രഹ്ന ഫാത്തിമയെ BSNL പിരിച്ചു വിട്ട കാര്യം അഖിലലോക തൊഴിലാളി-മതില്-നവോത്ഥാന മുന്നണിയൊന്നും അറിഞ്ഞ മട്ടില്ല

56

✍️കെ.എ.നസീർ

വികാരം വ്രണപ്പെട്ടു എന്നാണ് കാരണം പറഞ്ഞത്..ആരുടെ വികാരം അല്ലെങ്കിൽ ഏത് വികാരം എന്നല്ലേ….കൽബുർഗിയെ, ദബോൽക്കറെ,പൻസാരയെ,ജുനൈദിനെ,അഖ്ലാഖിനെ,ഗൗരി ലങ്കേഷിനെ അങ്ങനെയങ്ങനെയങ്ങനെ നിരവധി പേരെ കൊന്ന് തള്ളാൻ “കാരണ”മായി പറഞ്ഞ അതേ വികാരം!!രാജ്യത്തെ പരമോന്നത നീതി പീഠം നൽകിയ അനുവാദം ഒരു പെൺകുട്ടി ധീരമായി ഉപയോഗിക്കാൻ ശ്രമിച്ചതിനാൽ ആ മലീമസമായ വികാരം പിന്നെയും പൊട്ടിയൊലിച്ചത്രെ. അതുകൊണ്ട് അവളിനി ജോലി ചെയ്ത് ജീവിക്കേണ്ടതില്ല എന്ന് തത്വമസിയുടേയും അഹം ബ്രഹ്മാസ്മിയുടേയും ലോകാ സമസ്താ സുഖിനോ ഭവന്തു വിന്റെയും ഹോൾസെയിൽ ഡീലർമാർക്ക് തോന്നി പോലും.ആ തോന്നലിന്റെ ആന്തല് കൊണ്ട് BSNL അവളെ പിരിച്ചുവിട്ടു എന്നുമാണ് കേൾക്കുന്നത്. തെറിനാമജപം നടത്തിയവരൊക്കെ ആഹ്ലാദം കൊണ്ട് ശ്വാസം മുട്ടി നടപ്പാണ് എന്നാണ് നാട്ടുവർത്തമാനം.വിധി പുറപ്പെടുവിച്ച ജഡ്ജിമാരോടും സുപ്രീം കോടതിയോടുമുള്ള സംഘ ഭക്തരുടെ ഫ്യൂച്ചർ പ്ലാൻ എന്താണ് എന്ന് കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു.രായ കുടുംബവും രായ കുമാരനും “പ്ലാൻ ബി” ഒരുക്കുന്ന തിരക്കിലായിരിക്കും എന്ന് കരുതാം. മറ്റൊരു കാര്യം പറയാനുള്ളത്,

കേരളത്തിൽ മാസങ്ങളോളം പുകഞ്ഞ് കത്തിയ ശബരിമല വിഷയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രഹ്ന ഫാത്തിമയെ BSNL പിരിച്ചു വിട്ട കാര്യം അഖിലലോക തൊഴിലാളി-മതില്-നവോത്ഥാന മുന്നണിയോ അവരുടെ കൂലി തള്ളുകാരൊ ബുദ്ധിജീവികളൊ സൈബർ പരാക്രമികളോ അറിഞ്ഞിട്ടേ ഇല്ല എന്നുള്ളതാണ് !!ഈ അറിവില്ലായ്മക്ക് കാരണം ശബരിമല,രഹ്ന ഫാത്തിമ എന്നൊക്കെ കേൾക്കുമ്പോൾ കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പ് ഫലം ഓർമ വരുന്നതായിരിക്കാനേ തരമുള്ളൂ..”കനൽ ഒരു തരി മതി” എന്ന ജപമന്ത്രം നാഴികയ്ക്ക് നാല്പത് വട്ടം ഉരുവിട്ടാണത്രെ ആ ഓർമകളെ ഇപ്പോൾ മറികടക്കുന്നത്…എന്തോന്നടൈ ഇത്,ഒന്നുമില്ലെങ്കിൽ നിങ്ങളുടെ നവോത്ഥാന ഗീർവാണങ്ങൾ കേട്ട്, നിങ്ങളുടെ പോലീസിന്റെ സംരക്ഷണയിൽ,പോലീസിന്റെ കോട്ടിട്ട്,ഹെൽമെറ്റ് വെച്ച് സന്നിധാനത്തേക്ക് കയറി വരാൻ ധൈര്യം കാണിച്ച ഒരുവളല്ലേ അവൾ..പതിനെട്ട് ദിവസം ജയിലിൽ കിടന്നവളല്ലേ…അവളുടെ കൂടി തന്റേടത്തിന്റെ തുടർച്ചയിലല്ലേ മതില് കെട്ടി നവോത്ഥാനം വന്നേ എന്ന് പുരപ്പുറത്ത് കയറി കൂവിയത്..ഒരിത്തിരി നന്ദിയൊക്കെ വേണ്ടടൈ…!

പിന്നെയുള്ളത് കോൺഗ്രസ്സാണ്.കാക്കതൊള്ളായിരം ജാതികളും അതിലധികം പടച്ചോൻമാരും ഉള്ള ഹിന്ദുമതം പോലെ തന്നെ കാക്കത്തൊള്ളായിരം ഗ്രൂപ്പുകളും അതിലധികം നേതാക്കന്മാരുമുള്ള ഒരു “വിശാാാാല” മുന്നണിയാണത്.”ഈശ്വര് അള്ളാ തേരേ നാം” എന്നൊക്കെ ഗാന്ധി തൊപ്പിയിട്ട് ഇടയ്ക്ക് ഭജന സംഘങ്ങളായി തിരിഞ്ഞ് പാടാറുണ്ടെങ്കിലും ആചാര സംരക്ഷണത്തോടാണ് കമ്പം മുഴുവനും.വടിയില്ലാതെ,കൊടിയില്ലാതെ തെറിനാമജപക്കാർക്കൊപ്പം നാരങ്ങാ വെള്ളവും കൊണ്ട് പാഞ്ഞ് നടന്ന ടീംസാണ്.ആർത്തവം അശുദ്ധമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന അന്ധവിശ്വാസികളുടെ ആസ്ഥാന കൂട്ടായ്മയാണ്.ഇടയ്ക്ക് നെഹ്രുവിയൻ പാരമ്പര്യം, പരമാധികാര,സ്ഥിതിസമത്വ,മതനിരപേക്ഷ റിപ്പബ്ലിക് എന്നൊക്കെ ദേശീയ സമര സ്മരണകളുടെ തളളല് കൊണ്ട് തള്ളി വിടാറുണ്ടെങ്കിലും രായാക്കൻമാരോടാണ് കൂറ് മുഴുവനും..അത് തിരുവിതാംകൂർ രായാവാകാം,പന്തളം രായാവാകാം,പെരുന്നയിലെ രായാവാകാം,കണിച്ചികുളങ്ങരയിലെ രായാവാകാം…യഥോ”രാജസ്യ”..സ്തതോ ജയ” -എന്നതാണ് പ്രമാണം..!!
രഹ്നഫാത്തിമയ്ക്ക് ഐക്യദാർഢ്യം.