ദവീന്ദർ സിംഗിനെപ്പറ്റി ഞെട്ടിക്കുന്ന ചില കാര്യങ്ങൾ

321

K J Jacob

ദവീന്ദർ സിംഗിനെപ്പറ്റി റിപ്പോർട്ടുകളിൽനിന്നും മനസ്സിലാകുന്ന ചില കാര്യങ്ങൾ.

ഒന്ന്: ജമ്മു കശ്മീരിലെ ഡി വൈ എസ്‌ പി ആയ ദവീന്ദർ സിങ് മൂന്നുകൊല്ലം മുൻപ് ആണ് വീട് പണി തുടങ്ങുന്നത്. വീടല്ല, കൊട്ടാരം. അതുയരുന്നത് ശ്രീനഗർ കന്റോണ്മെന്റ് ബോർഡിന് കീഴിലുള്ള ഇന്ദിരാ നഗറിലാണ്. അയാളുടെ വീടിന്റെ മതിലിനപ്പുറമാണ് ഇന്ത്യൻ ആർമിയുടെ ശ്രീനഗർ ആസ്‌ഥാനമായുള്ള പതിനഞ്ചാം കോറിന്റെ ഹെഡ് ക്വർട്ടേഴ്‌സ്. കാശ്മീർ താഴ്വരയിലെ സൈനിക വിന്യാസത്തിന്റെയും നടപടികളുടെയും ഭീകരവിരുദ്ധപ്രവർത്തനത്തിന്റെയും മുഴുവൻ ചുമതലയുള്ള തന്ത്രപ്രധാനമായ സൈനിക യൂണിറ്റാണ് പതിനഞ്ചാം കോർ. അതിന്റെ തലസ്‌ഥാനത്തിന്റെ അടുത്തുകൂടെ ഒരു ഈച്ചയ്ക്കു പോകണമെങ്കിൽ ആയിരം അനുവാദം വേണ്ടിവരും. അവിടെയാണ് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും അഴിമതിക്കാരാനാണെന്നും ആരോപണം നേരിട്ട ഒരുദ്യോഗസ്‌ഥൻ വീടുപണിയുന്നത്. എങ്ങിനെയാണ് അയാൾക്ക് അതിനു കഴിഞ്ഞത്? ആരാണ് അയാളുടെ ഗോഡ്ഫാദർ, നെഹ്‌റു?

രണ്ട്: ഇപ്പോൾ കാണുന്ന ഒരു റിപ്പോർട്ട് പ്രകാരം പതിനഞ്ചാം കോറിന്റെ രൂപരേഖ അയാളുടെ വീട്ടിലെ റെയ്ഡിൽ കണ്ടെത്തി.  അത് ഭീകരൻമാരുടെ കൈയിൽ എത്തിയോ എന്നും സംശയമുണ്ട്. ആരാണ് ഇതിനു ഉത്തരം പറയേണ്ടത്, നെഹ്‌റു?

മൂന്ന്: ഇയാൾക്ക് ജമ്മു കശ്മീർ സർക്കാർ കൊടുത്ത പോലീസ് മെഡലിൽ തങ്ങൾക്കു പങ്കില്ല എന്നാണ് ബി ജെ പി മിത്രോം പറയുന്നത്.  ഇരുപത്തഞ്ചുകൊല്ലമായി സർവീസിലുള്ള ഇയാൾക്ക് ഈ മെഡൽ കിട്ടുന്നത് 2018 ഓഗസ്റ്റ് 15-നാണ്. സംഭവങ്ങളുടെ ടൈം ലൈൻ പരിശോധിച്ചാൽ ആ വർഷം ജൂണിൽ പി ഡി പി-ബി ജെ പി സർക്കാരിൽനിന്നു ബി ജെ പി പിന്മാറുകയും മുഖ്യമന്ത്രി മഹ്ബൂബ മുഫ്ത്തി രാജിവയ്ക്കുകയും ചെയ്തു; സംസ്‌ഥാനത്തു ഗവർണ്ണർ ഭരണം ഏർപ്പെടുത്തി. എന്നുവച്ചാൽ കേന്ദ്രഭരണം നിലവിലിരിക്കുമ്പോഴാണ് അയാൾക്ക്‌ അവാർഡ് കിട്ടിയത്. ആരുടെ ശുപാര്ശയിലാണ് സംശയനിഴലിലുള്ള ഉദ്യോഗസ്‌ഥന്‌ അവാർഡ് കിട്ടിയത്, നെഹ്രുവിന്റെ?

മിത്രങ്ങളുടെ വിശദീകരണപ്രകാരം എല്ലാ രംഗത്തും ചില കറുത്ത ആടുകൾ ഉണ്ട്; ഇയാൾ അത്തരത്തിലൊരെണ്ണം; പണം വാങ്ങി ഭീകരന്മാർക്ക് ഒത്താശ ചെയ്യുന്നു. ശാഖയിൽ അതുമതി; ചോദ്യങ്ങൾ നിൽക്കും. പക്ഷെ പ്രശ്നം എന്താണെന്നുവച്ചാൽ പന്ത്രണ്ടു ലക്ഷം രൂപയോ മറ്റോ വാങ്ങിയാണ് തലയ്ക്കു ഇരുപതുലക്ഷം വിലയുള്ള തീവ്രവാദിയെ അയാൾ കടത്താൻ കൂട്ടുനിന്നത്! ഇത് വിശ്വസിക്കാൻ സാമാന്യ ബുദ്ധിയുള്ളവർക്ക് കഴിയില്ല. അതുകൊണ്ടാണ് ചോദ്യങ്ങൾ വരുന്നത്. ആരാണ് അയാളുടെ ഗോഡ്ഫാദർ? ആരാണ് അയാളുടെ ഹാൻഡ്‌ലർ?എന്തായിരുന്നു അയാളുടെ ദൽഹി മിഷൻ?ആർക്കും ഉത്തരം പറയാം. ആരെങ്കിലും പറയണം, പക്ഷെ.