പുതിയ കേന്ദ്രപാക്കേജ്‌ സഞ്ചിയിലും കാശില്ല

46
Misleading Lok Sabha on Rafale deal issue: Privilege notices ...

കെ. സഹദേവന്‍

മെയ് 12-ാം തീയ്യതി രാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്  നടത്തിയ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞ ഒരു കാര്യം “ആത്മനിര്‍ഭര്‍ത’ (സ്വയം പര്യാപ്തത) യെക്കുറിച്ചായിരുന്നു. പിന്നീട് രാജ്യം നേരിടുന്ന സാമ്പത്തിക പ്രയാസത്തില്‍ നിന്ന് മുക്തിനേടുന്നതിനായി 20 ലക്ഷം കോടിയുടെ ആശ്വാസ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അടുത്ത ദിവസം തന്നെ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മെയ് 13-ാം തീയ്യതി വൈകീട്ട് നാല് മണിക്ക് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും ഇംഗ്ലീഷിലും ഹിന്ദിയിലുമായി വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു. സത്യം പറയണമല്ലോ. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭരതാ പ്രഖ്യാപനത്തില്‍ നിന്ന് ഒരിഞ്ചുപോലും പിറകോട്ട് പോകാന്‍ ധനമന്ത്രി സീതാരാമന്‍ തയ്യാറായില്ല.

modi
പ്രധാനമന്ത്രി നരേന്ദ്ര മോദി

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച പാക്കേജിനെ ഇങ്ങനെ ചുരുക്കിയെഴുതാം:
വ്യാപാരമോ വ്യവസായമോ ചെയ്യണമെങ്കില്‍ ലോണ്‍ എടുക്കുക; ഞങ്ങള്‍ ലിക്വിഡിറ്റി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നികുതി അടക്കുന്നതില്‍ പ്രയാസം അനുഭവിക്കുന്നുണ്ടോ?. എങ്കില്‍ കുറച്ച് ദിവസം കഴിഞ്ഞ് അടച്ചാല്‍ മതി. ശമ്പളം കൂടുതല്‍ വേണമെന്നോ?; സേവിംഗ്‌സ് കുറച്ചാല്‍ മതി, പ്രൊവിഡണ്ട് ഫണ്ട് 12%ത്തില്‍ നിന്നും 10%മായി കുറച്ചിട്ടുണ്ട്. അതായത് സ്വന്തം കാര്യം സ്വയം നോക്കിക്കൊള്ളാന്‍ തന്നെയാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടതും ധനമന്ത്രി “സവിശേഷ പാക്കേജായി’ പ്രഖ്യാപിച്ചതും!
ഇനി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച കണക്കുകളിലൂടെ ഒന്ന് കടന്നുപോകാം. 

 

ധനമന്ത്രി പ്രഖ്യാപിച്ചത് ഒരു റിലീഫ് പാക്കേജ് അല്ലെന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇതൊരു ഫിനാന്‍ഷ്യല്‍ പാക്കേജ് മാത്രമാണ്. ഈ പാക്കേജ് വഴി ഒരു രൂപയുടെ പോലും പ്രവാഹം സമ്പദ് വ്യവസ്ഥയിലേക്ക് പുതുതായി കടന്നുവരാന്‍ പോകുന്നില്ല

ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍ക്ക് (MSME) ഈടില്ലാത്ത വായ്പയ്ക്കായ്  – 3 ലക്ഷം കോടി രൂപ, MSMEകള്‍ക്ക് സബോര്‍ഡിനേറ്റ് ഡെബ്റ്റ്  – 20,000 കോടി രൂപ, MSME കള്‍ക്ക് ഓഹരികള്‍ നിവേശിപ്പിക്കുന്നതിനായി (Equity Infusion)- 50,000 കോടി, ജീവനക്കാരുടെ പ്രൊവിഡണ്ട് ഫണ്ട് 12%ത്തില്‍ നിന്നും 10% ആയി കുറയ്ക്കുന്നതിനായ് –  9,750 കോടി,  ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളുടെ ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കുന്നതിനായ് – 30,000 കോടി, ബാങ്കേതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം –  45,000 കോടി
വൈദ്യുതി വിതരണ കമ്പനികളുടെ ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കുന്നതിനായ് – 90,000 കോടി, TDS(Tax Deduction at Source), TCS (Tax Collection at Source) ഇളവ് – 50,000 കോടി. 

Nirmala-Sitharaman-1.jpg
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍

മുകളില്‍ സൂചിപ്പിച്ച പദ്ധതികളും അവയ്ക്കായ് മാറ്റിവെച്ച തുകകളും ചേര്‍ത്ത് വെച്ചാല്‍ ഏകദേശം 6 ലക്ഷം കോടി രൂപയുടെ പദ്ധതി മാത്രമാണ് കോവിഡ് പാക്കേജെന്ന നിലയില്‍ നിര്‍മ്മലാ സീതാരാമന്‍ ഇന്നലെ പ്രഖ്യാപിച്ചത്. ഇതില്‍ കൂടുതല്‍ എന്തെങ്കിലും ധനമന്ത്രി പ്രഖ്യാപിക്കാന്‍ പോകുന്നുവോ? അറിയില്ല എന്നാണ് ഉത്തരം. 
അപ്പോള്‍ കഴിഞ്ഞ ഒന്നര മാസക്കാലമായി തൊഴിലെടുക്കാന്‍ സാധിക്കാത്ത 50 കോടിയോളം വരുന്ന തൊഴിലാളികള്‍?
കാര്‍ഷിക ഉത്പന്നങ്ങള്‍ വിളവെടുക്കാനോ വിറ്റഴിക്കാനോ സാധിക്കാത്ത കര്‍ഷകര്‍?
തൊഴില്‍ നഷ്ടപ്പെട്ട 14 കോടിയോളം വരുന്ന ജനങ്ങള്‍?
ഇപ്പോഴും തെരുവിലൂടെ നടന്നുകൊണ്ടിരിക്കുന്ന പതിനായിരങ്ങള്‍?
ഇവര്‍ക്കൊക്കെ വേണ്ടി എന്ത് ആശ്വാസ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്?

വളരെ കൃത്യമായി പറഞ്ഞാല്‍ മേല്‍പ്പറഞ്ഞ ഒരു വിഭാഗത്തെയും പരിഗണിക്കുന്നതല്ല ഈ പാക്കേജ്. ധനമന്ത്രി പ്രഖ്യാപിച്ചത് ഒരു റിലീഫ് പാക്കേജ് അല്ലെന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇതൊരു ഫിനാന്‍ഷ്യല്‍ പാക്കേജ് മാത്രമാണ്. ഈ പാക്കേജ് വഴി ഒരു രൂപയുടെ പോലും പ്രവാഹം സമ്പദ് വ്യവസ്ഥയിലേക്ക് പുതുതായി കടന്നുവരാന്‍ പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

ലോക്ഡൗൺ കാരണം വിൽക്കാൻ കഴിയാതെ വയലുകളിൽ തന്നെ സൂക്ഷിച്ചിരിക്കുന്ന ഉള്ളി
ലോക്ഡൗൺ കാരണം വിൽക്കാൻ കഴിയാതെ പഞ്ചാബിലെ വയലുകളിൽ തന്നെ സൂക്ഷിച്ചിരിക്കുന്ന ഉള്ളി.

ലോകത്ത് ഒരു രാജ്യത്തും തങ്ങളുടെ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിക്കുന്ന മോണിറ്ററി പാക്കേജുകളെ റിലീഫ് പാക്കേജായി പ്രഖ്യാപിക്കുന്ന രീതി കാണാന്‍ കഴിയില്ല. എന്നാല്‍ ഇന്ത്യയില്‍ സമീപകാലത്ത് അത്  വളരെ സ്വാഭാവികമെന്ന രീതിയില്‍ നടന്നുവരുന്നതായി കാണാന്‍ കഴിയും. കഴിഞ്ഞ രണ്ടര മാസക്കാലയളവില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ ലിക്വിഡിറ്റി പ്രതിസന്ധി കുറയ്ക്കുന്നതിനായ് ഏകദേശം 8 ലക്ഷം കോടി രൂപയുടെ ആശ്വാസ നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ധനമന്ത്രി അവതരിപ്പിച്ച കോവിഡ് പാക്കേജില്‍ ഇത് കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് എന്നറിയുക. ഇതു കൂടി ചേര്‍ത്താല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച “20ലക്ഷം കോടി പാക്കേജി’ന്റെ 70ശതമാനമായി! കേന്ദ്ര സര്‍ക്കാരിന്റെ ഈയൊരു നടപടി കേവലം നൈതികതയുടെ മാത്രം പ്രശ്‌നമല്ലെന്നുമാത്രമല്ല ജനങ്ങളെ നേര്‍ക്കുനേര്‍ വിഡ്ഢികളാക്കുക കൂടിയാണ് ചെയ്യുന്നത്. 

 

കേന്ദ്ര സര്‍ക്കാരിന്റെ ഈയൊരു നടപടി കേവലം നൈതികതയുടെ മാത്രം പ്രശ്‌നമല്ലെന്നുമാത്രമല്ല ജനങ്ങളെ നേര്‍ക്കുനേര്‍ വിഡ്ഢികളാക്കുക കൂടിയാണ് ചെയ്യുന്നത്

ബാങ്കേതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും, ഹൗസിംഗ് കമ്പനികള്‍ക്കും, വൈദ്യുതി വിതരണ കമ്പനികള്‍ക്കും ധനാശ്വാസ നടപടികള്‍ പ്രഖ്യാപിക്കുന്നതിലൂടെ സാധാരണക്കാര്‍ക്ക് എന്ത് നേട്ടമാണുണ്ടാകുകയെന്ന് ചോദിച്ചാല്‍ യാതൊരു മറുപടിയും സര്‍ക്കാരിന്റെ കൈകളിലില്ല. ഐഎഫ്എസ്എല്‍ പോലുള്ള ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളുടെ നിഷ്‌ക്രിയാസ്തി (Non  Performing Asset) യ്ക്ക് ആരാണ് കാരണക്കാര്‍ എന്നുകൂടി പരിശോധിക്കുമ്പോഴാണ് ഈ ദുരിതാശ്വാസ പാക്കേജിന്റെ പേരില്‍ പോലും സര്‍ക്കാര്‍ ആരെയാണ് സഹായിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ബോദ്ധ്യപ്പെടുക. പാക്കേജ് അവതരണത്തിന് ശേഷം മൊത്തം പാക്കേജില്‍ നിന്നും സാധാരണക്കാരുടെ കൈകളിലേക്ക് എത്തുന്ന തുകയുടെ കണക്ക് – net cash outflow -എത്രയാണെന്ന് പറയാമോ എന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം നമുക്ക് പിന്നീട് നോക്കാം എന്നായിരുന്നു ധനമന്ത്രി നല്‍കിയ മറുപടി! മുന്‍പ് പ്രഖ്യാപിച്ച 1.7ലക്ഷം കോടിയുടെ ദുരിതാശ്വാസ പാക്കേജ് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനും സമാനമായ മറുപടിയാണ് ധനമന്ത്രി നല്‍കിയത്!

ലോക്ഡൗണ്‍ ഇന്ത്യയിലെ സമസ്ത മേഖലയെയും തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നത് വസ്തുതയാണ്. തൊഴില്‍ മേഖലയിലും ചെറുകിട വ്യവസായ-വ്യാപാര മേഖലയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ചകള്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്തത്രയും ഭീകരമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ തൊഴിലാളി വിഭാഗങ്ങള്‍ക്കിടയില്‍ 67%വും തൊഴില്‍ രഹിതരായിക്കഴിഞ്ഞുവെന്നും നഗരങ്ങളിലെ പത്തില്‍ എട്ട് പേരും, ഗ്രാമീണ മേഖലയില്‍ പത്തില്‍ ആറ് പേരും തൊഴിലില്ലാത്തവരായി മാറിയെന്ന് അസീം പ്രേംജി യൂണിവേര്‍സിറ്റി രണ്ട് ദിവസം മുമ്പ് പുറത്തിറക്കിയ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നഗരങ്ങളില്‍ സ്വയം തൊഴില്‍ കണ്ടെത്തിയവരില്‍ 84% പേരും ഗ്രാമീണ മേഖലയില്‍ 62% പേരും സമാനമായ പ്രതിസന്ധി നേരിടുകയാണ്. കോവിഡ് പാക്കേജ് അനുവദിച്ചുകൊണ്ട് ധനമന്ത്രി അവകാശപ്പെട്ടത് രാജ്യത്തെ മുഴുവന്‍ ജന്‍ധന്‍ അക്കൗണ്ടിലേക്കും പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 രൂപയുടെ ദുരിതാശ്വാസം എത്തിക്കഴിഞ്ഞുവെന്നായിരുന്നു. എന്നാല്‍ സര്‍വ്വേ ഫലം തെളിയിക്കുന്നത്, പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ടിലൂടെ പണം ലഭിച്ചവര്‍ 30% വും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്നായി പണം ലഭിച്ചവര്‍ 46% വും ആണെന്നാണ്. മറ്റ് ചില യാഥാര്‍ത്ഥ്യങ്ങളിലേക്കും സര്‍വ്വേ വിരല്‍ ചൂണ്ടുന്നുണ്ട്. സാമ്പത്തിക ക്ലേശം കാരണം മുന്‍കാലത്തേക്കാള്‍ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം 74% വും അവശ്യവസ്തുക്കള്‍ പോലും വാങ്ങാന്‍ പണമില്ലാത്തവരുടെ എണ്ണം 45% വും ആയി ഉയര്‍ന്നുവെന്നുമാണ് പതിമൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ സര്‍വ്വേ സൂചിപ്പിക്കുന്നത്. ദീര്‍ഘകാല ലോക്ഡൗണ്‍ കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ പലതാണ്. റാബി സീസണ്‍ കഴിയാറായിട്ടും വിളവെടുക്കാന്‍ കഴിയാതെ പോയ കര്‍ഷകര്‍ 37% വും കൊയ്ത വിളവ് വില്‍ക്കാന്‍ സാധിക്കാതെ പോയവരുടെ എണ്ണം 15% വും കിട്ടിയ വിലയ്ക്ക് വില്‍ക്കേണ്ടി വന്നവരുടെ എണ്ണം 37% വും ആണെന്നും കൂടി സര്‍വ്വേ ഫലം വെളിപ്പെടുത്തുന്നു. മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് ഉപകാരപ്പെടുന്ന യാതൊന്നും ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍
നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍

“മേയ്ക്ക് ഇന്‍ ഇന്ത്യ’യില്‍ നിന്നും “ആത്മനിര്‍ഭര്‍ ഭാരത’ത്തിലേക്ക് എത്തുമ്പോള്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷം മുദ്രാവാക്യങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല എന്നത് തര്‍ക്കമറ്റ സംഗതിയാണ്. മുദ്രാവാക്യത്തില്‍ സാമാന്യജനങ്ങളെ തളച്ചിടാമെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചതാണ്. ഏറ്റവുമൊടുവില്‍ കിണ്ണം കൊട്ടാനും ദീപം തെളിയിക്കാനും ആവശ്യപ്പെട്ടുകൊണ്ട് കൊറോണയ്‌ക്കെതിരായ യുദ്ധത്തില്‍ ആവേശം പകരാനും മോദി ജനങ്ങളോടാവശ്യപ്പെട്ടു. മുന്നിലിട്ടുകൊടുക്കുന്ന ഏത് മുദ്രാവാക്യവും യാതൊരു ചോദ്യവും കൂടാതെ ഏറ്റെടുക്കുന്ന ഒരു ജനതയായി ഇന്ത്യന്‍ ജനത പരിണമിച്ചിരിക്കുന്നുവെന്ന് ഏറ്റവും നന്നായി അറിയാവുന്നത് മോദിക്ക് തന്നെയാണ്. 

 

മുന്നിലിട്ടുകൊടുക്കുന്ന ഏത് മുദ്രാവാക്യവും യാതൊരു ചോദ്യവും കൂടാതെ ഏറ്റെടുക്കുന്ന ഒരു ജനതയായി ഇന്ത്യന്‍ ജനത പരിണമിച്ചിരിക്കുന്നുവെന്ന് ഏറ്റവും നന്നായി അറിയാവുന്നത് മോദിക്ക് തന്നെയാണ്.

“മേയ്ക്ക് ഇന്‍ ഇന്ത്യ’ മുദ്രാവാക്യത്തില്‍ നിന്നും “ആത്മനിര്‍ഭര്‍ ഭാരത്’ എന്ന മുദ്രാവാക്യത്തിലേക്ക് മോദി നടന്നുകയറുമ്പോള്‍ എന്തുപറ്റി മേയ്ക്ക് ഇന്‍ ഇന്ത്യയ്‌ക്കെന്ന ഒരൊറ്റ ചോദ്യവും ഉയരുന്നില്ലെന്നത് വസ്തുതയാണ്. ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ മുദ്രാവാക്യം ജനങ്ങളുടെ മുന്നിലേക്കെറിഞ്ഞ് കൊടുത്ത് മോദി ചെയ്തത് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റിന് ആവശ്യമായ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുകയായിരുന്നു. ഇന്ത്യയിലെ ഏതെങ്കിലും ഒരു വ്യവസായം സ്വയം പര്യാപ്തത നേടിയതായി മോദി തന്നെ അവകാശപ്പെടുമെന്ന് തോന്നുന്നില്ല.
എന്നാല്‍ മോദിയുടെ സ്വയംപര്യാപ്തതാ വാചകമടിയില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യം കൂടിയുണ്ട്. താല്‍ക്കാലികമായെങ്കിലും “ആത്മനിര്‍ഭരത’-യെക്കുറിച്ച് പറയാന്‍ മോദിയെ പ്രേരിപ്പിക്കുന്ന ഒരു ഘടകം, ആഗോളതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. സമീപഭാവിയിലെങ്ങും പുതുതായൊരു വിദേശ കമ്പനിയും ഇന്ത്യയില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ പോകുന്നില്ലെന്ന യാഥാര്‍ത്ഥ്യം. മറ്റൊന്ന് ആഗോളതലത്തില്‍ തന്നെ കയറ്റുമതി-ഇറക്കുമതി വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ച. ഈ വസ്തുതകളെ മുന്നില്‍ കണ്ടുകൊണ്ടാണ് 200 കോടിയില്‍ താഴെ വരുന്ന ടെന്‍ഡറുകളെ ആഗോള ടെന്‍ഡറുകളില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലം തൊട്ട് ഏതാണ്ട് 90 കള്‍ വരെ നിലനിന്നിരുന്ന ഈയൊരു നയത്തെയാണ് മോദി പുനരവതരിപ്പിച്ചിരിക്കുന്നത്. എത്രകണ്ട് മായ്ച്ചുകളഞ്ഞാലും നെഹ്രുവിന്റെ നിഴല്‍ രാജ്യത്തെ വിട്ടകലുന്നില്ലെന്നത് മോദിയുടെ ദൗര്‍ഭാഗ്യമാകാം. മോദി ഓര്‍മ്മിക്കാനാഗ്രഹിക്കുന്നില്ലെങ്കില്‍ പോലും “ആത്മനിര്‍ഭരത’യെ സംബന്ധിച്ച പരാമര്‍ശം രാഷ്ട്രീയ നിരീക്ഷകരെ ഓര്‍മ്മിപ്പിച്ചത് നെഹ്‌റുവിനെയായിരുന്നു! 
ഇതിനൊക്കെ അപ്പുറത്തായി മോദി എന്ന തന്ത്രജ്ഞന്റെ വിചിത്രവഴികള്‍ കൂടി ഈ ആത്മനിര്‍ഭര്‍താ വാദത്തിന് പിന്നില്‍ മറഞ്ഞുകിടപ്പുണ്ടെന്ന വസ്തുത കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികളെ, പ്രശ്‌നങ്ങളെ പുതിയ മുദ്രാവാക്യങ്ങളാക്കി മാറ്റാനും മാധ്യമങ്ങളെക്കൊണ്ടും ദുരിതബാധിതരായ ജനങ്ങളെക്കൊണ്ടുപോലും അവ ഏറ്റെടുപ്പിക്കാനുമുള്ള മോദിയുടെ തന്ത്രം തന്നെയാണ് പുതിയ ആത്മനിര്‍ഭരതാ നരേറ്റീവ്‌സിന് പിന്നിലും കാണാന്‍ കഴിയുക. 

 

ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികളെ, പ്രശ്‌നങ്ങളെ പുതിയ മുദ്രാവാക്യങ്ങളാക്കി മാറ്റാനും മാധ്യമങ്ങളെക്കൊണ്ടും ദുരിതബാധിതരായ ജനങ്ങളെക്കൊണ്ടുപോലും അവ ഏറ്റെടുപ്പിക്കാനുമുള്ള മോദിയുടെ തന്ത്രം തന്നെയാണ് പുതിയ ആത്മനിര്‍ഭരതാ നരേറ്റീവ്‌സിന് പിന്നിലും കാണാന്‍ കഴിയുക

ഇതിനുള്ള ഏറ്റവും നല്ല മുന്‍കാല ഉദാഹരണം ഡീമോണിറ്റൈസേഷന്‍ പരിപാടിയാണ്. നോട്ട് നിരോധനം പ്രഖ്യാപിച്ച ദിനത്തില്‍ പ്രധാനമന്ത്രി ഒരിക്കല്‍ പോലും കാഷ്‌ലെസ്സ് ഇക്കോണമി എന്ന വാക്ക് ഉച്ഛരിച്ചിരുന്നില്ലെന്നത് ഓര്‍ക്കുന്നുവരുണ്ടാകും. കള്ളപ്പണം ഇല്ലാതാക്കല്‍, തീവ്രവാദത്തിന് തടയിടല്‍ തുടങ്ങിയ കാര്യങ്ങളായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളായി പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിന്റെ അമ്പതാം ദിവസം തൊട്ട് മോദി പുതിയൊരു മുദ്രാവാക്യം മുന്നോട്ടുവെച്ചു. അത് കാഷ്‌ലെസ്സ് സൊസൈറ്റിയെക്കുറിച്ചായിരുന്നു. യഥാര്‍ത്ഥത്തില്‍ നോട്ട് ക്ഷാമം അനുഭവിച്ചുകൊണ്ടിരുന്ന ജനങ്ങള്‍ മോദിയുടെ ഈയൊരു അവകാശവാദത്തെ അനുഭവിച്ചറിയുകയായിരുന്നു. പുതിയൊരു സമ്പദ്ക്രമത്തിലേക്ക് നടന്നുകയറാനുള്ള രാജ്യത്തിന്റെ ശ്രമത്തിനിടയില്‍ അനിവാര്യമായും അനുഭവിക്കേണ്ട പ്രതിസന്ധികള്‍ മാത്രമാണിതെന്നും ഒരു ഉത്തമ പൗരനെന്ന നിലയില്‍ ഇത് തന്റെ കടമയാണെന്നും ഓരോ ഇന്ത്യക്കാരനെക്കൊണ്ടും വിശ്വസിപ്പിക്കാന്‍ മോദിക്ക് കഴിഞ്ഞു. വാസ്തവത്തില്‍ 2016 നവമ്പര്‍ 8ന് മുമ്പുള്ളതിനേക്കാളും ധനപ്രവാഹമാണ് (Cash Flow) നിലവില്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ ഉള്ളതെന്ന വസ്തുത ചൂണ്ടിക്കാട്ടാനോ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനോ സാധിക്കുന്ന ഒരു സംവിധാനവും നിലവിലില്ല എന്നത് മോദിയുടെ വിജയമായി തുടരുകയാണ്.

299566_991380496044785664_o.jpg
മുംബൈയിൽ നിന്നും യുപിയിലേക്ക് പോകുന്ന തൊഴിലാളികള്‍.

ഇതേ രീതിയില്‍ പുതിയ പ്രതിസന്ധിയെ നേട്ടമായി മാറ്റാമെന്ന മറ്റൊരു നരേറ്റീവ് ആണ് മെയ് 12-ാം തീയ്യതിയിലെ ആത്മനിര്‍ഭരതാ പ്രഖ്യാപനത്തിലൂടെ മോദി മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ ആറാഴ്ചക്കാലമായി തൊഴിലില്ലാതെ, വീടുകളിലേക്ക് മടങ്ങാന്‍ കഴിയാതെ, വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ, സ്വന്തം നാട്ടിലെത്താന്‍ കിലോമീറ്ററുകളോളം കുഞ്ഞുകുട്ടികളോടൊപ്പം നടക്കേണ്ടി വരുന്ന, തവളകളെയും എലികളെയും പിടിച്ച് വിശപ്പടക്കേണ്ടി വരുന്ന ജനങ്ങളോട്, ജീവിതം നിലനിര്‍ത്താന്‍ പാടുപെടുന്ന ജനങ്ങളോടാണ് മോദി സ്വയംപര്യാപ്തതയെ സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതെന്നോര്‍ക്കുക. ഒരു സര്‍ക്കാരും തങ്ങളുടെ രക്ഷയ്‌ക്കെത്താന്‍ പോകുന്നില്ലെന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അതേ തിരിച്ചറിവിനെ പുതിയൊരു ആഖ്യാനമാക്കി മാറ്റുകയാണ് മോദി ചെയ്തത്. 
ലോക്ഡൗണ്‍ കാലയളവില്‍ വീടുകളിലിരുന്ന് സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുന്ന മധ്യവര്‍ഗ്ഗങ്ങളും, 500ഉം 1500ഉം കിലോമീറ്ററുകള്‍ കാല്‍നടയായും സൈക്കിളിലും മറ്റും സഞ്ചരിച്ചുകൊണ്ട് വീടണയാന്‍ ശ്രമിക്കുന്ന ദരിദ്ര തൊഴിലാളി വിഭാഗങ്ങളും അനുഭവിക്കുന്ന “സ്വയംപര്യാപ്തത’യെ പുതിയൊരു മുദ്രാവാക്യമായി മാറ്റിക്കൊണ്ട് സര്‍ക്കാരിന്റെ എല്ലാ പരാജയങ്ങളെയും മൂടിവെക്കാനാണ് മോദി ശ്രമിക്കുന്നത്. ഈ ശ്രമത്തില്‍ ഇത്തവണയും മോദി തന്നെ ജയിക്കും എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കാരണം മോദിയുടെ തന്ത്രത്തെ ശരിയായ രീതിയില്‍ മനസ്സിലാക്കാനോ അതിനെ തുറന്നുകാണിക്കാനോ ക്ഷമതയുള്ള ഒരു രാഷ്ട്രീയ നേതൃത്വവും ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്നത് അത്രതന്നെ കയ്പുനിറഞ്ഞ യാഥാര്‍ത്ഥ്യമാണ്. 

 

“മേയ്ക്ക് ഇന്‍ ഇന്ത്യ” എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചപ്പോള്‍ പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത്, നമുക്കാവശ്യമുള്ളതെല്ലാം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുമെന്നായിരുന്നു

“മേയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചപ്പോള്‍ പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത്, നമുക്കാവശ്യമുള്ളതെല്ലാം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുമെന്നായിരുന്നു. എന്നാല്‍ മൊട്ടുസൂചി തൊട്ട് വിമാന ഇന്ധനം വരെയുള്ള എന്തിലും വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ട് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പരാജയപ്പെടുത്തിയത് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളായിരുന്നില്ല. ഇക്കാര്യം ഉന്നയിക്കാന്‍ ധൈര്യമുള്ള രാഷ്ട്രീയ ശക്തികളും ഇന്ത്യയിലില്ല. പുതിയ നരേറ്റീവുകളിലൂടെ മാധ്യമങ്ങളെയും മധ്യവര്‍ഗ്ഗങ്ങളെയും കയ്യിലെടുക്കാന്‍ താല്‍ക്കാലികമായെങ്കിലും മോദിക്ക് സാധിച്ചേക്കാം. പക്ഷേ മുദ്രാവാക്യങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയില്ലെന്ന് ഏറ്റവും കുറഞ്ഞത് കഴിഞ്ഞ ആറ് വര്‍ഷക്കാലയളവില്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചറിഞ്ഞത് ഇന്ത്യയ്ക്കാര്‍ തന്നെയാണ്. ഇക്കാലയളവില്‍ മോദി രാജ്യത്തിന് നല്‍കിയ മുദ്രാവാക്യങ്ങള്‍ കുറഞ്ഞതൊന്നുമല്ല. “സ്‌കില്‍ ഇന്ത്യ’, “സ്റ്റാര്‍ട്ട് അപ് ഇന്ത്യ’, “സ്റ്റാന്‍ഡ് അപ് ഇന്ത്യ’, “സ്മാര്‍ട്ട് ഇന്ത്യ’  “മേക് ഇന്‍ ഇന്ത്യ’ ഒടുവിലിതാ “ആത്മനിര്‍ഭര്‍താ ഭാരത്’. 
എന്നാല്‍ ഇതേ ആറു വര്‍ഷക്കാലയളവില്‍ രാജ്യം കടന്നുപോകേണ്ടിവന്നത് അസാധാരണമായ നിരവധി സന്ദര്‍ഭങ്ങളിലൂടെയായിരുന്നു. കറന്‍സിയുടെ മൂല്യം സര്‍വ്വകാല റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് ഇടിഞ്ഞ കാലം, തൊഴിലില്ലായ്മ കഴിഞ്ഞ നാല് പതിറ്റാണ്ടിലേക്കാളും ഉയരെ എത്തിയത്. ജനങ്ങള്‍ക്കിടയിലെ സാമ്പത്തിക അസമത്വം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത് ഒക്കെയും ഈ കുറഞ്ഞ കാലയളിവിലായിരുന്നു. ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പെ തന്നെ ഇന്ത്യയുടെ സാമ്പത്തിക മേഖല സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ വക്കിലായിരുന്നുവെന്ന് നമ്മോട് പറയുന്നത് ദേശീയ സാമ്പ്ള്‍ സര്‍വ്വേ, സി.എം.ഇ.ഐ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെയാണ് “ആത്മനിര്‍ഭര്‍താ’ നരേറ്റീവിലൂടെ മറയിടാന്‍ മോദി ശ്രമിക്കുന്നത്.

2014-modi.jpg

പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നരേന്ദ്രമോദി സാമൂഹ്യ മാധ്യമങ്ങളില്‍ ട്വീറ്റുകളുടെ ഒരു പെരുമഴ തന്നെ സൃഷ്ടിക്കുകയുണ്ടായി. ആ ട്വീറ്റുകളിലൂടെ ചോദിച്ചതു തന്നെയാണ് ജനങ്ങള്‍ക്ക് ചോദിക്കാനുള്ളത്.