ഹിന്ദുത്വ തീവ്രവാദികൾ അക്രമം അഴിച്ചുവിടുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകളെയാണോ നിങ്ങൾ തുല്യ പങ്കാളിത്തമുള്ളവരുടെ കലാപമായി അവതരിപ്പിക്കുന്നത്..?

0
69

കെ.ജയദേവൻ

“ഡൽഹി കത്തുന്നു.. കലാപകാരികൾ അഴിഞ്ഞാടുന്നു .. ”

അതിരാവിലെ വായിച്ച, പ്രമുഖ പത്രങ്ങളിലെ നിഷ്പക്ഷവും നിർവ്വികാരവുമായ ഈയൊരു ഭാഷ കണ്ടപ്പോൾ, ഞാൻ ,എൻ.എസ്.മാധവൻ്റെ പ്രസിദ്ധമായ ആ പഴയ കഥയിലെ പത്രാധിപർ ചുല്യാട്ടിനെ ഓർത്തു.1992 ഡിസംബർ 6 ന്, പത്രത്തിലെ പ്രധാന വാർത്തക്ക് തലക്കെട്ട് എഴുതാനുള്ള ചുമതല സബ് എഡിറ്റർ സുഹറക്കായിരുന്നു. പത്രത്തിലെ ഭാഷ നിഷ്പക്ഷവും നിർവികാരവുമാവണമെന്ന് പത്രാധിപർ എപ്പോഴും പറയാറുള്ള കാര്യം അവൾക്കോർമ്മ വന്നു – ഒരു കലാപത്തിൻ്റെ പശ്ചാത്തലത്തിൽ വിശേഷിച്ചും. എല്ലാത്തിനും പുറമേ, അവളുടെ പേര് സുഹറ എന്നാണല്ലോ. ഒരു പക്ഷേ, ജീവിതത്തിലാദ്യമായി തൻ്റെ പേരും അസ്തിത്വവും ഒരു ഭാരമായി അപ്പോൾ സുഹറയ്ക്ക് തോന്നിക്കാണും. മടിച്ചാണെങ്കിലും അവൾ വാർത്തക്ക് തലക്കെട്ട് നൽകി –
‘ തർക്കമന്ദിരം തകർത്തു.’
വിറകൊള്ളുന്ന പനിയായതിനാൽ, ആ സമയം ചുല്യാട്ട് വീട്ടിലായിരുന്നു .എന്നാൽ പ്രധാനപ്പെട്ട ഒരു ദിവസമാണല്ലോ എന്നോർത്തപ്പോൾ , പനിക്കിടക്കയിൽ നിന്ന് വൈകീട്ടോടെ ചുല്യാട്ട് ഓഫീസിലേക്ക് വന്നു. ന്യൂസ് റൂമിൽ തയ്യാറാക്കി വെച്ചിരുന്ന പ്രധാന വാർത്തയുടെ തലക്കെട്ട് കണ്ടപ്പോൾ, കടും പനിയുടെ കയ്പുരസമുള്ള കൊഴുത്ത തുപ്പൽ അയാളുടെ തൊണ്ടയിൽ കുടുങ്ങി. വാർത്ത വായിച്ചു തീർന്നയുടൻ ,ഇതെഴുതിയത് ആരായാലും അയാൾ നാളെ മുതൽ തൻ്റെ പത്രത്തിലുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചു അയാൾ. പിന്നെ പത്രാധിപരുടെ ആ വലിയ ആയുധം – നീല നിറമുള്ള പെൻസിൽ – കൊണ്ട് ‘തർക്കമന്ദിരം’ എന്ന വാക്ക് തലങ്ങും വിലങ്ങും വെട്ടി. പാർക്കിൻസൺസ് കാരണം വിറക്കുന്ന വിരലുകൾ കൊണ്ട്, അതിന് മുകളിൽ ‘ബാബറി മസ്ജിദ് ‘ എന്ന് എഴുതി വെച്ച് ചുല്യാട്ട് തൻ്റെ വീട്ടിലേക്ക് തിരിച്ചു പോയി. അയാൾക്ക് പനിയായിരുന്നല്ലോ.. സങ്കടം സഹിക്ക വയ്യാതെ, ആ സമയം കരഞ്ഞു പോയി സുഹറ. വൈകാരികമായ അത്തരം പ്രകടനങ്ങൾ, അതുപോലൊരു സന്ദർഭത്തിന് യോജിച്ചതാണോ എന്ന് തികച്ചും തീർച്ചയില്ലാതെ.

എൻ.എസ്.മാധവൻ്റെ ‘ തിരുത്ത് ‘ ഒരു ചെറുകഥ മാത്രമാണ്. എന്നാൽ, ഡൽഹിയിൽ ഇപ്പോൾ നടക്കുന്നത് വെറും ഒരു കഥയല്ല. ‘മാതൃഭൂമി’യിലേയും ‘മലയാള മനോരമ’യിലേയും ഡൽഹി ലേഖകന്മാർ സുഹറമാരുമല്ല. കാരണം, അവരുടെ പത്രാധിപന്മാർ ചുല്യാട്ടുമരുമല്ലല്ലോ. അതു കൊണ്ടാണ് പത്രത്തിൽ എഴുതാനാവാത്തത് അവർക്ക് തങ്ങളുടെ ഫേസ് ബുക്ക് പേജിൽ എഴുതേണ്ടി വരുന്നത്.
മാതൃഭൂമിയുടെ ഡൽഹി ലേഖകൻ പി.കെ.മണികണ്ഠൻ എൻ്റെ അടുത്ത സുഹൃത്താണ്. കലാപഭൂമിയിൽ നിന്ന് അർദ്ധരാത്രിയിൽ അവനെഴുതിയ എഫ്.ബി കുറിപ്പ് വായിച്ച് അര മണിക്കൂർ കഴിഞ്ഞാണ്, പത്രത്തിൽ ബൈലൈനോട് കൂടിയ പ്രധാന വാർത്ത ഞാനിന്ന് വായിക്കാനിടയായത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് മുന്നിൽ, രാവിലെ നാല് മണിയുടെ തണുപ്പിലും എനിക്കപ്പോൾ വിയർക്കാൻ തുടങ്ങി. ആവശ്യത്തിലധികം മധുരം കൂടിയ ചായക്ക്, പനിയൊന്നും ഇല്ലാഞ്ഞിട്ടും വല്ലാത്തൊരു കയ്പ്. ചുല്യാട്ടിനെ ഓർത്തത് അപ്പോഴാണ്.
ഷാഹിൻ ബാഗിൽ രണ്ട് മാസത്തിലേറെയായി പൗരത്വഭേതഗതി നിയമത്തിനെതിരായ സമരമുണ്ട്. ഒരു കടയും അതിൻ്റെ ഭാഗമായി കത്തിയിട്ടില്ല. ആരും ആക്രമിക്കപ്പെട്ടിട്ടില്ല. വെടിവെപ്പുണ്ടായിട്ടില്ല. മരിച്ചിട്ടില്ല.

അങ്ങിനെയാണെങ്കിൽ ഇപ്പോഴത്തെ അക്രമങ്ങളുടെ കാരണമെന്തായിരിക്കും? CAA അനുകൂലികളും എതിരാളികളും തമ്മിൽ നടക്കുന്ന ഒരു സംഘർഷമാണോ അത്? അതോ, ഒരു കൂട്ടർ മറ്റൊരു കൂട്ടർക്കെതിരെ നടത്തുന്ന സംഘടിതമായ ആക്രമണമോ? അത്തരം ആക്രമണങ്ങൾ നടക്കുമ്പോൾ, സ്വാഭാവികമായി ഉണ്ടാകുന്ന ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകളെയാണോ നിങ്ങൾ തുല്യ പങ്കാളിത്തമുള്ളവരുടെ കലാപമായി അവതരിപ്പിക്കുന്നത്..?

ആരാധാനാലയവും കടകളും വീടുകളും ആക്രമിക്കപ്പെടുന്നു എന്നാണ് പത്രവാർത്ത. പറയൂ പത്രാധിപന്മാരേ.. കത്തിയത് അമ്പലമാണോ?ആരുടെ കടകൾ / വീടുകൾ ആണ് ആക്രമിക്കപ്പെട്ടത്? മരണപ്പെട്ട ഹെഡ് കോൺസ്റ്റബിൾ രത്തൻലാലിന് വെടിയേറ്റത് എങ്ങിനെയാണ്? ആരാണ് മാധ്യമ സംഘങ്ങളെ ആക്രമിക്കുന്നത്? ഈ കലാപകാരികൾക്കെല്ലാം എന്തെങ്കിലും മേൽവിലാസമുണ്ടോ.?
അക്രമം തടയുന്നതിൽ പരാജയപ്പെട്ടു എന്ന ഡൽഹി പോലീസിൻ്റെ കുറ്റസമ്മതത്തിൻ്റെ കൂടി പശ്ചാത്തലത്തിൽ, ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താനുള്ള ചുമതലയുടെ കൂടി പേരാണ് മാധ്യമ പ്രവർത്തനം. ‘ഫോർത്ത് എസ്റ്റേറ്റ് ‘ എന്ന് വെറുതേ വമ്പ് പറഞ്ഞത് കൊണ്ടൊന്നും അതിന് ജനാധിപത്യത്തെ താങ്ങി നിർത്താനാവില്ല.

ഒരു കലാപവും തനിയെ ഉണ്ടാവുകയില്ല. 1984 ലെ ഡൽഹി ഓർമ്മയില്ലേ? ഇന്ദിരാഗാന്ധിയെ വെടിവെച്ചു കൊന്നത് രണ്ട് സിഖുകാരാണ് എന്ന കാരണത്താൽ, നൂറ് കണക്കിന് സിക്കുകാരെയാണ് അന്ന് ഇന്ത്യയുടെ തലസ്ഥാനത്ത് കൊലപ്പെടുത്തിയത്. മാധ്യമം വെറുപ്പായിരുന്നു. അതിനെ ഊതിക്കത്തിച്ചത് സങ്കുചിത മനസ്കരായ ചില കോൺഗ്രസ് നേതാക്കൾ. ജഗദീഷ് ടൈറ്റ്ലറേയും ജഗ് മോഹനേയും പോലുള്ളവർ. അതിന് സമാനമാണ് ഇപ്പോഴത്തെ അവസ്ഥ.മാധ്യമം വെറുപ്പ് തന്നെ. കഥാപാത്രങ്ങൾ മാറിയെന്ന് മാത്രം.

മൗജ്പൂർ ട്രാഫിക് സിഗ്നലിന് സമീപം, പൗരത്വ നിയമ അനുകൂലികളുടെ യോഗത്തിൽ ബി.ജെ.പി നേതാവ് കപിൽ മിശ്ര ഞായറാഴ്ച്ച നടത്തിയ പ്രസംഗത്തിന് ശേഷമാണ് അക്രമം ആരംഭിച്ചത് എന്ന വസ്തുത തലക്കെട്ടിൽ കൊടുക്കണ്ടതല്ലേ പത്രങ്ങൾ? പോലീസിനുള്ള അന്ത്യശാസനമാണ് ഇതെന്നും, എന്താണ് വേണ്ടത് എന്ന് തങ്ങൾക്കറിയാമെന്നും, പോലീസ് പറയുന്നത് കേൾക്കാൻ ഇനി ഉദ്യേശിക്കുന്നില്ലെന്നും അയാൾ ആക്രോശിച്ചത്രെ. മറ്റൊരു ബി.ജെ.പി നേതാവ് ജയ് ഭഗവാൻ ഗോയലും സമാനമായ പ്രസംഗങ്ങൾ നടത്തുകയുണ്ടായത്രെ. അക്രമങ്ങൾ ആരംഭിക്കുന്നത് അവിടെ നിന്നാണ്. സംഘപരിവാറിൻ്റെ ഗുണ്ടകൾ നടത്തുന്ന അഴിഞ്ഞാട്ടത്തിന് ഡൽഹി പോലീസിൻ്റേയും, ഇന്ത്യാ ഗവർമെണ്ടിൻ്റെയും പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയുമുണ്ട്. അല്ലാതെ, അത് രണ്ട് തുല്യശക്തികൾ തമ്മിൽ നടക്കുന്ന ഒരു ഫുട്ബോൾ മത്സരമല്ല. അത്രയും നിഷ്പക്ഷത വേണമെന്നില്ല ആ റിപ്പോർട്ടുകൾക്ക് .

പത്രത്തിൽ കാണാത്ത ഒരു ചോദ്യം മണികണ്ഠൻ്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്. ഭയചകിതരും നിസ്സഹായരുമായ ഒരു മുസ്ലീം ജനക്കൂട്ടം, കലാപ സ്ഥലത്തേക്ക് പോകാനുള്ള മാധ്യമ പ്രവർത്തകരുടെ സംഘത്തെ നിരുത്സാഹപ്പെടുത്തുന്ന സന്ദർഭത്തിലാണത്. അതൊട്ടും സുരക്ഷിതമല്ലെന്ന് പറയുന്ന അവർ ഇങ്ങിനെ ചോദിച്ചത്രെ –
“ഞങ്ങൾ എന്ത് അക്രമമുണ്ടാക്കിയെന്നാണ് പറയുന്നത്? ബാബറി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധിയെ ഞങ്ങൾ സഹിഷ്ണുതയോടെ സ്വീകരിച്ചില്ലേ? ഈ രാജ്യത്തിന് വേണ്ടി മരിച്ചവരുടെ കൂട്ടത്തിൽ ഞങ്ങളുമില്ലേ..? എന്നിട്ടും ഞങ്ങൾ പാക്കിസ്ഥാൻ്റെ ആളുകളാണ് എന്ന് പറയുന്നത് എത്ര സങ്കടകരമാണ്…”
സത്യാനന്തര കാലത്ത്, യുക്തിക്കും യാഥാർത്ഥ്യത്തിനും പ്രത്യേകിച്ച് പ്രസക്തിയൊന്നുമില്ല. രാജ്യത്തെ വിഭജിക്കുന്ന അജണ്ട സംഘപരിവാർ ആസൂത്രിതമായി നടപ്പിലാക്കുമ്പോഴും, പ്രതിഷേധം അക്രമമാകാൻ പാടില്ലാ എന്ന് ജാമ്യമെടുക്കുന്ന നേതാക്കൾക്കും ഒരർത്ഥത്തിൽ ഈ നിഷ്പക്ഷ മാധ്യമ സിംഗങ്ങൾ തന്നെയാണ് തുണ.

” ചെന്നായയും ആട്ടിൻകുട്ടിയും കൂടി പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്. ആട്ടിൻകുട്ടി ചെന്നായക്ക് വലിയ ക്ഷതങ്ങളേൽപ്പിച്ചു. അവസാന നിമിഷം, ഗത്യന്തരമില്ലാതെയാണ് സ്വതവേ ശാന്തനായ ചെന്നായ, അക്രമിയായ ആട്ടിൻകുട്ടിയെ തിരിച്ചടിച്ചത്. അങ്ങിനെയാണ് ആട്ടിൻകുട്ടിക്ക് ചാകേണ്ടി വന്നത്..”
ഈ മട്ടിലുള്ള വൃത്താന്തങ്ങൾ ദിനേന കേട്ടുകൊണ്ടിരിക്കുന്ന കാലത്ത്, നമുക്ക് നമ്മുടെ കാര്യമേ പറയാൻ പറ്റൂ. എന്ത് തന്നെ സംഭവിച്ചാലും അക്രമിയായ ആട്ടിൻകുട്ടിയുടെ കൂടെയാണ് ഞാൻ;ശാന്തസ്വരൂപനായ ചെന്നായയുടെ കൂടെയല്ല. അങ്ങിനെ പറഞ്ഞില്ലെങ്കിൽ നിർണ്ണായകമായൊരു സന്ദർഭത്തിലെ സാമൂഹ്യമായ ഒരു കുറ്റമായിരിക്കും അത്.
മുൻപൊരിക്കൽ, ഫ്രാൻസിനെ മുൻനിർത്തി ചിന്തകനായ സാർത്ര് പറഞ്ഞൊരു കാര്യം, മറ്റൊരു രീതിൽ നമുക്കും ഇപ്പോൾ ബാധകമാണ് –
ഇന്ത്യ എന്നത് വലിയൊരു രാജ്യത്തിൻ്റെ പേരാണ്. മഹത്തായ ചരിത്രമുള്ള ആ രാജ്യത്തിന് ഭാരതം എന്ന പേര് കൂടിയുണ്ട്. അതൊന്നും ഓരോ രോഗങ്ങളുടെ പേരാകാതിരിക്കാൻ നമുക്കിപ്പോൾ ശ്രദ്ധിക്കാം. ആ ശ്രദ്ധയുടെ പേരാണ് യഥാർത്ഥത്തിലുള്ള ഭാരതീയത.

Advertisements