എഴുതിയത്  : K K Babu Raj

ഡോ .അംബേദ്കറെ ആരെങ്കിലും വിമർശിച്ചാൽ ഇത്ര അസഹിഷ്ണത എന്തിന് ?അല്ലെങ്കിൽ അദ്ദേഹത്തെ വിമർശനാതീതനും ദൈവതുല്യനും ആയി കാണുന്നതുകൊണ്ടല്ലേ ഇത്ര പ്രശ്നം എന്നതൊരു ബാലൻസിംഗ് ചോദ്യമാണ് .മാർക്സിനെയും ഗാന്ധിജിയെയും എല്ലാവരും വിമർശിക്കുന്നുണ്ടല്ലോ എന്ന ഉപാധി വെച്ചാണ് ഈ ചോദ്യം ഉന്നയിക്കപ്പെടാറുള്ളത് .

മുസ്ലിങ്ങളുടെ മതവിശ്വാസത്തെയും ആ ജനതയുടെ മൊബിലിറ്റിയെയും വെറുത്തുകൊണ്ടു ഹിന്ദുത്വ -ഇടതുപക്ഷ പൊതുബോധമുള്ള അനേകം പേർ ഇത്തരം ബാലൻസിംഗ് ചോദ്യങ്ങൾ ഉന്നയിക്കുകയും അതിലൂടെ തങ്ങൾ ”സാർവ്വ ലൗകീകരായി ”മാറുകയും ചെയ്യുന്നത് നിരന്തര കാഴ്ചയാണ് .പല മുസ്ലിംങ്ങളും ഇത്തരക്കാരുടെ രാഷ്ട്രീയത്തെ സംശയിക്കുന്നതിന് പകരം ഇതിൽ കുഴങ്ങിപ്പോവുന്നതും പതിവാണ് .

അംബേദ്കറൈറ്റുകളും ഇതര കീഴാള-ന്യൂനപക്ഷ ധാരയിലുള്ളവരും ഈ സാർവ്വ ലൗകീകരുടെ ബാലൻസിംഗ് കളികളെ വിശ്വസിക്കേണ്ടതില്ല എന്നാണ് തോന്നുന്നത് .കാരണം ഡോ .അംബേദ്കറെ പോലുള്ളവർ കോടികണക്കിന് ജനങ്ങൾക്ക് ആദരണീയനായത് മേൽപറഞ്ഞവരുടെ രാഷ്ട്രീയത്തിൽ വിള്ളൽവീഴ്ത്തിക്കൊണ്ടാണ് .

ഡോ .അംബേദ്‌കർ എന്ന ഒറ്റ പേരിനെയും അദ്ദേഹത്തിൻറെ വചനങ്ങളെയും മാത്രമാണോ കേരളത്തിലെ കീഴാളർ ഏറ്റി നടക്കുന്നത് ?നവോദ്ധാനത്തിനു ശേഷം നിലച്ചുപോയ ശ്രീനാരായണ ഗുരു ,അയ്യൻ‌കാളി ,പൊയ്കയിൽ അപ്പച്ചൻ ,സഹോദരൻ അയ്യപ്പൻ അടക്കമുള്ളവരെ വീണ്ടെടുത്തും പുതുകീഴാള സ്ത്രീവാദങ്ങൾ ,ട്രാൻസ് ജെൻഡർ കമ്മ്യൂണിറ്റിയോടുള്ള സഹവർത്തിത്വം ,മുസ്ലിങ്ങളോടുള്ള സാഹോദര്യം എന്നിവക്കൊപ്പം ആദിവാസികളുടെ ഭൂപ്രശ്നം മുതൽ കേരള വികസന മാതൃകയെ പ്രശ്നവത്കരിച്ചതിൽ അടക്കം അംബേദ്ക്കറൈറ്റുകൾ ഉൾപ്പെടെയുള്ള കീഴാളരുടെ പങ്ക് നിർണായകമാണ് .ഡോ .അംബേദ്‌കർ ഇന്നത്തെ അരികുകളുടെ രാഷ്ട്രീയത്തിൽ കൂടുതൽ പ്രാധാന്യം നേടിയത് മറ്റുള്ള ദേശീയ നേതാക്കളിലും കൂടുതലായി അദ്ദേഹത്തിന്റെ ചിന്തകൾ അവരെ ഉൾകൊണ്ടതുമൂലമാണ് .അല്ലാതെ അദ്ദേഹം ദൈവതുല്യൻ ആയതുകൊണ്ടോ അദ്ദേഹത്തിൽ ഒഴിവാക്കേണ്ട ധാരണകൾ ഇല്ല എന്നത് കൊണ്ടുമല്ല .

ഈ ഘട്ടത്തിൽ വർഗം എന്ന അധികാരസ്ഥാനത്തു ഇരുന്നുകൊണ്ട് തങ്ങൾ അല്ലാത്ത എല്ലാവരെയും വിഭാഗീയരെന്നു വിളിക്കുകയായിരുന്നല്ലോ കമ്മ്യൂണിസ്റ്റുകളിൽ ഏറെ പേരും ചെയ്തത് .മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഈ സമയത്തു തങ്ങൾക്കുണ്ടായ പദവി നഷ്ടത്തെ അംബേദ്ക്കറൈറ്റുകളിൽ ആരോപിച്ചുകൊണ്ടു വംശീയതയുടെ പുതിയൊരു വ്യാകരണം ഉണ്ടാക്കാനാണ് മാർക്സിസ്റ്റ് പിതൃപരമ്പരയുടെ അവകാശം ഉന്നയിച്ചുകൊണ്ട് ചില മാവോവാദികൾ ഇന്ന് രംഗത്തുവന്നിട്ടുള്ളത് .

വംശീയത ചലിക്കുന്നത് ചില കാര്യങ്ങളെ” മിസ്റ്റിഫൈ ”ചെയ്തുകൊണ്ടാണെന്നു ബാർത്തിനെ പോലുള്ള എഴുത്തുകാർ വിശദീകരിച്ചിട്ടുണ്ട് .കേരളത്തിലെ കമ്മ്യൂണിസ്‌റ്റുകളുടെ ജാതി മേധാവിത്വത്തെ ;,മതേതരത്വത്തിന്റെ മറവിൽ അവർ പുലർത്തുന്ന സവർണ്ണതയെ മിസ്റ്റിഫൈ ചെയ്യാൻ മാർക്സിന്റെ വർഗ്ഗ സിദ്ധാന്തങ്ങളും അന്ത്യ പ്രവചനങ്ങളും ഒട്ടേറെ സഹായിച്ചിട്ടുണ്ട് .എന്നാൽ ഈ മിസ്റ്റിഫിക്കേഷനെ കീഴാള -ന്യൂനപക്ഷ രാഷ്ട്രീയധാര പൊളിച്ചു എന്നതാണ് വസ്തുത .

ഈ വീഴ്ചയെ മറച്ചുപിടിക്കാൻ അംബേദ്‌കർ വിമർശകരെന്ന സാർവ്വ ലൗകിക പദവി ഉൾകൊള്ളുന്നവരെന്ന നിഷ്കളങ്ക നാട്യത്തിലാണ് ഇക്കൂട്ടർ എത്തിയിരിക്കുന്നത് .യഥാർത്ഥത്തിൽ ഇവർ അംബേദ്‌കർ വിമർശകരാണോ ?അല്ലെന്നതാണ് വസ്തുത .കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ലെഫ്‌റ് റാഡിക്കലിസത്തിൽ നിന്നും പുറത്തുവന്നിട്ടുള്ളവരാണ് കേരളത്തിലെ അംബേദ്ക്കറൈറ്റുകൾ പോലുള്ളവരിൽ മിക്കവരും എന്ന വസ്തുതയെ മറച്ചുവെച്ചുകൊണ്ട് കാര്യങ്ങളെ” റീ മിസ്റ്റി ഫൈ ” ചെയ്യുകയാണിവർ .കമ്മ്യൂണിസ്റ്റ് ഗൃഹാതുരത്വവും മറ്റും കൊണ്ട് പൊടിയുർത്തുന്നുണ്ടെങ്കിലുംഇവരുടെ ജാതീയതയുടെ;വംശീയതയുടെ കളികളെയാണ് കീഴാളരും ബഹുജനങ്ങളും തിരിച്ചറിയുന്നത്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.