ഇന്ന് ദേശാഭിമാനി ചെയ്തതാണ് ശരിയായ മാധ്യമ ധർമം

318

K A Shaji
കേരളത്തിലെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐ (എം ) നടത്തുന്ന പത്രമാണ് ദേശാഭിമാനി. മീഡിയാ വൺ ചാനലിന്റെ ഉടമകൾ ജമാഅത്തെ ഇസ്ലാമിയും ഏഷ്യാനെറ്റിന്റെ ഉടമ ബിജെപിയുടെ രാജ്യസഭാ എം പി രാജീവ് ചന്ദ്രശേഖറുമാണ്.
ഇടതു മുന്നണി സർക്കാരിനോടോ സി പി ഐ (എം )എന്ന പാർട്ടിയോടോ ഒട്ടും അലിവുകാണിക്കാത്ത ചാനലുകളാണ് മീഡിയാ വണ്ണും ഏഷ്യാനെറ്റും. പാർട്ടിയും മുന്നണിയും അവയോട് തിരിച്ചങ്ങോട്ടും അങ്ങനെ തന്നെ. പ്രത്യയശാസ്ത്രപരമായ ഭിന്നതകളിൽ തുടങ്ങി ഒരുപാടൊരുപാട് വിയോജിപ്പുകൾ പരസ്പരം വച്ചുപുലർത്തുന്നവർ. നിരന്തരമായ ആശയ സംവാദങ്ങളിൽ ഏർപ്പെടുന്നവർ. പരസ്പരം നിശിതമായി വിമർശിക്കുന്നവർ. ശത്രുപക്ഷത്തുള്ള രണ്ടു ചാനലുകളെ കേന്ദ്രത്തിലെ ബിജെപി സർക്കാർ പാഠം പഠിപ്പിക്കാൻ ഇറങ്ങിയപ്പോൾ ദേശാഭിമാനിക്ക് വേണമെങ്കിൽ അത് കണ്ടില്ലെന്ന് നടിക്കാമായിരുന്നു. ഇല്ലെങ്കിൽ മനോരമയെയും മാതൃഭൂമിയെയും അനുകരിച്ച് അപ്രധാനമായ ഉൾപ്പേജിൽ ഒരു സിംഗിൾ കോളം എവിടെയും തൊടാത്ത വാർത്തകൊടുത്ത് സഹജീവിസ്നേഹം തീർക്കാമായിരുന്നു.
എന്നാൽ ദേശാഭിമാനി ചെയ്തത് ഒന്നാം പേജിലെ ഏറ്റവും പ്രധാന ഭാഗം ഈ രണ്ടു ചാനലുകൾക്കും നിഷേധിക്കപ്പെട്ട മാധ്യമ സ്വാതന്ത്ര്യം ചർച്ച ചെയ്യാനായി നീക്കി വയ്ക്കുക എന്നതാണ്. അതു വഴി അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കുകയാണ്.
ഇന്ന് ദേശാഭിമാനി ചെയ്തതാണ് ശരിയായ മാധ്യമ ധർമം.തങ്ങളെ എതിർക്കുന്നവർക്ക്‌ ഭരണകൂടം നീതി നിഷേധിക്കുമ്പോൾ അവർക്കത് അത് വേണം അങ്ങനെ തന്നെ കിട്ടണം എന്ന സ്വാഭാവിക പ്രതികാര ദാഹം അവരെ നയിച്ചില്ല.
നാളെ ഇതാർക്കും സംഭവിക്കാമെന്നും ആരും സുരക്ഷിതരല്ലെന്നും യോജിപ്പിന്റെ ശബ്ദം ഒരുമിച്ച് മുഴക്കണം എന്നും ചിന്തിക്കാൻ അവർക്കായി. ദേശാഭിമാനിയോട് പലപ്പോഴും വിയോജിച്ചിട്ടുണ്ട്. അവരുടെ ചില സമീപനങ്ങളോട് കടുത്ത അഭിപ്രായ വ്യത്യാസം ഇപ്പോഴുമുണ്ട്. എന്നാലും ഇന്ത്യയിലെ പാർട്ടി പത്രങ്ങളിൽ വായിക്കാൻ കൊള്ളാവുന്ന പ്രൊഫഷണലായ ഏക പത്രം ദേശാഭിമാനി മാത്രമാണ്. പ്രതിഭാധനരും നീതിബോധം ഉള്ളവരുമായ ഒരുപാട് നല്ല മാധ്യമപ്രവർത്തകരും അതിലുണ്ട്. ഇതേ ആർജവവും സമീപനവും ഇനിയും മുന്നോട്ട് ദേശാഭിമാനിയിൽ നിന്ന് പ്രതീക്ഷിക്കുന്നു.
ഇടത് പക്ഷ നീതി ബോധവും ആർജ്ജവവും കാലഘട്ടം കൂടുതലായി പ്രതീക്ഷിക്കുന്നു.