ബിവറേജ് പൂട്ടണമെന്ന് പറയുന്നവർക്ക് സർക്കാരിന്റെ ഒരു വരുമാനമാർഗ്ഗം അടയ്ക്കണം, എന്നിട്ടു സർക്കാർ പദ്ധതികൾ മുടന്തണം, എന്നിട്ടു ചീത്തവിളി തുടങ്ങണം

89
K J Jacob
“ബീവറേജ് ഷോപ്പുകൾ അടയ്ക്കണം.”
പതിനായിരങ്ങളും ലക്ഷങ്ങളും പങ്കെടുക്കുന്ന പള്ളിപ്പെരുന്നാളോ പൊങ്കാലയോ പരീക്ഷകളോ മാറ്റിവയ്ക്കണം എന്നാവശ്യപ്പെടാതിരുന്ന പലർക്കും ഇപ്പോൾ നേരം വെളുത്താൽ ഒറ്റ ആവശ്യമേയുള്ളൂ: ബിവറേജ് ഔട്ട്ലെറ്റുകൾ, ബാറുകളും, അടയ്ക്കണം.
അവർക്കു ഒറ്റ കാരണമേയുള്ളൂ: സർക്കാരിന്റെ ഒരു വരുമാനമാർഗ്ഗം അടയ്ക്കണം. എന്നിട്ടു സർക്കാർ പദ്ധതികൾ മുടന്തണം. എന്നിട്ടു ചീത്തവിളി തുടങ്ങണം.
ഇവർക്ക് പറ്റിയ വിശേഷണം ഒന്നേയുള്ളൂ: പാഷാണത്തിൽ കൃമികൾ.
മദ്യം വിറ്റുകിട്ടുന്ന കാശുകൊണ്ടുകൂടിയാണ് സർക്കാർ
പ്രവർത്തിക്കുന്നത്; അത് മറച്ചുവയ്ക്കേണ്ട കാര്യമൊന്നുമല്ല. മറ്റൊരിടത്തുമില്ലാത്തതുപോലെ ആരോഗ്യ-സാമൂഹ്യ സുരക്ഷാ പദ്ധതികൾ ആവിഷ്കരിക്കുന്നത് ആ കാശുകൊണ്ടുകൂടിയാണ്. അത് സസ്‌റ്റെയ്‌നബിളാണോ എന്ന ചോദ്യമുണ്ട്. പക്ഷെ അതിപ്പോഴല്ല ചോദിക്കേണ്ടത്.
ഇന്ത്യയിൽ ആദ്യമായി ഒരു സ്റ്റെയ്റ്റ് ഇപ്പോഴത്തെ ഭയാനകമായ സാമ്പത്തികാവസ്‌ഥയിൽ പണം ചെലവിടാനുള്ള ഒരു പാക്കേജ് പ്രഖ്യാപിച്ചത് കേരളത്തിലാണ്. അത് മാജിക്കൊന്നുമല്ല; മനുഷ്യരുടെ കൈയിൽ പണമെത്തിക്കാനുള്ള ശ്രമമാണ്. മനുഷ്യർക്കുവേണ്ടി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവർക്ക് വളരെ പെട്ടെന്ന് പിടികിട്ടുന്ന കാര്യമാണ്. അതിനു ചെറിയ അള്ളുവയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ പൊട്ടിമുളച്ച മദ്യവിരോധം.
കേരളത്തിൽ ഇന്ന് മദ്യവിൽപ്പന നിർത്തിയാൽ ഇന്നലെ കള്ളവാറ്റ് തുടങ്ങും. അല്ലെങ്കിൽ മദ്യത്തിന്റെ കള്ളക്കടത്തു വ്യാപിക്കും. മദ്യത്തിന്റെ ലഭ്യതയിലോ ആളുകളുടെ കൂട്ടംകൂടലിനോ കുറവൊന്നും ഉണ്ടാകില്ല. സർക്കാരിന് കുറച്ചു നികുതിവരുമാനം നഷ്ടമാകും; അത്രമാത്രം. മയക്കുമരുന്നിന്റെ വ്യാപനം മറ്റൊരു വെല്ലുവിളിയാകും.
മദ്യവിൽപ്പന ഒരു റെഗുലേറ്റഡ് ഇക്കണോമിക് ആക്ടിവിറ്റിയാണ്. ധാരാളം തൊഴിൽ ഉൽപ്പാദിപ്പിക്കുന്ന ഒരു രംഗം. ഓരോ ഘട്ടത്തിലും സർക്കാർ നിയന്ത്രണമുണ്ട്. അതില്ലാതായാൽ ആ രംഗം ക്രിമിനലുകൾ കൈയടക്കും. ലോകത്തിന്റെ അനുഭവം അതാണ്.
വ്യാജമദ്യ വില്പനയുണ്ടാക്കുന്ന ക്രമസമാധാന-സാമൂഹ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇതേ സർക്കാർ മെഷീനറി തന്നെ വീണ്ടും പ്രവർത്തിക്കേണ്ടി വരും. ഇപ്പോൾത്തന്നെ പോലീസ് അവർക്ക്‌കൈകാര്യം ചെയ്യാവുന്നതിലും കൂടുതൽ പണിയാണ് ചെയ്യുന്നത്. മനുഷ്യർക്ക് ചെയ്യാവുന്ന പണിയ്ക്കു ഒരു പരിധിയുണ്ട്.
അതിനർത്ഥം എല്ലാവരും പോയി കുടിച്ചു സർക്കാരിന് പണമുണ്ടാക്കിക്കൊട് എന്നല്ല. മലയാളിയുടെ മദ്യ ഉപഭോഗം കുറയ്ക്കണം എന്ന അഭിപ്രായം എനിക്കുണ്ട്. അതുകൊണ്ടു ഇപ്പോൾ അതിനുവേണ്ടി ക്യാംപെയിൻ നടത്തിന്നതുപോലും ശരിയാണെന്നു ഞാൻ പറയും. വീട്ടിലിരിക്കാനുള്ള അവസരമാണ്; മദ്യം വേണ്ടെന്നുവയ്ക്കൂ എന്നൊരു പ്രചാരണം പോലും ചിലപ്പോൾ വർക്ക് ചെയ്യും. റെസ്പോണ്സിബിൾ ഡ്രിങ്കിങ് പ്രോത്സാഹിപ്പിക്കാൻ പറ്റിയ സമയം.
ബിവറേജ് ഔട്ലെറ്റുകൾക്കും ബാറുകൾക്കും സർക്കാർ കർശനമായ മാർഗ്ഗനിർദ്ദേശം നൽകണം. ക്യൂവിൽ നിൽക്കുന്നവർ ഒരു മീറ്റർ അകലം പാലിക്കണം എന്ന് നിബന്ധന വയ്ക്കണം. ബാറുകൾക്ക് സീറ്റുകളുടെ അടിസ്‌ഥാനത്തിൽ ഒരു നിയന്ത്രണം വരുത്തണം. പരമാവധി അറുപതു ശതമാനം എന്നോ മറ്റോ. പൊതുവെ കുടിയന്മാരും ബാറുകാരും അനുസരണറ്റുള്ളവരാണ് ; ഇന്ന് പറഞ്ഞാൽ ഇന്ന് ചെയ്യും.
മദ്യവിൽപ്പന കോവിഡ് വ്യാപനത്തിന് കാരണമാകുന്ന കാരണങ്ങൾ ഉണ്ടെങ്കിൽ അതുകണ്ടുപിടിച്ചു ഒഴിവാക്കണം; മദ്യവിൽപ്പന തുടരണം.
ഇപ്പോൾ ബിവറേജ് എന്ന് കേൾക്കുമ്പോൾ മാത്രം തുള്ളൽ വരുന്ന പാഷാണത്തിൽ കൃമികളെ സർക്കാർ അവഗണിക്കണം.