന്തം പോക്കറ്റില്‍ ആക്കി സ്മാര്‍ട്ട് ഫോൺ ഉപേക്ഷിച്ച് വീടിനുള്ളില്‍ ജനലുകളും വാതിലുകളും പൂട്ടി കഴിയാം. പുറത്തു നിന്ന് ആരെയും വീട്ടില്‍ വരാൻ അനുവദിക്കരുത്. പുറത്തു പോയാല്‍ പോലും മറ്റൊരാളുടെ ക്യാമറ നിങ്ങളുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നില്ല എന്ന് ഉറപ്പില്ല. ജനല്‍ തുറന്നിട്ടാല്‍ പുറത്തേക്ക്‌ ചിലപ്പോൾ ഒരു ആക്സസ് ആകും. എവിടെയെങ്കിലും ക്യാമറയോ റെക്കോര്‍ഡറോ ഉണ്ടെങ്കിലോ? അങ്ങനെ പഴയ ഒരു ലോകം ആണ്‌ നിങ്ങളുടെ ആദ്യത്തെ ഓപ്ഷന്‍. രണ്ടാമത്തെ ഓപ്ഷന്‍ പുതിയ ഡിജിറ്റല്‍ ലോകത്തെ പൂര്‍ണ്ണമായും അംഗീകരിച്ചു കൊണ്ട്‌ അതിന്റെ സാധ്യതകളെയും റിസ്കുകളെയും കണക്കില്‍ എടുത്തു കൊണ്ടു തന്നെ മനസ്സമാധാനത്തോടെ പുതിയ ലോകത്തിൽ ജീവിക്കുക എന്നത്. മീന്‍ വൈല്‍ കേരളത്തിലെ പ്രതിപക്ഷത്തിന്റെ വിവര സാങ്കേതികബുദ്ധി തൊട്ടു തീണ്ടിയിട്ടില്ലാത്ത WHO എന്ന ഒരു തുക്കടാ സംഘടനയില്‍ ഇപ്പോൾ നടന്നത്.

ലോക ആരോഗ്യ സംഘടന സ്പ്രിംഗ്ളറുമായി ചേർന്ന് കോവിഡ്-19 ഡാഷ്‌ബോർഡ് പുറത്തിറക്കി.
https://www.who.int/news-room/feature-stories/detail/who-updates-covid-19-dashboard-with-better-data-visualization
(അവർക്കു വേണ്ടിയും ഇപ്പോൾ പൈസ വാങ്ങാതെ pro-bono ആയിട്ടാണ് ചെയ്യുന്നത്.)
അത് അവസാനിക്കുന്നത് ഇങ്ങനെയാണ്:
“I thank the WHO team and the Sprinklr team, our pro-bono technology partner, for the development and launch of this platform in such a short time.”, said Bernardo Mariano Junior, Director of Digital Health and Innovation, WHO.

അവസാനമായി എനിക്ക് ചോദിക്കാൻ ഉള്ളത് പാനൂരിലെ ഒരു നാലാം ക്ളാസ് കുട്ടിയെ സ്വാധീനമുള്ള ഒരു അധ്യാപകന്‍ പീഡിപ്പിച്ച വാർത്ത ഉണ്ടായിരുന്നല്ലോ… അത് ഇപ്പോൾ എവിടെ? ഒരു പാര്‍ട്ടി പോലും ഒരു നേതാവ് പോലും അതിനെ കുറിച്ച് മിണ്ടുന്നില്ല, ചോദിക്കുന്നില്ല. ഓരോരോ പാര്‍ട്ടിയിലെ ഓരോരോ നേതാക്കന്മാരുടെ പത്രസമ്മേളനങ്ങൾ കൂടുമ്പോഴും പിറകില്‍ മാഞ്ഞു പോകുന്ന/ അവർ മനപ്പൂര്‍വ്വം മായ്ച്ചു കളയുന്ന ഏതെങ്കിലും ഒരു മുഖം ഉണ്ടാകും എന്നത് കേരളത്തിലെ അനുഭവം തന്നെയാണ്.