ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഒരു കൃതഞ്ജതയുടെ കഥ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
3 SHARES
38 VIEWS

The story of great gratitude

✍️K Nandakumar Pillai

ലോകകപ്പ് പുരസ്‌കാര വിതരണ വേദിയിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ കിരീടം ഏറ്റു വാങ്ങുമ്പോൾ മാന് ഓഫ് ദി മാച്ച് – മാന് ഓഫ് ദി സീരീസ് പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി സാം കരനും ഒപ്പമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെ ഫൈനലിൽ എത്തിക്കുന്നതിനും ഫൈനൽ മത്സരം വിജയിപ്പിക്കുന്നതിലും സാം കരന്റെ പങ്ക് നമ്മൾ കണ്ടതാണ്. ഇന്ന് ആ വേദിയിൽ, അഭിമാനപുരസ്സരം അയാൾ ആ ട്രോഫികൾ സ്വീകരിക്കുമ്പോൾ അത് വെളിപ്പെടുത്തുന്നത് ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഒരു കൃതഞ്ജതയുടെ കഥ കൂടിയാണ്. ജീവിതത്തിലെ നിർണായക ഘട്ടത്തിൽ തന്നെ ചേർത്ത് പിടിച്ച ഒരു മനുഷ്യന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം. സാം കരനിലൂടെ ഇംഗ്ലണ്ട് വിജയിച്ചപ്പോൾ സന്തോഷത്തോടെ, അതിലേറെ അഭിമാനത്തോടെ, ഒരിറ്റ് കണ്ണീരോടെ ആ രംഗങ്ങൾ കണ്ടുകൊണ്ടിരുന്ന ഒരു മനുഷ്യനുണ്ട്…ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുൻ താരം, 1992 ലോകകപ്പ് ടീമിലെ അംഗവുമായിരുന്ന, അലൻ ലാമ്പ്. അറുപത്തിയെട്ടാം വയസിൽ തനിക്ക് ഇങ്ങനൊരു നിയോഗമുണ്ടെന്ന് അദ്ദേഹം എന്നെങ്കിലും ചിന്തിച്ചിരുന്നു ആവോ?

എന്തായിരുന്നു സാം കരന്റെ കൃതജ്ഞത.. എന്തായിരുന്നു അലൻ ലാമ്പിന്റെ നിയോഗം.. ആ കഥ ഇങ്ങനെ…
1992 ലോകകപ്പ് ഫൈനൽ. പാക്കിസ്ഥാൻ ഉയർത്തിയ 250 റൺസ് ചെയ്‌സ് ചെയ്ത ഇംഗ്ലണ്ട് തപ്പിയും തടഞ്ഞും മുന്നോട്ട് പോകുന്നു. 21 ആം ഓവറിൽ നാലാം വിക്കറ്റ് ആയി ഗ്രഹാം ഗൂച്ച് പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്കോർ 69 മാത്രം. ആറാമനായി ക്രീസിലെത്തിയത് അലൻ ലാംപ്. അന്നത്തെ കാലത്ത് ആക്രമണ ക്രിക്കറ്റിന്റെ വക്താവായ ലാംപ് നീൽ ഫെയർ ബ്രദറുമൊത്ത് ഇന്നിംഗ്സ് കരുപ്പിടിപ്പിച്ചു. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇടക്ക് ബൗണ്ടറികളിലൂടെയും ആ കൂട്ടുകെട്ട് മുന്നോട്ട് നീങ്ങി.

കളിയുടെ 35 ആം ഓവർ. ഇംഗ്ലണ്ടിന് ജയിക്കാൻ 16 ഓവറിൽ വേണ്ടത് 110 റൺസ്. 79 പന്തിൽ 69 റൺസുമായി ഫെയർ ബ്രദർ – ലാംപ് സഖ്യം ക്രീസിൽ. എന്തും സംഭവിക്കാവുന്ന അന്തരീക്ഷം. ഈ കൂട്ടുകെട്ട് പൊളിക്കേണ്ടത് പാകിസ്താന് അനിവാര്യമായ അവസ്ഥ. ക്യാപ്റ്റൻ ഇമ്രാൻ ഖാൻ പന്ത് തന്റെ തുറുപ്പു ചീട്ടായ വാസിം അക്രമിന് നീട്ടി. ക്യാപ്റ്റനും പാകിസ്താനും ആഗ്രഹിച്ചത് തന്നെ അക്രം നൽകി. ആ ഓവറിലെ അഞ്ചാം പന്തിൽ ലാമ്പിന്റെ കുറ്റി തെറിപ്പിച്ച അക്രം, അടുത്ത പന്തിൽ അപകടകാരിയായ ക്രിസ് ലൂയീസിന്റെ .സ്റ്റമ്പും തെറിപ്പിച്ചു.

ആ ആഘാതത്തിൽ നിന്ന് കര കയറാനാകാതെ അനിവാര്യമായ വിധി ഇംഗ്ലണ്ട് ഏറ്റു വാങ്ങുമ്പോൾ വിഷണ്ണനായി നിന്നവരുടെ കൂട്ടത്തിൽ അലൻ ലാമ്പും ഉണ്ടായിരുന്നു. ഗ്രൂപ്പ് സ്റ്റേജിൽ തങ്ങൾ 74 റൺസിന് ഓൾ ഔട്ട് ആക്കിയ ടീം, മഴ പെയ്തത് കൊണ്ട് മാത്രം കളി പൂർത്തിയാകാതെ ഒരു പോയിന്റ് പങ്കു വെച്ച ടീം, ആ ഒരു പോയിന്റിന്റെ ബലത്തിൽ മാത്രം സെമിയിൽ എത്തിയ ടീം, ഫൈനലിൽ തങ്ങളെ ഇങ്ങനെ തകർത്തെറിയുമെന്ന് ഒരു ഇംഗ്ലീഷ്കാരനും കരുതിയിട്ടുണ്ടാകില്ല. (ആ മത്സരം നടന്നിരുന്നെങ്കിൽ പാകിസ്താന് പകരം ഓസ്‌ട്രേലിയ സെമിയിൽ കടന്നേനെ).

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ നോർത്താംപ്ടൺ ഷെയർ താരമായിരുന്നു ലാംപ്. അക്കാലത്ത് ടീമിൽ ലാമ്പിന്റെ സഹ കളിക്കാരൻ ആയിരുന്നു, സിംബാബ്‌വെയുടെ മികച്ച ഓൾ റൗണ്ടറായിരുന്ന കെവിൻ കരൻ. സഹ കളിക്കാർ എന്നതിലുപരി ആത്മ സുഹൃത്തുക്കൾ കൂടിയായിരുന്നു അവർ. ഗ്രൗണ്ടിനകത്തും പുറത്തും എന്ത് കാര്യത്തിനും ഒരുമിച്ചുണ്ടായിരുന്നു അവർ. ലാംപ് എന്തെങ്കിലും ആവശ്യപ്പെട്ടാൽ അതിനു യെസ് മൂളാൻ റെഡി ആയി കരൺ അപ്പുറത്തുണ്ടാകും. അങ്ങനെ വർഷങ്ങൾ കടന്നു പോയി.

കളിയിൽ നിന്ന് റിട്ടയർ ചെയ്ത കരൺ സിംബാബ്‌വെയിലേക്ക് തിരിച്ചു പോയി. അദ്ദേഹത്തിന് മൂന്നു മക്കളായിരുന്നു : ടോം കരൺ, ബെൻ കരൺ, സാം കരൺ. സിംബാബ്വേ ക്രിക്കറ്റിന്റെ അസിസ്റ്റന്റ് കോച്ച് ആയും, ഹെഡ് കോച്ച് ആയും കെവിൻ സേവനമനുഷ്ഠിച്ചു. ഇതിനിടയിൽ നമീബിയൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് ആയും കുറച്ചു നാൾ പ്രവർത്തിച്ചു. സിംബാബ്വേ ക്രിക്കറ്റ് ടീം കോച്ച് ആയി അദ്ദേഹത്തെ നിയമിച്ചത് പല കളിക്കാർക്കും ഇഷ്ടമായില്ല. ഒപ്പം എല്ലാവരുമായി ഒത്തു പോകാൻ അദ്ദേഹത്തിന് സാധിച്ചതുമില്ല. കെവിൻ കരൺ കോച്ച് ആയിരുന്ന കാലത്ത് പ്ലയേഴ്‌സിന്റെ ഡിസ്പ്യൂട് മൂലം സിംബാബ്വേ ക്രിക്കറ്റ് ടീം ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് പിന്മാറുക വരെ ചെയ്തു.

റോബർട്ട് മുഗാബെ ഭരണത്തിൽ എത്തിയ ശേഷം കെവിന്റെ ജീവിതം ദുസ്സഹമായിത്തുടങ്ങി. അദ്ദേഹത്തിന്റെ പല പരിഷ്കാരങ്ങളും മറ്റുള്ളവരെ എന്നപോലെ കെവിനെയും ബാധിച്ചു. എങ്കിലും കെവിനും കുടുംബവും ആ നാട്ടിൽ തന്നെ തുടർന്ന്.2012 ഒക്ടോബർ 10.എന്നത്തേയും പോലെ ഒരു സാധാരണ ദിവസം. രാവിലെ ജോഗ്ഗിങ്ങിനു പോയ കെവിൻ വഴിയിൽ കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. അങ്ങനെ, ഫിട്നെസ്സിനു വളരെയധികം പ്രാധാന്യം നൽകിയിരുന്ന ആ ക്രിക്കറ്റർ തന്റെ 53 ആം വയസിൽ അന്തരിച്ചു.

അന്ന് ടോമിനും ബെന്നിനും സാമിനും പ്രായം യഥാക്രമം 17, 16, 14. വളരെ ചെറുപ്പത്തിൽ തന്നെ കെവിൻ അവരെ ക്രിക്കറ്റിലേക്ക് വഴി തിരിച്ചു വിട്ടിരുന്നു. പക്ഷെ അച്ഛന്റെ മരണവും സിംബാബ്വേയിലെ സാഹചര്യവും അവരെ ജീവിതത്തിലെ ഏറ്റവും സന്ദിഗ്ധാവസ്ഥയിൽ എത്തിച്ചു. അപ്പോഴാണ് അലൻ ലാമ്പിന്റെ രംഗപ്രവേശം. തന്റെ പഴയ സുഹൃത്തിന്റെ കുടുംബത്തിന്റെ ചുറ്റുപാടുകൾ അറിഞ്ഞ അദ്ദേഹം അവരെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചു. പക്ഷെ കെവിന്റെ ഭാര്യ അതിനു തയ്യാറായില്ല. ഭർത്താവ് ഉറങ്ങുന്ന മണ്ണ് വിട്ടു പോകാൻ അവരുടെ മനസ് സമ്മതിച്ചില്ല. ലാംപ് പിന്നെയും പിന്നെയും തന്റെ ശ്രമം തുടർന്ന് കൊണ്ടേയിരുന്നു. മക്കളെയെങ്കിലും ഇംഗ്ലൺടിലെക്ക് വിടാൻ ലാംപ് അവരോട് അഭ്യർത്ഥിച്ചു. അവസാനം, ലാമ്പിന്റെ സ്‌നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി, മക്കളുടെ ഭാവിയോർത്ത് അവരെ ലാമ്പിനൊപ്പം വിടാൻ ലേഡി കെവിൻ സമ്മതിച്ചു. അന്നത്തെ സിംബാബ്വേ കോച്ച് ആയിരുന്ന മുൻ ഓസ്‌ട്രേലിയ താരം ജെഫ് മാർഷിന്റെ സഹായത്തോടെ ലാംപ് അവരെ ഇംഗ്ലണ്ടിലേക്ക് കൊണ്ട് വന്നു.

ഇംഗ്ലണ്ടിലെത്തിയ കെവിൻ സഹോദരങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ലാംപ് ചെയ്തു കൊടുത്തു. താമസം, ഭക്ഷണം, പഠനം, ക്രിക്കറ്റ് കോച്ചിങ് എന്ന് വേണ്ട, അവർക്ക് വേണ്ട എല്ലാമൊരുക്കുന്നതിൽ ലാംപ് പ്രത്യേകം ശ്രദ്ധ ചെലുത്തി. തന്റെ ആത്മസുഹൃത്തിന്റെ മക്കൾ ഒരിക്കലും വിഷമിക്കരുത് എന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ലാംപ് എന്ന നല്ല മനുഷ്യന്റെ മനസിനെ എത്ര പ്രകീർത്തിച്ചാലാണ് മതിയാവുക.

അന്ന് തൊട്ട് കരൺ സഹോദരങ്ങളുടെ ഗോഡ് ഫാദറാണ് അലൻ ലാംപ്. എന്തിനും ഏതിനും അവർക്കൊപ്പം ലാംപ് നിന്നു. കിട്ടിയ അവസരങ്ങൾ തങ്ങളുടെ പ്രതിഭ മൂർച്ച കൂട്ടിയെടുക്കാൻ ഉപയോഗിച്ച കരൺ സഹോദരങ്ങൾ അവരുടെ അച്ഛൻ ആഗ്രഹിച്ച പോലെ തന്നെ മികച്ച ക്രിക്കറ്റ് താരങ്ങളായി മാറി. ടോമും സാമും ഇംഗ്ലണ്ട് നാഷണൽ കളിച്ചെങ്കിലും ബെന്നിന് ഇംഗ്ലീഷ് കൗണ്ടി വരെ എത്താൻ മാത്രമേ ഇതുവരെ സാധിച്ചിട്ടുള്ളു.

ആ മൂന്നു പേരിൽ സാം ആണ് ഏറ്റവും മിടുക്കൻ. ഇന്ന് ഫൈനൽ വേദിയിൽ നിന്ന് കൊണ്ട് മാന് ഓഫ് ദി മാച്ച് – മാന് ഓഫ് ദി സീരീസ് പുരസ്‌കാരങ്ങൾ സ്വീകരിക്കുമ്പോൾ, ഇതിനപ്പുറം എന്ത് സന്തോഷമാണ്, എന്ത് പ്രത്യുപകാരമാണ് സാമിന് തന്റെ ലാംപ് അങ്കിളിനു ചെയ്തുകൊടുക്കാൻ ആകുക.
ലാമ്പിനെ സംബന്ധിച്ച്, താൻ ഉൾപ്പെട്ട ടീമിനെ ലോകകപ്പ് ഫൈനലിൽ തോൽപിച്ച അതെ ടീമിനെ തന്നെ, 30 വർഷങ്ങൾക്കിപ്പുറം താൻ വളർത്തി വലുതാക്കിയ ഒരു പയ്യനിലൂടെ അന്നത്തെ അതെ വേദിയിൽ വെച്ച് തോല്പിച്ച് തന്റെ രാജ്യം ചാമ്പ്യന്മാർ ആകുമ്പോൾ അതിനപ്പുറം എന്താണ് ആഗ്രഹിക്കാനുളളത്…….

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ