Suparna KR
“നമ്മക്കിട്ടെ കാടിര്ന്താൽ എടുത്ത്കിട്ട്ടവാങ്ക, പൂവായിരുന്താൽ പുടിങ്കിടുവാങ്ക…ആനാ പഠിപ്പു മട്ടും നമ്മക്കിട്ടുറുന്ത് എടുത്ത്ക്കവേ മുടിയാത്…. ” -വെട്രിമാരന്റെ അസുരൻ ക്ലൈമാക്സിൽ ധനുഷ് ചെയ്ത കഥാപാത്രമായ ശിവസാമി പറയുന്നതാണിത്.
“ദളിതർ സിനിമ എടുക്കേണ്ടെന്നാണ് ഇവരുടെ നിലപാട്. നാളെ ഞങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് പേടിയുണ്ട്. ഡയറക്ടർ രാജി വെക്കാതെ ഇവിടെ ഇതൊന്നും മാറില്ല” – ഇത് സിനിമ ഡയലോഗ് ഒന്നുമല്ല.കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ ജാതി വിവേചനത്തിനെതിരെയുള്ള ശബ്ദങ്ങളിൽ ഒന്നുമാത്രമാണിത്.ദളിത് വിദ്യാർത്ഥികളെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ജാതി വിവേചനം അരങ്ങേറിയിട്ടും മൗനം പാലിച്ചിരിക്കുകയാണ് അധികൃതർ.
ക്ഷമിക്കണം മേൽ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്. അധികൃതർ നിലപാട് സ്വീകരിച്ചു.
“സംവരണ അട്ടിമറിയിൽ ആരോപണവിധേയനായ അടൂർ ഗോപാലകൃഷ്ണനാണ് കേരള ചലച്ചിത്ര അക്കാദമി ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടകൻ” മീഡിയ ഇതുവരെ???? ദീപിക പദുക്കോണിന്റെ “പത്താൻ “നീതി കിട്ടാൻ നോർത്ത് വരെ പോയിരിക്കുവാണ്, അതിന്റെ ഇടയ്ക്ക് കേരളത്തിൽ കുറച്ചു പിള്ളേര് കൂടി ലോയൽ ഫാമിലിയിലുള്ള ഒരാളെ ജാതിക്കോമരമെന്ന് വിളിക്കുന്നതാണോ പ്രശ്നം?
2022 IFFK വേദിയിൽ സംവിധായകൻ ജിയോ ബേബി പ്രതികരണം –“ആരും മിണ്ടിയില്ല, ഞാനുൾപ്പെടെ മിണ്ടിയില്ല, ഇപ്പോൾ മിണ്ടാനുള്ള വലിയൊരു അവസരമാണ്. അത് കേവലം കെ. ആർ. നാരായണനിലെ പ്രശ്നം മാത്രമല്ല. ഇവിടെ മൗനമാണ് ഓകെ അടിച്ചുപോയത് സാമ്പത്തിക സംവരണമൊക്കെ, ജാതിയില്ലാത്തകൊണ്ട് ആണല്ലോ ആ സംവരണമൊക്കെ വരുന്നത്.പക്ഷേ, ജാതിയുണ്ട് എല്ലാ ദിവസവുമുണ്ട്, എല്ലായിടത്തുമുണ്ട്. ഇപ്പൊൾ സംസാരിക്കണം നമ്മൾ. കൂടെ നിൽക്കണം എല്ലാവരും.”
NB: സിനിമ കണ്ടു അഭിപ്രായം പറയണമെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് പരിജ്ഞാനം വേണമെന്ന അവകാശവാദവും,നാഷണൽ അവാർഡ് കിട്ടണമെങ്കിൽ സംഗീതം പഠിച്ചിരിക്കണമെന്നും പറയുന്നതും ഈ കേരളത്തിൽ തന്നെയാണ് .ഫാസിസത്തിനും ജാതീയതയ്ക്കും ചുക്കാൻ പിടിക്കുന്ന കേരളം. കൂടെ നിൽക്കാം, അവർ വിദ്യാർത്ഥികളാണ്… അവരുടെ അവകാശങ്ങൾ അവർക്ക് ലഭ്യമാവണം.
ഈ വിഷയത്തെ കുറിച്ച് സംവിധായകൻ വി സി അഭിലാഷ് എഴുതിയത്
പ്രിയപ്പെട്ടവരെ, ഇത്തവണ iffk യ്ക്ക് എത്തിയിട്ടുള്ളവരും അല്ലാത്തതുമായ എല്ലാ സിനിമാസ്വാദകരുടെയും അറിവിലേക്കായി,സിനിമ ഒരിടത്തും അക്കാദമികമായി പഠിക്കാൻ അവസരം കിട്ടാത്ത, രണ്ട് സിനിമകൾ മാത്രം സംവിധാനം ചെയ്ത ഒരാൾ എന്ന നിലയിൽ എഴുതുന്നത്…കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അതി ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്.
ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ ആ വിദ്യാർത്ഥി സമരത്തിൻ്റെ മുൻനിരയിലുള്ള ഒരു കുട്ടിയുമായി ഞാൻ സംസാരിച്ചിരുന്നു. അറിഞ്ഞവ ഏകപക്ഷീയമാവരുത് എന്നതിനാൽ മറ്റ് ചിലയിടങ്ങളിലും അന്വേഷണം നടത്തി.ഞെട്ടിക്കുന്ന കാര്യങ്ങളാണ് എല്ലാം!!ഡയറക്ടർ പദവി വഹിക്കുന്ന ശങ്കർ മോഹന്റെ പ്രവർത്തന കാലയളവിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സംഭവങ്ങളിൽ ചിലത് ഞാനറിഞ്ഞവ താഴെ സൂചിപ്പിക്കുന്നു.
👉🏿 ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളെക്കൊണ്ട് വർഷങ്ങളോളം നിർബന്ധിത വീട്ടുജോലിയെടുപ്പിച്ചു. അയിത്തം, തൊട്ടുകൂടായ്മ പോലുള്ള ജാതീയ വിവേചനങ്ങൾ അവർക്കവിടെ അനുഭവിക്കേണ്ടി വന്നു. ഇതിനെതിരെ പരാതിപ്പെടുകയാണെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിയിൽ നിന്നും പുറത്താക്കപ്പെടുമെന്ന് ഭീഷണിപ്പെടുത്തി.
👉🏿 ദളിത് വിഭാഗത്തിൽപ്പെട്ട, ഇൻസ്റ്റിട്യൂട്ടിൽ ക്ലർക്ക് പദവിയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിക്കും ജാതീയമായ ഇത്തരം വിവേചനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വിവേചനങ്ങൾക്കും മാനസിക പീഢനങ്ങൾക്കും എതിരെ ബഹു. മുഖ്യമന്ത്രിക്കടക്കം അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.
👉🏿 2022 ലെ ബാച്ചിന്റെ അഡ്മിഷൻ സമയത്ത്, സംവരണം അട്ടിമറിച്ചു കൊണ്ട് എഡിറ്റിംഗ് വിഭാഗത്തിൽ ആകെയുള്ള പത്ത് സീറ്റിൽ നാലെണ്ണം ഒഴിഞ്ഞു കിടന്നിട്ടും (സീറ്റുകൾ ഒഴിച്ചിടാൻ പാടില്ലെന്ന ഗവണ്മെന്റ് ഉത്തരവ് നിലനിൽക്കെ), ഒരു ദളിത് വിദ്യാർത്ഥിക്ക് സീറ്റ് നിഷേധിച്ചു.
👉🏿 ഇ ഗ്രാന്റിന്റെ ലഭ്യതക്ക് വേണ്ടി സമരം ചെയ്തു എന്ന കാരണം കൊണ്ട് ഒരു വിദ്യാർത്ഥിയോട് പ്രതികാര
മനോഭാവത്തോടെ പെരുമാറുകയും, ഫൈനൽ ഡിപ്ലോമ പ്രോജെക്ടിൽ നിന്നും അയാളെ ഒഴിവാക്കി പകരം വിദ്യാർത്ഥി അല്ലാത്ത മറ്റൊരാളെ ഉൾക്കൊള്ളിക്കുകയും ചെയ്തു.
👉🏿 ഓ ഇ സി വിഭാഗത്തിനുള്ള നിയമപരമായ ഫീസ് ഇളവുകൾ ഇൻസ്റ്റിട്യൂട്ടിൽ നിന്നും ലഭ്യമാക്കാത്തതിനാൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം മറ്റൊരു വിദ്യാർത്ഥിക്ക് സിനിമാട്ടോഗ്രഫി പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു!!
👉🏿 കൃത്യമായ നോട്ടിഫിക്കേഷൻ ഇല്ലാതെ ഡീൻ, പ്രൊഡക്ഷൻ കൺട്രോളർ, ആർട്ട് ഡയറക്ടർ എന്നീ തസ്തികയിലേക്കുള്ള നിയമനങ്ങൾ നടത്തി. അധ്യാപന രംഗത്ത് യാതൊരുവിധ മുൻപരിചയവും ഇല്ലാത്ത വ്യക്തികളെ അധ്യാപകരായി നിയമിച്ചു. ക്ലാസുകളുടെ ഗുണനിലാവരത്തെപ്പറ്റി വിദ്യാർത്ഥികളുടെ നിരന്തരമായ പരാതികൾ ഉണ്ടായിട്ടും അവരെ സംരക്ഷിക്കുന്ന നടപടിയാണ് ഡയറക്ടർ സ്വീകരിച്ചത്.
👉🏿 ശാസ്ത്രീയമായ പഠനങ്ങൾ ഇല്ലാതെ, മുൻപ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തി പരാജയപ്പെട്ട രണ്ട് വർഷ പി ജി ഡിപ്ലോമയിലേക്ക് നിലവിലുണ്ടായിരുന്ന 3 വർഷ കോഴ്സിനെ വെട്ടിച്ചുരുക്കി പ്രാബല്യത്തിൽ വരുത്തി. പുതിയ രണ്ട് വർഷ ബാച്ചിന്റെ ക്ലാസുകൾ തുടങ്ങി ഏതാണ്ട് ഒരു മാസം ആയിട്ടും കൃത്യമായ സിലബസോ, അക്കാദമിക് കലണ്ടറോ നൽകുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
👉🏿 വിദ്യാർത്ഥികളുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുള്ള ക്ലോസുകൾ ഉൾപ്പെടുത്തി ഒരു ഇൻഡെമിനിറ്റി ബോണ്ട് അഡ്മിഷൻ സമയത്ത് നിർബന്ധപൂർവ്വം ഒപ്പിട്ട് വാങ്ങി. ഡയറക്ടറുടെ ഇഷ്ടത്തിനനുസരിച്ച് , അതതു സമയങ്ങളിൽ കൊണ്ട് വരുന്ന നിയമങ്ങൾ അനുസരിക്കാൻ വിദ്യാർത്ഥികൾ ബാധ്യസ്ഥരാണെന്നും, അല്ലാത്ത പക്ഷം അവരെ പുറത്താക്കാൻ ഉള്ള സർവ്വാധികാരം ഡയറക്ടർക്ക് ഉണ്ട് എന്നതുമുൾപ്പെടെയുള്ള അപകടകരമായ നിബന്ധനകളാണ് ഇതിൽ ഉള്ളത്.
👉🏿 ഏറ്റവും ഒടുവിൽ iffk യ്ക്ക് എത്തിയ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുളള താമസ സൗകര്യം അവസാന നിമിഷം ഡയറക്ടർ നേരിട്ട് വിളിച്ച് ക്യാൻസൽ ചെയ്യിപ്പിച്ചു.!! പാതിരാത്രി പെരുവഴിയിലായ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾക്ക് പിന്നീട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ മൂലമാണ് താമസം ശരിയായത്.കഥ ഇവിടെ തീരുന്നില്ല.
ചുരുക്കത്തിൽ ദളിത് വിവേചനം മാത്രമല്ല, എല്ലാത്തരത്തിലുമുള്ള വലിയ പീഡനങ്ങളും അവിടെ നടക്കുന്നുണ്ട്. ചെയർമാൻ ശ്രീ. അടൂർ ഗോപാലകൃഷ്ണനും ഇപ്പോൾ ഈ കുട്ടികളെ പുശ്ചത്തോടെ അവഗണിക്കുന്നു! അദ്ദേഹം പറയുന്നത് ഈ കുട്ടികളെ ഇത്ര മാത്രം ദ്രോഹിക്കുന്ന
‘ഡയറക്ടർ ശങ്കർ മോഹൻ നല്ല കുടുംബത്തിൽ (അദ്ദേഹത്തിൻ്റെ ഭാഷയിൽ well-mannered person from a noble family) ജനിച്ചയാളാണ്, അയാൾ അങ്ങനെയൊന്നും ചെയ്യില്ലെ’ന്നുമാണ്. സമരക്കാർ ‘ജാതിയിരവാദം’ ഉണ്ടാക്കുകയാണ് എന്നും ആ ‘ആചാര്യൻ’ പറയുന്നുണ്ട്.
(പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലോ ഡൽഹി JNU വിലോ ആണ് ഈ സമരമെങ്കിൽ അദ്ദേഹം എന്ത് നിലപാടെടുക്കും എന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.) എന്തായാലും അടൂരിൻ്റെ വാക്കുകൾക്ക് കാലം വിലയിടട്ടെ. എന്നാൽ ഞാൻ ആ മനുഷ്യന് കൊടുത്തിരുന്ന വില ഈ പ്രതികരണത്തോടെ തകർന്നു എന്ന് പറയാതെ വയ്യ.നിലവിൽ ഈ കുട്ടികളുടെ സമരത്തിന് കാര്യമായ പൊതുജനശ്രദ്ധ കിട്ടിയിട്ടില്ല.
സിനിമയെ സ്നേഹിക്കുന്ന നമ്മൾ എല്ലാവരും ഈ വിഷയം അറിയേണ്ടതുണ്ട്.
ചലച്ചിത്ര പ്രവർത്തകരും ആസ്വാദകരും ഈ സമരം ഏറ്റെടുക്കേണ്ടതുണ്ട്.എല്ലാക്കൊല്ലവും ഈ ദിവസം iffk സ്ഥലത്ത് കൂട്ടുകാർക്കൊപ്പം കറങ്ങി നടക്കാറുള്ള ഞാൻ കഴിഞ്ഞ രണ്ടു ദിവസങ്ങളായി മുഴുവൻ സമയവും വീട്ടിലിരുന്ന് ഈ വിഷയം സകലരേയും അറിയിക്കാൻ എന്നെക്കൊണ്ടാവും വിധം ശ്രമിക്കുകയായിരുന്നു.
ഇനി നിങ്ങളും ഈ വിഷയത്തിൽ ഇടപെടേണ്ടതുണ്ട്. ഈ കുട്ടികളുടെ പ്രതിഷേധത്തിനൊപ്പം നൽകേണ്ടതുണ്ട്.
സമാധാനപരമായി, ജനാധിപത്യ പരമായി നീതി അവർക്ക് ലഭ്യമാക്കി ക്കൊടുക്കേണ്ടതുണ്ട്.
നാളത്തെ നല്ല സിനിമയുടെ പ്രതീക്ഷയാണ് ആ സ്ഥാപനവും ആ കുട്ടികളും. ഞാനെന്തായാലും
ഈ കുട്ടികൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു. ഇല്ലെങ്കിൽ പിന്നെന്ത് സിനിമാക്കാരൻ
***
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സി (KRNNIVSA) ലെ വിദ്യാർത്ഥികൾ ശ്രീ. അടൂർ ഗോപാലകൃഷ്ണന് നൽകുന്ന മറുപടി.👇
പ്രിയപെട്ട
ശ്രീ അടൂർ ഗോപാലകൃഷ്ണൻ,
The Cue, TheSouthFirst എന്നീ മാധ്യമങ്ങൾക്ക് താങ്കൾ നൽകിയ മറുപടികൾ കണ്ടു. ഞങ്ങൾ അനുഭവിച്ച വിവേചനങ്ങളും പറഞ്ഞ സത്യങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങൾ മാത്രമാണ് എന്ന് അങ്ങ് പറഞ്ഞതായി അതിലൂടെ അറിയുന്നു. പെൺകുട്ടികളും മലയാളം സംസാരിക്കാൻ പോലും അറിയാത്ത വിദ്യാർഥികളും ഉൾപ്പെട്ട സംഘത്തെ, രാത്രി 11 മണി വരെ, നൽകിയ മുറി വരെ ക്യാൻസൽ ചെയ്ത് തിരുവനന്തപുരം നഗരത്തിൽ ഇറക്കി വിട്ടത്തിന് താങ്കൾ നൽകിയ മറുപടിയും വായിച്ചു. കടുത്ത മനുഷ്യാവകാശലംഘനം നേരിട്ട 5 സ്ത്രീകളുടെ തുറന്ന് പറച്ചിലുകളെ നിലനിൽപിന് വേണ്ടിയുള്ള കേവലം നുണകളായി കണ്ടുള്ള ഉത്തരങ്ങളും ശ്രദ്ധാപൂർവം വായിച്ചു.
താങ്കൾ ചെയർമാനായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വിദ്യാർഥികളും ജീവനക്കാരും വളരെയേറെ ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ താങ്കൾ ഇതിനെ കുറിച്ച് ഈ ജീവനക്കാരോടോ, വിദ്യാർഥികളോടൊ സംസാരിച്ചിട്ടുണ്ടോ?, വിദ്യാർഥികൾ വളരെ വിശദമായി താങ്കൾക്ക് നൽകിയ പരാതിയിന്മേൽ മറുപടിയോ, ഒരു ചർച്ചയോ ഉണ്ടായിട്ടുണ്ടോ? പിന്നെ എങ്ങനെയാണ് താങ്കൾ ഞങ്ങൾ പറഞ്ഞത് മുഴുവൻ നുണയാണ് എന്നും, ഞങ്ങൾ ഈ മഹത്തായ സ്ഥാപനത്തെ നശിപ്പിക്കുന്നവരാണ് എന്നുമുള്ള ആരോപണങ്ങളിലേക്ക് എത്തിയത്?, ഞങ്ങളുടെ ഏതു പ്രവർത്തിയാണ് ഈ ആരോപണങ്ങൾക്ക് താങ്കളെ പ്രേരിപ്പിച്ചത്?താങ്കൾ സത്യവാചകം ചൊല്ലി തന്ന് ചുമതലയേറ്റ സ്റ്റുഡന്റ്സ് കൗൺസിൽ ആണ് ശങ്കർ മോഹന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. ആരോപണ വിധേയനായ
ശങ്കർ മോഹനെ “കുലീന കുടുംബത്തിൽ ജനിച്ചയാൾ” എന്നും വിശേഷിപ്പിച്ചു കണ്ടു. എങ്ങനെയാണ് സാർ ഒരാളുടെ കുടുംബ പശ്ചാത്തലം അയാൾക്ക് നേരെ ഉയർന്ന ആരോപണങ്ങൾക്കുള്ള മറുപടിയാക്കുന്നത്? എന്ത് കൊണ്ടാണ് താങ്കൾ ഈ വ്യക്തിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്?
സംവരണലംഘനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ് എന്ന് താങ്കൾ പറഞ്ഞുവല്ലോ, പിന്നെ എങ്ങനെയാണ് 2022 ബാച്ചിലെ ഡയറക്ഷൻ ഡിപ്പാർട്ട്മെന്റിലെ മുഴുവൻ സീറ്റിലും ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് മാത്രം അഡ്മിഷൻ ലഭിച്ചത്?. എഡിറ്റിങ്ങിൽ ആകെയുള്ള പത്ത് സീറ്റുകളിൽ നാലെണ്ണം ഒഴിച്ചിട്ടപ്പോഴും എന്തുകൊണ്ട് ആണ് SC/ST വിഭാഗത്തിൽ ശരത്ത് എന്ന വിദ്യാർഥിക്ക് അർഹതപ്പെട്ട സംവരണ സീറ്റ് നൽകാതെ പോയത്? സംവരണ ലംഘനം ഉണ്ടായിട്ടില്ല എങ്കിൽ എന്തുകൊണ്ടാണ് ആ വിദ്യാർത്ഥിക്ക് സീറ്റ് നൽകണം എന്ന കോടതി ഉത്തരവ് ഉണ്ടായത്? ശങ്കർ മോഹൻ പറഞ്ഞ പോലെ യോഗ്യത ഇല്ലാത്ത വിദ്യാർത്ഥി ആയിരുന്നു ശരത് എങ്കിൽ എങ്ങനെയാണ് SRFTI കൊൽക്കത്ത പോലെ മികച്ച ഒരു സ്ഥാപനത്തിൽ അയാൾക്ക് സീറ്റ് ലഭിച്ചത്? ഞങ്ങൾ പറയുന്നത് നുണകൾ ആണെങ്കിൽ ഇതു സംബന്ധിച്ച സത്യങ്ങൾ താങ്കൾ വെളിപ്പെടുത്തുമല്ലോ.
താങ്കളോട് കൺസൾട്ട് ചെയ്ത ശേഷം മാത്രമാണ് ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് എല്ലാം നടക്കുന്നത് എന്ന് താങ്കൾ പറഞ്ഞല്ലോ, വിദ്യാർഥികളുടെ അവകാശങ്ങൾ ലംഘിക്കുന്ന ക്ലോസുകൾ അടങ്ങുന്ന മുദ്രപത്രങ്ങൾ ഓരോ വിദ്യാർത്ഥിയിൽ നിന്നും ഒപ്പിട്ട് വാങ്ങിയത് അങ്ങയുടെ അറിവോട് കൂടെ തന്നെയാണോ?, വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്തേക്ക് പോകാൻ HOD യുടെ അനുവാദം വേണം എന്നും അല്ലെങ്കിൽ പിഴ നൽകണം എന്നുമുള്ള ക്ലോസ് താങ്കളുടെ കൂടെ അറിവോടെ ചേർത്തതാണോ?, മാറി മാറി വരുന്ന ഡയറക്റ്ററുടെ എല്ലാ ഓർഡറുകളും വിദ്യാർഥികൾ അനുസരിക്കണം എന്നും ഇതൊക്കെ ലംഘിക്കുന്ന പക്ഷം വിദ്യാർത്ഥിയെ പുറത്താക്കാൻ പോലും ഇൻസ്റ്റിറ്റ്യൂട്ടിന് കഴിയും എന്നിങ്ങനെ ഉള്ള ക്ലോസുകൾ താങ്കൾ കൂടെ അറിഞ്ഞു കൊണ്ട് കൊണ്ടുവന്നതാണോ?
ശങ്കർ മോഹൻ എന്ന ഡയറക്റുടെ ന്യായങ്ങൾ മാത്രം കേട്ടിട്ട് താങ്കൾ പ്രതികരിക്കും മുൻപേ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ നേരിടുന്ന വിവേചനങ്ങൾ, ഞങ്ങൾ കടന്നു പോകുന്ന മാനസിക സമ്മർദങ്ങൾ എന്നിവയെ കുറച്ചു കൂടി താങ്കൾ അറിയേണ്ടതുണ്ട്. വിവേചനം നേരിട്ടു എന്ന് പറഞ്ഞ ജീവനക്കാരെ കൂടി താങ്കൾ കേൾക്കേണ്ടതുണ്ട്.
***

