വികസനം, നിക്ഷേപകർ, സാമ്പത്തികം, ചികിത്സ ഇങ്ങനെ എല്ലാത്തിനും മുതലാളിത്ത രാജ്യങ്ങളിലേക്ക് പോയിട്ട് നാട്ടിൽവന്ന് ഒരാചാരം പോലെ കാപിറ്റലിസത്തെ പുച്ഛിക്കരുത്

118

K A Naseer 

വികസനം തേടി മുതലാളിത്ത രാജ്യങ്ങളിലേക്ക് പോവുക. നിക്ഷേപകരെ തേടി മുതലാളിത്ത രാജ്യങ്ങളിലേക്ക് പോവുക.സാമ്പത്തിക സഹായം തേടി മുതലാളിത്ത രാജ്യങ്ങളിലേക്ക് പോവുക.മികച്ച ഡിസാസ്റ്റർ മാനേജ്മെന്റ് തേടി മുതലാളിത്ത രാജ്യങ്ങളിലേക്ക് പോവുക.മികച്ച ചികിത്സ തേടി മുതലാളിത്ത രാജ്യങ്ങളിലേക്ക് പോവുക.മികച്ച വിനോദം തേടി മുതലാളിത്ത രാജ്യങ്ങളിലേക്ക് പോവുക.മികച്ച വിദ്യാഭ്യാസം തേടി മുതലാളിത്ത രാജ്യങ്ങളിലേക്ക് തന്നെ പോവുക.മുതലാളിത്തത്തിന്റെ ഹെഡോഫീസിൽ പോയി മണിയടിക്കുക.കുട്ടി നേതാക്കളെ നേതൃപാടവ ട്യൂഷൻ ക്ലാസുകൾക്കായി അവിടങ്ങളിലേക്ക് തന്നെ അയക്കുക. “മുതലാളിത്ത-കുത്തക-ബൂർഷ്വാ-കോർപ്പറേറ്റ് ” ‘കാപാലികരെ’ യൊക്കെ ഇങ്ങോട്ടേക്ക് മാടി വിളിക്കുക. ഇവിടെ നിക്ഷേപം നടത്തി അടിയങ്ങളെ കാത്തോളണേ എന്ന് അഭ്യർത്ഥിക്കുക…

ഇതിലൊന്നും ഒരു തെറ്റുമില്ല കെട്ടോ..എല്ലാം നല്ല കാര്യങ്ങൾ തന്നെയാണ്.നാടിന്റേയും വ്യക്തികളുടേയും വളർച്ചക്കും വികസനത്തിനും ഇതെല്ലാം അനിവാര്യം തന്നെയാണ്.എന്നാൽ, നാട്ടിലെത്തിയാൽ ഒരു വീതം മൂന്ന് നേരം ഒരാചാരം പോലെ അമേരിക്കയുടെ തന്തയ്ക്ക് വിളിക്കുക.കവല പ്രസംഗങ്ങളിലും അന്തി ചർച്ചകളിലും സെമിനാറുകളിലും പാർട്ടി പത്രങ്ങളിലുമൊക്കെ മുതലാളിത്ത ഭീകരതയെക്കുറിച്ച് വാചാലരാവുക.ആഗോള മൂലധന ശക്തികൾക്കെതിരെ പ്രാണൻ കൊടുത്തും പോരാടുമെന്ന് അട്ടഹസിക്കുന്ന അന്ധവിശ്വാസികളെ വാർത്തെടുക്കുക.മൂലധനം വർദ്ധിപ്പിക്കലല്ലാതെ നിങ്ങൾക്കും മറ്റെന്താണ് പണി എന്ന് ചോദിച്ചാൽ എന്താണ് ഉത്തരം എന്നറിഞ്ഞ് കൂടാ.

ലോകം മാർക്സിലേക്ക് മടങ്ങുകയാണെന്നും മുതലാളിത്തം അതിന്റെ ആഭ്യന്തര വൈരുദ്ധ്യം മൂർഛിച്ച് സ്വയം ഇല്ലാതായി തീരുമെന്നും അങ്ങിനെ സമത്വ സുന്ദര സോഷ്യലിസം വരും എന്നുമൊക്കെ വിശ്വസിക്കുന്ന “ശുദ്ധാത്മാക്കൾ” ഇപ്പോഴും നമുക്കിടയിലുണ്ട്!!(സോഷ്യലിസം പൂത്തുലഞ്ഞ രാജ്യങ്ങളുടെ ചരിത്രവും വർത്തമാനവുമൊക്കെ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും). മരിച്ച് ചെന്ന് സ്വർഗ്ഗം കിട്ടുമെന്ന് വിശ്വസിക്കുന്നവരേക്കാൾ ഭേദമാണ് ഈ രാഷ്ട്രീയമതവിശ്വാസികൾ എന്ന് ഞാൻ കരുതുന്നില്ല.