ബി പി സി എൽ വിറ്റ് തുലയ്ക്കലിനെതിരെ സമരം ചെയ്ത തൊഴിലാളികളെയും ഓഫീസർമാരെയും അഭിവാദ്യം ചെയ്യുന്നു

107

K Chandran Pillai

ബി പി സി എൽ വിറ്റ് തുലയ്ക്കലിനെതിരെ സമരം ചെയ്ത തൊഴിലാളികളെയും ഓഫീസർമാരെയും അഭിവാദ്യം ചെയ്യുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ, വിപണന മഹാരത്ന കമ്പനിയായ ബി പി സി എൽ പൂർണ്ണമായും വിൽക്കുന്നതിന് കേന്ദ്രം ഭരിക്കുന്ന മോഡി ഗവണ്മെന്റ് ഇക്കഴിഞ്ഞ നവംബർ 20 ന് എടുത്ത തീരുമാനത്തിനെതിരെ റിഫൈനറിയിലെ 28 യൂണിയനുകളും ഓഫീസർമാരുടെ സംഘടനകളും അഖിലേന്ത്യാ അടിസ്ഥാനത്തിൽ നവംബർ 28 ന് പണിമുടക്കി. രാജ്യതാത്പര്യം മുൻ നിർത്തി, ഐക്യത്തോടെ പണിമുടക്കിയ എല്ലാ തൊഴിലാളികളെയും ഓഫീസർമാരെയും അഭിവാദ്യം ചെയ്യുകയാണ്.

ഇന്ത്യയിലെ എണ്ണ വിപണനത്തിലെ 24% നിർവഹിക്കുന്ന ഈ കമ്പനി ഇന്ത്യയിലെ ആകെ വ്യവസായ ലോകത്തെ നാലാമത്തെ വലിയ കമ്പനിയാണ്. കഴിഞ്ഞ വർഷത്തെ വിറ്റ് വരവ് 3.3 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ ലാഭം മാത്രം 7135 കോടി രൂപയാണ്. ഇതിന് പുറമേയാണ് നികുതി ഇനത്തിൽ അടച്ച തുക. കൂടാതെ 15000 പമ്പുകൾ ഉണ്ട്. കോടാനു കോടി പാചക വാതക ഉപഭോക്താക്കൾ ഉണ്ട്. ഓഹരി വില്പനയിലൂടെ ഈ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സബ്സിഡി ഇല്ലാതെ ആകും. സ്വകാര്യ മേഖലയ്ക്ക് ഇത് കൊടുക്കുവാൻ കഴിയില്ല.

നികുതി വരുമാനത്തിലെ വൻ ഇടിവും, ധനക്കമ്മിയിലെ അതി ഭീകരമായ വിടവും പുതിയ ധനാഗമ മാർഗങ്ങൾ ആലോചിക്കുവാൻ കേന്ദ്ര ഗവണ്മെന്റിനെ നിർബന്ധിക്കുമ്പോൾ ഏറ്റവും രാജ്യദ്രോഹകരമായ നടപടിയിലൂടെയാണ് ഗവണ്മെന്റ് പ്രതിസന്ധിക്ക് പരിഹാരം തേടുന്നത്. ഈ പ്രതിസന്ധിയാകട്ടെ പൂർണ്ണമായും ഇന്നത്തെ മോദി സർക്കാരിന്റെ നിർമ്മിതിയാണ്.
നിക്ഷേപമില്ലായ്മയും ഭീകരമായ തൊഴിലില്ലായ്മയും വമ്പിച്ച വില കുതിപ്പും അടിസ്ഥാന വ്യാവസായിക ഉത്പാദനത്തിന്റെ മാന്ദ്യവും സ്ഥിതിഗതികളെ വഷളാക്കുകയാണ്. ആ ഘട്ടത്തിൽ ഗവണ്മെന്റ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ ആസ്തിയുള്ള സാർവദേശീയമായി വൈവിധ്യവും പ്രവർത്തനമികവും ഉള്ള ബി പി സി എൽ പോലുള്ള ഒരു കമ്പനിയെ പുർണമായും കൈയൊഴിയുന്നത് തികച്ചും ദേശവിരുദ്ധവും വഞ്ചനാപരവും ആണ്.

ഇപ്പോൾ 70,000 കോടി ഓഹരി വില്പനയിലൂടെ സമാഹരിക്കുവാൻ ഗവണ്മെന്റ് ദിപം (DIPAM – Department of Investment and Public Asset Management) എന്ന വകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ലക്ഷോപലക്ഷം കോടി രൂപയുടെ സഞ്ചിത ആസ്തി, അതിനുപരി രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ എന്നിവ ഈ വില്പനയിൽ അട്ടിമറിക്കപ്പെടും. 1976 ൽ ബി പി സി എൽ ദേശസാൽക്കരിക്കപ്പെടുന്നത് ഷെൽ കമ്പനിയിൽ നിന്നാണ്. ബംഗ്ലാദേശ് യുദ്ധ കാലത്തെ വിമാന ഇന്ധന ആവശ്യങ്ങൾക്ക് സ്വകാര്യ എണ്ണ കമ്പനികൾ സഹകരിക്കാത്ത അനുഭവമാണ് ബി പി സി എൽ രൂപീകരണത്തിനിടവരുത്തിയത്.

ഒട്ടാകെ 12000 ത്തിൽ അധികം പേർ സ്ഥിരം ജോലി ചെയ്യുന്ന ബി പി സി എൽ ന്റെ കൊച്ചിയിൽ മാത്രം 2500 സ്ഥിരം തൊഴിലാളികളും 8000 ൽ അധികം കരാർ തൊഴിലാളികളും പതിനായിരക്കണക്കിന് അനുബന്ധ തൊഴിലാളികളും പണിയെടുക്കുന്നു. ദുർബല വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന സംവരണ ആനുകൂല്യവും ഈ സ്വകാര്യവത്കരണത്തിലൂടെ നഷ്ടമാകും. നിലവിലുള്ള തൊഴിൽ സുരക്ഷയും നഷ്ടമാകും. റിഫൈനറികൾ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് ഒരു ഉറപ്പും ഇല്ല.

ഈ അടുത്ത കാലത്ത് 33000 കോടി രൂപയുടെ വികസന പദ്ധതികളാണ് കൊച്ചി റിഫൈനറി ഏറ്റെടുത്തത്. സംയോജിത റിഫൈനറി വികസന പദ്ധതി (IREP) അതി വിപുലമായ ഒരു പെട്രോ കെമിക്കൽ ഹബ് അമ്പലമേട്ടിൽ അസൂത്രണം ചെയ്യുന്നതിന് വഴിയൊരുക്കി. ഇതിനായി കേരള സർക്കാർ 476 ഏക്കർ എഫ് എ സി ടി യിൽ നിന്ന് വിലയ്ക്കു വാങ്ങി കിൻഫ്രയിലൂടെ നിക്ഷേപകർക്ക് വിവിധ പെട്രോകെമിക്കൽ പദ്ധതികൾ ആരംഭിക്കുവാൻ വഴിയൊരുക്കിയിരിക്കുകയാണ്. ഈ ഭാവനാപൂർണ്ണമായ പദ്ധതി ബി പി സി എൽ ന്റെ സ്വകാര്യ വത്കരണത്തിലൂടെ അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പാണ്. കമ്പനിയ്ക്ക് വേണ്ടി വികസനഘട്ടത്തിൽ വർക്ക് കോൺട്രാക്ട് ടാക്സ് 85 കോടി രൂപ കേരള സർക്കാർ ഉപേക്ഷിച്ചു. അഡീഷണൽ വാറ്റ് റെവന്യു 15 കൊല്ലം കൊണ്ട് അടച്ചു തീർക്കാൻ പാകത്തിന് 1500 കോടി രൂപ വായ്പയായി അങ്ങോട്ട് നൽകുകയും ചെയ്തു. തന്നെയല്ല, റിഫൈനറിയ്ക്കു ഭൂമി ഏറ്റെടുത്ത് നൽകിയ സമയത്തെ കരാർ അനുസരിച്ച് ഭൂമിയുടെ വില്പനയോ പണയപ്പെടുത്തലോ ദാനമോ പാട്ടത്തിനു കൊടുക്കലോ പാടില്ല എന്ന് അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടിള്ളുതാണ്. റിഫൈനറിയുടെ സ്വകാര്യവത്കരണത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന ആവശ്യം, കേരള സർക്കാർ മുഖ്യമന്ത്രിയുടെ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. കേരള നിയമസഭ ഈ ആവശ്യം ഏക കണ്ഠമായി ഒരു പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

കേരളത്തിന്റെ വ്യവസായരംഗത്ത്, കൊച്ചി റിഫൈനറിക്കുള്ള പ്രാധാന്യവും ഭാവി വികസന ആവശ്യങ്ങളും കണക്കിലെടുത്ത് ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാൻ പിന്മാറേണ്ടതാണ്.